Image

പാവങ്ങളുടെ കണ്ണുനീരിനു സ്വര്‍ഗം തുറക്കുവാനുള്ള ശക്തിയുണ്ട് : കര്‍ദിനാള്‍ കൂവക്കാട്

ഫാ. ജിനു തെക്കേത്തലക്കല്‍ Published on 09 December, 2024
പാവങ്ങളുടെ കണ്ണുനീരിനു സ്വര്‍ഗം തുറക്കുവാനുള്ള ശക്തിയുണ്ട് : കര്‍ദിനാള്‍ കൂവക്കാട്

വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ മാസം ഏഴാം തീയതി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായാല്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിനു റോമിലെ സീറോ മലബാര്‍ വിശ്വാസികള്‍ സ്വീകരണം നല്‍കി. സീറോ മലബാര്‍ സഭയ്ക്കായി ഫ്രാന്‍സിസ് പാപ്പാ നല്‍കിയ റോമിലെ വിശുദ്ധ അനസ്താസിയ ബസിലിക്കയില്‍ വച്ചായിരുന്നു പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങുകള്‍. ഡിസംബര്‍ മാസം എട്ടാം  തീയതി പ്രാദേശികസമയം ഉച്ചകഴിഞ്ഞു നടത്തിയ ആഘോഷപരിപാടികളില്‍ നിരവധി മെത്രാന്മാരും, വൈദികരും, സന്യസ്തരും അത്മായരും പങ്കെടുത്തു. നവ കര്‍ദിനാളിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ ബലിക്കു ശേഷം, അനുമോദന സമ്മേളനവും, യുവജനങ്ങളുടെ നൃത്തശില്പവും, സ്നേഹവിരുന്നും നടന്നു. ദിവ്യബലിമദ്ധ്യേ, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, വചന സന്ദേശം നല്‍കി.

തുടര്‍ന്ന് നടന്ന അനുമോദനസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. തന്റെ മറുപടി പ്രസംഗത്തില്‍, കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്, ദൈവം നാളിതു വരെ വിവിധ വ്യക്തികള്‍ വഴിയായി  തനിക്കു തന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കായും പ്രത്യേകം നന്ദി പറഞ്ഞു. അതോടൊപ്പം തന്റെ ജീവിതത്തിന്റെ അടിസ്ഥാനമായി എന്നും നിലകൊണ്ടിട്ടുള്ളത്, പാവങ്ങളോടുള്ള തന്റെ അടുപ്പം ഒന്ന് മാത്രമാണെന്നും, അവരുടെ കണ്ണുനീരിനു സ്വര്‍ഗം പോലും തുറക്കുവാനുള്ള കരുത്തുണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.നമ്മുടെ മുന്‍പില്‍ കൈനീട്ടുന്നവന്റെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് അവന്റെ അഭിമാനം ഹനിക്കാതെ അവന്റെ ജീവിതത്തില്‍ ഇടപെടുവാന്‍, അവന്റെ ഉള്ളിലെ ദൈവസാന്നിധ്യത്തെ തിരിച്ചറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു കര്‍ദിനാള്‍ എടുത്തു പറഞ്ഞു

സമൂഹത്തിന്റെ ഓരോ നിരകളിലുമുള്ളവര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം, തനിക്കു ഒരിക്കലും മറക്കുവാന്‍ സാധിക്കുകയില്ലെന്നും, ഇതൊന്നു മാത്രമാണ് തന്റെ ജീവിതത്തിന്റെ ബലമായി നിലകൊണ്ടിട്ടുള്ളതെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തനിക്കു വേണ്ടി ഇനിയും കൂടുതല്‍ പ്രാര്‍ത്ഥിക്കണമേയെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് നവ കര്‍ദിനാളിന്റെ വാക്കുകള്‍ക്ക് വിശ്വാസികള്‍  തങ്ങളുടെ കൃതജ്ഞതയും, ആദരവും പ്രകടിപ്പിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക