Image

ശ്രുതി വയനാട് കലക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു

Published on 09 December, 2024
ശ്രുതി  വയനാട് കലക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു

വയനാട്:  ജീവിതത്തിലേക്ക് തുടരെത്തുടരെ എത്തിയ ദുരന്തങ്ങൾ  സമ്മാനിച്ച തീരാവേദനകളെ തല്ക്കാലം മറന്ന് ശ്രുതി പുതിയ ജീവിതത്തിലേക്ക് . ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ  വീടും ഉറ്റവരും പിന്നീട് അപകടത്തിൽ പ്രിയതമനും നഷ്ടപ്പെട്ട ശ്രുതി  ഇന്ന്  സർക്കാർ ജോലിയിൽ  പ്രവേശിച്ചു .  രാവിലെ പതിനൊന്നു മണിയോടെ ശ്രുതി വയനാട് കളക്ടറേറ്റിലെത്തി റവന്യൂ വകുപ്പിലെ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. ശ്രുതിക്ക് നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

സർക്കാർ ജോലിയുടെ മാനദണ്ഡങ്ങൾ പൂ‍ർത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് പ്രതികരിച്ചു. 

‘മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ സന്തോഷം ഉണ്ട്. സര്‍ക്കാരിനോട് നന്ദിയുണ്ട്, ഓരോരുത്തരുടെയും പേര് എടുത്ത് പറയുന്നില്ല. എല്ലാവരും സഹായിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി ഉണ്ട്. വയ്യായ്കയുണ്ടെങ്കിലും ജോലിക്കായി എത്തും. ഇന്ന് രാവിലെ റവന്യൂ മന്ത്രി രാജന്‍ സാര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു’ ശ്രുതി പറഞ്ഞു. 

ജോലിയില്‍ പ്രവേശിക്കാനായി എത്തിയപ്പോള്‍  സിപിഎം നേതാവ് സികെ ശശീന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി തുടങ്ങി വിവിധ രാഷ്ട്രീയനേതാക്കളും ശ്രുതിക്കൊപ്പമുണ്ടായിരുന്നു.

ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റിൽ നിയമനം നൽകിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക