Image

കണ്ണ് ഡോക്ടറായി, പിന്നെ കണ്ണില്ലാത്ത ക്രൂരതയിലൂടെ ഡമാസ്‌കസ് വസന്തത്തിന്റെ അന്തകനുമായി (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 09 December, 2024
കണ്ണ് ഡോക്ടറായി, പിന്നെ കണ്ണില്ലാത്ത ക്രൂരതയിലൂടെ ഡമാസ്‌കസ് വസന്തത്തിന്റെ അന്തകനുമായി  (എ.എസ് ശ്രീകുമാര്‍)

സിറിയയില്‍ അധികാരം പിടിച്ചെടുക്കാന്‍ വിമതര്‍ നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രാജ്യംവിട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും ഭാര്യ അസ്മ അല്‍ അഖ്റാസിനും ഹഫെസ്, സെഇന്‍, കരിം എന്നീ മൂന്ന് മക്കളും മോസ്‌കോയില്‍ എത്തിയതായി ഔദ്യോഗിക റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അസദിന് അഭയം നല്‍കുമെന്ന് റഷ്യ അറിയിച്ചിരുന്നു. വിമതര്‍ സിറിയയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് തൊട്ടുമുന്‍പെയാണ് ബാഷര്‍ അല്‍ അസദും കുടുംബവും രാജ്യം വിട്ടത്.

വിമതര്‍ തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചടക്കിയതോടെ സിറിയയിലെ രാഷ്ട്രീയ ചരിത്രം പുതിയൊരു അധ്യായത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അസദിന്റെ 24 വര്‍ഷത്തെ ഭരണത്തിനാണ് അന്ത്യംകുറിച്ചിരിക്കുന്നത്. അസദിന്റെ ഭരണം പെട്ടെന്ന് തകര്‍ന്നതോടെ സിറിയയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. വിമതര്‍ നിയന്ത്രണം പിടിച്ച പ്രദേശങ്ങളില്‍ ആഘോഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പതിറ്റാണ്ടുകളായി സിറിയയെ അസ്വസ്ഥമാക്കിയ ആഭ്യന്തരയുദ്ധത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അസദ്.

14 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് വിമതരുടെ ഏറ്റെടുക്കല്‍ വലിയ വഴിത്തിരിവാണ്. രാജ്യത്ത് എല്ലാ സിറിയക്കാര്‍ക്കും സമാധാനവും ഐക്യവും അന്തസും കൈവരുന്ന ഒരു പുതിയ ആധ്യായം തുറക്കുന്നതിന് ജാഗ്രതയോടെയും പ്രതാക്ഷയോടെയും കാത്തിരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം.

''സ്വേച്ഛാധിപതിയായ ബാഷര്‍ അല്‍ അസദില്‍ നിന്ന് മുക്തമായി...'' എന്നാണ് ഡമാസ്‌കസ് പിടിച്ചടക്കിയ വിമത സംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാം പ്രഖ്യാപിച്ചത്. വിമതര്‍ പിടിച്ചടക്കിയ നഗരങ്ങളില്‍ അസദിന്റെ പിതാവിന്റെയും സഹോദരന്റെയും പ്രതിമകള്‍ തകര്‍ത്തു. പരസ്യബോര്‍ഡുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വലിച്ചുകീറുകയോ കത്തിക്കുകയോ ചെയ്തിട്ടുണ്ട്.

ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ന്ന് ബാത്ത് പാര്‍ട്ടിയെ നയിക്കുകയും 1970-ല്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്ത ഹഫീസ് അല്‍ അസദിന്റെ രണ്ടാമത്തെ മകനാണ് ബാഷര്‍ അല്‍-അസദ്. മൂന്ന് പതിറ്റാണ്ട് കാലം സിറിയയെ ഉരുക്കുമുഷ്ടിയില്‍ ഭരിച്ച പട്ടാളക്കാരനായിരുന്നു ഹഫീസ് എങ്കില്‍ പിതാവിന്റെ നിഴല്‍ പാലുമായിരുന്നില്ല ആദ്യകാലത്ത് ബാഷര്‍ അസദ്. 1965 സെപ്റ്റംബര്‍ 11-ന് ജനിച്ച ബാഷര്‍ അല്‍ അസദ് ഡമാസ്‌കസിലെ അറബ്-ഫ്രഞ്ച് അല്‍-ഹുറിയ സ്‌കൂളില്‍ നിന്ന് ഇംഗ്ലീഷും ഫ്രഞ്ചും നന്നായി സംസാരിക്കാന്‍ പഠിച്ചു.

