മൂന്നു ദിവസത്തെ വാഷിംഗ്ടന്‍ ഡീ. സി. യിലെ പരിശീലത്തിനുശേഷം പോരാട്ട യാത്രയുടെ തുടക്കം എന്നാണ് അറീപ്പിലുള്ളത്. മെയ് നാലിനാരംഭിക്കുന്ന യാത്ര വെര്‍ജീനിയ, നോര്‍ത്ത് കരോളീന, സൗത്ത് കരോളീന, ജോര്‍ജ്ജിയ, അലബാമ, മിസ്സസിപ്പി, ലൂസിയാനയും കടന്ന് ന്യു ഓര്‍ലന്‍സില്‍ മെയ് പതിനേഴിന് എത്തിച്ചേരുന്ന വിധമായിരുന്നു സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയുടെ പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. ആണും പെണ്ണുമായി തന്നെക്കൂടാതെ മറ്റു പന്ത്രണ്ടു പേര്‍. എന്തേ പഞ്ച്രണ്ട്... ജീസ്സസും പന്ത്രണ്ടു ശിക്ഷ്യന്മാരും എന്ന സങ്കല്പം ആരുടെയെങ്കിലും മനസില്‍ ഉണ്ടായിരുന്നുവോ.. പരിശീലനക്കളരിയില്‍, ഇത്ര വലിയഒരുകെട്ടിടത്തിന്റെ ഉള്ളില്‍ ഇതിനുമുമ്പ് കയറിയിട്ടില്ല എന്ന അന്താളിപ്പിലും ഒരാളുടെ രൂപവും ഭാവവും ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആല്‍ബര്‍ട്ട് ബിഗ്‌ലോ.1 കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു പായ്ക്കപ്പലുയാത്രികനെപ്പൊലെ ആയിരുന്നു ആല്‍ബര്‍ട്ട്. സത്യത്തില്‍ അയാള്‍ ഒരു നാവികനായിരുന്നു എന്ന് പരിചയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു. അപ്പോള്‍ തന്റെ നിരീക്ഷണം തെറ്റിയില്ലല്ലോ എന്ന് ജോണ്‍ ഓര്‍ത്തു. 1958 ല്‍ ഒരു വള്ളം സൗത്ത് പെസിഫിക്കിലെ ന്യൂക്കിളിയര്‍ ടെസ്റ്റിങ്ങ് മേഖലയിലെക്ക് തുഴഞ്ഞ്, തന്റെ ന്യൂക്കിളിയര്‍ ആയുധങ്ങള്‍ക്കെതിരായ പ്രതിഷേധം അറീച്ചതിന് അറസ്റ്റുവരിച്ചിട്ടുള്ള ആളാണന്നറിഞ്ഞപ്പോള്‍ അയാളോടുള്ള ബഹുമാനം കൂടിയതെയുള്ളു. കൂടെയുള്ള ഒരൊരുത്തരേയും പരിചയപ്പെടുമ്പോള്‍ അവരൊക്കെ തന്നേക്കാള്‍ എത്രയോ ഇരട്ടി പ്രസ്ഥാനത്തിനു വേണ്ടി ചെയ്തവര്‍ എന്നു തിരിച്ചറിയുന്നു. ഏകദേശം നാല്പതു വയസുള്ള ജിം പെക്കര്‍ എന്ന വെളുത്തവന്‍ കറുത്തവന്റ് അവകാശങ്ങള്‍ക്കുവേണ്ടി നിരവധി തവണ അറസ്റ്റുവരിച്ചിട്ടുള്ളവനും, പീഡകള്‍ ഏറ്റിട്ടുള്ളവനുമാണ്. എന്നിട്ടും ഇപ്പോഴും ഞങ്ങള്‍ക്കൊപ്പം... തന്റെ കണ്ണുകള്‍ നിറയുന്നുവോ... വെളുത്തവര്‍ അവിടെ തീരുന്നില്ല.അറുപതിനു മുകളിലായ പ്രൊഫസര്‍ വാള്‍ട്ടര്‍ ബെര്‍ഗ്മാന്‍, അദ്ദേഹത്തിന്റെ ഭാര്യ ഫ്രാന്‍സസ്, പിന്നെ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു ജേര്‍ണലിസ്റ്റ് ചാര്‍ലെറ്റ് ഡിവ്രൈയിസ്; ഗ്രീവ് ഹ്യൂസ്, എഡ് ബ്ലാനങ്കന്‍ഹിം.
കറുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജോണ്‍ ലൂയിസിനെ കൂടാതെ ജിമ്മി മക്‌ഡൊണാള്‍ഡ്, എല്‍ടോണ്‍ കോക്‌സ്, ജോ പെര്‍കിന്‍സ്, ഹാങ്ക് തോമസ് എന്നിവര്‍ക്കു പുറമേ ഇങ്ങനെ ഒരു യാത്ര മൊത്തത്തില്‍ രൂപകല്പനചെയ്ത് നടപ്പില്‍ വരുത്തിയ നേതാവ് ജെയിംസ് ഫാര്‍മര്‍. ജെയിംസ് ഫാര്‍മറിനെക്കുറിച്ച് ഏറെ പറയാനുണ്ട്. 1942 മുതല്‍ കോര്‍ (ഇഛഞഋ) സംഘടനയുടെ ആദ്യ ചെയര്‍മാനായിരുന്നു. പിന്നെ തൊഴിലാളി പ്രശ്‌നങ്ങളേക്കുറിച്ചും ഗാന്ധിസത്തേക്കുറിച്ചും പഠിച്ചു. വീണ്ടും കോറിന്റെ നേതൃത്വത്തിലേക്ക് വന്നിരിക്കുന്നു.‘ഫ്രീഡം റൈഡര്‍’ എന്ന പേര് ജെയിംസ് ഫാര്‍മര്‍ സ്വയം കണ്ടെത്തിയ പേരാണ്. അതിനൊത്തിരി അര്‍ത്ഥമാനങ്ങള്‍ ഉണ്ട്.സമയം ഒട്ടും കളയാതെ മൂന്നുദിവസത്തെ ട്രൈനിംഗ് ക്ലാസുകളില്‍ ഗാന്ധിയുടെ നോണ്‍വയലന്‍സ് സമരരീതിയെക്കുറിച്ച് ഊന്നിപ്പറയാന്‍ ജെയിംസ് ഫാര്‍മര്‍ മറന്നില്ല. യാത്രയുടെ വിവരങ്ങള്‍ കാണിച്ച് സര്‍ക്കാരിന് കത്തയച്ചിരുന്നെങ്കിലും ആരുടെയും മറുപടി കിട്ടാതിരുന്നതില്‍ ജെയിംസ് ഫാര്‍മര്‍ക്ക് നിരാശയുണ്ടായിരുന്നു. ബോബ് കെന്നഡി, പ്രസിഡന്റെ കെന്നഡിയുടെ സഹോദരന്‍അന്നത്തെ അറ്റൊര്‍ണി ജനറല്‍, തന്റെ കീഴിലുള്ളവരെ, ഇങ്ങനെ ഒരു സംഭവം നടക്കുന്ന കാര്യം അറീയ്ക്കാഞ്ഞതിനു വഴക്കു പറഞ്ഞതായി പിന്നിട് അറിയാന്‍ കഴിഞ്ഞു. യാത്രയുടെ തലേദിവസം ചൈനീസ് റസ്റ്ററന്റില്‍ എല്ലാവര്‍ക്കും ഫാര്‍മര്‍ അത്താഴവിരുന്ന് ഒരുക്കി. പലരും തമാശകണക്കെ പറഞ്ഞു 'ഇത് നമ്മുടെ അവസാന അത്താഴമായിരിക്കും എല്ലാവരും നന്നായി ആശ്വദിച്ചു കഴിച്ചോണം.ആരും ചിരിച്ചില്ല. കാര്യത്തിന്റെ ഗൗരവം എല്ലാവരും തിരിച്ചറിയുന്നുണ്ടായിരുന്നു. പലരും തങ്ങളുടെ വില്‍പ്പത്രം എഴുതിയിരുന്നു. നരഭോജികളുടെ ഇടയിലേക്കെന്നവണ്ണം ഇനി തിരിച്ചു വന്നില്ലെങ്കിലോ എന്നവര്‍ ഭയപ്പെട്ടിരുന്നു. ജോണ്‍ മാത്രം ഉള്ളില്‍ ചിരിച്ചു. ഒന്നും നഷ്ടപ്പെടാനില്ലാത്തവനെന്തു ഭയം.
യാത്ര ആരംഭിക്കുകയായി. ആയിരത്തഞ്ഞൂറു മൈയില്‍ 13 ദിവസം....തെക്കന്‍ സംസ്ഥാനങ്ങളുടെ ഏറ്റവുംകടുത്ത ഐത്താചാരകരായ യാഥാസ്ഥിതികരായ ക്ലാനുകളുടെ നാട്ടില്‍ക്കൂടിയുള്ളയാത്രക്ക് വ്യാഴാഴ്ചയുടെ തെളിഞ്ഞ ആകാശം യാത്രാമൊഴി നേര്‍ന്നു. ഞങ്ങളില്‍ ആറുപേര്‍ ഗ്രേഹൊണ്ട് സ്റ്റേഷനിലും ബാക്കിയുള്ളവര്‍ ട്രെയില്‍വേയിസിലും എന്ന മുന്‍ നിശ്ചയപ്രകാരം ടിക്കറ്റുകള്‍ എടുത്തു. ആദ്യ സ്റ്റോപ്പ് ഫെഡറിക്ക്‌സ്ബര്‍ഗ്- ഡി. സി. യില്‍ നിന്നും ഒന്ന്- ഒന്നര മണിക്കൂര്‍ ദൂരത്തില്‍ വെര്‍ജീനിയയിലെ ഹൈവേയില്‍. ഞങ്ങള്‍ പരസ്പരം പരിചയമില്ലാത്തവരെപ്പോലെ വെളിയില്‍ ഇറങ്ങി റെസ്റ്റുറൂമിലേക്കു പോയി. അവിടെ വൈറ്റ് ഒണ്‍ലി, ബ്ലാക്ക് ഓണ്‍ലി എന്ന പരസ്യപ്പലക കണ്ടില്ല എന്ന നിറവില്‍ റെസ്റ്ററന്റിലും വിവേചനത്തിന്റെ അറിയിപ്പില്ലായിരുന്നു. വിമോചന യാത്രികരുടെ ഒന്നാം കടമ്പ അപകടമില്ലാതെ കടന്ന് അവര്‍ പരസ്പരം കണ്ണില്‍ നോക്കി ബസില്‍ അവരവരവരുടെ ഇരിപ്പിടങ്ങളില്‍ ആയി, ബസ് അടുത്ത ലക്ഷ്യത്തിലേക്ക് ഉരുണ്ടു. റിച്ച്മണ്ടും കുഴപ്പങ്ങില്ലാതെ പിന്നിട്ട്, ഉച്ചതിരിഞ്ഞ് പീറ്റെര്‍സ്ബര്‍ഗില്‍ എത്തുമ്പോള്‍ മുന്‍ നിശ്ചയപ്രകാരം വയിറ്റ് ടി വാല്‍ക്കറും കൂട്ടരും ഞങ്ങളെ സ്വീകരിക്കാന്‍ ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. വാല്‍ക്കറെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. തീവ്രവാദിയായ ഒരു കമ്യുണിസ്റ്റുകാരന്‍ എന്നു പരക്കെ അറിയപ്പെടുന്ന വാല്‍ക്കര്‍ പലപ്രാവസ്യം തന്റെ അവകാശങ്ങള്‍ക്കായി അറസ്റ്റു വരിച്ചിട്ടുള്ള ആളാണ്.ഒരോ പ്രദേശത്തേയും പ്രാദേശിക നേതാക്കള്‍ ഞങ്ങളെ സ്വീകരിക്കാനും പ്രാഥമിക സഹായങ്ങള്‍ ചെയ്തുതരാനുമായി ഫാര്‍മര്‍ പലരുമയി ബന്ധപ്പെട്ടിരുന്നു. അന്നത്തെ അത്താഴവും ഉറക്കവും വാല്‍ക്കര്‍ ഏറ്റിരുന്നു. പലവീടുകളിലായി ഞങ്ങള്‍ പായവിരിച്ചു. അങ്ങനെ ഒന്നാം ദിവസം അനിഷ്ടമായതൊന്നും സംഭവിക്കാതെ കഴിഞ്ഞു. രണ്ടാം ദിവസം വിണ്ടും യാത്ര ആരംഭിച്ചു.
അടുത്ത താവളം ഫാംവില്ലാണ്. ഫാംവില്ലിനും ഒരു ചരിത്രം പറയാനുണ്ട്. അവിടെയുള്ള പബ്ലിക്ക് സ്‌ക്കുളുകള്‍ മുഴുവന്‍ പൂണ്ടി. കാരണം കോടതി വിധിപ്രകാരം കറുത്തവരേയും സ്‌കൂളില്‍ ചേര്‍ക്കേണ്ടി വരും എന്നതിനാല്‍ പൊതുവിദ്യാലയങ്ങള്‍ നിര്‍ത്തുകയും, സ്വകാര്യ വിദ്ദ്യാലയങ്ങള്‍ ആരംഭിക്കുകയും ചെയ്തവരുടെ ഉള്ളിലെ വര്‍ഗ്ഗിയവിഷത്താല്‍ അവിടെയുള്ള കറുത്ത കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ കഴിയാത്തവരായി കഴിയുന്നു. . പക്ഷേ സ്റ്റേഷനിലെ കറുത്തവര്‍ക്കെന്നും വെളുത്തവര്‍ക്കെന്നും ഉള്ള ബോര്‍ഡിലെ അക്ഷരങ്ങളില്‍ വെള്ളപൂശി ഞങ്ങളെ വരവേറ്റു. അതിനുശേഷം ലിഞ്ച്ബര്‍ഗ്, ഡാന്‍വില്ല് എന്നി സ്ഥലങ്ങളില്‍ കടന്ന് നോര്‍ത്ത് കരോലീനയിലേക്കു കടന്നു. അവിടെ കാര്യങ്ങള്‍ അത്ര സുതാര്യമായിരുന്നില്ലെങ്കിലും വരാന്‍ പോകുന്ന ദിവസങ്ങളെ അപേക്ഷിച്ച് നന്നായിരുന്നു. കൂടെയുണ്ടായിരുന്ന ജോ പെര്‍ക്കിന്‍സ് പരീക്ഷണാര്‍ത്ഥം തന്റെ ഷൂപോളീഷ് ചെയ്യാന്‍ അവിശ്യപ്പെട്ടപ്പൊള്‍ ഷൂ പോളിഷ് ബൂത്തില്‍ കറുത്തവന്റെ കയ്യേറ്റം എന്ന പേരില്‍ അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു. പിറ്റെദിവസം കോടതിയില്‍ കേസ് തള്ളി. അപ്പോഴേക്കും ബാക്കിയുള്ളവര്‍ സൗത്ത് കരോളീനയില്‍ കാലുകുത്തിയിരുന്നു. കുഴപ്പങ്ങളുടെ ആരംഭം.
റോക്ക് ഹില്ല് എന്ന പട്ടണം കഴിഞ്ഞ വര്‍ഷത്തെ സിറ്റ് ഇന്‍ സമരത്തില്‍ മുറിവെറ്റവരെപ്പോലെയായിരുന്നു. ഇനി മറ്റൊരു മുന്നേറ്റം അവര്‍ അനുവധിക്കില്ലെന്ന് അവിടെ കൂടി വന്ന വെളുത്ത ചെറുപ്പക്കാരുടെ ആള്‍ക്കൂട്ടത്തിന്റെ കണ്ണുകളില്‍ വായിക്കാമായിരുന്നു. ഒന്നും ശ്രദ്ധിക്കാത്തവനെപ്പോലെ ബസില്‍ നിന്നും ഇറങ്ങി ബിഗ്‌ലോയിക്കൊപ്പം വെളുത്തവര്‍ക്ക് മാത്രം എന്ന് എഴുതിയിരിക്കുന്ന വെയിറ്റിങ്ങ് റൂമിലേക്ക് നടക്കവെ, പുകയുന്ന സിഗരറ്റുമായി ലെതര്‍ ജാക്കിറ്റിട്ട താറാവിന്‍ വാലുമാതിരി മുടിമുറിച്ച രണ്ട് വെളുത്ത യൂവാക്കള്‍ മുന്നില്‍ വഴിതടഞ്ഞു: 'അദര്‍ സൈഡ് നിഗര്‍' അവര്‍ കറുത്തവര്‍ക്ക് എന്ന ബോര്‍ഡു ചൂണ്ടി പറഞ്ഞു. ഭയമോ അന്താളിപ്പോ കൂടാതെ അവരോടു പറഞ്ഞു: 'ഈ രാജ്യത്തെ പരമോന്നത കോടതിയുടെ വിധിപ്രകാരം എനിക്കിവിടെ പോകാന്‍ അവകാശമൂണ്ട്'. പത്രം വായിക്കാത്തവര്‍ക്ക് കോടതിയെന്തെന്നോ, വിധിയെന്തെന്നോ മനസ്സിലായതായി തോന്നുന്നില്ല. പെട്ടന്നായിരുന്നു അവരില്‍ ഒരുവന്റെ മുഷ്ടി എന്റെ തലയുടെ വലതുഭാഗത്തു വന്നു വീണത്. പിന്നെ മുഖത്ത്. അതോട് തറയില്‍ വീണ എന്നെ തലങ്ങും വിലങ്ങും തൊഴിക്കുന്നു. വായില്‍ ചോരയുടെ രുചി ചുവയ്ക്കുന്നു. പെട്ടന്ന് ബിഗ്‌ലോ തല്ലുന്നവനും എനിക്കും ഇടയിലായി തടസം നില്‍ക്കുന്നത് കണ്ട് വെളുത്തവന്‍ ഒന്നു തത്രിച്ചു. ഒരു വെളുത്തവന്‍ എന്തിനു കറുത്തവനെ അടിക്കുന്നതിനു തടസ്സ കയറി എന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്. അന്താളിപ്പു മാറിയ വെളുത്തവന്‍ ബിഗ്‌ലോയേയും തല്ലാന്‍ തുടങ്ങി അടിമുഴുവന്‍ ഏറ്റുവാങ്ങുപ്പൊഴും തിരിച്ചു തല്ലാന്‍ മുതിരാതെ മുട്ടുകാലില്‍ വീണുപോയി. പിന്നെ കൂട്ടത്തില്‍ ഉള്ള അരെല്ലാമോ തല്ലുവാങ്ങുമ്പോള്‍ അവിടെ നിന്ന വെളുത്ത ചെറുപ്പക്കാരെല്ലാം ഒന്നിച്ചു. ഒരു പോലീസുകാരന്‍ എല്ലാം കണ്ടു നില്പുണ്ടായിരുന്നെന്നെങ്കിലും അടികൊണ്ട് എല്ലാവരും വീണു എന്നുറപ്പായപ്പോള്‍ മുന്നോട്ടുവന്നു പറഞ്ഞു, ഇന്നത്തേക്കുള്ളതു കിട്ടിയില്ലെ ഇനി വീട്ടില്‍ പോകീന്‍. അതു കറുത്തവര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. അപ്പോഴേക്കും കൂടുതല്‍ പോലിസ്സ് വന്നു. ചോരയൊലിപ്പിച്ച് എഴുനേറ്റു നിന്നപ്പോഴും, പോലിസുകാരോട് ആരുടെയും പേരില്‍ കേസെടുക്കണ്ടെന്നു പറയുമ്പോഴും ഗാന്ധിയന്‍ ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞു. ഒരാളല്ല ശത്രു...ഒരു വ്യവസ്ഥിതിക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ ഒരുവ്യക്തിക്കെതിരെ കേസെടുത്തിട്ടെന്തു കാര്യം.
പിറ്റെദിവസത്തെ പത്രത്തില്‍ ഒരു ചെറിയ വാര്‍ത്തയായി ആ സംഭവം എത്രപേര്‍ വായിച്ചിട്ടുണ്ടാകും. അന്നത്തെ പ്രധാന വാര്‍ത്ത, നാസായുടെ റോക്കറ്റ് ചന്ദ്രനിലിറങ്ങാനുള്ള മനുഷ്യനേയും വഹിച്ചുകൊണ്ട് ഭൂമിക്ക് വലം വെയ്ക്കുന്നതായിരുന്നു. മാനവികത നഷ്ടപ്പെട്ട ഒരു രാജ്യത്തിന് എത്ര നേട്ടം ഉണ്ടായാല്‍ എന്ത്... ആന്‍ഡ്രുജോണ്‍ ലൂയിസിന്റെ മനസ്സിലേക്ക് കടന്ന് വെറുതെ ഓര്‍ത്തു. ഇന്ത്യയിലേക്കുള്ള ഹൗസിങ്ങ് പ്രൊജക്റ്റില്‍ ചേരാനുള്ള ഇന്റര്‍വുവിനു പോകേണ്ടിവന്നതിനാല്‍ യാത്രയില്‍ നിന്നും മൂന്നുനാലു ദിവസം മാറിനില്‍ക്കേണ്ടി വന്ന ദിവസങ്ങളില്‍ ഒന്നിലായിരുന്നു അലബാമയില്‍ ഫ്രീഡം റൈഡേഴ്‌സിന്റെ ബസിനെ അധിക്രൂരമായി ആക്രമിക്കുകയും ബസിനു ബോംബുവെയ്ക്കുകയും ചെയ്തത്. വാര്‍ത്തവായിച്ച് ഞെട്ടിപ്പോയി. പ ത്തിരുനൂറുപേരുവരുന്ന ആക്രമികളുടെ ഒരു കൂട്ടം, ടെര്‍മിനലില്‍ നിന്നും ഒരു വിധം രക്ഷപെട്ട ബസിനെ പിന്തുടര്‍ന്ന് ആക്രമിച്ചതും ബോംബിട്ടതും.ഇത് 1961ലെ അമേരിയ്ക്കയാണ്. ചന്ദ്രനിലേക്ക് റോക്കറ്റു വിട്ട്, മറ്റുള്ളവരെ മൂന്നാം ലോകത്തിലെ കാട്ടുജാതിക്കാര്‍ എന്നു വിളിയിക്കുന്ന അമേരിയ്ക്കയുടെ തനിനിറമാണ് അലബാമയിലെ അനിസ്റ്റോണ്‍ ടെര്‍മിനലില്‍ കറുത്തവന്‍ യാത്ര ചെയ്ത ഒരു ബസ്സിനോട് ചെയ്തത്.
ആ ബസ്സില്‍ ഉണ്ടായിരുന്ന ഒരു സീക്രട്ട് സര്‍വ്വിസ് ഏജന്റെ തന്റെ കയ്യിലെ തോക്കു ചൂണ്ടി ആക്രമകാരികളെവിരട്ടി ദൂരത്തു നിര്‍ത്തിയ നേരം കൊണ്ട് പൊളിഞ്ഞ ബസ്സിലെ പൊട്ടിയ ഗ്ലാസുകളിലൂടെയും തുറന്ന എല്ലാ പഴുതുകളിലൂടെയും എല്ലാവരും പുറത്തേക്ക് ചാടിയതും ബസ്സ് പൊട്ടിത്തെറിച്ചതും ഒന്നിച്ചായിരുന്നു എന്നു റിപ്പോര്‍ട്ട് പറയുന്നു. ജോണ്‍ ദുഃഖിതനായിരുന്നു. ആ ഇന്റര്‍വ്യു അപ്പോള്‍ വേണ്ടിയിരുന്നില്ല. ആ ബസ്സില്‍ താന്‍ ഉണ്ടാവേണ്ടവനായിരുന്നു. എത്രയും പെട്ടന്ന് യാത്രയില്‍ വീണ്ടും ചേരാന്‍ മനസ്സു വെമ്പല്‍ കൊണ്ടു. ആ ബസില്‍ ഉണ്ടായിരുന്ന ഫ്രീഡം റൈഡേഴ്‌സായ വെളുത്തവര്‍ക്കും കറുത്തവര്‍ക്കും ഒരുപോലെ പരുക്കേറ്റു. ക്ലാനുകള്‍ക്ക് കറുത്തവരെ സഹായിക്കുന്ന വെളുത്തവരും അവരുടെ ശത്രുക്കള്‍ ആയിരുന്നു. തങ്ങളുടെ യാത്രയുടെ വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയ അവര്‍ ഒരാഴ്ചയായി ഒരുക്കങ്ങളൊടെ ഞങ്ങളെ വരവേല്‍ക്കാന്‍ കാത്തിരിക്കയായിരുന്നു എന്നു പിന്നീട് അറിഞ്ഞു. വെള്ളക്കാരിയായ ജെനീവിസിന്റെ ചിറി പിളര്‍ന്ന് ചോര ഒലിക്കുന്നു. ഹെന്റി തോമസിനെ ബെയിസ്‌ബോള്‍ ബാറ്റുകൊണ്ട് ആരോ അടിച്ചു.അവര്‍ കറുത്തവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവര്‍...ഒരു ദുഃഖം ജോണിനെ പിടികൂടി; ഒരു ശരിയായ പരീക്ഷണഘട്ടം വന്നപ്പോള്‍ തനിക്കവര്‍ക്കൊപ്പം ഉണ്ടാകാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം.മുറുവുപറ്റിയ മൃഗങ്ങള്‍ക്കു ചുറ്റും കഴുകന്മാര്‍ കണക്കെ ക്ലാനുകള്‍ വട്ടമിട്ടു നിന്നു എന്ന് അതിനെകൂറിച്ച് വായിച്ച്ക്രിത്യന്‍സ്‌നേഹത്തെക്കുറിച്ച് പറയുന്നവരുടെ മനുഷ്യത്വം വരണ്ടുപോയോ എന്നു വിലപിച്ചു.
ഫിലഡല്‍ഫയില്‍ നിന്നും നാഷ്‌വില്ലില്‍ വന്നപ്പൊഴാണ് വിവരങ്ങള്‍ വിശദമായി അറിയുന്നത്. ഡയാനും ബീവലും ബെര്‍നാഡും മറ്റെല്ലാ കോര്‍ഗ്രൂപ്പിലെ ആളുകളുമായി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ കൂടിയ ആലോചനായോഗത്തിലാണ് അറിയുന്നത് ട്രെയില്‍വേ ബസില്‍ സഞ്ചരിച്ചവര്‍ക്കും ഗ്രേഹോന്‍ഡ് ബസില്‍ സഞ്ചരിച്ചിരുന്നവരുടെ അതേ അനുഭവം ഉണ്ടായി. പക്ഷേ ബസ് ബോംബ് വെച്ചില്ല എങ്കിലും വളരെ ക്രുരമായി മര്‍ദ്ദനവിധേയരായവര്‍ നിലവിളിച്ചിട്ടുണ്ടാകില്ല. രണ്ട് ആക്രമങ്ങള്‍ തമ്മിലുള്ള ഇടവേള അരമണിക്കൂര്‍. ജെയിംസ് പെക്കറും, യാത്രയില്‍ പിന്നീട് വന്നു ചേര്‍ന്ന മോര്‍ഹൗസ്, സ്റ്റുഡന്റ് ചാര്‍ള്‍സ് പീയേര്‌ഴ്ന്‍ എന്നിവരെക്കൂടാതെ അറുപതുവയസു കഴിഞ്ഞ ഡോ. ബെര്‍ഗ്മാനെ അവര്‍ ബസിന്റെ തറയില്‍ ഇട്ട് അടിച്ചും ചവുട്ടിയും അവശനാക്കിയതു പോരാഞ്ഞ് വെളിയില്‍ പ്ലാറ്റുഫോമില്‍ മാരകമായി തലക്കടിച്ച് പരുക്കേല്പിച്ചു. ഒരു വെളുത്തവനോട് അവര്‍ ഇങ്ങനെ ചെയ്തുവെങ്കില്‍.... ആ പരുക്കില്‍നിന്നും അദ്ദേഹം ഒരിക്കലും മോചിതനായില്ല. പിന്നീടുള്ള ജീവിതകാലമത്രയും തളര്‍ന്നു കിടപ്പിലായി. ധാരാളം വെളുത്തവര്‍ തന്റേ സഹോദരങ്ങളായ കറുത്തവര്‍ക്കുവേണ്ടി സഹിച്ച പീഡകള്‍ ഒരുപക്ഷേ ക്രിസ്തുവിന്റെ ത്യാഗത്തോളം ഓര്‍ക്കപ്പെടേണ്ടതല്ലെ... ജോണ്‍ വെറുതെ ആലോചിച്ചു. അലബാമയിലെ അനിസ്റ്റോണ്‍ ദുരന്തങ്ങളുടെ മാതാവെന്ന് ഓര്‍ക്കപ്പെടുമോ...?
ബിര്‍മിംഹാമില്‍ പരുക്കുപറ്റാത്തവര്‍ഫ്രെഡ് ഷട്ടില്‍സ്‌വര്‍ത്തിന്റെ വീട്ടില്‍ അഭയം കണ്ടെത്തി കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തു. ഈ പരിപാടിയുടെ ഉത്തരവാദിയും, ചുമതലക്കാരനുമായ ജിം ഫാര്‍മേഴസിന്റെ തീരുമാനം അതിശക്തമായ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ഫ്രീഡം റൈഡിന്റെ ബാക്കിഭഗങ്ങള്‍ നിര്‍ത്തിവെയ്ക്കാനായിരുന്നു. നാഷ്‌വില്ലില്‍ കൂടിയ കോര്‍ കമ്മറ്റിയില്‍ അതു ചര്‍ച്ചക്കു വന്നു. ജോണ്‍,ഫാര്‍മേഴ്‌സിന്റെതീരുമാനത്തെ ശക്തിയുക്തം എതിര്‍ത്തു. സത്യഗ്രഹം എന്ന വാക്കിന്റെ അര്‍ത്ഥം സത്യത്തെ മുറുകെപ്പിടിക്കുക എന്നായിരിക്കെ... ഒരു കൂട്ടം ആക്രമികളെ ഭയന്ന് സത്യത്തില്‍ നിന്നും ഒളിച്ചോടാന്‍ പറ്റുമോ... ആര്‍ക്കൊക്കെ പരുക്കു പറ്റുന്നു എന്നുള്ളതല്ല, ഇനി മരണം സംഭവിച്ചാലും സത്യം കണ്ടെത്തിയാല്‍ പിന്നെ അതില്‍ നിന്നും ഒളിച്ചോടാന്‍ പറ്റുമോ... സെഗ്രിഗേഷന്‍ എന്ന സത്യം നാം തിരിച്ചറിഞ്ഞു. ഇനി അതില്ലാതാക്കാനുള്ള സമരത്തില്‍ നിന്നും പിന്മാറാന്‍ പറ്റില്ല.നമ്മള്‍ നഷ്‌വില്ല് ഈ സമരം തുടരും. എല്ലാവരും ആ പ്രഖ്യാപനത്തോട് യോജിച്ചു.
ഡയാന്‍ ഫാര്‍മേഴിനോട് ഈ തീരുമാനത്തിനു സഹകരനം വേണമെന്ന് അഭ്യര്‍ത്തിച്ചപ്പോള്‍ തീരുമാനം ആത്മഹത്യാപരമായിരിക്കും എന്നു പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ഞങ്ങളുടെ തീരുമാനം ഉറച്ചതെന്നറിഞ്ഞ് സമ്മതിച്ചെന്നു വരുത്തി. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് കെന്നഡി തന്റെ സഹോദരന്‍ റോബര്‍ട്ടും, പുതിയ അസിറ്റന്റ് അറ്റോര്‍ണിജനറലുമായി അലബാമയിലെ സംഭവങ്ങള്‍ ചര്‍ച്ചചെയ്തു. കാര്യങ്ങള്‍ വഷളാകുന്നതില്‍ കെന്നഡിക്ക് ഉല്‍ക്കണ്ട ഉണ്ടായിരുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ അമേരിയക്കയുടെ പേര് ചീത്തയാകുന്നതിന്റെ വേവലാതി ആയിരുന്നു. അലബാമ ഗവര്‍ണര്‍ പാറ്റേഷ്‌സണെ കെന്നഡി വിളിച്ചിട്ടും, ടെലിഫോണ്‍ എടുക്കുകയോ, തിരിച്ചുവിളിക്കുകയോ ചെയ്തില്ല എന്നു പറയുമ്പോള്‍ പ്രാദേശിക നിലപാടുകള്‍ വ്യക്തമായിരുന്നു. കെന്നഡിയും, വയിറ്റ് ഹൗസും എന്തു ചെയ്യുന്നു എന്നു നോക്കിയിരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. 'ഫ്രീഡം' അതുമാത്രമായിരുന്നു മന്ത്രം. ഡയാന്‍ സ്വയം കോര്‍ഡീനേറ്ററായി വെളിയിലുള്ളവരുമായി ബന്ധപ്പെടുകയും, പണസംബന്ധമായ കാര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഒടുവില്‍ പത്തുപേരടങ്ങുന്ന ഒരു കൂട്ടം തിരഞ്ഞെടുക്കപ്പെട്ടു കറുത്തവര്‍ ആറാണും, രണ്ടു പെണ്ണും, വെളുത്തവരില്‍ ഒരു സ്ത്രിയും, ഒരു പുരുഷനും. (വില്ല്യം ഹാര്‍ബര്‍ട്ട്, ചാര്‍ള്‍സ് ബറ്റ്, പോള്‍ ബ്രൂക്ക്‌സ്, വില്ല്യം ബാര്‍ബി, അലന്‍ കാസൊണ്‍, ജോണ്‍ ലൂയിസ്- സ്ത്രികള്‍- ലൊറേറ്റ കോളിന്‍സ്, കാതറിന്‍ ബ്രൂക്, വെളുത്ത വംശജന്‍ ജിം സ്വര്‍ഗ്, സെലിന്‍ മ്‌കോളം എന്ന സ്ത്രിയും) (പേരുകളുടെ ഉച്ചാരണം ശരിയോ എന്ന ആന്‍ഡ്രു സന്ദേഹിച്ചു.)ഡയാന്‍ ഫ്രെഡ് ഷട്ടില്‍സ്‌വര്‍ത്തിനെ വിളിച്ചു പറഞ്ഞു നാളെ ഇവിടെനിന്നുമുള്ളനിങ്ങളുടെ കോഴികളുടെഷിപ്പ്‌മെന്റെ പുറപ്പെടുന്നതായിരിക്കും. പോലീസ് ഫ്രെഡിന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന അറിവില്‍ ഉപയോഗിച്ച കോഡില്‍ ഒരു സത്യം ഒളിഞ്ഞു കിടന്നുവോ...നേര്‍ച്ചക്കൊഴികള്‍ എന്ന് മറ്റാരോ അതിനെ വ്യാഖ്യാനിച്ചതായി അറിഞ്ഞു.ഡയാന്‍ അവരെ കൊലക്കു കൊടുക്കും എന്ന ആരോപണം സന്നദ്ധഭടന്മാര്‍ ആരും കാര്യമായി എടുത്തില്ല. 1961 മെയ് 17ന് ബുധനാഴച ഒരു പുതിയ സമരസേന വണ്ടികേറി.
ടെന്നസിയില്‍ നിന്നും അലബാമയിലേക്കു കടക്കുന്നവരെ കുഴപ്പങ്ങള്‍ എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോഴേക്കും ബിര്‍മ്ങ്ങ്ഹാം പോലിസ് വണ്ടി റോഡരുകില്‍ ഞങ്ങളേയും കാത്തെന്നപോലെ നിര്‍ത്തിയിരിക്കുന്നു. ഒരോഫീസര്‍ ഞങ്ങളെ കൈ കാണിച്ചു നിര്‍ത്തി., ഒന്നിച്ച് ഒരു സീറ്റില്‍ ഇരുന്ന സ്വെര്‍ഗിനേയും ബ്രൂക്ക്‌സിനേയും അറസ്റ്റുചെയ്തു. കാരണം വെളുത്തവനും, കറുത്തവനും ഒന്നിച്ചിരുന്നു യാത്രചെയ്തു എന്ന സംസ്ഥാന നിയമം ലംഘിച്ചു എന്ന പേരില്‍. എല്ലാവരുടെയും ടിക്കറ്റുകള്‍ പരിശേധിച്ച്, ഒരേ ഇടങ്ങളില്‍ നിന്നും കയറി ഒരേ ഇടങ്ങളില്‍ ഇറങ്ങാന്‍ ടിക്കറ്റെടുത്ത നിങ്ങള്‍ ഫ്രീഡം റൈഡേഴ്‌സ് ആയതിനാല്‍ എല്ലാവരേയും അറസ്റ്റുചെയ്യുന്നു എന്ന മുഖസംതൃപ്തിയില്‍ ഓഫീസര്‍ ഒന്നു ചിരിച്ചുവൊ... അന്നത്തെ നേതാവായ തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ ഇരുത്തിയവര്‍, സെലീന്‍ മ്‌കോളം സമരക്കാരിയെന്നറിയാതെ പോകാന്‍ അനുവദിച്ചു. അവര്‍ മറ്റൊരു സ്റ്റോപ്പില്‍ നിന്നുമാണ് ഒപ്പം ചേര്‍ന്നത് എന്നത് നന്നായി. അവര്‍ ഡയാനുമായി ബന്ധപ്പെട്ടു.ടെര്‍മലില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. അവര്‍ വടിയം, കല്ലും, തോക്കും കരുതിയിരുന്നു. കോപത്താല്‍ തീപാറുന്നവരുടെ ഇടയിലൂടെ ഞങ്ങളെ പോലീസിന്റെ സുരക്ഷിതവലയത്തിനുള്ളിലൂടെ നടത്തി ടെര്‍മിനലില്‍ എത്തിച്ചു. സെലീനേയും, ഷട്ടില്‍വര്‍ത്തിനേയും ആള്‍ക്കൂട്ടത്തില്‍ കണ്ടു. ഞങ്ങള്‍ക്കൊപ്പം അവരും അറസ്റ്റു ചെയ്യപ്പെട്ട് അവരെ പ്രത്യകം മാറ്റിയിരുന്നു. കോര്‍ണര്‍ എന്ന പോലീസ് കമ്മിഷണര്‍ ഞങ്ങളുടെ അറസ്റ്റുവിവരം അറീയ്ക്കുകയും, വാഗണില്‍ ഞങ്ങളെ ജയിലേക്ക് കടത്തുകയും ചെയ്തു.
നിങ്ങള്‍ ഇവിടെ സുരക്ഷിതരല്ലാത്തതിനാല്‍ നിങ്ങളുടെ തട്ടകമായ നാഷ്‌വില്ലിലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടാക്കാം. രണ്ടാം ദിവസം ബുള്‍ കോര്‍ണര്‍ പറഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ നിരാഹാര സമരത്തില്‍ ആയിരുന്നു. കോടതിയില്‍ കൊണ്ടാക്കേണ്ട ഞങ്ങളെ തിരികെ അയക്കാം എന്നു പറയുന്നതില്‍ എന്തോ ചതിയുണ്ടന്നു തിരിച്ചറിയണമായിരുന്നു. പിടിച്ചുവലിച്ചിഴച്ച് അവര്‍ ഞങ്ങളെ വണ്ടിയില്‍ കയറ്റിയത് ഞങ്ങള്‍ വണ്ടിയില്‍ കയറാന്‍ വിസമ്മതിച്ചതുകൊണ്ടാണ്. ടെന്നസുടെ ബോര്‍ഡറില്‍ ഞങ്ങളെ ഇറക്കിവിട്ട്, ഒന്നുകില്‍ ട്രെയിനെടുത്തു പോകാം, അല്ലെങ്കില്‍ ബസുകിട്ടുമായിരിക്കും. അങ്ങ് അകലെ രാത്രിയുടെ ഇരുട്ടിലെ നിലാവെളിച്ചത്തില്‍ റെയിലുകള്‍ കണ്ടു. സ്ഥലം എവിടെയെന്നോ എങ്ങനെ പോകുമൊന്നോ ഒരു രൂപവുമില്ലാത്ത ഫ്രീഡം റൈഡേഴ്‌സ് വഴിയറിയാതെ നടന്നു. ഒരു മൈയിലോളം നടന്നപ്പോള്‍ റെയില്‍ പാളത്തിനരുകില്‍ കണ്ട ഒരു ചെറിയ വീടിന്റെ വാതിലില്‍ മുട്ടി. കെട്ടും മട്ടും കൊണ്ട് അതൊരു കറുത്തവന്റെ വീട് എന്നു നിരൂപിച്ചിരുന്നു. അപ്പോള്‍ രാത്രി മൂന്നുമണി. വാതിലിനു പുറത്ത് അപേക്ഷയോടു നില്‍ക്കുന്ന ഏഴുപേരെ നോക്കി വീട്ടുടമ അവര്‍ക്ക് ഉള്ളിലേക്കുള്ള പ്രവേശനം നിഷേധിച്ചു. അപ്പോള്‍ എഴുപതു കഴിഞ്ഞ ഒരു സ്ത്രീ പുറത്തേക്കുവന്ന് അവരെ ഒന്നു നോക്കി ഭര്‍ത്താവിനോടായി പറഞ്ഞു ഹണി അവരെ അകത്തേക്കു ക്ഷണിക്കു. ആ കൊച്ചു വീട്ടില്‍ അവര്‍ അഥികളായി ഡയാനുമായി ബന്ധപ്പെട്ട് പിറ്റെദിവസത്തേക്ക് കാറയയ്ക്കാം എന്നു പറഞ്ഞ് യാത്ര ഉറപ്പിച്ച് മിച്ചമുള്ള സമയത്തിലെ ഉറക്കത്തിനൊരുങ്ങിയപ്പോള്‍, ഡയാന പറഞ്ഞ പതിനൊന്ന് പാഴ്‌സല്‍സ് പുതിയ പതിനൊന്നുപേര്‍ ് സമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടിട്ടുണ്ടെന്ന് ഡീകോടു ചെയ്തു
Read More: https://emalayalee.com/writer/119