സ്മാര്‍ട്ട് സിറ്റി നടത്തിപ്പുകാരായ ടീകോമിന് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് തിരുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരിക്കുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും സംസ്ഥാന സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കിയ പശ്ചാത്തലത്തിലാണ്, ടീകോമിന് നഷ്ടപരിഹാരമല്ല നല്‍കുന്നതെന്ന അടിവരയിട്ടുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം.
സ്മാര്‍ട്ട് സിറ്റി പദ്ധതി നിന്നുപോകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഇതു സംബന്ധിച്ച് പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണെന്നും കേരളത്തിന്റെ ഭാവി ഐ.ടി വികസനത്തിന് ഉതകുംവിധത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്നും പറഞ്ഞു. ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടല്‍ അല്ല ലക്ഷ്യമെന്നും ഇത് കേരളവും യു.എ.ഇ സര്‍ക്കാറും തമ്മിലുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി കരാറൊപ്പിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തിനൊടുവിലാണ് ടീകോം പിന്‍മാറുന്നുവെന്ന റിപ്പോര്‍ട്ട്. കെട്ടിടനിര്‍മാണത്തിനടക്കം പദ്ധതിയില്‍ ടീകോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനമാണ് വിവാദമായിരിക്കുന്നത്. ടീ കോമിനെ ഒഴിവാക്കി പുതിയ കമ്പനിയെ കൊണ്ടുവരാനുള്ള പിണറായി സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി കച്ചവടമാണെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
അതേസമയം, 2007-ല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ കാലത്ത് ടീകോമിന്റെ മാതൃകമ്പനിയായ ദുബായ് ഹോള്‍ഡിങ്‌സുമായി ഒപ്പുവെച്ച കരാറില്‍ എന്തെങ്കിലും കാരണവശാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് പദ്ധതിക്ക് തടസമുണ്ടാകുന്നതെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി എത്തിക്കുന്നതും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങളാണ് ഇതില്‍ പറയുന്നത്.
എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെങ്കില്‍ അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് കരാറില്‍ കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ ആ വ്യവസ്ഥകള്‍ക്കെല്ലാം വിരുദ്ധമായാണ് സര്‍ക്കാര്‍ നടപടി. ടീ കോമിന് സര്‍ക്കാര്‍ ഒരു നഷ്ടപരിഹാരവും നല്‍കേണ്ടതില്ലെന്ന് കരാര്‍ ഒപ്പിട്ടപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു പറയുന്നു.
സ്മാര്‍ട്ട് സിറ്റി, കൊച്ചിയുടെ ചരിത്രമിങ്ങനെ...കേരള സര്‍ക്കാരും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീകോം ഇന്‍വെസ്റ്റ്മെന്റ്സും സംയുക്തമായി കൊച്ചിയില്‍ നടപ്പാക്കുന്ന പദ്ധതിക്ക് സ്മാര്‍ട്ട് സിറ്റി കൊച്ചി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് ചുമതല. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം പതിനാറ് ശതമാനമാണ്. മുതല്‍മുടക്കിന്റെ ബാക്കി 84 ശതമാനമാണ് ടീകോം നല്‍കുക. കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥാപിക്കുന്ന കെട്ടിടങ്ങളുടെ മൊത്തം വിസ്തൃതി 8.8 ദശലക്ഷം ചതുരശ്ര മീറ്ററാണ്. ഇതിലെ 60 ശതമാനം ഭാഗത്തും ഐ.ടി-ഐ.ടി അനുബന്ധ സ്ഥാപനങ്ങളാകണം.
കൊച്ചി സ്മാര്‍ട്ട് സിറ്റി എന്ന പദ്ധതിക്ക്, 2003-ലെ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ഐ.ടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായാണ് രൂപ രേഖ തയ്യാറാക്കുകയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാന്‍ തീരുമാനിക്കുകയും ചെയ്ത്. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താന്‍വേണ്ടി കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോള്‍ഡിംഗ്സ് എന്ന വന്‍കിട സ്ഥാപന പ്രതിനിധികളുമായി 2005-ല്‍ ധാരണാപത്രം ഒപ്പിട്ടു. 2007 നവംബര്‍ 15-നാണ് പാട്ടക്കാരാറില്‍ ടീകോം അധികൃതരുമായി ഒപ്പു വെച്ചത്. 2007 നവംബര്‍ 16-ന് തറക്കല്ലിട്ടു.
2013 ജൂലൈയില്‍ സ്മാര്‍ട്ട് സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണത്തിനു തുടക്കം കുറിച്ചു. ഇടതുപക്ഷ ഗവണ്മെന്റ് സ്ഥാപിച്ച നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോ പാര്‍ക്ക് സ്മാര്‍ട്ട്സിറ്റി കരാറിന്റെ മറവില്‍ ടീകോമിന് കാഴ്ചവെക്കുന്നുവെന്ന് ആരോപണമുയര്‍ന്നു. പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി കരാര്‍ ഒപ്പിടാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞില്ല. 2011 ജനുവരിയില്‍ പദ്ധതി അനിശ്ചിതത്വത്തിലായി.
തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കി വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2011 ഫെബ്രുവരി 2-ന് സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവെച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം 2016 ഫെബ്രുവരി 20-ന് കൊച്ചിയില്‍ നടന്നു. കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ഈ ദിവസം നടന്നു. എന്നാല്‍ 2011-ല്‍ സ്മാര്‍ട്ട്സിറ്റി സംയുക്ത കമ്പനി പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളുടെ അഞ്ചു ശതമാനം പോലും ഇതുവരെ നടപ്പായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പത്തു വര്‍ഷത്തിനിടെ 90,000 തൊഴിലവസരങ്ങളാണ് സ്മാര്‍ട്ട് സിറ്റിയിലുണ്ടാവുകയെന്നായിരുന്നു അവകാശവാദം. പക്ഷേ, ഒമ്പതിനായിരം പേര്‍ക്കു മാത്രമാണ് സ്ഥിരമായോ ഭാഗികമായോ തൊഴില്‍ ലഭിച്ചിട്ടുള്ളത്. 88 ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടം വിഭാവനം ചെയ്തത്. എന്നാല്‍ 6.5 ലക്ഷം ചതുരശ്ര അടിയിലുള്ള ഐ.ടി ടവര്‍ മാത്രമാണ് ആകപ്പാടെ നിര്‍മിച്ചത്. ഐ.ടി ഇതര മേഖലകളിലടക്കം 37 കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണ പങ്കാളത്തമുള്ള ആറ് കമ്പനികളുടെ നേതൃത്വത്തില്‍ ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ നടക്കുന്നുണ്ട്. 2020-ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം.
കേരള സര്‍ക്കാരും ടീക്കോമും തമ്മിലുണ്ടാക്കിയ കരാര്‍ ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്. കൊച്ചിയിലെ കാക്കനാട്ട് സര്‍ക്കാര്‍ ഏറ്റെടുത്ത കണ്ണായ പ്രദേശത്തെ 246 ഏക്കര്‍ ഭൂമി തുച്ഛമായ വിലയ്ക്കാണ് ടീകോം കമ്പനിക്ക് കുത്തക പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സര്‍ക്കാരിന് ഈ സംയുക്ത സംരംഭത്തില്‍ 16 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണ് ലഭിച്ചത്.
മാത്രമല്ല, 16 ശതമാനം മാത്രം ഓഹരി പങ്കാളിത്തമുള്ള കേരള സര്‍ക്കാരിന് സ്മാര്‍ട്ട് സിറ്റി ഭരണ സമിതിയില്‍ വേണ്ടത്ര നിയന്ത്രണാധികാവുമില്ല. 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കാനാവൂ എന്നതാണ് വസ്തുത. 246 ഏക്കര്‍ സ്ഥലത്ത് കാടു പിടിച്ചു കിടക്കുകയാണ് ഇപ്പോള്‍ ഈ സ്വപ്ന പദ്ധതി.