കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് അമേരിക്കന്‍ കോടീശ്വരന്‍ ജോർജ്ജ് സോറോസ് ധനസഹായം നൽകുന്ന സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ സ്ഥാപനങ്ങളുടെ സ്വാധീനം പ്രകടമാക്കുന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ഈ ബന്ധമെന്നും ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇൻ ഏഷ്യാ പസഫിക് (FDL-AP) ഫൗണ്ടേഷൻ്റെ ഉപാധ്യക്ഷയാണ് സോണിയ. ഈ സംഘടനക്കാണ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്നത്. കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും സ്വതന്ത്ര രാജ്യമെന്നുമാണ് എഫ്‌ഡിഎൽ-എപി ഫൗണ്ടേഷൻ നിലപാടെന്നും ബിജെപി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലെ വിദേശശക്തികളുടെ സ്വാധീനമാണ് എഫ്ഡിഎൽ-എപിയും സോണിയയുമായുള്ള ബന്ധത്തിൽ നിന്ന് വ്യക്തമാകുന്നത് എന്ന് ബിജെപി എംപി നിഷികാന്ത് ദുബേ എക്‌സിൽ കുറിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ഈ വിഷയത്തിൽ പത്ത് ചോദ്യങ്ങൾ ലോക്‌സഭയിൽ ചോദിക്കുമെന്നും നിഷികാന്ത് ദുബേ കൂട്ടിച്ചേർത്തു.
ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് എന്ന ഓൺലൈൻ മാധ്യമവും ജോർജ് സോറോസും പ്രതിപക്ഷവുമായി കൈകോർത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അദാനിയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഈ ഓൺലൈൻ തത്സമയം സംപ്രേഷണം ചെയ്തു. അദാനിയെ വിമർശിക്കുന്നതിനായി രാഹുൽ ഗാന്ധി ഉപയോഗിക്കുന്നത് ഈ മാധ്യമത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണെന്നും ദുബേ കൂട്ടിച്ചേർത്തു.
ഇതേസമയം ജോർജ് സോറോസുമായി സോണിയാഗാന്ധിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ ബിജെപിക്ക് പിന്തുണ നൽകുന്ന നിലപാടുമായി സിപിഎം എംപി ജോൺ ബ്രിട്ടാസെത്തിയത് പ്രതിപക്ഷത്തെ ഞെട്ടിച്ചു . അദാനി വിഷയം പോലെ തന്നെ സോറോസ് വിഷയവും ചർച്ച ചെയ്യണമെന്നായിരുന്നു ബ്രിട്ടാസിന്റെ ആവശ്യം. യുഎസ് അതിസമ്പന്നനും കോൺഗ്രസ് നേതാവും തമ്മിലുള്ള ബന്ധം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന ഭരണപക്ഷ ആവശ്യത്തിനെയാണ് ബ്രിട്ടാസ് അനുകൂലിച്ചത്. എന്നാൽ സിപിഎം എംപിയെ തള്ളി സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ് കുമാർ രംഗത്തെത്തി.
കോൺഗ്രസ് നേതാവിന് ജോർജ് സോറോസുമായി ബന്ധമുണ്ടെന്ന വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം ഇന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ തളളിയിരുന്നു. പിന്നാലെ സഭാചട്ടങ്ങൾക്ക് വിരുദ്ധമായി ബിജെപി അംഗങ്ങള്‍ ചർച്ച വേണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും അതിനെ പ്രതിരോധിക്കുന്നതിന് ഇടയിലാണ് മുന്നണിയിൽ നിന്നും ബിജെപി അംഗങ്ങൾക്ക് പിന്തുണ നൽകുന്ന നിലപാടുമായി ബ്രിട്ടാസ് എത്തിയത്.