അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍, 2024 ഡിസംബര്‍ 4(ബുധന്‍) വൈകീട്ട് മലങ്കരയുടെ യാക്കോബ് ബുര്‍ദാന എന്ന് അറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂര്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അനുസ്മരണം ഭ്ദ്രാസനാസ്ഥാനമായ സെന്റ് അഫ്രേം കത്തീഡ്രലില്‍ നടത്തപ്പെടുന്നു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന അനുസ്മരണ ചടങ്ങില്‍ വൈദീക ശ്രേഷ്ഠരും, ഒട്ടനവധി വിശ്വാസികളും പങ്കുചേരും. വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് വി.കുര്‍ബ്ബാനയും, അതേ തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും.
യാക്കോബായ സുറിയാനി സഭക്ക് അരനൂറ്റാണ്ടിന്റെ ഇതിഹാസ ചരിത്രം രചിച്ച ദുഷ്‌ക്കരവും കഠിനവുമായ പാതയിലൂടെ, പ്രാര്‍ത്ഥന മുഖമുദ്രയായി സ്വീകരിച്ച് സ്‌നേഹം കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കി, ദൈവത്തില്‍ ആശ്രയിച്ച്, മലങ്കര യാക്കോബായ സുറിയാനി സഭയെ നിശ്ചയ ദാര്‍ഢ്യത്തോടെ കൈപിടിച്ചു നടത്തിയ ശ്രേഷ്ഠ ബാവായുടെ വേര്‍പാടില്‍ ലോകമെമ്പാടുമുള്ള സുറിയാനിസഭയുടെ വേദനയില്‍, അമേരിക്കന്‍ മലങ്കര അതിഭദ്രാസനവും പങ്കുചേര്‍ന്നുകൊണ്ട് നടത്തപ്പെടുന്ന, ഈ അനുസ്മരണ ചടങ്ങിനായുള്ള ക്രമീകരണങ്ങള്‍ ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
1972 ഫെബ്രുവരിയില്‍ പ.യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും, മേല്‍പ്പട്ട സ്ഥാനം സ്വീകരിച്ച് മോര്‍ ദിവന്നാസ്യോസ് മെത്രാപോലീത്താ ആയി മലങ്കരയില്‍ എത്തിയത് മുതല്‍ 50 വര്‍ഷക്കാലത്തോളമുള്ള ശ്രേഷ്ഠ ബാവായുടെ ജീവിതം, മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തെ ഏറെ സ്‌നേഹിക്കുകയും കരുതുകയും ചെയ്തിരുന്ന ശ്രേഷ്ഠ ബാവാ തിരുമേനി പല സന്ദര്‍ഭങ്ങളിലും ഇവിടെ എഴുന്നള്ളി വരികയും, അനേക ദിവസങ്ങളില്‍ ഇവിടെ താമസിക്കുകയും, സഭാ മക്കളുമായി സുദൃഢമായ സ്‌നേഹബന്ധം നിലനിര്‍ത്തുകയും ചെയ്തു.
അതിഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ ബാവാ തിരുമേനിയുടെ പങ്ക് വിസ്മരിക്കാവുന്നതല്ല. ശ്രേഷ്ഠ ബാവാ, എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസു പ്രസിഡന്റായതോടെ പ.സഭയുടെ വളര്‍ച്ചയ്ക്കായി സ്വന്തമായി ഒരു ആസ്ഥാനവും, മറ്റു അനുബന്ധ സ്ഥാപനങ്ങളും ഉണ്ടാകണമെന്ന അനുഗ്രഹത്താല്‍ അതിനായി അശ്രാന്തപരിശ്രമം നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്തു. 1999, കാലഘട്ടത്തില്‍, പുത്തന്‍ കുരിശില്‍ സ്ഥാപിതമായ ആസ്ഥാന മന്ദിരം സ്ഥാപിക്കുന്നതിനുവേണ്ടിയും, മറ്റു പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടും, ഫണ്ട് സ്വരൂപിക്കുന്നതിനായി, സന്ദര്‍ശനം നടത്തിയ സാഹചര്യങ്ങളില്‍, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം അകമഴിഞ്ഞ് സഹായിച്ചത്, ശ്രേഷ്ഠ ബാവാതിരുമേനി നന്ദിയോടെ ഓര്‍ക്കുകയും, പല തവണ അതാവര്‍ത്തിച്ചു പല വേദികളിലും പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രേഷ്ഠബാവായുടെ 40-ാം ഓര്‍മ്മദിനം സമുചിതമായി പ: പാത്രിയര്‍ക്കീസ് ബാവായുടെ നേതൃത്വത്തില്‍ മലങ്കരയില്‍ ഡിസംബര്‍ 9ന് നടത്തുന്നതിനാല്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്നതിന്, ഭദ്രാസന മെത്രാപോലീത്തയോടൊപ്പം, ഭദ്രാസന സെക്രട്ടറി റവ.ഫാ. ജെറി ജേക്കബ്ബ്, മറ്റു വൈദീകര്‍ ഇന്ത്യയിലേക്ക് പോകുന്നുവെന്നുള്ളതിനാലാണ്, ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള അനുസ്മരണ ചടങ്ങ്, ഡിസംബര്‍ 4ന് ക്രമീകരിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.