1982-ല്‍ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം ഡമാസ്‌കസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1988-ല്‍ ബിരുദം നേടി. ഉപരിപഠനത്തിനായി 1992-ല്‍ ലണ്ടനിലെ വെസ്റ്റേണ്‍ ഐ ഹോസ്പിറ്റലിലേക്ക് പോയി. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ സാധാരണ ജീവിതം നയിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരിക്കലും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. സിറിയയിലെ ജനസംഖ്യയില്‍ പന്ത്രണ്ട് ശതമാനത്തോളം മാത്രം വരുന്ന ഷിയ അലവി സമുദായ അംഗമാണ് ബാഷര്‍.

ഹഫീസ് അല്‍ അസദ്, മൂത്ത മകന്‍ ബാസിലിനെയാണ് തന്റെ പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവന്നത്. 33-ാം വയസ്സില്‍ ബേസില്‍ ഡമാസ്‌കസിലുണ്ടായ ഒരു കാര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍ നിന്ന് ഡമാസ്‌കസിലേക്ക് മടങ്ങാന്‍ ബാഷര്‍ അസദ് നിര്‍ബന്ധിതനായി. ബാഷറിന് പട്ടാള പരിശീലനം നല്‍കാന്‍ പിതാവ് തീരുമാനിച്ചു. അങ്ങനെ അദ്ദേഹം 29-ാം വയസ്സില്‍ നോര്‍ത്ത് ഡമാസ്‌കസിലുള്ള ഹോംസിലെ സൈനിക അക്കാദമിയില്‍ പ്രവേശിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ലെഫ്റ്റനന്റ് കേണലായി.  പിന്നെ പെട്ടെന്ന് റാങ്കുകളിലൂടെ മുന്നേറി 1999 ജനുവരിയില്‍ കേണല്‍ പദവി ലഭിച്ചു.

ഈ കാലഘട്ടത്തില്‍ ബാഷര്‍ പൗരന്മാരുടെ അപ്പീലുകള്‍ കേള്‍ക്കുകയും അഴിമതിക്കെതിരായ പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. 2000 ജൂണ്‍ 10-ന് പിതാവ് ഹഫീസ് അല്‍-അസാദ് മരിച്ചപ്പോള്‍ സിറിയന്‍ നിയമപ്രകാരം പ്രസിഡന്റാകാനുള്ള പ്രായമായിരുന്നില്ല ബാഷറിന്. ഉടന്‍ തന്നെ സിറിയന്‍ പാര്‍ലമെന്റ് പ്രസിഡന്റാകാനുള്ള കുറഞ്ഞ പ്രായം 40-ല്‍ നിന്ന് 34 ആയി കുറയ്ക്കുകയും രാജ്യവ്യാപകമായി ഹിതപരിശോധന നടത്തി ബാഷറിന് പ്രസിഡന്റ് പദം ഉറപ്പിക്കുകയും ചെയ്തു.

ബാത്ത് പാര്‍ട്ടിയുടെ നേതാവും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായി ബാഷര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗികമായി 97 ശതമാനത്തിലധികം വോട്ടുകള്‍ നേടിയ അദ്ദേഹം 2000 ജൂലൈ 11-ന് അദ്ദേഹം പ്രസിഡന്റായി അധികാരമേറ്റെടുത്തു.  പ്രസിഡന്റ്എന്ന നിലയിലുള്ള ആദ്യ പ്രസംഗത്തില്‍ സാമ്പത്തിക ഉദാരവല്‍ക്കരണത്തോടുള്ള തന്റെ പ്രതിബദ്ധത സ്ഥിരീകരിക്കുകയും ചില രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് ബാഷര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

കൊട്ടാര സദൃശമായ പ്രസിഡന്റിന്റെ വീട് ഉപേക്ഷിച്ച് ബാഷറും കുടുംബവും അബു റുമനേഹ് ജില്ലയില്‍ താമസമാക്കി. രാഷ്ട്രീയ തടവുകാരെ അദ്ദേഹം മോചിപ്പിച്ചു. തുറന്ന സംവാദങ്ങള്‍ അനുവദിക്കപ്പെട്ടു. ജനമനസുകളില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ മുളച്ചു. 'ഡമാസ്‌കസ് വസന്തം' വരവറിയിച്ചു. പക്ഷേ, എല്ലാം വളരെ വോഗത്തിലവസാനിക്കുകയായിരുന്നു. അസദ് അധികാരത്തില്‍ വന്ന ശേഷം മനുഷ്യാവകാശ പരിഷ്‌കരണങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പ്രതിപക്ഷത്തെ അടിച്ചമര്‍ത്തല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കൂടുതല്‍ സ്വാതന്ത്യത്തിനും ബഹുകക്ഷി ജനാധിപത്യത്തിനു വേണ്ടിയുള്ള മുറവിളികള്‍ വലിയ പ്രക്ഷേഭങ്ങളായി പരിണമിച്ചതോടെ ജയിലുകള്‍ നിറഞ്ഞു.

രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍, പൗരാവകാശങ്ങളുടെ പുനസ്ഥാപനം, നീണ്ടകാലം നിലനിന്നിരുന്ന അടിയന്തരാവസ്ഥ അവസാനിപ്പിക്കല്‍ എന്നീ ആവശ്യങ്ങളുമായി ജനം ബാഷര്‍ അസദിനെതിരെ 2011 മാര്‍ച്ചില്‍ തെരുവിലിറങ്ങി. പിതാവിന്റെ അടിച്ചമര്‍ത്തല്‍ തന്ത്രം സ്വീകരിച്ച അസദ് ബഹുജന പ്രക്ക്ഷോഭത്തെ അതിക്രൂരമായി നേരിട്ടതോടെ അത് ആഭ്യന്തര യുദ്ധത്തിലേയ്ക്ക് വഴിമാറി. പ്രതിപക്ഷം മുതല്‍ ഭീകര സംഘടനകള്‍ വരെ അസദിനെതിരെ അണിനിരന്നു. ജനത്തിനെതിരെ അസദ് 'സരിന്‍' രാസായുധം ഉള്‍പ്പെടെയുള്ളവ പ്രയോഗിച്ചു.

ആഭ്യന്തര കലാപത്തില്‍ 2011 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെ സ്ത്രീകളും പിഞ്ചു കുട്ടികളുമടക്കം 3,06,887 പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ ഓഫീസ് ഓഫ് ദ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കുന്നു. 2.3 കോടി എന്ന സിറിയന്‍ ജനസംഖ്യയുടെ പകുതിപ്പേര്‍ രാജ്യത്തിനകത്തും പുറത്തുമായി ചിതറിത്തെറിച്ചു പോയി. രാജ്യത്ത് സിവിലിയന്‍ മരണങ്ങള്‍ വര്‍ദ്ധിച്ചതോടെ തുര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികള്‍ ഒഴുകി. എന്നാല്‍ തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമെന്നാണ് അസദ് വാദിച്ചത്.

ഒടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ 27-ന് ആരംഭിച്ച വിമത ആക്രമണങ്ങളില്‍ അസദിന് പിടിച്ചുനില്‍ക്കാനായില്ല. വിമത മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ സായുധ സേന അതിവേഗം പിന്‍വാങ്ങി. ഒരാഴ്ച മുമ്പ് വിമതര്‍ അലപ്പോ പിടിച്ചടക്കിയതിനു ശേഷം അസദ് പരസ്യമായ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. ഈ ഞായറാഴ്ച വിമതര്‍ ഡമാസ്‌കസില്‍ പ്രവേശിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ നിരവധി വര്‍ഷങ്ങളോളം, സിറിയയിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകനായും, തീവ്രവാദത്തിനെതിരായ ഒരു കോട്ടയായും, യുദ്ധത്താല്‍ തകര്‍ന്ന രാജ്യത്തിന്റെ സംരക്ഷകനായും സ്വയം അവതരിച്ച അസദ്, അവസാനം ക്രൂരതയുടെ പര്യായമായി ചരിത്രത്തിലേക്ക് നിഷ്‌കാസിതനായിരിക്കുകയാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക