Image

കസവുടുത്ത് മലയാളി മങ്കയായി; പ്രിയങ്കയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഏറെ... (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 30 November, 2024
കസവുടുത്ത് മലയാളി മങ്കയായി; പ്രിയങ്കയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഏറെ...  (എ.എസ് ശ്രീകുമാര്‍)

ഇക്കഴിഞ്ഞ 28-ാം തീയതി വ്യാഴാഴ്ച വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പാര്‍ലമെന്റിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ വേഷവിധാനം ഏവരെയും ആകര്‍ഷിച്ചു. കേരളത്തില്‍ നിന്നുള്ള ഏക വനിത ലോക്സഭാംഗമായി കൂറ്റര്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക കസവു സാരിയണിഞ്ഞ് തനി മലയാളി മങ്കയായാണ് ഭരണഘടനയുടെ ചെറു പതിപ്പ്  ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. സത്യപ്രതിജ്ഞ കാണാന്‍ അമ്മ സോണിയ ഗാന്ധിയും എത്തിയിരുന്നു. സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ഇരിപ്പിടത്തില്‍ ഉണ്ടായിരുന്നു.  കേരളീയ വേഷത്തില്‍ സത്യപ്രതിജ്ഞചെയ്യാനെത്തിയ പ്രിയങ്കയെ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.

വലിയ ഭൂരിപക്ഷം നല്‍കി തന്നെ വിജയിപ്പിച്ച വോട്ടര്‍മാരെ നേരില്‍ക്കണ്ട് നന്ദി പറയാന്‍ പ്രിയങ്ക ഇപ്പോള്‍ വയനാട്ടില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.

''നിങ്ങള്‍ എന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് ഞാന്‍ നന്ദിയുള്ളവളാണ്. കാലക്രമേണ, ഈ വിജയം നിങ്ങളുടെ വിജയമാണെന്ന് നിങ്ങള്‍ക്ക് ശരിക്കും തോന്നുന്നുവെന്ന് ഞാന്‍ ഉറപ്പാക്കും, നിങ്ങളെ പ്രതിനിധീകരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തി നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മനസിലാക്കുകയും നിങ്ങള്‍ക്കായി പോരാടുകയും ചെയ്യുന്നു. പാര്‍ലമെന്റില്‍ നിങ്ങളുടെ ശബ്ദമാകാന്‍ ഞാന്‍ കാത്തിരിക്കുകയാണ്...'' എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

''ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍...'' എന്നാണല്ലോ ചൊല്ല്. 52-ാം വയസില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ച പ്രിയങ്കയില്‍നിന്നും രാഷ്ട്രീയ ഭേദമെന്യേ വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളും കേരളവും പ്രതീക്ഷിക്കുന്നത് ഇതു തന്നെയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി തനിക്കൊപ്പം ലോക്സഭയിലും അമ്മ സോണിയാ ഗാന്ധി രാജ്യസഭയിലും ഇരിക്കുമ്പോള്‍ നെഹ്റു കുടുംബത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരു തികഞ്ഞ പാര്‍ലമെന്റേറിയനെയാണ് പ്രിയങ്കയിലൂടെ ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ദിരാഗാന്ധിക്കും, സോണിയാ ഗാന്ധിക്കും, മനേകാ ഗാന്ധിക്കും ശേഷം ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന കുടുംബത്തിലെ നാലാമത്തെ വനിതയാണ് പ്രിയങ്ക.

മുത്തശ്ശി ഇന്ദിരാഗാന്ധിയുമായുള്ള അത്ഭുതകരമായ രൂപസാദൃശ്യമാണ് പ്രിയങ്കയുടെ പ്രത്യേകത. ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ വസ്ത്രമായ സാരിയാണ് ഇന്ദിരാഗാന്ധി ധരിച്ചിരുന്നത്. പ്രിയങ്ക സാരി തിരഞ്ഞെടുത്തത് അതേ വികാരം വ്യക്തമാക്കാന്‍ വേണ്ടിയായിരിക്കണം. മാത്രമല്ല, കസവുസാരി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളമാണ്. എം.പിയായി സത്യപ്രതിജ്ഞ ചെയ്ത, തന്റെ പൊതു ജീവിതത്തിലെ നിര്‍ണായകവും സുപ്രധാനവുമായ ദിവസം കസവുസാരി ഉടുക്കുകവഴി, കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ ജനങ്ങളോടുള്ള ആദരവാണ് പ്രിയങ്ക പ്രകടമാക്കിയത്.

എന്നാല്‍ പ്രിയങ്ക സ്വന്തം വേഷവിധാനത്തില്‍ മാത്രം തന്റെ മണ്ഡലത്തോടുള്ള പ്രതിബദ്ധത ഒതുക്കില്ലല്ലോ. പ്രിയങ്ക പാര്‍മെന്ററി രാഷ്ട്രീയത്തിലേയ്ക്ക് വരണമെന്നത് കോണ്‍ഗ്രസുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. പക്ഷേ മറ്റുചില പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും, അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ അമേതിയിലും പൊതുജനങ്ങളുമായി ഇടപെടല്‍ നടത്താറുള്ള പ്രിയങ്ക, മുന്‍കാലങ്ങളില്‍ പൊതുവേ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ പ്രത്യക്ഷപെടാറുണ്ടായിരുന്നുള്ളു.

