ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നെങ്കിലും മരിക്കുന്നത് ഞാനല്ലയെങ്കിൽ പഴി മറ്റൊരു ശിരസ്സിലേക്കുമായിരിക്കില്ല ചെന്നു വീഴുന്നതെന്ന് എനിക്കുറപ്പുണ്ട്. എങ്കിലും സാരമില്ല. ഈ തിരഞ്ഞെടുപ്പ് തീർത്തും ജനാധിപത്യപരമായിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്. അത് മറ്റാർക്കും വേണ്ടിയല്ല, എന്നെത്തന്നെ സ്വയം ബോധിപ്പിക്കാനാണ്. കാരണം കുടുംബത്തിന്റെ ഗൃഹനാഥൻ എന്ന നിലയിൽ കടം വരുത്തിക്കൂട്ടിയവൻ എന്ന നിലയിൽ ജീവനോടെ ബാക്കിയാവുമെങ്കിൽ ഭാര്യയുടെയോ മകന്റെയോ മകളുടെയോ മരണത്തിന് കാരണമായി എന്നൊരു കുറ്റബോധം ആജീവനാന്തം ചുമക്കാതിരിക്കാൻ വേണ്ടിയാണത്.
അവരവരുടെ വിധി സ്വയം നിർണയിക്കാനുള ഒരവസരം ഈ അവസാന പരിശ്രമത്തിലെങ്കിലും എല്ലാവർക്കും തുല്യമായി നൽകപ്പെടണം.
മാളു മഞ്ഞ കരുവാണ് തിരഞ്ഞെടുത്തത്. മഞ്ഞ അവളുടെ ലക്കി കളറാണ്. കൂട്ടത്തിൽ ഇളയതെന്ന പരിഗണനയിൽ ആദ്യനിറം അവൾ തിരഞ്ഞെടുത്തു. സുമ പച്ച നിറമെടുത്തു. കിഷോർ നീല, അവസാനം വന്ന ചുവപ്പാണ് ഞാനെടുത്തത്.
ആദ്യ കളി ഞാൻ തന്നെ തുടങ്ങാമെന്ന് കരുതി.
തൊള്ള പൊളിച്ച് നിൽക്കുന്ന വർണശബളമായ സർപ്പങ്ങളിലേക്ക് എന്റെ കണ്ണുടക്കി. ചിലതിന് സൗമ്യഭാവം. അവയ്ക്കു ചുറ്റുമുളള കളങ്ങളിൽ ഒളിച്ചിരുന്ന് മാറി മാറി ഓമനിയ്ക്കാൻ തോന്നും.
രണ്ടു വരി, അല്ലെങ്കിൽ മൂന്നുവരി അത്രേ അവയക്ക് നീളമുണ്ടാവൂ. ഇനി അറിയാതെ ഏതിന്റെയെങ്കിലും തീനിയായാലും സാരമില്ല. ഒന്നോ രണ്ടോ തവണ ആറുവീണാൽ തീരാവുന്നതേയുള്ളൂ പ്രശ്നം.
ചിലവ അങ്ങനയെല്ല, കണ്ടാൽത്തന്നെ പേടിയാകും. സൂചിമുനയുള്ള കൊമ്പുകൾ നീട്ടി, വിഷലിപ്തമായ നാക്ക് വിറപ്പിച്ച്, തന്റെ വായ്ക്കുമുന്നിൽ വരുന്ന ഏതൊരുവനെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ വിഴുങ്ങി ഒറ്റയക്കം വരെയെത്തിക്കാൻ മടിയില്ലാത്ത ക്രൂരന്മാർ. അവർ ആകർഷണീയ നിറങ്ങളും മെയ്യെഴുത്തുമായി വിജയത്തിന്റെ തൊട്ടരികെ പതുങ്ങി നിൽക്കും.
ഒറ്റകളും ഇരട്ടകളും കൂട്ടിവച്ച് നൂറിൽ നൂറിന്റെ പടിവാതിക്കൽ നിൽക്കുമ്പോൾ കൈവള്ളയിൽ നിന്നും മലക്കംമറിഞ്ഞ്, ആറുവശങ്ങളുടെയും സാധ്യതകൾ ആവർത്തിച്ചു കാട്ടി കളിക്കാരെ കൊതിപ്പിക്കും.
എന്തു കാര്യം! നിലം ചാരികളായ ഈ ഹിംസ്രജീവികൾ തങ്ങളുടെ മിനുസമോലുന്ന വയറിടം കൊണ്ട് ഭൂമിയെ വശീകരിക്കും. സുഖാനുഭവത്തിന്റെ ഏതോ നിമിഷത്തിൽ അവയക്ക് തങ്ങളുടെ ബലം നഷ്ടമാവും. അന്നേരം തങ്ങളുടെ ചൊല്പടിക്ക് നിൽക്കാത്ത ഗുരുത്വാകർഷണം അസന്മാർഗികരായ ഈ ജന്തുക്കളുടെ വായ്പ്പരുവത്തിനനുസരിച്ച് ഉരുണ്ടുരുണ്ട് നീങ്ങുന്ന ഡൈസിനെ പിടിച്ചുനിർത്തും.
അനന്തമായി ആവർത്തിക്കുന്ന ഈ പ്രക്രിയയിൽ പാമ്പിന്റെ മുന്നിലും പിന്നിലുമായി സമർദ്ധമായൊളിച്ച് അപ്രാപ്യമായൊരു മൂന്നക്കത്തിന്റെ മൂർദ്ധാവിൽ കസേരയിട്ടിരുന്ന് അതുവരെ തങ്ങളെ വിഴുങ്ങി ശൗചിച്ച സർപ്പങ്ങളെയും കാൽചുവട്ടിലെത്തുമ്പോൾ തെന്നിക്കളയുന്ന കോണികളെയും നോക്കി ആത്മരതിയുടെ അത്യുന്നതങ്ങളിൽ നിന്നുകൊണ്ട് ഉറക്കെ തെറി വിളിക്കാൻ തോന്നും.
ഹാ! അതൊക്കെ പഴങ്കഥ. ഇന്നീ പന്നഗശ്രേഷ്ഠന്റെ ദംശനം കൊതിച്ചാണ് സുരേന്ദ്രനും കുടുംബവും നൂറ് സംഖ്യാ ചതുരങ്ങളുള്ള ബോർഡിന് ചുറ്റും തങ്ങളുടെ ഊഴവും കാത്തിക്കുന്നത്.
സുരേന്ദ്രന്റെ ഡൈസെടുത്ത് കശക്കി. അയാളുടെ കൈകളിൽ അത് കിലുങ്ങുന്ന ശബ്ദം നെഞ്ചിടിപ്പിന്റെ മുഴക്കത്തോടു ചേർന്ന് അതുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ പാശ്ചാത്യസംഗീതവിരുന്ന് ആസ്വദിക്കുംപോലെ ബോർഡിലെ പാമ്പുകളും കോണികളും ആകാംക്ഷയോടെ കാത്തിരുന്നു.
ഒന്നാം കളിയായി ബോർഡിന്റെ മധ്യത്തിലേക്ക് തിരുമ്പിയെറിഞ്ഞ് ഡൈസ് ഒന്ന് മൂന്ന് ആറ് എന്നിങ്ങനെ കറങ്ങി ഒടുക്കം അത് രണ്ടിൽ വന്നു നിന്നു.
ഭാഗ്യം ഇത്തവണ കരു അനക്കണ്ട. നിയമങ്ങൾ എത്ര മാറ്റിയാലും ആദ്യ കളത്തിലേക്ക് കരുവെടുത്തു വയ്ക്കാൻ ഒന്നുതന്നെ വേണമെന്നു നിർബന്ധമാണ്. അതിന് പിന്നാലെ പുഞ്ചിരിയിൽ ചാലിച്ചൊരു നെടുവീർപ്പെടുത്ത് സുരേന്ദ്രൻ ബോർഡിന് മധ്യത്തിലേക്ക് തുപ്പി. അച്ഛന്റെ ചിരിയിൽ കൂടെച്ചിരിക്കാറുണ്ടായിരുന്ന മാളുവിനും കിഷോറിനും അതു കണ്ടിട്ട് അറപ്പു തോന്നി.
എന്തിനാണ് ഈ മനുഷ്യൻ ഇങ്ങനെ ചിരിക്കുന്നത്. സ്വന്തം മക്കളെയോ ഭാര്യയെയോ കൊലക്ക് കൊടുക്കാൻ തുടങ്ങുന്നതു കൊണ്ടാണോ... അല്ലെങ്കിൽ ഇന്നാൾ കൊണ്ട് താൻ വരുത്തിവെച്ച കടമത്രയും മറ്റാരുടെയെങ്കിലും മരണം കൊണ്ട് വീട്ടുമെന്ന് വിചാരിച്ചിട്ടാണോ.
മാളു ദേഷ്യത്തോടെ ബോർഡിൽ നിന്നും ഡൈസ് വാരിയെടുക്കുന്നത് ചിരിയടക്കി നോക്കിനിൽക്കാൻ മാത്രമേ സുരേന്ദ്രന് കഴിഞ്ഞുള്ളൂ.
അല്ലെങ്കിലും ചിരിച്ചാലെന്താണ് കുഴപ്പം. കള്ളുകുടിച്ചും പെണ്ണുപിടിച്ചും മുതല് കളഞ്ഞു കുളിച്ചിട്ടില്ല. കാരണവന്മാരായിട്ട് ഒന്നും കൊടുക്കാത്തതുകൊണ്ട് തന്നെത്താൻ അധ്വാനിച്ചാണ് ഇത്രയും നാൾ ജീവിച്ചത്. അതിനിടയിൽ രണ്ടു കുട്ടികളെയും വളർത്തി. അവരുടെ പഠിപ്പ്, മറ്റ് ചിലവുകൾ, അതിനിടയിൽ എപ്പോഴോ താളം തെറ്റി. വലിയൊരു കടക്കാരനായി. ജീവിക്കാൻ നിവൃത്തിയില്ലാത്തവണ്ണം അത് പെരുകിക്കഴിഞ്ഞു.
അതെങ്ങനെ എന്റെ മാത്രം തെറ്റാകും. ഒരാളുടെ വരുമാനം കൊണ്ട് നാലുപേർ ഇത്രയും കാലം സുഖമായി ജീവിച്ചില്ലേ... ജീവിതത്തിന്റെ ബഹുഭൂരിപക്ഷവും അവർക്ക് വേണ്ടിയാണ് ചെലവഴിച്ചിട്ടുള്ളത്.
ഭക്ഷണം രുചിക്കു കൂടി വേണ്ടിയുള്ളതാണെന്നോ, വസ്ത്രം ഭംഗിക്ക് കൂടി വേണ്ടിയുള്ളതാണെന്നോ, കണ്ണ് കാഴ്ചയ്ക്ക് കൂടി വേണ്ടിയുള്ളതാണെന്ന് അറിയാനായി കുറച്ചു ജീവിതമെങ്കിലും ബാക്കി വേണ്ടേ? അതുകൊണ്ടുതന്നെ സ്വന്തം ജീവിതം നിലനിർത്താൻ ശ്രമിക്കുന്നതിനിടയിൽ ചെറിയതെങ്കിലും, ഒരു വിജയം കൈവരിച്ചാൽ അതിൽ സന്തോഷിക്കുന്നതിൽ എന്താണ് തെറ്റ്.
സുരേന്ദ്രന്റെ പരുക്കൻ കൈകളിൽ മെരുക്കമില്ലാതെ ഉരഞ്ഞുകളിച്ച ഡൈസിന് മാളുവിന്റെ മൃദുലമായ കൈകളിൽ വല്ലാണ്ട് ഇക്കിളിതോന്നി. ആർദ്രമായ മഞ്ഞുവസ്ത്രം കൊണ്ട് നാണം മറച്ച പ്രകാശത്തെപ്പോലെ അവളുടെ കൈയ്യിനോട് ആ കൊച്ചു ചതുരക്കട്ടയ്ക്ക് പ്രണയം തോന്നി. തന്റെ മേനിയിലാകെ സമ്പാദ്യമായി നിറഞ്ഞു നിൽക്കുന്ന കുറച്ചക്ഷരങ്ങളെ ഒന്നാകെയവൾക്ക് സമ്മാനിക്കാൻ അതിന് തോന്നിയെങ്കിലും ഇപ്പോഴങ്ങനെ ചെയ്താൽ അവളോടു കാട്ടുന്ന ക്രൂരതയാകുമെന്ന് അതിനറിയാമായിരുന്നു. അവരെല്ലാം കൂടി നിർമ്മിച്ച ഈ കളിയുടെ നിയമങ്ങൾ അങ്ങനെയാണ്. ആദ്യം ജയിക്കുന്നവനല്ല. അവസാനം വരെ ജയിക്കാതിരിക്കുന്നവരാണ് ഇതിലെ വിജയികൾ.
വിധി എല്ലാക്കാലത്തും ജയിക്കാൻ ശ്രമിക്കുന്നവരെ മാത്രമേ തോൽപിച്ചിട്ടുള്ളൂ. ഈ വൈപരീത്യത്തോട് യോജിക്കാൻ വേണ്ടി മാത്രമല്ല ഇങ്ങനെയൊരു തീരുമാനം. അവസാനമെത്തുന്ന ആളാണ് മരിക്കേണ്ടതെങ്കിൽ ജയിക്കുന്ന ഓരോരുത്തരും മറ്റൊരാളുടെ അന്ത്യത്തിനായി കാത്തിരിക്കണം. അത് കുറച്ചു കൂടി വേദനയാണ്. ഇതാവുമ്പോൾ ഒരു നിമിഷം ... ഒരു വിജയി ... ഒരു മരണം. അതിന് കയറ്റവും ഇറക്കവുമുള്ള കോണികളെ വെറുക്കണം. അവ ഉയരത്തിൽ നിന്ന് തളിയിട്ട് കൊല്ലാൻ മടിക്കാത്തവയാണ്. അതിലും എത്രയോ ഭേദമാണ് എല്ലാ കാലത്തും തിന്മയുടെ പ്രതീകമായി നിന്നിട്ടുള്ള വിഷവാഹികളായ ഫണീന്ദ്രന്മാർ. തിന്മകൾക്ക് നന്മയെന്ന് മൂടുപടം കെട്ടിയില്ലെങ്കിലും അവർ സന്തുഷ്ടരാണ്. അവയ്ക്ക് താഴേക്കൊരു നോട്ടമില്ല. വ്യാഖ്യാനങ്ങളത്രയും ഉയർച്ച മാത്രം.
അവൾ കൈയ്യിലെ ഡൈസ് ഒന്നു കൂടി മുറുക്കത്തിൽ കുലുക്കി. ഈ വഞ്ചകി തന്നെ ഉപേക്ഷിക്കാൻ പോകയാണോ എന്നാ കൊച്ചു ചതുരക്കട്ട ഭയപ്പെട്ടു. അതിന്റെ സംശയം ശരിയായിരുന്നു. തന്നെ വഞ്ചിച്ചവളോടുള്ള അടങ്ങാത്ത പകയും പേറി കുറെ ചതിക്കളങ്ങൾക്കിടയിലൂടെ അത് ഹൃദയം തകർന്ന വേദനയുമായുരുണ്ടു. അതിന്റെ കണ്ണുകളിൽ വിദ്വേഷം ആളിപ്പടർന്നു. അതിൽ പ്രതികാരദാഹിയായൊരു കാമുകനുണർന്നു. തന്റെ സർവ്വ ശക്തിയുമെടുത്ത് അവൻ ഒന്നുകൂടി മറിഞ്ഞു. ഒരു സ്ലോമോഷൻ കാഴ്ചയിൽ അവളത് നോക്കിക്കണ്ടു. തന്റെ ശവമഞ്ചത്തിലേക്കുള്ള ആദ്യ പ്രേമോപഹാരമായി അതിന്റെ മാറിൽ തെളിഞ്ഞ 'ഒന്ന്' അവളുടെ മഞ്ഞക്കരുവിന് സ്ഥാനചലനം നൽകി.
'അല്ലെങ്കിലും ഞാൻ ഭാഗ്യമില്ലാത്തവളാണ്'. അവൾ മനസ്സിലുരുവിട്ടു.
എന്റെ മാത്രമല്ല, ഒരു മദ്ധ്യവർഗ കുടുംബത്തിൽ, പ്രത്യേകിച്ച് രണ്ടാമത്തെ കൂട്ടിയായി ജനിക്കുന്നവരെ സംബന്ധിച്ച് അതൊരു പെൺകുട്ടിയാണെങ്കിൽ ശൈശവം കഴിഞ്ഞാൽ കാത്തിരിക്കുന്നത് തിരസ്കാരത്തിന്റെയും തഴയലിന്റെയും അനുഭവങ്ങളാണ്. എന്റെയും അവസ്ഥ മറിച്ചല്ലല്ലോ. ഞായറാഴ്ചകളിലെ ഇറച്ചിക്കറിയിലെ നല്ല കഷണങ്ങളൊതുക്കിവയ്ക്കുന്നതു മുതൽ കളിപ്പാട്ടങ്ങളിൽ വരെ ഇങ്ങനെയൊരു വേർതിരിവുണ്ടായിട്ടില്ലേ... അതോ അതൊക്കെ എന്റെ വെറും തോന്നലാണോ. ആയാലും സാരമില്ല. ഒരു കാലത്തും അങ്ങനെയൊരു പെൺകൂട്ടിയുടെ തീരുമാനങ്ങൾക്ക് ആത്യന്തികമായ സ്വീകാര്യത ലഭിച്ചിട്ടില്ല. ഇനി സ്വീകാര്യമാണെങ്കിൽ പോലും അങ്ങനെ കാട്ടിയിട്ടില്ല.
എന്നാൽ ഇന്നീ കാര്യത്തിൽ മാത്രം ഞാൻ പരിഗണിക്കപ്പെട്ടുവെന്ന് പറയാതെ വയ്യ. കായികാധ്വാനമാവശ്യപ്പെടുന്ന ഏതെങ്കിലും കളിയായിരുന്നു തിരഞ്ഞെടുത്തതെങ്കിൽ തീർച്ചയായും കിഷോർ തന്നെ ജയിക്കും. അവൻ നല്ലൊരു അത്ലറ്റാണ്. തൊട്ടു പിറകിലായി അച്ഛനും രണ്ടാമതെത്തും. പ്രായമായെങ്കിലും അമ്മയ്ക്ക് എന്നെക്കാൾ ആരോഗ്യമുണ്ട്.
അറിവ് മാനദണ്ഡമാക്കിയാൽ പരാജയപ്പെടുന്നത് അമ്മയായിരിക്കും. പത്രം വായിക്കുന്നതുകൊണ്ടു തന്നെ അച്ഛനക്കാര്യത്തിൽ അമ്മയേക്കാൾ മുൻകൈയുണ്ട്.
ഈ കളിയാകുമ്പോൾ എല്ലാവരും തുല്യ പ്രാഗത്ഭ്യമുള്ളവരാണ്. ഭാഗ്യം ആരുടെ കൂടെ നിൽക്കുമോ അയാൾ വിജയിക്കും.! അല്ല പരാജയപ്പെട്ടും.
ചെറുപ്പം മുതൽ ഞാനീ കളിയിൽ മിടുക്കിയാണ്. അതച്ഛനുമാറിയാം. പക്ഷേ അതിലൊക്കെ ഞാൻ വിജയിച്ചിട്ടേയുള്ളൂ. ആ വിജയം നിലനിർത്താൻ ചിലപ്പോൾ ഞാൻ അറിയാത്ത മട്ടിൽ കൈതട്ടി കള്ളക്കളി കളിക്കും അച്ഛനത് കണ്ടില്ലെന്ന് നടിക്കും. പക്ഷേ ഇപ്പോൾ ഞാൻ ഈ കളിയിൽ പരാജയപ്പെടണം.
അടുത്ത ഊഴം അമ്മയുടേതാണ്. അമ്മയും പാവമാണ്. പക്ഷേ ജീവിക്കാനറിയില്ല. എന്നും ഇങ്ങനെ അച്ഛനെ അനുസരിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ. അതുകൊണ്ട് ഈ കളിൽ ഞാൻ കൂടുതലും അച്ഛൻ ജയിക്കണമെന്നേ ആഗ്രഹിക്കൂ. ജയിക്കുന്ന മൂന്നാമത്തെ ആൾ അത് വേണമെങ്കിൽ അമ്മയോ കിഷോറോ ആയിക്കോട്ടെ.
തന്റെ ഊഴമനുസരിച്ച് സുമ ഡൈസ് കൈയ്യിലെടുത്തു. ബോർഡിലേക്ക് കൈ നീട്ടിയപ്പോഴാണ് അവളുടെ കൈയ്യിലെ പൊള്ളിയ പാടുകൾ പലതും സുരേന്ദ്രൻ ആദ്യമായി കാണുന്നത്.
പാത്രവും പച്ചക്കറികളും അലക്കുസോപ്പുകളും പദം വരുത്തിയ സുമയുടെ കൈയ്യിൽ ഇത്തിരിക്കുഞ്ഞൻ ബംഖ്യാ ചതുരത്തിന് നന്നായി മേലുരഞ്ഞു. ഉള്ളിലെ അസ്ഥികളുടയുന്ന വേദന. അവളതിനെ ശ്വാസം മുട്ടിച്ചു. അവൻ വല്ലാതെ ഭയപ്പെട്ടു. അഗ്നിപർവ്വതത്തിൽ നിന്നും ലാവ തെറിക്കുന്നപോലെ അവിചാരിതമായി കിട്ടിയൊരു നിമിഷത്തിൽ അത് സുമയുടെ തള്ളവിരലിനിടയിലൂടെ പുറത്തുചാടി ഉരുണ്ടുരുണ്ടൊരു സർപ്പത്തിന്റെ വാലിൻതുമ്പിൽ വന്നിരുന്നു. ഭയത്താൽ അതിന്റെ കിതപ്പവസാനിക്കാതെ ആടിയുലഞ്ഞും ഇടം വലം വിറച്ച് ഒടുക്കം നിർദ്ദോഷകരമായൊരു മൂന്നിനെ മുഖത്ത് പ്രതിഷ്ഠിച്ചു.
അവൾക്ക് നേരെ തിരിഞ്ഞിരുന്ന ആറ് കണ്ണുകളിലൂടെ സുമയുടെ മുഖം ഭയത്തോടെ വീക്ഷിച്ചു. അവൾ പൊതുവെ ഇങ്ങനെയൊരു പ്രകൃതക്കാരിയായിരുന്നില്ല. അമ്മയെന്ന കവിഭാവനയുടെ ടോക്സിക് ഗുണങ്ങൾ ആവോളമുള്ളവളായിരുന്നു. സ്റ്റേഹ സമ്പന്നയായ അവളിപ്പോൾ ഭർത്താവിന്റെയോ മക്കളുടെയോ മരണത്തിനായി പ്രാർത്ഥിക്കുന്നുണ്ടാവും. അവളെയും തെറ്റ് പറയാനൊക്കില്ല. ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ തീരുമാനങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി വഴങ്ങേണ്ടിവന്നു. മരണവും അങ്ങനെയാവണമെന്നുണ്ടോ ?
എന്നാൽ അങ്ങനെയല്ല. ഞാനാണ് ഇങ്ങനെയൊരാശയം ആദ്യം പറഞ്ഞത്. ഒരാൾ ഇല്ലാതായാൽ എല്ലാ പ്രശ്നങ്ങളും അപ്പാടെ തീരുമെങ്കിൽ എന്തിനെല്ലാവരും കഷ്ടപ്പെടണം എന്ന് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു.
എങ്കിലും അതിന്റെ പേരിൽ ജീവിച്ചിരിക്കുന്നവൾക്ക് ബുദ്ധിമുട്ടുണ്ടായിക്കൂടാ... എല്ലാവരും സ്വന്തം കൈപ്പടയിൽ ഒരോ ആത്മഹത്യാക്കുറിപ്പുമെഴുതി ഒപ്പുമിട്ട് ദൈവത്തിന്റെ ഫോട്ടോയ്ക്കു പിന്നിൽ വയ്ക്കണം. മരിക്കുന്നയാളുടേതൊഴിച്ച് ബാക്കിയെല്ലാം ജീവിച്ചിരിക്കുന്നവർ നശിപ്പിച്ചു കളയണം.
എനിക്ക് എഴുത്തത്ര വശമില്ല. മാളുവും കിഷോറും കൂടിയാണ് ഒരാഴ്ചകൊണ്ട് എന്നെ എഴുതാൻ പഠിപ്പിച്ചത്. എന്റെ കൈയ്യക്ഷരങ്ങളുടെ ഭംഗി കണ്ട് അവർ അത്ഭുതത്തോടെ നോക്കിനിന്നു. അവരുടെ കണ്ണിൽ ഒരുതരം ആരാധനാഭാവം ആദ്യമായി കണ്ടറിഞ്ഞു. അവർ പ്രതീക്ഷിച്ചത് അവർക്കു വേണ്ടി ഞാൻ സ്വയമേ ബലിയാടാവുമെന്നാണ്. ഒരു ശരാശരി മനുഷ്യന്റെ ആയുസിൽ കുറച്ചു നാളെങ്കിലും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനാണ് എന്റെ തീരുമാനം. അതിനെന്തു പഴി കേൾക്കേണ്ടി വന്നാലും സാരമില്ല. സുമ ഡൈസ് കിഷോറിന് നേരെ നീട്ടി.
അവൻ വളരെ പ്രക്ടിക്കലാണ്. വലിയ വികാരക്ഷോഭങ്ങളൊന്നുമില്ലാതെയാണ് അവനത് വാങ്ങിയത്. നല്ല ഉയരമുള്ളതുകൊണ്ട് ഫാനിലെ കുരുക്കിട്ടതവനാണ്. അന്നേരം കണക്കുകൂട്ടിക്കൊണ്ട് കിഷോർ പറഞ്ഞത് താൻ മരിക്കാൻ വെറും ഇരുപത്തഞ്ച് ശതമാനം സാധ്യതയേ ഉള്ളുവെന്നാണ്. ആ സാധ്യതയ്ക്ക് അൽപം മങ്ങലേൽപിച്ചുകൊണ്ടാണ് അവന്റെ ആദ്യശ്രമത്തിൽത്തന്നെ 'ഒന്ന്' വീണത്. കിഷോറിന്റെ നീലക്കരു മാളുവിനൊപ്പം സ്ഥലം പങ്കിട്ടു.
ക്രമേണ ഞങ്ങളോരോരോത്തരം പല കളങ്ങൾ നുഴഞ്ഞ് മുന്നോട്ട് നീങ്ങി. ഓരോ തവണ ഡൈസുരുളുമ്പോഴും എല്ലാരുടെയും മുഖഭാവങ്ങൾ മാറിമറിഞ്ഞു.
കിഷോറാണ് അതിവേഗത്തിൽ മുന്നോട്ട് പോയത്. ഞങ്ങൾ മൂവരും നാല്പതുകളിൽ നിൽക്കുമ്പോൾ കിഷോർ എഴുപത്തിയാറിലെത്തിയിരുന്നു. അവർ തന്റെ കരുവിരിക്കുന്ന കളത്തിൽ വിരൽ തൊട്ട് വിശന്നു തൊള്ള പൊളിഞ്ഞ് എൺപത്തിമൂന്നിൽ ചുരുണ്ടിരിക്കുന്ന പാമ്പിന്റെ വായ വരയൈണ്ണി. ഒരു ആറ്, അല്ലെങ്കിൽ ഒരു നാലും രണ്ടും അങ്ങനെയിങ്ങിനെ ഒരു പാമ്പുകടിയേൽക്കാനുള്ള വിവിധ സാധ്യതകൾ അവൻ മനസിൽ കണക്കുകൂട്ടി. അവന്റെ ഉള്ളിൽ ഒരു വിശുദ്ധ ഉരഗജാലമായി അത് മഹത്വവത്കരിക്കപ്പെട്ടു.
തന്റേതല്ലാത്ത കാരണത്താൽ , എന്നോ ചെയ്തുപോയേക്കാവുന്ന ഒരു പാതകത്തിന്റെ വിദൂര സാധ്യതയിൽ തലയ്ക്കും നടുവിനും മാരകമായ പ്രഹരമേറ്റ് ഇഹലോകവാസം വെടിയുന്ന സർപ്പങ്ങളുടെ ആത്മാക്കളെയോർത്ത് പാവമെന്ന് വിലപിക്കുന്ന ഒരപൂർവം മനുഷ്യനായി കിഷോർ മാറുകയായിരുന്നു.
"പണ്ടു മുതൽക്കേ അവനിത്തിരി പ്രശ്നക്കാരനാ. നിനച്ചിരിയക്കാത്തപ്പോ വിഴുങ്ങിക്കളയും"
സുരേന്ദ്രൻ വെറുതേ പറഞ്ഞതാണെങ്കിലും ആ സന്തോഷം അടുത്ത കളിയിൽ ഒരു പാമ്പുകടിയേറ്റപ്പോഴും കിഷോറിലുണ്ടായിരുന്നു. അവനിപ്പോൾ മറ്റ് മൂന്നുപേരെക്കൊളും താഴെയെത്തി.
മിടുക്കൻ! സുമ അവന്റെ കവിളിൽ കൈ ചേർത്ത് ഒരുമ്മ നൽകി. പിന്നീട് മാളു താഴെയിറങ്ങിയപ്പോഴും സുമ ഒരു ചുംബനം കൂടി പൊഴിച്ചു. അവർ പരസ്പരം തങ്ങളുടെ സഹമത്സരാർത്ഥികളെ നിസ്വാർത്ഥം പ്രോത്സാഹിപ്പിച്ചു. യാദൃശ്ചികമായി കോണിയുടെ ചുവട്ടിലെത്തിയ സുമയെ ഒരു കളം പിന്നോട്ടിങ്ങാൻ സുരേന്ദ്രൻ നിർബന്ധിച്ചു. അവർ സ്നേഹപൂർവം അത് നിരസിച്ചു. അവർക്കു പിറകേ ഓരോരുത്തരായി കോണിപ്പടികളെണ്ണി. പിന്നെയും പിന്നെയും ഇരയായി. ഓരോരുത്തരും താഴേക്ക് താഴേക്ക് വിജയിച്ചുകൊണ്ടിരുന്നു. എൻപത്തിമൂന്നിലെ പാമ്പ് സുമയെ ഇരുപതുകളിലെത്തിച്ചപ്പോൾ മാളു ആർപ്പുവിളിച്ചു. അതിൽ സുമ മാത്രം സന്തോഷിച്ചില്ല. വളരെ അപൂർവമായി മാത്രം ലഭിക്കാറുള സുരേന്ദ്രന്റെ അഭിനന്ദനം അവളിൽ നാണം കൊണ്ടുവന്നു. അയാളും അനവധി ഉരഗങ്ങളാൽ ഭക്ഷിക്കപ്പെട്ട് അവൾക്കൊപ്പമെത്തി.
അവർ പരസ്പരം മുഖത്തോടു മുഖം നോക്കി. കുറച്ചു മുമ്പുണ്ടായിരുന്ന ചിരി ഏതോ വിദൂര അന്ധകാരത്തിലേക്ക് നാടുകടത്തപ്പെട്ടു.
പതിയെപ്പതിയെ പാമ്പുകളുടെ വിശപ്പൊതുങ്ങി. തരുണീമണികളായ കരുക്കളെ കാണാതെ ചുരുളുന്ന ഷണ്ഡന്മാരായി ഒരുകൂട്ടം സർപ്പങ്ങൾക്ക് പരിണാമം സംഭവിച്ചു. മാളു വളരെ ഉയരത്തിലേക്ക് പോകുന്നത് കാൺകെ സുരേന്ദ്രനും വളരെ പരിഭ്രമിച്ചു.
'കളി മതിയാക്കിയാലോ' എന്ന് വ്യംഗമായിയൊന്ന് പറഞ്ഞു നോക്കിയെങ്കിലും സുമയ്ക്കൊഴികെ അത് മറ്റാർക്കും മനസ്സിലായില്ല. അതോ അഭിമാനികളായ മക്കൾ മനസിലാകത്ത മാതിരി നടിച്ചതാണോ?
ക്ലോക്കിൽ പലവുരു സൂചി നാഴികയടയാളം ചിലച്ചുകൊണ്ടിരുന്നു. അയാളുടെ ശരിരം ബി.പി കൊണ്ട് വിറയ്ക്കാൻ തുടങ്ങിയിരുന്നു. സുമ അയാൾക്ക് മരുന്ന് നൽകി. മാളുവിന് പിന്നാലെ കിഷോറും അഞ്ചിന്റെയും ആറിന്റെയും ഗുണിതങ്ങൾ കൊണ്ട് അതിവേഗം മുന്നോട്ട് നീങ്ങി. പതിയെ എന്നയാൾ മനസിലുരുവിട്ടു. കിഷോർ തൊണ്ണൂറ്റിമൂന്നിലും മാളു രണ്ടുകളം പിന്നിലും നിന്നു. ഇനി അവസാനത്തെ പാമ്പ് തൊണ്ണൂറ്റിയഞ്ചിലെ ചുവന്ന നെടുവരയനാണ്. അതു കഴിഞ്ഞാൽപ്പിന്നെ ഇറക്കമില്ല. ദീർഘമായ അഞ്ചു കളങ്ങളെ മുന്നിൽ വച്ചുകൊണ്ട് ആവശ്യമുള സംഖ്യയക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.
'അവൻ അങ്ങനാരേം ആദ്യത്തെ തവണ കടത്തിവിടൂല്ല ' സുരേന്ദ്രൻ വീണ്ടും തന്റെ മക്കളെ ആശ്വസിപ്പിക്കാനൊരു പ്രതീക്ഷയുടെ തീപ്പെട്ടിയുരച്ചുവെങ്കിലും ഓരോ കളിയുടെ ദീർഘനിശ്വാസത്തിന്റെ കാറ്റ് അതൂതി ഇല്ലായ്മ ചെയ്തു. മാളുവും കിഷോറും തൊണ്ണൂറ്റിയാറിലാണിപ്പോൾ. അടുത്ത കളി സുമയുടേതാണ്. അതു കഴിഞ്ഞ് സുരേന്ദ്രന്റെയും.
ഇനി എന്നു തന്നെ വീണാലും രണ്ടോ മൂന്നോ കളിക്കുളളിൽ അവർ ജയിക്കില്ല. അപ്പോൾ അടുത്ത റൗണ്ടോടെ ഈ കളി ചിലപ്പോൾ അവസാനിച്ചേക്കാം. കിഷോർ, മാളു ആരെങ്കിലുമൊരാൾ... അടുത്ത റൗണ്ടിനു മുമ്പ് അത് മനസ്സുകൊണ്ടുറപ്പിച്ചേ പറ്റൂ.
'നിങ്ങൾ കുട്ടികളാണ് ഇനിയുമൊരവസരമുണ്ട് ' സുമ ഓർമ്മിപ്പിച്ചു. എങ്കിലും തങ്ങളുടെ തീരുമാനങ്ങളിൽ നിന്ന് അവർക്കാർക്കും ചാഞ്ചല്യമില്ലായിരുന്നു.
'ഉറപ്പിച്ചെങ്കിൽ നിങ്ങൾ പോയി അതെടുത്തിട്ട് വരൂ' സുരേന്ദ്രൻ കുറിപ്പുകളുടെ കാര്യം അവരെ ഓർമ്മിപ്പിച്ചു. കിഷോറും മാളുവും ബോർഡിന് മുന്നിൽ നിന്നഴുന്നേറ്റ് പരസ്പരം കൈ കൊടുത്തു. തോറ്റാലും ജയിച്ചാലും കളിയിലെ സ്പോർട്സ്മാൻ സ്പിരിറ്റാണത്.
കിഷോർ മുന്നെ നടന്നു. മാളു തൊട്ടുപിന്നാലെയും. സുരേന്ദ്രൻ വിരലിലെ ഞാട്ടകളൊടിച്ച ശബ്ദം പിന്നിലെ നിശബ്ദതയിലുയർന്നു കേട്ടു. വിഷമത്തോടെ, ഇനിയെന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോയെന്ന മട്ടിൽ സുമ അയാളെ നിസ്സഹായമായി നോക്കി. അയാൾക്ക് അവളെ നേരിടാൻ കഴിഞ്ഞില്ല. മൃതിയിലേക്ക് സഞ്ചരിക്കുന്ന മക്കളെ ആശീർവദിക്കാൻ പ്രകൃതി അവർക്ക് സാന്ദ്രതയേറിയൊരു അന്തരീക്ഷം തിരശ്ശീല നെയ്തു.
പിന്നിൽ നടന്ന മാളു കിഷോറിനെ തടഞ്ഞു കൊണ്ട് മുന്നോട്ടു കയറി. ഒരു നിമിഷം സ്തബ്ധയായി നിന്നുകൊണ്ട് മുന്നിലെ ദൈവങ്ങളുടെ ചിത്രങ്ങൾ ഒന്നൊന്നായി നിലത്തെറിഞ്ഞു പൊട്ടിച്ചു. പ്രാർത്ഥനകളൊഴിഞ്ഞ് വിജനമായ തട്ടിൽ ഒരേയൊരു കുറിപ്പ് മാത്രമാണുണ്ടായിരുന്നത്. അവളത് കൈയ്യിലെടുത്തു. ഇങ്ങനൊരെഴുത്ത് തങ്ങളിലാരും എഴുതിയതായി അവൾക്കറിയില്ല. അവളത് വായിച്ച് മുഴുവിച്ചതും പിറകിൽ നിന്ന് വാതിലടയുന്ന ശബ്ദം കേട്ട് കിഷോർ തിരിഞ്ഞു നോക്കി. ഇരയെ വിഴുങ്ങിയ സർപ്പം പോലെ രണ്ടു മനുഷ്യരെയും ഉള്ളിലാക്കിക്കൊണ്ട് ആ മുറി നിശബ്ദമായി ഒരുവശത്തൊതുങ്ങിയിരുന്നു. മാളു ഒരു ഭ്രാന്തിയെപ്പോലെ താൻ പെട്ടിച്ച ചില്ലു കഷണങ്ങളിൽ മുട്ടുകുത്തിയും നിരങ്ങിയും വകഞ്ഞു മാറ്റിക്കൊണ്ട് മറ്റ് മൂന്നു കടലാസുകൾക്കായി തിരഞ്ഞു. വിരലുകളിലും കൈപ്പത്തിയിലും ചോരയിറ്റിച്ച് തെറിച്ചു വീഴുന്ന ചില്ലുകഷണങ്ങൾക്കൊപ്പം 'ചതിയർ...ചതിയർ' എന്ന അവളുടെ ആക്രോശം ആ മുറിയിലാകെ പ്രതിധ്വനിച്ചു. കിഷോർ രണ്ടു ദിക്കുകളിലേക്കും മാറിമാറി നോക്കി. അവൻ മാളുവിനെ തടയാനായി മുന്നോട്ട് നീങ്ങി. മുറിയിൽ നിന്നും ഒന്നിലധികം സ്വരങ്ങൾ കൂടിക്കുഴഞ്ഞ അതിദീർഘമായൊരു പൊട്ടിച്ചിരിയുയർന്നു. ക്രമേണ അവ രണ്ടായി മാറി. ഒന്നിന് സ്ഥായി കുറവ്. ദയനീയമായ സ്ത്രൈണ ശബ്ദം. മറ്റൊന്ന് അത്യുച്ചത്തിൽ അക്രമോത്സുകമായ പുരുഷശബ്ദം. അവ രണ്ട് ധ്രുവങ്ങളിൽ നിന്നുകൊണ്ട് പരസ്പരം മത്സരിക്കുകയാണ്. പിന്നീടത് ഒന്നിടവിട്ടുള്ള ചിരികളായി.
അവരും ആ കളി തുടരുകയാണ്. നന്മതിന്മകളുടെ കളി. എല്ലാ മനുഷ്യരുടെയും ജീനുകളിലുള്ള കളി. അമൃതപാനത്തിനു വേണ്ടി വാനവരും രാക്ഷസരും നടത്തിയ കളി. പാശമാകയാൽ വയറുരഞ്ഞ് ഗർഭപാത്രം നശിച്ച ഒരു സർപ്പത്തിന്റെ ചാക്കാലക്കളി.
അവർ വാതിലിനടുത്തേക്കോടി. അന്തർമുഖനായൊരു മനുഷ്യന്റെ ഹൃദയബലമായിരുന്നു ആ തുറക്കാത്ത വാതിലിനുണ്ടായിരുന്നത്. അതിന്റെ മാറിൽ അനേകവട്ടം മുട്ടിനോക്കി പരാജയപ്പെട്ട കൈപ്പത്തികളിൽ ചതഞ്ഞരഞ്ഞ രേഖീയമായ സർപ്പക്കുഞ്ഞുങ്ങൾ വിധിയെ തിരഞ്ഞെടുത്തിട്ടും അവസാനഘട്ടം കുതറാൻ ശ്രമിക്കുന്ന മനുഷ്യവികാരങ്ങളെ പ്രാകിക്കാണും. അതിബലവാനായൊരു മരക്കസേര തന്നിൽ സന്നിഹിതമായിരുന്ന മനുഷ്യഭാരത്തെ വിരേചനം ചെയ്ത ശബ്ദംകൊണ്ട് അവരുടെ പ്രയത്നം വൈകിയിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തി.
കട്ടളയ്ക്കു മുകളിലുള്ള നിശ്ചിതമായ ചെറിയ വിടവിൽ അവളുടെ കണ്ണുകൾ പാകമാകുംവിധം കിഷോർ മാളുവിനെ എടുത്തുയർത്തി. ഫാനിന്റെ ഇതളുകൾക്ക് മനുഷ്യഭാരത്താൽ സംഭവിച്ച ചുളിവുകൾ, സീലിങ് മാത്രം കണ്ടുശീലിച്ച അധോഭാഗത്തിന് മുറിയുടെ വിശാലമായ ഉള്ളിടത്തെ കാട്ടിക്കൊടുത്തു. ചതഞ്ഞ ലോഹമുട്ടയിൽ നിന്നും വിരിഞ്ഞിറങ്ങുന്ന പാമ്പുമോലെ ഒരു കയർ അതിന്റെ ഉരഞ്ഞു മൂർച്ചിച്ച കുരുക്കറ്റം കൊണ്ട് ഒരു കഴുത്തിനെ കടിച്ചുപിടിച്ചിരുന്നു. അതാരാണെന്ന കിഷോറിന്റെ ജിജ്ഞാസോന്മുഖമായ ചോദ്യത്തിന് 'അ' എന്ന ഒരക്ഷരത്തിൽ മറുപടിയുടക്കിക്കൊണ്ട്, അവൾ നിറകണ്ണുകളോടെ പുഞ്ചിരിച്ചു.