Image

ആശ്വാസമായി കാനഡയിൽ മിനിമം വേതന വർധന ഏപ്രിൽ 1-ന് നടപ്പിലാകും

Published on 09 December, 2024
ആശ്വാസമായി കാനഡയിൽ മിനിമം വേതന വർധന ഏപ്രിൽ 1-ന്  നടപ്പിലാകും

ഓട്ടവ : ഉയർന്ന പണപ്പെരുപ്പവും ജീവിതച്ചെലവും മൂലം ദുരിതത്തിലായ കാനഡയിലെ തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ മിനിമം വേതനം പുതുവർഷത്തിൽ നടപ്പിലാകും. നൂനവൂട്ട്, യൂകോൺ എന്നീ ടെറിട്ടറികളിലും നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂബ്രൺസ്വിക് പ്രൊവിൻസുകളിലും പുതിയ മിനിമം വേതനം 2025 ഏപ്രിലിൽ നിലവിൽ വരും. തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് നിയമപരമായി നൽകേണ്ട ഏറ്റവും കുറഞ്ഞ മണിക്കൂർ വേതനമാണ് മിനിമം വേതനം. കാനഡയുടെ ഫെഡറൽ മിനിമം വേതനം 2025 ഏപ്രിൽ 1-ന് നടപ്പിൽ വരും. ഇതോടെ മിനിമം വേതനം 17.70 ഡോളർ ആയി ഉയരും.

പണപ്പെരുപ്പത്തിന് അനുസൃതമായി നോവസ്കോഷയിൽ 2025 ഏപ്രിൽ 1-ന് 15.00 ഡോളറിൽ നിന്നും 15.40 ഡോളറായി മിനിമം വേതനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ജനുവരി 1 മുതൽ, നൂനവൂട്ട് അതിൻ്റെ മിനിമം വേതനം മണിക്കൂറിന് 19.00 ഡോളർ ആയി ഉയർത്തിയിരുന്നു. ഇത് കാനഡയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ 2025 ഏപ്രിൽ 1-ന് പുതിയ മിനിമം വേതനം നടപ്പിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ നിരക്കായ മണിക്കൂറിന് 15.60 ഡോളറിൽ നിന്നും 2025 ഏപ്രിൽ ഒന്നിന് മണിക്കൂറിന് 15.91 ഡോളറിലേക്ക് ഉയരും. ന്യൂബ്രൺസ്വിക്കിൻ്റെ മിനിമം വേതന വർധന വാർഷിക ഉപഭോക്തൃ വില സൂചികയുമായി (സിപിഐ) ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറിന് 15.30 ഡോളറാണ് പ്രവിശ്യയിലെ മിനിമം വേതനം. ഇത് വാർഷിക ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി ഏപ്രിൽ ഒന്നിന് ഏകദേശം 15.77 ഡോളറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കി യൂകോൺ സർക്കാർ അതിൻ്റെ മിനിമം വേതനം 2025 ഏപ്രിൽ 1-ന് പരിഷ്കരിക്കും. കാനഡയിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന സ്ഥാനം നിലനിർത്തി, യൂകോണിലെ നിലവിലെ മണിക്കൂറിന് 17.59 ഡോളറിൽ നിന്നും 17.97 ഡോളറായി വർധിക്കുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ഒൻ്റാരിയോയുടെ മിനിമം വേതന ക്രമീകരണങ്ങൾ സാധാരണയായി ഒക്ടോബറിലാണ് നടപ്പിൽ വരുന്നത്. പുതിയ നിരക്ക് 2025 ഏപ്രിൽ 1-ന് മുമ്പ് പ്രഖ്യാപിക്കുകയും 2025 ഒക്ടോബർ 1-ന് പ്രാബല്യത്തിൽ വരികയും ചെയ്യും. നിലവിലെ നിരക്ക് 17.20 ഡോളറാണ്. ഇത് 17.82 ഡോളറായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക