ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഹെവന്‍ലി ട്രമ്പറ്റ് എന്ന ക്രിസ്തുമസ് മ്യൂസിക്കല്‍ പ്രോഗ്രാം വേറിട്ട അനുഭവമായി.
സമാധാനവും സ്‌നേഹവും പ്രോത്സാഹിപ്പിക്കുന്ന കൂടിവരവുകള്‍ ആയിരിക്കണം ക്രിസ്തുമസ് നാളുകളില്‍ ഉണ്ടാകേണ്ടത് എന്ന് ഹെവന്‍ലി ട്രമ്പറ്റ് ഉത്ഘാടനം ചെയ്തു കൊണ്ട് നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷനും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് അഭിപ്രായപ്പെട്ടു.
മലങ്കര കത്തോലിക്ക സഭയുടെ ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മുഖ്യ സന്ദേശം നല്‍കി. ന്യൂയോര്‍ക്ക് സീറോ മലങ്കര കാത്തലിക് എപ്പാര്‍ക്കി ഓഡിറ്റോറിയത്തില്‍ വെച്ച് ഭദ്രാസനത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ആക്റ്റീവിറ്റി കമ്മിറ്റിയും (Northeast RAC), സഭയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സും (DSMC) സംയുക്തമായിട്ടാണ് ഹെവന്‍ലി ട്രംമ്പറ്റ് എന്ന ഈ ക്രിസ്തുമസ് സംഗീത പരിപാടി സംഘടിപ്പിച്ചത്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (DSMC) മുന്‍ ഡയറക്ടറും ബോസ്റ്റണ്‍ ഇടവക വികാരിയുമായ റവ.ആശിഷ് തോമസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കോര്‍ത്തിണക്കിയ ഗായക സംഘം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടര്‍വര്‍ഷങ്ങളില്‍ ഹെവന്‍ലി ട്രംമ്പറ്റ് എന്ന ഈ ക്രിസ്തുമസ് സംഗീത പരിപാടി ഭദ്രാസനത്തിന്റെ വിവിധ മേഖലകളില്‍ സംഘടിപ്പിക്കുമെന്ന് ബിഷപ് ഡോ. മാര്‍ പൗലോസ് അഭിപ്രായപ്പെട്ടു.
പ്രോഗ്രാമില്‍ ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാം സ്വാഗതവും നോര്‍ത്ത് വെസ്റ്റ് ആര്‍എസി സെക്രട്ടറി തോമസ് ജേക്കബ് നന്ദിയും രേഖപ്പെടുത്തി.