അവൻറെ ചെയ്തികൾ മൂലമാണ് കരയിലും കടലിലും വിനാശം പ്രകടമായിരിക്കുന്നത്. സ്വയം അനുഭവിക്കുന്നതിലൂടെ പാഠം ഉൾക്കൊണ്ട് ഒരുവേള അവൻ എന്നിലേക്ക് നല്ലതിനായി മടങ്ങിയെക്കാമല്ലോ. അവനെ ഞാൻ നിരീക്ഷിക്കുകയാണ്. തിരിഞ്ഞുനോക്കാൻ, പിന്നോട്ട്.
വിങ്ങുകയാണ്… എന്തോ കരയാൻ കഴിയുന്നില്ല. മറ്റു കാര്യങ്ങളിലേക്ക് മനസ്സോട്ടും നീങ്ങുന്നുമില്ല. തന്നെ ആരോ ഉൾവലിക്കുന്ന പോലെ. അവന് ആരോടെങ്കിലും പറഞ്ഞു സമാധാനിക്കണം. അതങ്ങനെയാണല്ലോ, മനസ്സിൻറെ വെമ്പൽ ആരോടെങ്കിലും പറഞ്ഞാൽ ആശ്വാസമാകും. പക്ഷേ ആരുണ്ട് കേട്ടിരിക്കാൻ.
അവനൊരു പേപ്പർ ലഭിച്ചിരുന്നു. ചെത്തിക്കൂർപ്പിച്ച പെൻസിൽ കൊണ്ട് എഴുതാൻ തുടങ്ങി. ഉള്ളൊഴുക്ക് കുറഞ്ഞു കിട്ടാൻ ആരോടോ സംസാരിക്കുന്ന പോലെ.
ഉപ്പ.. ഉമ്മ.. സഫിയ.. നഈം…
കുറേക്കാലത്തിനു ശേഷമാണ് നിങ്ങളോട് ഈ മകൻ സംസാരിക്കുന്നതെന്ന് അറിയാം. തെറ്റാരുടെ ഭാഗത്തുമാകട്ടെ, ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങൾ എവിടെയാണെന്ന് വർഷങ്ങൾക്ക് ശേഷം ഞാനറിഞ്ഞു. അപ്പോൾ മുതൽ സംസാരിക്കാൻ തോന്നിയ പൂതിയാണ്.
പഴയകാലത്ത് നശ്തക്ക് കിട്ടിയിരുന്ന ഉണ്ട ഇപ്പോൾ കാലിച്ചായക്കൊപ്പം കിട്ടും. അതും പിടിച്ച് ടിവിക്ക് മുമ്പിൽ ചെല്ലുമ്പോൾ എല്ലാവരും മിഴിച്ചിരിക്കുന്നത് കണ്ട് ഒരു ജിജ്ഞാസ. ചെന്ന് നോക്കുമ്പോൾ മിഴികളിൽ ചിലത് നനഞ്ഞിരിക്കുന്നു, ചിലത് വേവലാതിയിൽ, ചിലത് വെപ്രാളത്തിൽ, ചിലത് പരിഭ്രാന്തിയിൽ, ചിലത് നിശ്ചലമായി.
ബ്രേക്കിംഗ്: മേപ്പാടിയിൽ വൻ ദുരന്തം.
ശരീരം വലിഞ്ഞ മുറുക്കി. പാദങ്ങൾ മരവിച്ചു. കൈവെള്ളയിൽ നനവ് അനുഭവപ്പെട്ടു. ഒരു നിമിഷം നിങ്ങൾക്കൊന്നും സംഭവിച്ചില്ല എന്ന്, ഞാൻ സ്വയം പറഞ്ഞ് ആശ്വാസം വിഴുങ്ങി. ഒന്നും സംഭവിക്കാതിരിക്കാൻ ഒരു പ്രാർത്ഥന പോലെ മനസ്സിന്റെ എവിടെയോ നിന്ന് പടച്ചോനേ കാക്കണേ എന്ന് വന്നു.
മുണ്ടക്കൈയിലും ചൂരൽ മലയിലും ഉരുൾപൊട്ടി.
പിന്നെ ദൃശ്യങ്ങൾ. കുറച്ചുനേരം, എല്ലാം വ്യക്തം -ശൂന്യത, മൂകത, അചേതനം-. പിന്നെ ഇടയിൽ ശ്രദ്ധിച്ച റിപ്പോർട്ടറുടെ വാക്കുകൾ.
…ഒരു നാടകെ ഒലിച്ചു പോയിരിക്കുന്നു എത്രപേർ ദുരന്തത്തിന് ഇരകളായി എന്നത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷിയായി മുണ്ടക്കയം ചൂരൽമ ലയും.
പ്രതീക്ഷയുടെ അവസാന കനലും കെട്ടുപോയത് ആ പള്ളി കണ്ടപ്പോൾ ആയിരുന്നു. പകുതിയവശേഷിച്ച മസ്ജിദ്. പണ്ട് വല്യുപ്പായുടെ കയ്യും പിടിച്ച് വീട്ടിലേക്ക് നടന്നുവരുന്ന വഴി ഓർമ്മ വന്നു. പള്ളിക്കപ്പുറത്ത്, വലതുവശത്തിൽ കൂടെ നടന്ന്, ഒരു ഇടനാഴിയിലൂടെ ചെന്ന്, ഒരു കുഞ്ഞു കുടിൽ, ഒരു വീട്. അതുപിന്നെ ഉപ്പ നന്നാക്കിയതും ‘കുടിര്ക്കലിന്’ ചങ്ങാതിമാരെ വിളിച്ചതും ഓർമ്മയുണ്ട്. ഇന്ന് ആ പുര കണ്ടു. പുതപ്പു മൂടിയിരിക്കുകയാണ്. മണ്ണുകൊണ്ട്…
അവൻ പെൻസിൽ നിലത്ത് വെച്ച് ചുമരിൽ ചാരി കാൽമുട്ടിൽ തലതാഴ്ത്തിയിരുന്നു.
“ങ്ങൾ ഒന്ന് പൊയ്ക്കെ”. ഞാൻ എടുത്ത തീരുമാനം ആരും മാറ്റാൻ പോകുന്നില്ല. ഞാൻ ഉമ്മയോട് കയർക്കുകയായിരുന്നു. പെട്ടെന്ന് ഉപ്പ അടുക്കളയിലേക്ക് കയറിവരുന്നത് ഞാൻ ശ്രദ്ധിച്ചില്ല. ബഹളം കേട്ടിട്ടാണെന്ന് തോന്നുന്നു, ഉപ്പയുടെ മുഖം തുടുത്തിരുന്നു. ഞാൻ പേടിച്ചു.
“എന്താ അന്റെ പ്രശ്നം ഓളോട് ഞാനാ അന്നോടിത് പറയാൻ പറഞ്ഞത്. ഞാൻ പറഞ്ഞാൽ അനക്ക് പറ്റൂല്ലല്ലോ എന്ന് വിചാരിച്ചാ അന്റുമ്മ പറയുന്നത്. ഇജി ഈ വീടൊന്നു നോക്ക്യേ. മയക്കാലായ അബൂബക്കർ ഓട്ട അടച്ച മാതിരി ഈ ഓടാകെ ഓട്ട അടക്കണം. ഈ മതിലൊക്കെ ചോർന്നൊലിക്കും. കറന്റ് കണക്ഷൻ ഒക്കെ കട്ടാകും. ഇത്ര ബെല്പായിട്ടും ഇനീം പഠിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ”.
“അതല്ലപ്പാ വേറെ വീട് വെക്കണങ്കി വയ്ക്കാം, പക്ഷേ നാടും മാറണോ”.
“ഞമ്മളൊവ്ടെ നിക്കണതെന്ന അന്റെ വിചാരം. മുന്നില് മല ബേക്കില് പോയ. ചെയ്ത്താന്റിം കടലിന്റിം എടേലാണ്.ഇത്രയിം കാലം പിടിച്ചുനിന്നത് അയലക്കത്തെ ആൾക്കാരൊക്കെയുണ്ടായതോണ്ട. ഇപ്പോ കുഞ്ഞാപ്പുവും അഹമ്മദ് ഒക്കെ പോരാ മാറി. എല്ലാരും മാറുകയാണ്!”.
“ന്നാലും”.
“ ഒരു ന്നാലും ഇല്ല. സമിഅ്നാ വ അതഅ്നാ.ഞാൻ പറയും ഇജ്ജ് കേൾക്കും, പോ”.
ക്ലിങ്…ടക്…
കമ്പികളുടെ ഇരമ്പൽ ശബ്ദം കേട്ട് അവൻ തല ഉയർത്തി നോക്കി. രണ്ടു കാക്കിക്കാർ പരസ്പരം സംസാരിക്കുന്നു. ഒരാൾ പുറത്ത് ചാടിയ വയറുമായി നിൽക്കുന്നു. മറ്റേയാൾ ഒന്ന് കുനിഞ്ഞ് സെല്ലിന്റെ ഡോർ തുറക്കാൻ ശ്രമിക്കുന്നു.
“റാം സാറേ ഇത് കർക്കിടകല്ലേ… നമ്മടെ നാട്ടില് ഈ കാലത്തല്ലേ ദുരന്തങ്ങൾ ഒക്കെയുണ്ടാകാറ്. മാത്രല്ല, തിപ്പോ ഒരു പതിവായിരിക്കല്ലേ ദുരന്തം”.
“ങും ശരിയാന്നെ. തിപ്പോ വയനാട്ടിലും ഉരുൾപൊട്ടി. ന്യെ ന്തൊക്കെ വരാനിരിക്കുന്നോ ആവോ”.
പെട്ടെന്ന് തടിയൻ സാർ അവന്റെ മുഖത്തുനോക്കി.
“ടോ കള്ള…വല്ലോം വേണേ പൊക്കോ, ഊൺ തയ്യാറാണ്, വെറുതെ സാറന്മാരെ മുഷിപ്പിക്കാതെ”.
“ദേഷ്യപ്പെടാതെ ‘അതിശയൻ’ സാറെ, ഇവനൊരു സാധു കള്ളനാന്നെ, വേറെ കഴിച്ചോളും. നമക്ക് പോകാം”.
അവൻ എഴുന്നേറ്റപ്പോഴേക്കും കാക്കിക്കാർ പോയിക്കഴിഞ്ഞിരുന്നു. മിണ്ടാൻ പറ്റിയില്ല.
“ഇവർ തൃശൂർക്കാരുടെ ഭാഷയിങ്ങനെയാണ്. ആദ്യമൊക്കെ അന്യഭാഷ പോലെയാണ് ഇവരുടെ സംസാരശൈലി അനുഭവപ്പെട്ടത്. ഒന്ന് ‘ചെരിഞ്ഞ സംസാരം’. അങ്ങനെയാണ് ഞാനതിനെ വിശദികരിക്കാറ്. പല വാക്കുകൾ ഇവിടുന്ന് പഠിച്ചെടുത്തു. സംഗതി സ്വന്തം ഭാഷയാണെങ്കിലും അയാൾ പറഞ്ഞത് ശരിയാണ്. കർക്കിടകം കഴിഞ്ഞിട്ട് ദിവസങ്ങളായി.ഇപ്പോൾ അവരെല്ലാം കുടിൽ മാറി, ഞാനും”.
കാക്കിക്കാരന്റെ കള്ളാ എന്ന വിളി അവന്റെ ഉള്ളിൽ തട്ടിയിട്ടുണ്ട്. അവരെ സംബന്ധിച്ച് കള്ളൻ പൂച്ചക്ക് മുമ്പിൽ പെട്ട എലി പോലെയാണ്. സാവധാനം, ആസ്വദിച്ച്, ആ വാക്ക് ഉരുവിടുമ്പോൾ അകത്തേക്ക് ഇറക്കുന്ന ഡ്യൂക്കിന്റെ പ്രതീതിയാണ്.ഒരു കുളിർമ, ഒരു തണുപ്പ്. പാവം അടിമത്ത്വം അവസാനിച്ചില്ല ഇപ്പോഴും എന്ന് തോന്നിക്കാണും. മനുഷ്യനായി ഇനിയവനെ ആളുകൾ പരിഗണിക്കാൻ ഇടയില്ല. പട്ടി ചത്താൽ സന്മനസ്സ് കാണിക്കുന്നവർ ഒരു കള്ളന് വേണ്ടി മുന്നോട്ടു ഇറങ്ങാൻ വഴിയില്ല. കാരണം പട്ടിയെ കൊണ്ട് അവർക്ക് ഉപകാരമുണ്ട് കള്ളനെ കൊണ്ടോ? മലയാളിയാണ്, വെറുത്താൽ തിരിഞ്ഞു നോക്കില്ല. സ്നേഹിച്ചാൽ വാരിയെടുക്കും. എന്റെ പടപ്പുകളിൽ ഏറ്റവും ഒരുമയുള്ളവർ.
“ന്യായീകരിക്കുകയല്ല. പണം അതായിരുന്നു ആവശ്യം. കുടുംബകോടതി തനിക്കെതിരായി വിധിച്ചത് മുതൽ അന്വേഷിച്ചുകൊണ്ടിരുന്നു. പറമ്പുള്ളവരും മുതലുള്ളവനും തന്നെ ആട്ടിയോടിച്ചു. അവസാനം ഒരു അറ്റകൈ പ്രയോഗം. ഒരുനിലക്ക് അത് സാമൂഹിക സമ്പ്രദായത്തോടുള്ള തന്റെ പോരാട്ടവും കൂടിയായിരുന്നു. ‘കാശുള്ളവൻ കാര്യക്കാരൻ’ എന്ന തോന്നൽ ഞാൻ വെറുത്തു കഴിഞ്ഞിരുന്നു. അങ്ങനെയാണ് ആ സമര മാർഗം സ്വീകരിക്കുന്നത്”.
പോംവഴികൾ എപ്പോഴും ബുദ്ധിമുട്ടുള്ളവയാണെന്ന് അവനറിയാം. എന്നാൽ രക്ഷപ്പെട്ടാൽ സാഹസവും. അതിനായി അവൻ തിരഞ്ഞെടുത്തതാണ് മോഷണം. സാഹസം ആയിരുന്നു, പക്ഷേ രക്ഷയില്ല. ഇപ്പോൾ സമാധാനവും. കഷ്ടം വേണ്ടായിരുന്നു എന്ന് തോന്നിക്കാണും.
അവർ എന്നെ പത്രത്തിലും മറ്റും കണ്ടു കാണും എന്ന തോന്നൽ തിരിച്ചു പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് പോലും വിലക്കി. പരോളും ചോദിച്ചില്ല ജാമ്യത്തിന് പിന്നാലെ ഓടിയതുമില്ല. ഇവിടെയിരുന്നു കൂട്ടിന് ഉണ്ണാൻ പാത്രത്തിനൊപ്പം.
ചോറ് വാങ്ങാൻ പോയപ്പോൾ മുമ്പിൽ ആകെ പുള്ളികളുടെ നിരയായിരുന്നു. ചർച്ചാവിഷയം ഉരുളൻ കല്ലുകളാണ്, നീർച്ചാലുകളാണ്, അവശിഷ്ടങ്ങളാണ്. അവരുടെ നാട്ടുവർത്താനം മാറിയിരുന്ന് കട്ടുകേട്ടു. പലർക്കും ഭിന്നാഭിപ്രായങ്ങൾ. വിശ്വാസവും അന്തവിശ്വാസവും തമ്മിലുള്ള സംഘട്ടനം പോലെ. ചിലരുടെ വിശ്വാസത്തിൽ വയനാട് ഇനിയൊരു ഭീതിയുടെ മണ്ണാണ്. വിനോദമൊന്നും വില പോവില്ലത്രെ.കവളപ്പാറയാണ് അവരുടെ തെളിവ്. ചിലർ സ്വതന്ത്ര ചിന്തകർ. അവരുടെ വാദം ഒരു പൊതു തത്വമാണ്. എല്ലാം മനുഷ്യൻ മറക്കും. വേറെയും ചിലരുണ്ട്. രണ്ട് തോണിയിലും കാലിട്ടിരിക്കുന്നവർ. തലയാട്ടിക്കൊണ്ട് ഇരുവിഭാഗങ്ങൾക്കും പൂർണ്ണപിന്തുണ. അതേ, ആ പറഞ്ഞത് ശരിയാണ്, അത് പോയിന്റ്, തുടങ്ങി…
തൊട്ടപ്പുറത്ത് മറ്റൊരു സഭ കൂടിയിരിക്കുന്നത് കണ്ടു. അവരെ കണ്ടാൽ അറിയാം ഏമാന്മാരാണെന്ന്. വയനാടാണ് അവരുടെയും ധാരണ. കൂട്ടത്തിൽ ഒരു വിരുതൻ (വിക്കൻ)തുടങ്ങിവെച്ച ചർച്ച അവനെന്തോ ഒരു…
“ഞ്.. ഞാനിപ്പോ ഒര്ർര് വ.. വ്വാട്സാപ് വീഡിയോ ക്കണ്ട്. ഫുഹ്… ക്.. ക്കാലും ക്കയും”.
പെട്ടെന്ന് വിക്കന്റെ തോളിൽ കയ്യിട്ടിരുന്ന പുള്ളിക്കാരന്റെ ഇടയിൽ കയറിയുള്ള മറുപടി പിന്നിൽ നിൽക്കുന്ന രണ്ട് അനുയായികളെയും ചൂണ്ടിയായിരുന്നു.
നീ മാത്രമല്ല, ഞങ്ങളും ഉണ്ടായിരുന്നവിടെ. ആ സൂപ്രണ്ടിന്റെ ഫോണിലല്ലേ?.
ചോക്കീദാർ ചോർ ഹേ… കാക്കിയിട്ട കള്ളന്മാർ. എന്റെ ശ്രദ്ധ അവരുടെ നാട്ടുവർത്താനത്തിലേക്കല്ല ഓടിയത്. ആ ‘വീഡിയോ പ്ലേയറിലേക്കാണ്’, സൂപ്രണ്ട്. പണ്ടാരം പിടിച്ച ഫേവറിസവും ഗ്രൂപ്പിസവും. നമ്മുടെ സംവിധാനത്തെ തകർക്കാൻ ജനിച്ച വരദാനം. ഒരുതരം അഴിമതി. ഇവിടെയും കയ്യൂക്കും കാശും കൈക്കൊടുത്തു കൂടിയവരാണ് ഇൻഫ്ലുവൻസേഴ്സ്. സംവിധാനത്തിന്റെ ചരട് ഇവരുടെ കരങ്ങളിലാണ് എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പറഞ്ഞിട്ടെന്ത് കാര്യം,
‘നായകന്മാർക്ക് വില്ലൻ പരിവേഷം’ എന്നതാണല്ലോ ട്രെൻഡ്.
അവരെ പഴിച്ചുകൊണ്ട് പെട്ടെന്ന് വരിക്കടുത്തേക്ക് ചെന്നതും പുള്ളികളുടെ ഭാഗത്തുനിന്ന് എന്തെന്നില്ലാത്ത ഒരു പരിഗണന. പലരും അവനെ മുമ്പിലേക്കായി കടത്തിവിട്ടു. ആദ്യമൊന്നും ദഹിച്ചില്ല എന്താ കാര്യമെന്ന്.പതിയെ അവരുടെ കണ്ണുകൾ എന്നോട് സംവദിക്കും പോലെ അനുഭവപ്പെട്ടു. സഹതാപ തരംഗമാണ് കൂട്ടലിൽ അവനെപ്പറ്റി അറിയാവുന്നവരുടെ പിറു പിറുക്കലും ആയി.
“അവനാണ് ആ മുണ്ടക്കൈക്കാരൻ, തോണ്ട് ലെവന്റെ വീട് അവിടെയെന്നാ കേട്ടെ”.
ഏതായാലും ഈ പരിഗണനയ്ക്ക് ആയുസ്സ് കുറവാണെന്ന് ഉറപ്പാണ്. കാരണം ദുഃഖങ്ങൾ പേറി നടക്കാൻ ആരാണ് ഇഷ്ടപ്പെടുക. കഴിഞ്ഞത് കഴിഞ്ഞു. ഇനി അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. “ഒരു മുണ്ടക്കൈക്കാരനെ പടച്ചോൻ തനിച്ചാക്കില്ലല്ലോ”.
അതെ.. നമ്മെ സ്മരിക്കുന്നതിലൂടെ ഹൃദയം ശാന്തമാകുന്നതാണ്…