റോം ∙ ഫ്ലോറൻസിനു സമീപം ഇന്ധന സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നു പേരെ കാണാതായി. ശക്തമായ സ്ഫോടനത്തിൽ ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇറ്റാലിയൻ ഊർജ്ജമേഖലയിലെ പ്രമുഖ സ്ഥാപനമായ ഇഎൻഐ നിയന്ത്രിക്കുന്ന കലൻസാനോയിലെ ഇന്ധന സംഭരണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തെ തുടർന്ന് കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും സെൻട്രൽ തൊസ്കാനി മേഖല ഗവർണർ യൂജെനിയോ ഗിയാനി പറഞ്ഞു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ലോഡിങ് ഷെൽട്ടർ ഏരിയയിൽ മാത്രമാണ് തീപിടിത്തമുണ്ടായതെന്നും പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന ഡിപ്പോയിലെ ടാങ്കുകളെ ഇത് ബാധിച്ചിട്ടില്ലെന്നും ഇഎൻഐ അധികൃതർ അറിയിച്ചു.