Image

സിനിമ റിലീസായ ശേഷം മൂന്നൂ ദിവസത്തേക്ക് റിവ്യൂ തടയണമെന്ന നിര്‍മാതാക്കളുടെ ഹര്‍ജി തള്ളി

Published on 03 December, 2024
സിനിമ റിലീസായ ശേഷം മൂന്നൂ ദിവസത്തേക്ക് റിവ്യൂ തടയണമെന്ന നിര്‍മാതാക്കളുടെ ഹര്‍ജി തള്ളി

ചെന്നൈ: സിനിമ റിലീസായതിനുശേഷം മൂന്നു ദിവസത്തേക്ക് യൂട്യൂബ് ചാനലുകള്‍ വഴിയും സാമുഹ്യ മാധ്യമങ്ങളിലൂടെയും റിവ്യൂ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ (TFAPA) ഹർജിയാണ് തള്ളിയത്. പുതിയ സിനിമകളുടെ റിവ്യു ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാറുകള്‍ക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

നടൻ സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ 'കങ്കുവ'യെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് റിവ്യൂ വന്നതിന് പിന്നാലെയാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. നെഗറ്റീവ് റിവ്യൂ മൂലം സിനിമകള്‍ പരാജയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങള്‍ പ്രചരിക്കുമ്ബോള്‍ സിനിമ കാണാൻ ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ മാറുന്നു. അഭിനയിച്ച നടനെയും സംവിധായകനെയും കുറിച്ച്‌ അപകീർത്തികരമായ പ്രചരണം നടക്കുന്നുണ്ടെന്നും മനഃപൂര്‍വം സിനിമയെ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും അസോസിയേഷൻ വാദിച്ചു.

എന്നാല്‍, വിമർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ സാധാരണ നിലയിലുള്ള ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റിസ് സുന്ദർ അറിയിച്ചു. ചില സിനിമകള്‍ക്ക് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. അവലോകനത്തിന്റെ മറവില്‍ അപകീർത്തി ഉണ്ടായാല്‍ പൊലീസില്‍ പരാതി നല്‍കാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ, കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും യുട്യൂബ് കമ്ബനിയോടും നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക