'ഇത് സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍... ഇവിടെയുള്ള ആളുകളില്‍ നിന്നും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്..' ടോപ്ലെസ് രംഗം ലീക്കായതിന് പിന്നാലെ നടി ദിവ്യ പ്രഭയുടെ വാക്കുകള്‍ - ഇത് പലരും ഏറ്റുപിടിച്ചു കഴിഞ്ഞു. മലയാളി പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യം അല്ലെങ്കിലും എല്ലാവര്‍ക്കും അറിയാവുന്നതാണ് എന്ന മട്ടില്‍ നടി ദിവ്യ പ്രഭയുടെ വാക്കുകള്‍ പരക്കുന്നു.
സത്യം പറഞ്ഞാല്‍ നമ്മുടെ സാമൂഹ്യബോധം അനുസരിച്ച് കേരളത്തിലുള്ള മഹാ ഭൂരിപക്ഷം സ്ത്രീകളും 'ശീലാവതികളായി' ജീവിക്കാന്‍ പാടു പെടുന്നവരാണ്. അതുകൊണ്ടായിരിക്കണം നടി ദിവ്യ പ്രഭയുടെ നഗ്‌ന വീഡിയോയെ ചൊല്ലി മലയാളി പുരുഷന്മാര്‍ക്ക് മുഴുവനും ലൈംഗിക ദാരിദ്ര്യം എന്നുള്ള 'നറേറ്റീവ്' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി ഓടുന്നത്. നടി ദിവ്യ പ്രഭയെ പോലുള്ള അനേകര്‍ പുരുഷന്മാരുടെ 'വീക്‌നെസ്സിനെ' ചൂഷണം ചെയ്യുന്നൂ. സിനിമ എന്ന മീഡിയം ഉപയോഗിച്ച് പുരുഷന്മാരെ നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് പണം ഉണ്ടാക്കിയതിനുശേഷം അതുകാണാന്‍ ആള് കൂടുമ്പോള്‍ അവരെ കുറ്റം പറയുന്നതില്‍ വലിയ ലോജിക് ഒന്നുമില്ല. സുഭഗമായ സ്ത്രീ ശരീരം ഉപയോഗിച്ച് കമ്പോളവല്‍ക്കരണം നടത്തുന്ന പ്രവണത പണ്ടേ ഉള്ളതാണ്. ഇപ്പോഴത്തെ ഇലക്ട്രോണിക് മീഡിയയും, ഡിജിറ്റല്‍ മീഡിയയും അതിന് പുതിയ മാനങ്ങള്‍ തരുന്നു എന്നേയുള്ളൂ.
ഈ പറഞ്ഞതിനര്‍ധം മലയാളിക്ക് ലൈംഗിക ദാരിദ്ര്യം ഇല്ലെന്നല്ല. ലോകം മുഴുവനും 'സെക്‌സ് അഡിക്ഷന്‍' എന്ന് പറയുന്ന ഒന്നുണ്ട്. ഹിന്ദിയില്‍ സപ്നാ ചൗധരിയുടെ വലിയ 'കലാപ്രകടനങ്ങളുണ്ട്'. രാഷ്ട്രീയ പാര്‍ട്ടികളുടെ വേദികളിലും, സല്‍ക്കാരങ്ങളിലും, സമ്മേളനങ്ങളിലും ആളുകളെ പിടിച്ചിരുത്തുവാന്‍ ദേഹം ഇളക്കിക്കൊണ്ടുള്ള ഡാന്‍സാണ് ആ 'കലാപ്രകടനം'. ഹിന്ദി ബെല്‍റ്റില്‍ സമാജ് വാദി പാര്‍ട്ടി ഒക്കെ ആളെ കൂട്ടാന്‍ ഇതു പോലുള്ള ഡാന്‍സര്‍മാരെ സ്ഥിരം അവരുടെ സമ്മേളന വേദികളില്‍ അവതരിപ്പിക്കാറുണ്ട്. ജനം അപ്പോള്‍ ആവേശഭരിതരാകുന്നു. സപ്നാ ചൗധരി ഹിന്ദി ബെല്‍റ്റില്‍ അതുകൊണ്ടുതന്നെ പ്രിയ താരവുമാണ്. പതിനായിരങ്ങളും, ലക്ഷങ്ങളും ഒക്കെ അവരുടെ പ്രകടനങ്ങള്‍ കാണാന്‍ എത്തുന്നു; ജനം കറന്‍സി നോട്ടുകള്‍ അവര്‍ക്കുനേരെ വാരി വിതറുന്നൂ; കൊഴുപ്പു കൂട്ടാന്‍ ലൈംഗിക ചുവയുള്ള നാടന്‍ ഗാനങ്ങളും, യു ട്യൂബ് വീഡിയോകളും കൂടി ഉണ്ട്. ഹിന്ദി ബെല്‍റ്റില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ കുറെ നാളുകളായി ഒഴിച്ച് കൂടാന്‍ പറ്റാത്തതായി മാറി ഇത്തരം 'കലാ പ്രകടനങ്ങള്‍'.
ലോകം മുഴുവനും ഇത്തരം 'കലാ പ്രകടനങ്ങള്‍' ഉണ്ട്. മഡോണയെ പോലുള്ളവര്‍ പാശ്ചാത്യ ലോകത്ത് അത് സ്ഥിരം ചെയ്യുന്നതാണ്. ലൈംഗികത ആഘോഷമാക്കുന്നത് പാശ്ചാത്യ സമൂഹത്തില്‍ നമുക്ക് ദിവസവും കാണാവുന്നതാണ്. പ്രണോയ് റോയ് പണ്ട് അവതരിപ്പിച്ച 'വേള്‍ഡ് ദിസ് വീക്കില്‍' ആണെന്ന് തോന്നുന്നു, പണ്ട് മഡോണയുടെ ഒരു പുതിയ സംഗീത ആല്‍ബം പുറത്തിറക്കുന്നത് കാണിച്ചത്. ചടങ്ങിലേക്ക് മഡോണ തന്റ്റെ ബോഡി ഗാര്‍ഡുകളാല്‍ വലയം ചെയ്യപ്പെട്ട് ഒരു വലിയ ബ്‌ളാന്‍ങ്കറ്റും പുതച്ചാണ് വന്നത്. ചുറ്റും കൂടിയ ഫോട്ടോഗ്രാഫേഴ്‌സ് മഡോണയോട് ആ ബ്ലാന്‍ങ്കറ്റ് ഒന്ന് മാറ്റാമോ എന്നു ചോദിച്ചു. ചോദിക്കേണ്ട താമസം, മഡോണ ആ ബ്ലാന്‍ങ്കറ്റ് ഊരിയെറിഞ്ഞു; ആയിരകണക്കിന് ഫ്‌ലാഷുകള്‍ ആ സമയത്ത് ഒരുമിച്ചു മിന്നുകയും ചെയ്തു. ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങിലും, ഗ്രാമി അവാര്‍ഡ് ചടങ്ങിലും, ക്യാന്‍ ഫിലിം ഫെസ്റ്റിവലിലുമെല്ലാം ഇത്തരത്തിലുള്ള ശരീര പ്രദര്‍ശനവും, ഫാഷന്‍ പ്രദര്‍ശനവുമൊക്കെയുണ്ട്. അതൊക്കെ ലൈവ് ടെലിക്കാസ്റ്റായി ഇന്ത്യയിലും ലോകത്തെമ്പാടും ഇന്ന് കാണിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ പതിനായിരകണക്കിന് പെണ്‍കുട്ടികള്‍ വര്‍ഷം തോറും പോക്കറ്റ് മണിക്കായി ഫാഷന്‍ ഷോകളില്‍ പങ്കെടുക്കുന്നു. കേരളത്തിലേയോ ഇന്ത്യയിലേയോ കുലസ്ത്രീകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കാര്യമാണിതൊക്കെ.
മലയാളി എല്ലാം കെട്ടിപ്പൊതിഞ്ഞു വെച്ചിരിക്കുന്നതുകൊണ്ട് മലയാളികളുടെ 'സെക്ഷ്വല്‍ പെര്‍വേര്‍ഷന്‍' ഇന്നിപ്പോള്‍ ഒരു പ്രത്യേക രീതിയിലാണ്. ഇന്‍ഡ്യാക്കാര്‍ അല്ലെങ്കിലും സെക്‌സിനേയും നഗ്‌നതയേയും വളരെ ഗോപ്യമായാണ് കാണുന്നത്. അവിടെയാണ് സത്യം പറഞ്ഞാല്‍ പ്രശ്‌നം മുഴുവനും. നേരേമറിച്ച് നഗ്‌നത പാശ്ചാത്യ രാജ്യങ്ങളില്‍ വലിയ വിഷയമേ അല്ല. പാശ്ചാത്യ രാജ്യങ്ങളില്‍ 'ന്യൂഡ് റാലിയും', 'ന്യൂഡ് ബീച്ചും', 'ന്യൂഡ് സൈക്കിള്‍ റാലിയും' ഒക്കെ ഉണ്ട്. ന്യൂഡ് മാര്‍ച്ചുകള്‍ അവിടെ സ്ഥിരം സംഘടിപ്പിക്കാറുണ്ട്. താല്‍പ്പര്യമില്ലാത്ത ആരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലാ. അതുകൊണ്ട് നഗ്‌നത അല്ലെങ്കില്‍ 'ന്യൂഡിറ്റി' അവിടെ അധികം പ്രശ്‌നമുള്ള കാര്യമല്ലാ.
നമ്മുടെ നാട്ടില്‍ ഞരമ്പ് രോഗികള്‍ കണ്ടമാനം ഉള്ളത് ഒളിച്ചുവെക്കുന്നതും, മൂടി വെക്കുന്നതും കൊണ്ടു മാത്രമാണ്. അവയവങ്ങളൊക്കെ ഒളിച്ചു വെക്കേണ്ടതല്ലാ എന്നുള്ള ഒരു ബോധം കൈവരികയാണെങ്കില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നഗ്‌നതയെ ഓര്‍ത്ത് വേവലാതിപ്പെടുന്ന ഒരു പ്രശ്‌നമേ ഉദിക്കുന്നില്ലാ. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ വേഷവിധാനങ്ങള്‍ ബ്‌ളാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ ഇന്നും ലഭ്യമാണ്. നഗ്‌നതയെ സംബന്ധിച്ച് മൂല്യബോധം അന്ന് വ്യത്യസ്തമായിരുന്നു. അതുകൊണ്ട് അന്നത്തെ മാറ് മറക്കാതിരുന്നവര്‍ക്കും, അരയില്‍ ഒറ്റമുണ്ട് മാത്രം ധരിച്ചവര്‍ക്കും എതെങ്കിലും രീതിയിലുള്ള ആത്മവിശ്വാസക്കുറവ് ഇല്ലായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പുപോലും കൂവള കോണകം, പാള കോണകം, അരയിലൊരു തോര്‍ത്ത് - പോലുള്ള വസ്ത്രങ്ങള്‍ മാത്രം ധരിച്ചു പരസ്യമായി മനുഷ്യര്‍ നടന്നിരുന്ന ഒരു സ്ഥലമാണ് കേരളം. അന്നൊക്കെ 'കുപ്പായമിടീക്കല്‍' എന്നുപറഞ്ഞാല്‍ മതം മാറുന്നതായി പോലും ആളുകള്‍ സങ്കല്‍പ്പിച്ചിരുന്നു.
ഒരു നൂറ്റാണ്ടു മുമ്പുവരെ മാറ് മറക്കാതെ ഇഷ്ടം പോലെ സ്ത്രീകള്‍ നടന്നിരുന്ന സംസ്ഥാനമാണ് കേരളമെന്ന് ഓര്‍ക്കുമ്പോള്‍, ഇന്നത്തെ കടുത്ത സദാചാര നിഷ്ഠയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലാക്കാം. ഒരു 40-50 വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ ഇഷ്ടംപോലെ ഗ്രാമ വേശ്യകള്‍ ഉണ്ടായിരുന്ന നാടാണ് കേരളം. അതുകൊണ്ട് നഗ്‌നത, ലൈംഗികത എന്നിവയുടെ കാര്യത്തില്‍ നമ്മുടെ ഇപ്പോഴുള്ള പല ശീലങ്ങളും ചിന്തകളും പൊളിച്ചെഴുതേണ്ടതുണ്ട്. നമ്മുടെ സമൂഹം ലൈംഗികതയുടെ കാര്യത്തിലിപ്പോള്‍ അങ്ങേയറ്റത്തെ 'ഫ്യുഡല്‍-കണ്‍സര്‍വേറ്റിവ്' മൂല്യങ്ങളുടെ തടവറയിലാണ്. അതുകൊണ്ടുതന്നെ, പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ധന്റ്റെ കേസില്‍ കണ്ടതുപോലെ സ്ത്രീകളുടെ മാനത്തിന്റ്റെ 'രക്ഷിതാവായി' ചമയാന്‍ കണ്ടമാനം കുല പുരുഷന്മാരും, കുല സ്ത്രീകളും മലയാളികളുടെ ഇടയിലുണ്ട്.
മൂന്നു ദിവസമാണ് ഏതോ സ്ത്രീ വിഷയത്തിന്റ്റെ പേരും പറഞ്ഞു സിദ്ധാര്‍ധനെ എടുത്തിട്ടലക്കിയത്; ഈ മൂന്നു ദിവസം ആ പയ്യന് ഭക്ഷണവും കൊടുത്തില്ല. അവസാനം കാര്യങ്ങള്‍ നല്ല ഭാവിയുള്ള ആ പയ്യന്റ്റെ മരണത്തിലാണ് കലാശിച്ചത്. ഇതുപോലെ നമ്മള്‍ മഹത്തരമെന്ന് കരുതിക്കൊണ്ട് നടക്കുന്ന സന്മാര്‍ഗ വിചാരണ പോലുള്ള പലതും മനുഷ്യന്റ്റെ അടിസ്ഥാന ചോദനകളെ നിഷേധിക്കുന്നതും മനുഷ്യത്വ വിരുദ്ധവുമാണ്. നമ്മുടെ എല്ലാ ഇന്‍സ്റ്റിറ്റിയൂഷന്‍സിലും ഉള്ള 'സദാചാര ആങ്ങളമാര്‍' ആണ് സിദ്ധാര്‍ധനെ മരണത്തിലേക്ക് നയിച്ചത്. CBI കുറ്റപത്രം അത് കൃത്യമായി വെളിവാക്കുന്നുണ്ട്. സിദ്ധാര്‍ധന്റ്റെ മരണവുമായി ബന്ധപ്പെട്ടുള്ള CBI കുറ്റപത്രത്തിലെ കാര്യങ്ങള്‍ മിക്ക പത്രങ്ങളിലും അച്ചടിച്ചു വന്നതുമാണ്. 'സദാചാര പോലീസ്' ചമയാന്‍ ഇറങ്ങിയ 30 പേര്‍ മൂന്നു ദിവസമാണ് സിദ്ധാര്‍ധനെ ബെല്‍റ്റ് വെച്ച് തല്ലുന്നതൊക്കെ ഉള്‍പ്പെടെയുള്ള പ്രാകൃതമായ ശിക്ഷകള്‍ക്ക് വിധേയമാക്കിയത്. യുവത്വത്തില്‍ എതിര്‍ ലിംഗത്തോടുള്ള ആകര്‍ഷണമൊക്കെ ഉണ്ടാകുന്നത് പ്രകൃത്യാ സ്വോഭാവികമായ ഒന്നാണെന്നുള്ളത് മെഡിസിന്‍ പഠിക്കുന്ന പിള്ളേര്‍ക്ക് അറിയാന്‍ വയ്യെങ്കില്‍ അവര്‍ വന്‍ ദുരന്തങ്ങളാണ്.
(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)