ഘടിപ്പിക്കപ്പെട്ടത്
വിഘടിപ്പിക്കപ്പെടുമ്പോൾ
ഉണ്ടാവുന്ന കഠിന വേദന
അതാണ്
മരണം നമുക്ക് സമ്മാനിക്കുന്ന മഹാ ദുരന്തം !
നിലത്തെ പൊടിയുടെ
നിശ്ചലനാവസ്ഥയിൽ നിന്ന്
സ്വപ്നങ്ങളുടെ സജീവ ചലനങ്ങളോടെ
എന്തിനായിരുന്നു ഈ കൂട്ടിച്ചേർക്കൽ ?
മനുഷ്യ പരിണാമത്തിന്റെ നട വഴികളിൽ
എനിക്കറിയുന്ന എന്റെ ബോധാവസ്ഥയായി
എന്തിനീ നക്ഷത്ര പിണ്ഡത്തിൽ
തേനും വയമ്പും സംക്രമിപ്പിച്ചു ?
ദള പുടങ്ങളുടെ അതി നിർമ്മലതയിൽ
കിനിഞ്ഞു നിന്ന തേൻ തുള്ളികളിൽ
എന്തിന് സ്നേഹത്തിന്റ
വർണ്ണ രേണുക്കൾ പുരട്ടി മോഹിപ്പിച്ചു ?
ബന്ധങ്ങളുടെ ബന്ധനങ്ങൾ അടർത്തി മാറ്റി
കണ്ണീർപ്പൂവുകളുടെ
തുലാഭാരം നടത്തി പിൻ വാങ്ങുന്നു എന്നാണെങ്കിൽ
പ്രപഞ്ച സംവിധാനങ്ങളുടെ
മാസ്റ്റർപ്ലാൻ പിഴച്ചു പോയില്ലേ
എന്ന സംശയമുദിക്കുന്നു ?
ആട്ടിൻ കുട്ടികളെ വേട്ടയാടുന്ന
കാട്ടു വ്യാഘ്രങ്ങൾക്ക് വേണ്ടിയായിരുന്നെങ്കിൽ
പരിണാമത്തിന്റെ പരമ്പരകളിൽ
ധർമ്മികതയുടെ കണികാ വസന്തങ്ങളെവിടെ ?
ആത്മ സ്നേഹത്തിന്റെ അകിടുകളിൽ നിന്ന്
അലിവിന്റെ പാൽ ചുരത്തുന്ന '
അമ്മ സിംഹങ്ങളെ ആയിരുന്നു
നമ്മൾ സ്വപ്നം കണ്ടിരുന്നത് എന്നതിനാൽ,
അവസാനമില്ലാത്ത പരിണാമത്തിന്റെ അദൃശ്യ തലങ്ങളിൽ
അതായിരിക്കട്ടെ നമ്മുടെ സ്വർഗ്ഗ സ്വപ്‌നങ്ങൾ !
മഹാ കാലത്തിന്റെ തിരു മുഖത്തു മിഴികൾ നട്ട്
തിരുത്തലിനായി കേഴുന്നു ഭൂമിയും ഞാനും !
* സ്വപ്‌നങ്ങൾ ബാക്കി വച്ച് അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ പ്രിയ സഹോദരി മേരി കുര്യാച്ചൻവെട്ടുകല്ലേൽ എന്ന എന്റെ സ്നേഹക്കൂടത്തിന് വേണ്ടി വെല്ലിഞ്ഞാഞ്ഞ.