റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഗവർണറായി നിയമിച്ചു. ബുധനാഴ്ച അദ്ദേഹം ചുമതലയേൽക്കും. മൂന്ന് വർഷമാണ് അദ്ദേഹത്തിന്റെ സർവീസ് കാലാവധി. നിലവിലെ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി ബുധനാഴ്ച്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് മൽഹോത്രയുടെ നിയമനം.
രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനാണ് മൽഹോത്ര. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയ അദ്ദേഹം യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ, ഖനികൾ തുടങ്ങി നിരവധി മേഖലകളിൽ മൽഹോത്ര പ്രവർത്തിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഫിനാൻഷ്യൽ സർവീസസ് വകുപ്പ് സെക്രട്ടറിയായിരുന്നു സഞ്ജയ് മൽഹോത്ര .