ന്യൂയോര്‍ക്ക് : അരനൂറ്റാണ്ടിലധികമായി നിലനില്‍ക്കുന്ന ന്യൂയോര്‍ക്കിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് അതിന്റെ അന്‍പത്തിരണ്ടാമത് കുടുംബ സംഗമവും വാര്‍ഷിക ഡിന്നറും അതി വിപുലമായി നടത്തിയത് ഏവര്‍ക്കും അവിസ്മരണീയമായി. പ്രശസ്ത മലയാള സാഹിത്യ എഴുത്തുകാരന്‍ ഇ. സന്തോഷ് കുമാറിന്റെ മഹനീയ സാന്നിധ്യം പങ്കെടുത്ത ഏവര്‍ക്കും സന്തോഷകരമായി. സമാജം കുടുംബാംഗങ്ങളുടെ സംഗമം എല്ലാവര്‍ക്കും മുന്‍കാല സ്മരണകള്‍ പങ്കിടുവാനുള്ള വേദിയായി മാറുകയും ചെയ്തു.
സമാജത്തിന്റെ അന്‍പത്തിരണ്ടാമതു പ്രസിഡന്റായ സിബി ഡേവിഡിന്റെ അധ്യക്ഷതയില്‍ കൂടിയ ഔദ്യോഗിക യോഗത്തില്‍ സെക്രട്ടറി സജി എബ്രഹാം, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ സണ്ണി പണിക്കര്‍, ട്രഷറര്‍ വിനോദ് കെയാര്‍ക്കേ, വൈസ് പ്രസിഡന്റ് മേരി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസി സഖറിയ, മുഖ്യ അതിഥി മലയാള സാഹിത്യത്തിലെ ആനുകാലിക എഴുത്തുകാരനായ ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ വേദി പങ്കിട്ടു. കുടുംബ സംഗമത്തിന് എത്തിച്ചേര്‍ന്ന നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത പ്രസിഡന്റ് സിബി, കഴിഞ്ഞ ഒരു വര്‍ഷത്തെ തന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് സമാജത്തിലെ എല്ലാ അംഗങ്ങളും ചെയ്തു തന്ന പിന്തുണയ്ക്കും സഹകരണത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
'കഴിഞ്ഞ അന്‍പത്തിയൊന്നു വര്‍ഷം കേരളത്തിന്റെ സംസ്‌കാരം കാത്തു സൂക്ഷിച്ച് ഈ പ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടുവന്ന പ്രഗത്ഭമതികളായ നേതാക്കളുടെ പിന്തുടര്‍ച്ചക്കാരനായി അന്‍പത്തിരണ്ടാമതു പ്രസിഡന്റായി സമാജത്തെ നയിക്കുവാന്‍ എന്നെ ചുമതലപ്പെടുത്തിയ എല്ലാ അംഗങ്ങള്‍ക്കും നന്ദി അര്‍പ്പിക്കട്ടെ. മലയാളീ സംസ്‌കാരം നിലനിര്‍ത്തുന്ന ഈ സംഘടനയില്‍ വ്യക്തികള്‍ തമ്മില്‍ മുമ്പ് ഉണ്ടായിരുന്ന ആ ഇഴയടുപ്പം ഇപ്പോള്‍ കുറഞ്ഞു പോകുന്നുണ്ടോ എന്ന് സംശയിക്കുന്നു. ഒരു പക്ഷെ ആദ്യകാലങ്ങളില്‍ ഒന്നോ രണ്ടോ മലയാളീ സംഘടനകള്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഡസന്‍ കണക്കിന് സംഘടനകള്‍ രൂപീകരിക്കപ്പെട്ടതിനാല്‍ അംഗങ്ങള്‍ പല സംഘടനകളിലായി ചിതറിപ്പോയതായിരിക്കാം അല്‍പ്പം അംഗത്വ സാന്നിദ്ധ്യത്തിന്റെ ശോഷണത്തിന് കാരണമായത്. എന്തായാലും ഈ ആദ്യകാല സംഘടനയുടെ സാംസ്‌കാരിക മൂല്യം കാത്തു സൂക്ഷിച്ച് മുമ്പോട്ട് പോകുവാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ സാംസ്‌കാരിക സംഘടനയുടെ 2024 വര്‍ഷത്തെ അവസാനത്തെ വാര്‍ഷിക ഡിന്നര്‍ മീറ്റിംഗില്‍ യുവ മലയാള സഹിത്യകാരനായ ഇ. സന്തോഷ് കുമാറിനെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്. ഏവര്‍ക്കും നന്ദിയും ആശംസകളും ഒരിക്കല്‍ കൂടി അര്‍പ്പിക്കുന്നു' അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് സിബി പ്രത്യാശ പ്രകടിപ്പിച്ചു.
മുഖ്യാതിഥി സാഹിത്യകാരനായ ഇ. സന്തോഷ് കുമാര്‍ കഴിഞ്ഞ ഒരു മാസക്കാലമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുവാനും ഇവിടെയുള്ള മലയാളികളുടെ ജീവിത ശൈലികള്‍ കണ്ടു മനസ്സിലാക്കുവാനും ലഭിച്ച അവസരങ്ങള്‍ ജീവിതത്തിലെ ഭാഗ്യമായി കണക്കാക്കുന്നു എന്ന സംതൃപ്തി തന്റെ മുഖ്യ പ്രഭാഷണത്തില്‍ പ്രകടിപ്പിച്ചു.
'ഏത് രാജ്യത്ത് ചെന്നാലും അവിടുത്തെ സാഹചര്യങ്ങളുമായി അലിഞ്ഞു ചേര്‍ന്ന് ജീവിക്കുവാനും അവരുടെ സംസ്‌കാരവുമായി ഇഴുകി ചേരുവാനും മലയാളികള്‍ പ്രാപ്തരാണ്. അതിന് ഉദ്ദാഹരണമായി ഒരു കഥ പറയാം. എട്ടാം നൂറ്റാണ്ടില്‍ ഇന്നത്തെ ഇറാനായ പേര്‍ഷ്യയില്‍ പീഡനം അനുഭവിച്ചിരുന്ന കുറെ പാഴ്‌സികള്‍ പായ്ക്കപ്പല്‍ കയറി ഇന്ത്യന്‍ തീരത്ത് എത്തിച്ചേര്‍ന്നു. ഗുജറാത്തിന്റെ തീരപ്രദേശമായ സന്‍ജാന്‍ എന്ന ഗ്രാമത്തില്‍ അവരുടെ പായ്ക്കപ്പല്‍ എത്തിയപ്പോള്‍ ആ ഗ്രാമത്തിലെ ഹിന്ദു രാജാവിനോട് അവര്‍ക്ക് അഭയം തരണമെന്ന് ആംഗ്യ ഭാഷയില്‍ അഭ്യര്‍ഥിച്ചു. അവരുമായി സംവാദിക്കുവാന്‍ ഭാഷ വശമില്ലാതിരുന്ന നാട്ടുരാജാവ് ഒരു ഗ്ലാസില്‍ തുളുമ്പി നില്‍ക്കുന്ന രീതിയില്‍ ഒരു കപ്പ് പാല്‍ അവര്‍ക്കു കൊടുത്തുവിട്ടു. ഒരു തുള്ളി പാല് പോലും ഇനി ആ കപ്പില്‍ ഉള്‍ക്കൊള്ളുവാന്‍ സാദ്ധ്യമല്ല. അതിനാല്‍ ആ പ്രദേശത്ത് അവരെ ഉള്‍ക്കൊള്ളുവാന്‍ തീരെ സ്ഥലമില്ല എന്നതിന്റെ സൂചകമായി പാഴ്‌സികളെ അറിയിച്ചു. എന്നാല്‍ പാഴ്സികളുടെ നേതാവ് ഒരു സ്പൂണ്‍ പഞ്ചസാര എടുത്ത് കപ്പ് തുളുമ്പി നിന്ന ആ പാലിലേക്ക് സാവധാനം ഇട്ടു. ഒരു തുള്ളി പാല് പോലും കപ്പില്‍ നിന്നും വെളിയിലേക്ക് തുളുമ്പി പോകാതെ ആ പഞ്ചസാര ആ പാലില്‍ അലിഞ്ഞു ചേര്‍ന്നു. ഞങ്ങളും നിങ്ങളോടൊപ്പം ഇഴുകി ചേര്‍ന്ന് ഉള്ള സാഹചര്യത്തില്‍ ജീവിച്ചുകൊള്ളാം എന്നാണ് പാഴ്സി നേതാവ് ആ നാട്ട് രാജാവിനെ അറിയിച്ചത്. അങ്ങനെ പാഴ്‌സികള്‍ക്ക് അവിടെ അഭയം നല്‍കുകയും അവര്‍ ആ സഹചര്യവുമായി പഞ്ചസാര പാലില്‍ അലിഞ്ഞു ചേര്‍ന്നത് പോലെ അലിഞ്ഞു ജീവിച്ചു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പിന്നീട് ഇന്ത്യയിലെ വമ്പന്‍ ബിസ്സിനെസ്സ്‌കാരായ ടാറ്റാ, ഗോദറേജ്, വാഡിയ, മിസ്ട്രി തുടങ്ങിയവര്‍ അന്ന് അഭയാര്‍ഥികളായി ഗുജറാത്ത് തീരത്തെത്തിയ പാര്‍സി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അതേപോലെയാണ് അമേരിക്കന്‍ മലയാളികളും. അവരും ചെന്ന് ചേരുന്ന ആ സാഹചര്യങ്ങളില്‍ അലിഞ്ഞ് ചേര്‍ന്ന് ജീവിക്കുവാന്‍ കഴിവുള്ളവരാണ്. അതില്‍ അഭിമാനിക്കുന്നു.'' സന്തോഷ് കുമാര്‍ അഭിമാനത്തോടെ പറഞ്ഞു.
സമാജത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞ ഒരു വര്‍ഷം വിജയപ്രദമായി പ്രവര്‍ത്തിച്ച എല്ലാ കമ്മറ്റി അംഗങ്ങളെയും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സണ്ണി പണിക്കര്‍ മുക്തകണ്ഠം പ്രശംസിച്ചു. വാര്‍ഷിക ഡിന്നര്‍ മീറ്റിങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം മുഖ്യ സ്‌പോണ്‍സറും ഹാനോവര്‍ ബാങ്ക് ഡയറക്ടറുമായ വര്‍ക്കി എബ്രഹാം മറ്റൊരു സ്‌പോണ്‍സറായ എബ്രഹാം ഫിലിപ്പ്, സി.പി.എ-യ്ക്ക് കോപ്പി നല്‍കി നിര്‍വ്വഹിച്ചു. സുവനീര്‍ ചീഫ് എഡിറ്റര്‍ ലീലാ മാരേട്ട് സുവനീര്‍ പ്രകാശന ചടങ്ങില്‍ സന്നിഹിതയായി. വൈസ് പ്രസിഡന്റ് മേരി ഫിലിപ്പ്, സെക്രട്ടറി സജി എബ്രഹാം എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമണിമാരായി യോഗം നിയന്ത്രിച്ചു. മനോഹരമായ ക്ലാസ്സിക്കല്‍ നൃത്തവും ശ്രുതിമധുരമായ ഗാനമേളയും യോഗത്തിന് പകിട്ടേകി. വിഭവ സമൃദ്ധമായ ഡിന്നര്‍ ദില്‍ബാര്‍ റെസ്റ്റോറന്റ് പങ്കെടുത്തവര്‍ക്കായി ഒരുക്കി. വാര്‍ഷിക ഫാമിലി സംഗമത്തില്‍ പങ്കെടുത്ത ഏവര്‍ക്കും ചടങ്ങ് അവിസ്മരണീയമായി.