2019 ജനുവരി 23-ന് രാഷ്ട്രീയത്തിലെത്തിയ പ്രിയങ്ക ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിതയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രിയങ്ക സോണിയയുടെ കാമ്പയിന്‍ മാനേജറും രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികളുടെ നിരീക്ഷകയും ആയിരുന്നു. എന്നാല്‍ ഇത്തവണ സഹോദരന്‍ രാഹുല്‍ ഗാന്ധി, റായ്ബറേലിയിലെ സീറ്റ് നിലനിര്‍ത്താനായി തന്റെ സിറ്റിംഗ് മണ്ഡലമായ വയനാടിനെ രണ്ടാമൂഴത്തില്‍ കൈയൊഴിയാന്‍ നിര്‍ബന്ധിതനായതോടെയാണ് പ്രിയങ്ക വയനാട്ടിലേക്ക് എത്തുന്നത്.

രാഹുല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമായി രണ്ട് പതിറ്റാണ്ടിന് ശേഷമാണ് പ്രിയങ്ക ഒരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. തന്റെ കന്നിപ്പോരാട്ടത്തിന് അവര്‍ തിരഞ്ഞെടുത്തത് വയനാട് ആണെന്നത് കേരളത്തിലെ കോണ്‍ഗ്രസുകാരെ ആവേശത്തിലാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ വരവ് തന്നെ കേരളത്തിലെ പാര്‍ട്ടിക്ക് നല്‍കിയ മൈലേജ് വളരെ വലുതായിരുന്നു. കേരള രാഷ്ട്രീയത്തില്‍ ഫലം ചെയ്തില്ലെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കത് നേട്ടമായി.

ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 9,57,571 വോട്ടാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. ഫലം വന്നപ്പോള്‍ 6,22,338 വോട്ടുകള്‍ പ്രിയങ്ക നേടി. സി.പി.എം എതിരാളി സത്യന്‍ മൊകേരിക്ക് കിട്ടിയത് 2,11,407 വോട്ടാണ്. 1,09,939 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസിന് ലഭിച്ചത്. പ്രിയങ്കയുടെ ഭൂരിപക്ഷം 4,10,931 വോട്ടുകള്‍. 2024-ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

അതേസമയം, ഗാന്ധി കുടുംബത്തെ സംബന്ധിച്ച് ദക്ഷിണേന്ത്യയാണ് തിരഞ്ഞടുപ്പുകളില്‍ പൊതുവെ അവരുടെ സുരക്ഷിത താവളം. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാഷ്ട്രീയമായി കൂപ്പുകുത്തിയ ഇന്ദിരാഗാന്ധി ഗംഭീര തിരിച്ചുവരവ് നടത്തിയത്  കര്‍ണാടകയിലെ ചിക്കമംഗ്ലൂരു നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു. 1978 ഒക്ടോബറില്‍ നടന്ന ചിക്കമംഗ്ലൂരു ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇന്ദിര വീണ്ടും പാര്‍ലമെന്റില്‍ എത്തി.

രാജീവ് ഗാന്ധി വധത്തിന് ശേഷം രാഷ്ട്രീയത്തിലെത്തിയ സോണിയ ഗാന്ധിയെ ബി.ജെ.പി എതിരിട്ടത് അവരൊരു വിദേശിയാണെന്ന് ആക്ഷേപിച്ചായിരുന്നു. 1999-ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ സോണിയ, രാജീവിന്റെ മണ്ഡലമായ അമേഠിക്കൊപ്പം, കര്‍ണാകടയിലെ ബെല്ലാരിയിലും മത്സരിച്ചു. ബെല്ലാരിയിലെ ജനത 56,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സോണിയയ്ക്ക് വിജയം നല്‍കി. പരാജയപ്പെട്ടത് ബി.ജെ.പിയുടെ തീപ്പൊരി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന സുക്ഷമ സ്വരാജായിരുന്നു.

കോണ്‍ഗ്രസിന്റെ കുടുംബ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി 2019-ല്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോടെ തോറ്റപ്പോള്‍ വയനാട് എന്ന ദക്ഷിണേന്ത്യന്‍ മണ്ഡലം ഗാന്ധി കുടുംബത്തോട് ചേര്‍ന്ന് നിന്നു. രണ്ടാം തവണയും രാഹുല്‍ വയനാട് മണ്ഡലം നിലനിര്‍ത്തി. പക്ഷേ, അദ്ദേഹം റായ്ബറേലി തിരഞ്ഞെടുത്തപ്പോള്‍ പകരം പ്രിയങ്ക വന്നു. അങ്ങനെ നെഹ്റകുടുബത്തിന് അത്താണിയാവുന്ന ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍ ദക്ഷിണേന്ത്യയില്‍ ശക്തിപ്പെട്ടതുകൊണ്ട് മാത്രം, അഞ്ചരപ്പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് പഴയകാല  പ്രതാപത്തിലെത്താന്‍ കഴിയില്ല. അതിന് ഹിന്ദി ബെല്‍റ്റിന്റെ ഹൃദയം കീഴടക്കണം. അതാണ് മൂന്നുവട്ടം അധികാരത്തിലെത്തിയ ബി.ജെ.പി ചെയ്യുന്നത്. കോണ്‍ഗ്രസിന് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയാണ് ഇന്ദിരയുടെ പ്രതിരൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിയങ്കാ ഗാന്ധി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക