Image

ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ നേതാവെന്നു പുട്ടിൻ; അദ്ദേഹത്തെ ചിലർ പ്രാകൃതമായി ആക്രമിച്ചുവെന്നും നിരീക്ഷണം (പിപിഎം)

Published on 30 November, 2024
ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ നേതാവെന്നു പുട്ടിൻ; അദ്ദേഹത്തെ ചിലർ പ്രാകൃതമായി ആക്രമിച്ചുവെന്നും നിരീക്ഷണം (പിപിഎം)

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ നേതാവാണെന്നു റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ.

റഷ്യ-യുക്രൈൻ യുദ്ധം ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കാമെന്ന ട്രംപിന്റെ വാഗ്‌ദാനത്തിന്റെ പശ്ചാത്തലത്തിൽ പുട്ടിന്റെ ഈ അഭിപ്രായം പുതിയ പ്രത്യാശയായി. കസാഖ്സ്ഥാനിൽ സന്ദർശനം നടത്തിയ പുട്ടിനോട് യുഎസ് യുക്രൈനു ദീർഘദൂര മിസൈലുകൾ നൽകിയതിനെ കുറിച്ചു പ്രതികരണം ചോദിച്ചപ്പോഴാണ് അദ്ദേഹം ട്രംപിനെ പ്രശംസിച്ചത്.

"നിലവിലുള്ള യുഎസ് ഭരണകൂടം ഭാവി ഭരണകൂടത്തിനു പ്രശ്നം സൃഷ്ടിക്കാൻ കൂടി ചെയ്തതാവാം അത്. പക്ഷെ എന്റെ കാഴ്ചപ്പാടിൽ, പുതിയ പ്രസിഡന്റ് ബുദ്ധിമാനാണ്, ഇപ്പോൾ തന്നെ നല്ല പരിചയ സമ്പത്തുള്ളയാളാണ്.

"അദ്ദേഹം ഒരു പരിഹാരം കണ്ടെത്തും എന്നാണ് എന്റെ പ്രതീക്ഷ. പ്രത്യേകിച്ച് വീണ്ടും വൈറ്റ് ഹൗസിലെത്താൻ അദ്ദേഹം ഇത്ര കഠിനമായ പരീക്ഷയിലൂടെ കടന്നു എന്നതു കൊണ്ട്."

യുഎസുമായി ചർച്ചയാവാം എന്നു പറഞ്ഞ പുട്ടിൻ കൂട്ടിച്ചേർത്തു: "തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരെ തികച്ചും അപരിഷ്‌കൃതമായ ആക്രമണങ്ങൾ നടന്നു. വധശ്രമം വരെ ഉണ്ടായി. ഒന്നിലധികം തവണ. ഇപ്പോഴും അദ്ദേഹത്തിനു ഭീഷണിയുണ്ടെന്നു ഞാൻ കരുതുന്നു. 

ചരിത്രത്തിൽ മുൻപുണ്ടാവാത്ത വിധം കേസുകൾ

"യുഎസ് ചരിത്രത്തിൽ മുൻപുണ്ടാവാത്ത വിധം കേസുകൾ അദ്ദേഹത്തിനെതിരെ കൊണ്ടു വന്നു. "അദ്ദേഹത്തെ മാത്രമല്ല, നാണം കെടുത്തുന്ന, അടിസ്ഥാനരഹിതമായ നടപടികൾക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഇരയാക്കി.

"ബുദ്ധിമാനായ അദ്ദേഹം എല്ലാം മനസിലാക്കുന്നു എന്നു ഞാൻ കരുതുന്നു."

രാജ്യതാല്പര്യങ്ങൾ കൈവിടില്ലെന്നും ലക്ഷ്യങ്ങൾ നേടാനുള്ള പോരാട്ടം തുടരുമെന്നും റഷ്യ പറഞ്ഞിട്ടുണ്ടെങ്കിലും റഷ്യ യുഎസിനോട് മയപ്പെടുന്നു എന്ന വ്യാഖ്യാനം നിരീക്ഷകരിൽ നിന്നുണ്ടായി.

അതേ സമയം, റഷ്യ-യുക്രൈൻ പ്രശ്നം കൈകാര്യം ചെയ്യാൻ ട്രംപ് നിയോഗിച്ച ജനറൽ കെയ്ത്ത് കെലോഗ് (80) യുക്രൈനെതിരെ കർശന നിലപാടെടുക്കുമെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈനു നൽകി വരുന്ന യുഎസ് സഹായം അവസാനിപ്പിക്കണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ആയുധങ്ങൾ നൽകി യുദ്ധം നീട്ടുകയാണ് പ്രസിഡന്റ് ബൈഡൻ ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

Putin calls Trump 'intelligent' and 'experienced'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക