Image

കൈയ്യടി നേടുന്ന മറ്റൊരു ത്രില്ലര്‍ കൂടി-'ഞാന്‍ കണ്ടതാ സാറെ' (റിവ്യൂ)

Published on 01 December, 2024
കൈയ്യടി നേടുന്ന മറ്റൊരു ത്രില്ലര്‍ കൂടി-'ഞാന്‍ കണ്ടതാ സാറെ' (റിവ്യൂ)

നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് തികഞ്ഞ ത്രില്ലര്‍ സ്വഭാവത്തോടെ രണ്ടു മണിക്കൂര്‍ പ്രേക്ഷകരെ തിയേറ്റരില്‍ എന്‍ഗേജ് ചെയ്യിക്കുന്ന സിനിമയാണ് പ്രിയദര്‍ശന്റെ സഹസംവിധായകനായിരുന്ന വരുണ്‍.ജി.പണിക്കരുടെ സ്വതന്ത്ര സംവിധാനത്തിലുള്ള ആദ്യ ചിത്രം 'ഞാന്‍ കണ്ടതാ സാറെ'. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു കുറ്റകൃത്യത്തിന് സാക്ഷിയാകുന്ന ഒരു ചെറുപ്പക്കാരനും അതേ കുറിച്ച് അയാള്‍ പോലീസുകാരോട് പറയുന്നതു മുതല്‍ തുടങ്ങുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

തിരുവനന്തപുരം നഗരത്തിലാണ് കഥ നടക്കുന്നത്. അവിടെ ടാക്‌സി ഓടിക്കുന്ന ചെറുപ്പക്കാരനാണ് ജോക്കുട്ടന്‍. അയാള്‍ക്ക് ഒരു സഹോദരി മാത്രമേയുള്ളൂ. ജീവിതം സാധാരണയെന്ന പോലെ മുന്നോട്ടു പോകുമ്പോഴാണ് ചില സംഭവങ്ങള്‍ നഗരത്തില്‍ അരങ്ങേറുന്നത്. തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി മരിക്കുകയും തുടര്‍ന്ന് ഒരു പോലീസുകാരന്റെ തിരോധാനവും നാടിനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഇതില്‍ ഒരു സംഭവത്തിന് ജോക്കുട്ടന്‍ ദൃക്‌സാക്ഷിയാവുന്നു. അയാള്‍ സാക്ഷി പറയാന്‍ പോലീസ് സ്റ്റേഷനിലെത്തുന്നു. അവിടെ പോലീസുകാരുടെ പ്രതികരണം ജോക്കുട്ടനെ അത്ഭുതപ്പെടുത്തുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ അരങ്ങേറുന്ന നാടകീയ സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

തീരദേശവാസികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളും ചിത്രത്തില്‍ അനാവരണം ചെയ്യുന്നുണ്ട്. പോലീസും രാഷ്ട്രീയക്കാരും തമ്മിലുളള ഗൂഢമായബന്ധങ്ങളും ഇതില്‍ മറനീക്കി പുറത്തു വരുന്നുണ്ട്. ഈ രണ്ടു സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? സാക്ഷി പറയാന്‍ പോലീസ് സ്റ്റേഷനിലെത്തിയാല്‍ പിന്നീട് പിടിക്കേണ്ടി വരുന്ന പുലിവാലോര്‍ത്ത് സാധാരണ ആരും പോകാറില്ല. പക്ഷേ ജോക്കുട്ടന്‍ പോയത് എന്തു കൊണ്ടായിരിക്കും. അയാള്‍ക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ, ആരെയെങ്കിലും രക്ഷിക്കാന്‍ വേണ്ടിയാണോ അയാള്‍ ധൈര്യപൂര്‍വം സാക്ഷി പറയാനെത്തുന്നത്? പെണ്‍കുട്ടിയുടെ മരണത്തിന്റെയും പോലീസുകാരന്റെ തിരോധാനത്തിനു പിന്നിലും ആരാണ്? ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്ത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തി കഥയിലെ ദുരൂഹതയുടെ ചുരുളഴിക്കുകയാണ് സംവിധായകന്‍.

ഇന്ദ്രജിത്തും ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയായി ആരുമില്ല. സ്ത്രീകഥാപാത്രങ്ങളില്‍ മറീന മൈക്കിളിനു മാത്രമാണ് കുറച്ചെങ്കിലും പ്രാധാന്യം. അനൂപ് മേനോന്‍, അലന്‍സിയര്‍, സുധീര്‍ കരമന, ബാലാജി ശര്‍മ്മ, അര്‍ജ്ജുന്‍ നന്ദകുമാര്‍, ബിനോജ് കുളത്തൂര്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രമാണങ്കിലും ബൈജുവിന്റെ പോലീസുകാരന്‍ ആദ്യം മുതല്‍ തന്നെ ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്.

ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനും അമീര്‍ അബ്ദുള്‍ അസീസും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ദീപു കണാരനാണ്. ത്രില്ലര്‍ ഗണത്തില്‍ പെട്ട ഒരു മികച്ച ചിത്രമാണ് ' ഞാന്‍ കണ്ടതാ സാറെ'. അത് തിയേറ്ററില്‍ തന്നെ കാണണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക