അന്ത്യോക്യൻ പാത്രിയർക്കിസ് അപ്രേംകരിം കേരളത്തിൽ അടുത്തിടെ സന്ദർശനം നടത്തി, യാത്ര വെട്ടിച്ചുരുക്കി പെട്ടന്നുതിരികെപ്പോയി എന്ന വാർത്ത കണ്ടു. മലങ്കര സഭയിലെ അശാന്തി മാറണം എന്നു ചിന്തിച്ചു തുടങ്ങിയത് കേരളത്തിലെ പൊതുസമൂഹമാണ്. കാരണം, ലോകത്തിൽ ഇസ്രായേൽ - പലസ്തീൻ പ്രശനം കഴിഞ്ഞാൽ, ഇത്ര ദീർഘകാലത്തെ അക്കപ്പോരിനു വേദിയായ ഒരു കൂട്ടം വേറെയില്ല. പുറത്തുനിന്നു എരിവുകൂട്ടിക്കൊടുക്കുന്ന സുഹൃത്തുക്കളും, ഇവന്മാർ തമ്മിത്തല്ലി നശിക്കട്ടെ എന്നു സന്തോഷിച്ചു കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരുമുണ്ട്. എന്നാൽ യഥാർത്ഥ പ്രശ്നം എന്താണെന്നും അതിനു പരിഹാരം എന്താണെന്നും രണ്ടുകൂട്ടർക്കും വ്യക്തമായ അറിവുണ്ട്: അറിവുമാത്രം പോരല്ലോ, വകതിരുവും തിരിച്ചറിവും ഉള്ളിൽനിന്നുണ്ടാവേണ്ട സംഗതിയാണല്ലോ. അതിനു "കൃപ" എന്നു വിശ്വാസികൾ പറയും, അത് ലഭിക്കുകയാണ്, നേടുകയല്ല എന്നും പറയാറുണ്ട്.
പാത്രിയർക്കിസ് ബാവ കുർബാന അർപ്പിക്കുന്ന സമയം, അദ്ദേഹം കസേരയിൽ അൾത്താരയുടെ ഇടതുഭാഗത്തായി ഒരു കസേരയിൽ ഇരിക്കുകയും ഒരു വൈദികൻ മദ്ബഹായുടെ വലതുഭാഗത്തെ പടിയിൽ നിന്നു വളരെ സ്പുടതയോടേ ലേഖനം വായിക്കുകയും ചെയ്യുന്നതുകണ്ടു. വലതുഭാഗത്തെ വേദവായന പതിവായി ജാതികളുടെ അപ്പോസ്തോലൻ എന്നു വിശേഷിപ്പിക്കുന്ന സെയിന്റ് പോളിന്റെ ലേഖനങ്ങളാണ്. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം, ക്രിസ്തുവിനോടുള്ള ബന്ധത്തിൽ വിശ്വസിക്കുന്ന യഹൂദന്മാരുടെയും വിജാതീയരുടെയും ഇടം ഒക്കെ പല ലേഖനങ്ങളിലായി വിവരിക്കുന്നു. അതുകൊണ്ടു എല്ലാ കുർബാനകളിലും ഈ വേദവായന നിർബന്ധമായും ശ്രദ്ധിച്ചു വായിക്കണം എന്നു സഭ ആവശ്യപ്പെടുന്നു. ഇത്തവണത്തെ വായന സെയിന്റ് പോൾ ഗലാത്യ സഭക്ക് എഴുതിയ ലേഖനം 4: 21 മുതൽ ആയിരുന്നു.
ഈ വായന ശ്രദ്ധിച്ച എല്ലാവർക്കും സൗജന്യമായി ലഭിക്കുന്ന ദൈവകൃപയുടെ ചൂട് സിരകളിലൂടെ സഞ്ചരിച്ചു. നീതി, നിയമം, വിശ്വാസം, പ്രവൃത്തി, കൃപ എന്നീ വിഷയങ്ങൾ സമൃദ്ധമായി ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു. ഗലാത്യർ 4:21-31 ബൈബിളിലെ ഭാഗത്തു പോൾ പറയുന്നത്, അടിമത്തത്തിൽ ജനിക്കുന്നതും സ്വാതന്ത്ര്യത്തിലേക്ക് ജനിക്കുന്നതും തമ്മിലുള്ള വ്യത്യാസം. “ഒരു ചിത്രം ആയിരം വാക്കുകൾക്ക് വിലയുള്ളതാണ്” എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗലാത്യരുടെ മനസ്സിൽ തൻ്റെ ആശയം മായാതെ സൂക്ഷിക്കുന്നതിനായി, പൗലോസ് പഴയനിയമത്തിൽ നിന്ന് അറിയപ്പെടുന്ന ഒരു സംഭവത്തെ ന്യായപ്രമാണത്തിൻ്റെയും കൃപയുടെയും കാര്യത്തിന് അനുയോജ്യമായ സന്ദർഭം ഉപയോഗിക്കുന്നു. ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ മനുഷ്യ പ്രയത്നം കൊണ്ടല്ല, ദൈവിക കൽപ്പനയിലൂടെയാണ് ലഭിക്കുന്നതെന്ന് കാണിക്കാൻ പോൾ അബ്രഹാമിൻ്റെ രണ്ട് ഭാര്യമാരായ സാറയുടെയും ഹാഗാറിൻ്റെയും അവരുടെ രണ്ട് ആൺമക്കളുടെയും ജീവിതം കാട്ടിത്തരുന്നു.
ഗലാത്യ ലേഖനം 21 :"എന്നോട് പറയൂ, നിയമത്തിന് കീഴിലായിരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ, നിയമം എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് അറിയില്ലേ? 22 എന്തെന്നാൽ, അബ്രഹാമിന് രണ്ട് ആൺമക്കൾ ഉണ്ടായി എന്ന് എഴുതിയിരിക്കുന്നു, ഒന്ന് അടിമ സ്ത്രീയിലും മറ്റൊരാൾ സ്വതന്ത്രയായ സ്ത്രീയിലും. 23 അവൻ്റെ പുത്രൻ അടിമ സ്ത്രീയിൽ ജനിച്ചത് ജഡപ്രകാരമാണ്, എന്നാൽ അവൻ്റെ പുത്രൻ സ്വതന്ത്രയായ സ്ത്രീയിൽ ജനിച്ചത് ദൈവിക വാഗ്ദാനത്തിൻ്റെ ഫലമായിട്ടാണ്. 24 ഇവയെ ആലങ്കാരികമായി എടുക്കുന്നു: സ്ത്രീകൾ രണ്ട് ഉടമ്പടികളെ പ്രതിനിധീകരിക്കുന്നു. ഒരു ഉടമ്പടി സീനായ് പർവതത്തിൽ നിന്നുള്ളതാണ്, അടിമകളായിരിക്കേണ്ട കുട്ടികളെ പ്രസവിക്കുന്നു: ഇതാണ് ഹാഗർ. 25 ഇപ്പോൾ ഹാഗാർ അറേബ്യയിലെ സീനായ് പർവതത്തെ പ്രതിനിധീകരിക്കുന്നു, കൂടാതെ അവളുടെ മക്കളോടൊപ്പം അവൾ അടിമത്തത്തിലായതിനാൽ ഇപ്പോഴത്തെ ജറുസലേം നഗരത്തോട് യോജിക്കുന്നു. 26 എന്നാൽ മുകളിലുള്ള യെരൂശലേം സ്വതന്ത്രയാണ്, അവൾ നമ്മുടെ അമ്മയാണ്.
28 ഇപ്പോൾ സഹോദരന്മാരേ, നിങ്ങൾ യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്തിൻ്റെ മക്കളാണ്. 29 അക്കാലത്ത് ജഡപ്രകാരം ജനിച്ച മകൻ ആത്മാവിൻ്റെ ശക്തിയാൽ ജനിച്ച മകനെ ഉപദ്രവിച്ചു. ഇപ്പോളും അങ്ങനെ തന്നെ. 30 എന്നാൽ തിരുവെഴുത്ത് എന്താണ് പറയുന്നത്? "അടിമയെയും അവളുടെ മകനെയും ഒഴിവാക്കുക, അടിമസ്ത്രീയുടെ മകൻ ഒരിക്കലും സ്വതന്ത്രസ്ത്രീയുടെ മകനുമായി അനന്തരാവകാശത്തിൽ പങ്കുചേരുകയില്ല." 31 അതിനാൽ, സഹോദരന്മാരേ, ഞങ്ങൾ അടിമസ്ത്രീയുടെ മക്കളല്ല, മറിച്ച് സ്വതന്ത്രയായ സ്ത്രീ.
അബ്രഹാമിൻ്റെ ഭാര്യയായ സാറ വന്ധ്യയായിരുന്നു, അവൾ "ജനതകളുടെ മാതാവ്" ആയിരിക്കുമെന്നും അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കുമെന്നും ദൈവം അബ്രഹാമിനോട് വാഗ്ദാനം ചെയ്തു, പക്ഷേ സാറ വിശ്വസിച്ചില്ല. അതുകൊണ്ടു അബ്രഹാമിന് തൻ്റെ ഈജിപ്ഷ്യൻ ദാസിയായ ഹാഗാറിൽ ഒരു കുട്ടിയുണ്ടാകാൻ സാറ നിർദ്ദേശിച്ചു. ഹാഗാർ ഇസ്മായേലിനെ പ്രസവിച്ചു. ഏകദേശം 13 വർഷങ്ങൾക്ക് ശേഷം അബ്രഹാമിനും സാറയ്ക്കും ഇസഹാക്ക് ജനിച്ചതിനുശേഷം, ഇസഹാക്ക് അബ്രഹാമിൻ്റെ ഏക അവകാശിയായി, ഇസ്മായേലും ഹാഗാറും മരുഭൂമിയിലേക്ക് നാടുകടത്തപ്പെട്ടു, എന്നാൽ ഇസ്മായേൽ തൻ്റേതായ ഒരു വലിയ ജനതയെ ഉയർത്തുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. അതാണ് അറബ് വംശം എന്ന് പിന്നീട് അറിയപ്പെട്ടത്.
ഒരു കാലത്തെ ശരിയെന്നു തോന്നിയ തീരുമാനം ദൈവഹിതമല്ല; അതിൽ അടിമത്തത്തിന്റെ ചങ്ങല തെളിഞ്ഞുനിൽക്കുന്നു, അതിനാൽ അതിനെ ഉപേക്ഷിച്ചു ക്രിസ്തുവിൽ സ്വതന്ത്രരായിരിക്കുക എന്ന വ്യക്തമായ വേദോപദേശമാണ് അപ്പോസ്തോലൻ പോൾ ഗലാത്യരോടു പറഞ്ഞത്, അത് ഇന്ന് മലങ്കര സഭക്കും നൽകപ്പെട്ട സുവിശേഷ വചനമായി തിരിച്ചറിയാം.
പാരമ്പര്യമനുസരിച്ച്, ഒന്നാം നൂറ്റാണ്ടിൽ (ഏകദേശം 52 എഡി) തോമാശ്ലീഹായുടെ ദൗത്യങ്ങളിൽ നിന്നാണ് സെന്റ് തോമസ് ക്രിസ്ത്യൻ ചരിത്രം ഇന്ത്യയിൽ ഉത്ഭവിച്ചത്.സെൻ്റ് തോമസ് ക്രിസ്ത്യാനികൾക്ക് പേർഷ്യൻ ചർച്ച് ഓഫ് ദി ഈസ്റ്റുമായി കുറഞ്ഞത് ആറാം നൂറ്റാണ്ട് മുതലെങ്കിലും ബന്ധമുണ്ടായിരുന്നു. ആരാധനക്രമ ഉപയോഗത്തിനായി ഇന്ത്യക്കാർ അതിൻ്റെ കിഴക്കൻ സുറിയാനി ഭാഷ പാരമ്പര്യമായി സ്വീകരിച്ചു, ക്രമേണ ആചാരങ്ങളിലും സിദ്ധാന്തങ്ങളിലും സുറിയാനി ക്രിസ്ത്യാനികളായി.
1599 ലെ ഉദയംപേരൂർ സുന്നഹദോസിനു ശേഷം ഏകദേശം 54 വർഷക്കാലം സെൻ്റ് തോമസ് ക്രിസ്ത്യാനികൾ റോമിൻ്റെ അധിനിവേശത്തിൻ കീഴിലും തുടർന്ന് വിഭജിക്കപ്പെട്ട അവസ്ഥയിലും തുടർന്നു. 1653-ൽ മട്ടാഞ്ചേരിയിലെ കൂനൻകുരിശു സത്യപ്രതിജ്ഞയോടെ, സെൻ്റ് തോമസ് ക്രിസ്ത്യൻ ചർച്ച് മൊത്തത്തിൽ റോമൻ കത്തോലിക്കാ മതത്തോടുള്ള അവരുടെ നിർബന്ധിത വിധേയത്വം അട്ടിമറിക്കുകയും ഇന്ത്യയുടെ ഒരു സഭയെന്ന നിലയിൽ അവരുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും അവരുടെ പൗരസ്ത്യ സഭാ പൈതൃകവും തദ്ദേശീയ സവിശേഷതകളും പുനരുജ്ജീവിപ്പിക്കാനും തീരുമാനിച്ചു.
പോർച്ചുഗീസ് പീഡനകാലത്ത്, ഇന്ത്യയിലെ സെൻ്റ് തോമസ് ക്രിസ്ത്യാനികൾ അവരുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സഹായത്തിനായി അന്ത്യോക്യയിലെ സിറിയക് ഓർത്തഡോക്സ് ചർച്ചിനോട് അഭ്യർത്ഥിച്ചു, അന്ത്യോക്യയിലെ സുറിയാനി ഓർത്തഡോക്സ് പാത്രിയാർക്കീസ് 1665-ൽ ബിഷപ്പ് ഗ്രിഗോറിയോസ് അബ്ദുൾ ജലീലിനെ ഇന്ത്യയിലേക്ക് അയച്ചു. അങ്ങനെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അന്ത്യോക്യയിലെ സിറിയൻ ഓർത്തഡോക്സ് ചർച്ചുമായുള്ള ബന്ധം 1665 ൽ ആരംഭിച്ചു. ബിഷപ്പ് ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ മലങ്കര സഭയുടെ പുതിയ നേതാവായി ആർച്ച്ഡീക്കൻ തോമസിനെ ബിഷപ്പ് തോമസ് ഒന്നാമനായി വാഴിച്ചു. മലങ്കര സഭ അടുത്ത രണ്ട് നൂറ്റാണ്ടുകളിൽ പശ്ചിമ സുറിയാനി ആരാധനക്രമവും ആചാരങ്ങളും സ്വീകരിച്ചു.
അന്ത്യോക്യയിലെ സുറിയാനി ഓർത്തഡോക്സ് സഭയുമായുള്ള മലങ്കര സഭയുടെ ബന്ധം തുടക്കത്തിൽ ആത്മീയമായിരുന്നു, എന്നാൽ അന്ത്യോഖ്യയിലെ സുറിയാനി പാത്രിയർക്കീസ് ഒടുവിൽ ഇന്ത്യൻ സഭയുടെ അധികാരപരിധി അവകാശപ്പെട്ടു. 1912-ൽ മലങ്കര സഭ അതിൻ്റെ സ്വാതന്ത്ര്യത്തെയും അപ്പസ്തോലിക സ്വത്വത്തെയും പ്രതീകപ്പെടുത്തുന്നതിനായി കാതോലിക്കേറ്റ് സ്ഥാപിച്ചു. 1958-ൽ ഇന്ത്യൻ കതോലിക്കാ സഭയുടെ ശരിയായ തലവനായി ഇന്ത്യൻ സുപ്രീം കോടതി അംഗീകരിച്ചു.1934-ൽ സഭയുടെ ഭരണഘടന രൂപീകരിച്ചതിനുശേഷം ഈ സഭയുടെ പേര് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയായി മാറി. ഇന്ത്യയിലെ സെൻ്റ് തോമസ് ക്രിസ്ത്യാനികളുടെ സഭയുടെ വിശ്വസ്തരായ യഥാർത്ഥ പിൻഗാമികളും യഥാർത്ഥ തുടർച്ചയും തങ്ങളാണെന്ന് അവർ വിശ്വസിക്കുന്നു. മലങ്കര ഓർത്തഡോൿസ് സഭ അതിൻ്റെ പ്രാദേശിക നേതൃത്വത്താൽ പൂർണ്ണമായും സ്വയം ഭരിക്കപ്പെടുകയും തദ്ദേശീയവുമാണ്.
1964-ൽ, അന്ത്യോഖ്യായിലെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും സ്ഥാനോരഹനത്തിനു നേതൃത്വം നൽകി. 1934-ൽ അംഗീകരിച്ച സഭാ ഭരണഘടന സാധുവാണെന്ന് ഇന്ത്യൻ സുപ്രീം കോടതി പ്രഖ്യാപിച്ചു. 2002-ൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ മലങ്കര അസോസിയേഷനിൽ പുതിയ തിരഞ്ഞെടുപ്പ് നടന്നു. മലങ്കര ഓർത്തഡോൿസ് കാതോലിക്കാ ഔദ്യോഗികവും നിയമാനുസൃതവുമായ മലങ്കര മെത്രാപ്പോലീത്തയാണെന്ന് പ്രഖ്യാപിക്കുകയും ഈ തീരുമാനത്തെ ഒരു വേദിയിലും തർക്കിക്കാൻ കഴിയില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ യാക്കോബായ വിഭാഗം ഈ അസോസിയേഷനിൽ നിന്ന് വിട്ടുനിക്കയും മറ്റൊരു അസോസിയേഷനും ഭരണഘടനക്കും രൂപം നൽകി. 2017 ജൂലൈ 3-ന്, മലങ്കര ഓർത്തഡോൿസ് സഭയുടെ ഭരണഘടന നിയമപരമായി എല്ലാവർക്കും ബാധകമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു.മറ്റു സമാന്തര ഭരണം അസാധുവാണെന്നും പ്രഖ്യാപിച്ചു.
സിറിയയിലെ ക്രിസ്ത്യാനികൾ ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമത സേനയുടെ നിയന്ത്രണത്തിൽ അനിശ്ചിതവും അപകടകരവുമായ ഭാവിയെ അഭിമുഖീകരിക്കുന്നുവെന്ന് ഒരു മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നൽകി. നഗരത്തിലെ ന്യൂനപക്ഷമായ ക്രിസ്ത്യൻ ജനസംഖ്യ, വർഷങ്ങളായി ആഭ്യന്തരയുദ്ധം മൂലം ഗണ്യമായി കുറഞ്ഞു, ഇപ്പോൾ വർദ്ധിച്ചുവരുന്ന ഭീഷണികളും നിയന്ത്രണങ്ങളും ഭയന്ന് പിടിമുറുക്കുന്നു. ഇന്ന്, സിറിയക് ഓർത്തഡോക്സ് സഭ, അർമേനിയൻ ഓർത്തഡോക്സ്, കത്തോലിക്കാ സഭകൾ, അസീറിയൻ ചർച്ച് ഓഫ് ഈസ്റ്റ് എന്നിവയും മറ്റുള്ളവരും ഉൾപ്പെടുന്ന സമൂഹം ഏകദേശം 300,000 ആയി ചുരുങ്ങി.പൗരസ്ത്യ ഓർത്തഡോക്സ് പാരമ്പര്യം സിറിയയിൽ പ്രതിനിധീകരിക്കുന്നത് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് ഓഫ് അന്ത്യോക്യയാണ്, രാജ്യത്തെ ഏറ്റവും വലുതും പഴയതുമായ ക്രിസ്ത്യൻ സമൂഹമാണ് അത്. 634-ൽ ലെവൻ്റ് മുസ്ലീം കീഴടക്കുന്നതിന് മുമ്പ്, സിറിയ കിഴക്കൻ ഓർത്തഡോക്സ് ക്രിസ്തുമതത്തിൻ്റെ കേന്ദ്രമായിരുന്നു.
സിറിയയിൽ വരാനിരിക്കുന്ന ദിവസങ്ങളും ആഴ്ചകളും ക്രിസ്ത്യൻ സമൂഹത്തിൻ്റെ ഗതിക്ക് നിർണായകമായിരിക്കും,അനിശ്ചിതവും അപകടകരവുമായ ഭാവിയെ അഭിമുഖീകരിക്കുക.ഹോംസ് ആർച്ച് ബിഷപ്പ്ജാ ക്ക് മൗറാദ് പറഞ്ഞു "ഇത് അലപ്പോയിലെ ക്രിസ്ത്യാനികളുടെ മഹത്തായ ചരിത്രത്തിൻ്റെ അവസാനമാണ്". 2013ൽ കാണാതായ അലപ്പോയിലെ 2 ബിഷപ്പുമാർ രക്തസാക്ഷിത്വം വരിച്ചു എന്നാണ് കരുതുന്നത്. ഇപ്പോൾ സിറിയയുടെ അധികാരം പിടിച്ചെടുത്ത തീവ്ര നിലപാടുകളുള്ള HTS മൈനോരിറ്റിക്കു പൂർണ്ണ സംരക്ഷണം നൽകും എന്ന് പറഞ്ഞിരിക്കുന്നു. അതിനു ന്യായമായ വില ആ സമൂഹം നൽകേണ്ടിവരും. ആ വില കാലക്രമത്തിൽ കൂടിക്കൂടി ഒന്നുകിൽ മതംമാറുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ എന്ന സാഹചര്യത്തിൽ എത്തിക്കും എന്നാണ് മുൻകാല ചരിത്രം ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരം ഒരു സാഹചര്യത്തിൽ മലങ്കര സഭയിൽ ഇരുകക്ഷികളുമായി തമ്മിലടിച്ചു നിൽക്കാതെ യോജിപ്പിനുള്ള എന്തെങ്കിലും സാധ്യതകൾക്ക് പാത്രിയർക്കിസ് ബാവ തയ്യാറാവും എന്നാണ് എല്ലാവരും കരുതിയത്. ഇന്ത്യയിലെ രാഷ്ട്രീയ നീക്കങ്ങളും കോടതിവിധിയുടെ അടിസ്ഥാന രീതികളും പാത്രിയർക്കിസ് ബാവയെ ധരിപ്പിക്കാൻ പോയ രണ്ടു ബിഷോപ്പൻമാർ മാർ നിക്കോളോവോസും മാർ അത്തനാസിയോസും പാത്രിയർക്കിസ് വാഴിച്ചവരും സമാധാന ശ്രമങ്ങളിൽ നിലപാടുകൾ എടുത്തു മലങ്കര ഓർത്തഡോൿസ് സഭയിൽ ഇപ്പോൾ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നവരുമാണ്. സിറിയയിലെ അസമാധാനത്തിന്റെ തീച്ചൂളയിൽ നിന്നും മറ്റുള്ളവർക്ക് സമാധാനം കൊടുക്കാൻ കഴിയണമായിരുന്നു. ഓർത്തഡോൿസ് കാതോലിക്ക ബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് മൂന്നാമൻ, സമാധാനത്തിനുള്ള വെള്ളക്കൊടി കാട്ടുകയും , ഇന്ത്യൻ സുപ്രീം കോടതി സഭ ഒന്നായിപ്പോകണം എന്ന അന്ത്യശാസന നൽകുകയും ചെയ്തു. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകൾ ഇന്ന് ക്രിസ്തീയ സമൂഹത്തിന് വെല്ലുവിളിയായി വളരെവേഗം ഉയരുകയാണ്. ഒന്നിച്ചുനിൽക്കുന്നതു സാക്ഷ്യത്തിനായുള്ള ആദർശപരമായ കാഴ്ചപ്പാടല്ല; പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പാണ് എന്ന ബോധ്യം ഇനിയും എന്നാണ് ഉണ്ടാവുക എന്നറിയില്ല. ചെറുപ്പക്കാർ ഒന്നടങ്കം നാടുവിട്ടുപോകുന്നു, ആർക്കും പള്ളിരാഷ്ട്രീയത്തിൽ വലിയ ആത്മാർത്ഥയില്ല, താൽപ്പര്യവുമില്ല. കേരളത്തിൽ ശൂന്യമായിക്കിടക്കുന്ന വീടുകൾപോലെ അനാഥമായ പള്ളികളും താമസിയാതെ കാണാൻ കഴിയും.
എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ചും എറിട്രിയൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ചും കോപ്റ്റിക് സഭയിൽ നിന്ന് ഉത്ഭവിച്ചതായി കണക്കാക്കപ്പെടുന്നു, കാരണം അവ ഒരേ അലക്സാണ്ട്രിയൻ ആരാധനാക്രമം പങ്കിടുകയും വിശാലമായ ഓറിയൻ്റൽ ഓർത്തഡോക്സ് കൂട്ടായ്മയുടെ ഭാഗവുമാണ്, കോപ്റ്റിക് സഭ ഒരു പ്രമുഖ സഭയായി കാണപ്പെടുന്നു. ഈ ഗ്രൂപ്പിനുള്ളിൽ; എറിത്രിയ സ്വാതന്ത്ര്യം നേടിയപ്പോൾ, എറിട്രിയൻ ഓർത്തഡോക്സ് സഭയ്ക്ക് കോപ്റ്റിക് പോപ്പ് ഷെനൂദ മൂന്നാമൻ്റെ പിന്തുണയോടെ ഓട്ടോസെഫാലി (സ്വയം ഭരണം) ലഭിച്ചു. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ചും എറിത്രിയൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ചും ഒരേ വിശ്വാസങ്ങളും ആരാധനക്രമവും ചരിത്രവും പങ്കിടുന്ന ഓറിയൻ്റൽ ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗങ്ങളാണ്, അടിസ്ഥാനപരമായി, അവ ഒരേ വിശ്വാസമാണ്, എന്നാൽ അവയുടെ വ്യത്യസ്ത രാജ്യങ്ങൾ കാരണം പ്രത്യേക ഭരണ ഘടനയുണ്ട്. ഇങ്ങനെയാണ് കിഴക്കൻ യൂറോപ്പിലെ ഓർത്തഡോൿസ് സഭകളും സ്വതന്ത്രമായ സംവിധാങ്ങളായാണ് പൊരുത്തപ്പെട്ടുപോകുന്നത്.
സമാധാന ശ്രമങ്ങൾ തള്ളിക്കളഞ്ഞു പാത്രിയർക്കിസ് അടിച്ചേൽപ്പിക്കുന്ന സമാന്തരഭരണം ഒരു വലിയ വ്യവഹാരത്തിനാണ് വഴിമാറുന്നത്. ഒരിക്കലും ഇന്ത്യൻ ന്യായവ്യവസ്ഥിതിയിൽ ഇത്തരം ഒരു നീക്കത്തിന് പിന്തുണ ലഭിക്കില്ല എന്നറിയാമായിരുന്നിട്ടും അശാന്തിയുടെ വിത്തുകൾ വിതക്കുന്ന രീതി പൊറുക്കാനാവാത്ത തെറ്റുതന്നെയാണ് എന്ന് കാലം തെളിയിക്കും. സുറിയാനി ക്രിസ്ത്യാനികൾ തമ്മിലുള്ള നൂറ്റാണ്ടുകൾ നീണ്ടുനിന്ന കുടിപ്പകയിൽ ലക്ഷക്കണക്കിനു അഫ്ഗാൻ സുറിയാനി ക്രിസ്ത്യാനികൾ നാമവിശേഷമായിപോയ ചരിത്രം ഓട്ടോമൻ ചരിത്ര രേഖകളിൽ ഉണ്ട്. അങ്ങനെ ഭാരതത്തിലെ ഓർത്തഡോൿസ് പാരമ്പര്യത്തിന്റെയും അന്തകനായി സുറിയാനി പാത്രിയർക്കിസ് രേഖപ്പെടുത്താനിടയാകരുത്.
എല്ലാ ബഹുമാനത്തോടെയും ആദരവോടെയും ഭാരതത്തിലെ ഓർത്തഡോൿസ് സഭകളെ സ്വതന്ത്രമായി നിൽക്കാൻ അനുവദിച്ചാൽ പറയുന്ന സുവിശേഷം പൂർണ്ണമാകും. മലങ്കരയിൽ സമാധാനം ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എല്ലാകുടുംബങ്ങൾക്കും അങ്ങോട്ടും ഇങ്ങോട്ടും ബന്ധങ്ങൾ ഉണ്ട്. പരസ്പരം മെത്രാന്മാരും വൈദികരും ആദരവോടെ പെരുമാറുകയും ചെയ്യുന്നുണ്ട്. ഒന്നായി പള്ളിയിൽ പോയ ദിനങ്ങൾ ഇന്നും ഓർമ്മിച്ചെടുക്കാൻ ഉണ്ടാവും. എന്തിന്റെ പേരിലാണ് വിഘടിച്ചുനിൽക്കുന്നതു എന്ന് അറിയാം. അത് ഒരു പോയിന്റിൽ മാത്രം, പാത്രിയർക്കിസ് ബാവ സ്വന്തം ആടുകളെ അന്വേഷിച്ചു അവരെ കരുതുക. മലങ്കരസഭയിലെ അവകാശ അധികാരങ്ങൾ ഉപേക്ഷിക്കുക. മലങ്കരയിൽ സമാധാനം തനിയെ ഉണ്ടായിക്കൊള്ളും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ ദൈവമക്കൾ എന്നു വിളിക്കപ്പെടും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും."