കവിതയുടെ വഴിയിലൂടെ അരനൂറ്റാണ്ട് പിന്നിട്ട് സഞ്ചരിക്കുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാരനായ ജോസഫ് നമ്പിമഠത്തിന്റെ നാളിതുവരെയുള്ള എല്ലാ കവിതകളും, പഠനങ്ങളും ഉള്‍ക്കൊള്ളിച്ച് മുഖം ബുക്‌സ് മലപ്പുറം പ്രസിദ്ധീകരിച്ച ' നമ്പിമഠം കവിതകള്‍ ' തിരുവനന്തപുരത്ത് കഥാകൃത്ത് സക്കറിയ അദ്ദേഹത്തിന്റെ വസതിയില്‍ കവയിത്രി റോസ് മേരിക്ക് നല്‍കി പ്രകാശനം ചെയ്തു.
അരനൂറ്റാണ്ട് പിന്നിട്ട ജോസഫ് നമ്പിമഠത്തിന്റെ കാവ്യസപര്യ ഒരു സമ്പൂര്‍ണ്ണ കൃതിയായി മാറിയതില്‍ സന്തോഷമുണ്ടെന്നും പ്രവാസ സാഹിത്യകാരന്മാരില്‍ പ്രഥമഗണനീയനാണ് ജോസഫ് നമ്പിമഠമെന്നും സക്കറിയ പറഞ്ഞു. ദീര്‍ഘകാലമായി അദ്ദേഹവുമായി അടുത്ത ബന്ധമാണുള്ളത്. ലാനയിലെ കണ്ടുമുട്ടല്‍ മുതല്‍ ഓര്‍ത്തെടുക്കാവുന്ന നിരവധി നിമിഷങ്ങള്‍ എഴുത്തുകാര്‍ എന്ന നിലയില്‍ ഉണ്ടായിട്ടുണ്ട്. പ്രവാസി രചനകള്‍ കേരളീയ സാഹിത്യ മേഖലയില്‍ സജീവമാകുന്ന കാലമാണ് ഇപ്പോഴുള്ളത്. നിരവധി അംഗീകാരങ്ങള്‍ പ്രവാസി എഴുത്തുകാരെ തേടിയെത്തുന്നത് പ്രവാസി എഴുത്തിനുള്ള അംഗീകാരമാണ്. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച ലോകത്തെ നിരവധി എഴുത്തുകാരെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഉപകരിച്ചു വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി. വിനയചന്ദ്രനൊപ്പം ജോസഫ് നമ്പിമഠം തന്റെ വസതിയില്‍ വന്ന കഥ പുസ്തകം സ്വീകരിച്ചു കൊണ്ട് റോസ്‌മേരി അനുസ്മരിച്ചു. അന്‍പത് വര്‍ഷം കവിതകള്‍ക്കൊപ്പം സഞ്ചരിക്കുന്നു എന്നത് തന്നെ എഴുത്തിനുള്ള അംഗീകാരമാണ്. ഇനിയും കൂടുതല്‍ എഴുതാന്‍ സാധിക്കട്ടെ എന്നും റോസ് മേരി കൂട്ടിച്ചേര്‍ത്തു.
ചങ്ങനാശ്ശേരി വടക്കേക്കര ഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയപ്പോഴും തന്റെയുള്ളില്‍ നാടും നാട്ടുകാരും കഥകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ ഓര്‍മ്മകളും അനുഭവങ്ങളും ലോകത്തിന്റെ മാറ്റവുമെല്ലാം അന്‍പത് വര്‍ഷം കൊണ്ട് കവിതകളാക്കി. പ്രസിദ്ധീകരിച്ച എല്ലാ രചനകളും ഉള്‍പ്പെടുത്തി ഒരു സമ്പൂര്‍ണ്ണ സമാഹാരം ഒരു സ്വപ്നമായരുന്നു. രണ്ട് പ്രഗത്ഭരായ എഴുത്തുകാര്‍ നമ്പിമഠം കവിതകള്‍ പ്രകാശനം ചെയ്തതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ജോസഫ് നമ്പിമഠം പറഞ്ഞു.
മലപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുഖം ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. കേരളത്തിലെ എല്ലാ താലൂക്ക്, ജില്ലാ ലൈബ്രറികളിലും പ്രധാനപ്പെട്ട കോളേജുകളിലും പുസ്തകങ്ങള്‍ എത്തിക്കുന്ന ' അക്ഷരങ്ങളിലൂടെ സാന്ത്വനം ' എന്ന പ്രോജക്ടിലൂടെ നാല്‍പ്പതിനായിരത്തിലധികം പുസ്തങ്ങള്‍ വായനക്കാരില്‍ എത്തിച്ച മുഖം ബുക്‌സിലൂടെയാണ് ഈ പുസ്തകവും വായനക്കാരില്‍ എത്തുന്നത്.
കഥാകൃത്ത് ശ്രീജ പ്രവീണ്‍, മുഖം ബുക്‌സ് എഡിറ്റര്‍ അനില്‍ പെണ്ണുക്കര, ഡോ. പ്രവീണ്‍, ജോയല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡോ. അയ്യപ്പ പണിക്കര്‍, പ്രൊഫ. മധുസൂദനന്‍ നായര്‍, ഡോ. അജയ് നാരായണന്‍ എന്നിവരുടെ പഠനങ്ങള്‍, കെ പി രാമനുണ്ണിയുടെ ആശംസകള്‍ , ഇംഗ്ലീഷ് കവിതകള്‍ എന്നിവ ചേര്‍ത്താണ് സമ്പൂര്‍ണ കവിതാ സമാഹാരം തയ്യാറാക്കിയതെന്ന് ജോസഫ് നമ്പിമഠം അറിയിച്ചു.