ഒരു പുസ്തകം കൈയ്യിലെടുക്കുമ്പോൾ ഒരു ജീവിതമാണ് കയ്യിലെടുക്കുന്നത് എന്ന വാൾട്ടർ മാൻ്റെ വാക്കുകൾ എല്ലാ കലാരൂപങ്ങൾക്കും ബാധകമാണ്. എല്ലാ കലകളും ആത്മകഥാ പരമാണ്. മുത്ത് എന്നത് ചിപ്പിയുടെ ആത്മകഥയാണ്. മനോ ജേക്കബിൻ്റെ ആത്മകഥയാണ് ഒരു പിരിയൻ ഗോവണി എന്ന ഈ പുസ്തകം.
മനോ ജേക്കബിൻ്റെ ഈ പുസ്തകത്തിൻ്റെ മുഖതാളിൽ ഇതൊരു ആത്മകഥയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത് ഒരു ആത്മകഥയുടെ ഗണത്തിൽപ്പെടുത്താവുന്ന പുസ്തകമല്ല. ഫിലോസഫി എന്ന ഗണമാവും കൂടുതൽ ഉചിതം. അനേകം ദർശനങ്ങളുടെ ഒരു ഘോഷയാത്രയാണീ പുസ്തകത്തിലുടനീളം. തൻ്റെ ജീവിതത്തേക്കുറിച്ചും കുടുംബത്തേക്കുറിച്ചും ചുറ്റുപാടുകളേക്കുറിച്ചും സമൂഹത്തേക്കുറിച്ചും തനതായ നിരീക്ഷണങ്ങളുണ്ട്. വായിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഉപകരിക്കുന്ന എന്തൊക്കയോ ഓരോ താളിലും ഉണ്ട്. നല്ല ഭാഷാഭംഗിയുള്ള വാചകങ്ങൾ കവിത പോലെ വായിച്ചു പോകാം.
പിരിയൻ ഗോവണി ചവിട്ടിക്കയറാൻ നല്ല പ്രയാസമാണ്. അതുപോലുള്ള ജീവിതസന്ധികളാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. നമ്മുടെ ഡിഎൻഎ യുടെ ഘടനയും പിരിയൻ ഗോവണി പോലെയാണല്ലോ. പുസ്തകത്തിൻ്റെ കവർ പേജിൽ നൽകിയിരിക്കുന്നത് ഡിഎൻഎ യുടെ ഘടനയാണ്. ഈ പുസ്തകത്തിൽ ചിരിയുണ്ട് കരച്ചിലുണ്ട്, വേദന തോന്നുന്ന വിവരണങ്ങളുണ്ട്.
എഴുത്തുകാരിയുടെ എല്ലാമായിരുന്ന ഡാഡി പന്ത്രണ്ടാം വയസ്സിൽ നഷ്ടപ്പെട്ടു. ഇന്ത്യൻ വിമാനസൈനികനായിരുന്ന ഡാഡിയോടൊപ്പം ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിലായിരുന്നു ബാല്യം. കാശ്മീരിലായിരുന്നു ജനനം. അദ്ധ്വാനം അച്ഛനിൽ നിന്നും സംസ്‌കാരം അമ്മയിൽ നിന്നും പഠിക്കണമെന്ന് ബാല്യകാല കഥകളിലൂടെ പഠിച്ചു. സൈനിക ഇടത്താവളങ്ങളിൽ നിന്ന് പഠനത്തിന് സ്ഥിരത ലഭിക്കുന്നതിനായി അമ്മയോടൊപ്പം കല്ലിശ്ശേരി എന്ന ഗ്രാമത്തിലെത്തി.
അച്ഛൻ്റെ പെട്ടെന്നുള്ള മരണം കാരണം മുപ്പത്തി മൂന്നാം വയസ്സിൽ അമ്മ വിധവയായി. യൗവനത്തിൽ വിധവയാകേണ്ടി വന്ന അമ്മയും മൂന്നു മക്കളും നേരിടുന്ന പ്രശ്നങ്ങൾ. അമ്മയ്‌ക്കു നേരേ ഉയർന്ന ആരോപണങ്ങളുടെ കുന്തമുന. അമ്മ ചാറ്റൽ മഴയും അച്ഛൻ ആലിപ്പഴം പോലെയുമാണെന്ന് പറയുന്നു. എഴുത്തുകാരിയുടെ അമ്മ ആ പടികൾ നിശ്ശബ്ദമായി കയറി. സങ്കടക്കടലിൽ പെട്ടുപോയ മനുഷ്യരുടെ ആത്മനൊമ്പരങ്ങളെ ചരിത്രത്തിൻ്റെയും ആത്മീയതയുടേയും തത്വജ്ഞാനത്തിൻ്റെയും ചവിട്ടുപടികളിലൂടെ കയറി വിജയത്തിലേക്ക് പോകുന്നത് വായനക്കാരക്കായി വിവരിച്ചിരിക്കുന്നു.
ചെറുപ്പം മുതൽ പ്രപഞ്ചസൃഷ്ടാവിനെ അപ്പായെന്നു വിളിച്ചു പ്രാർത്ഥിക്കുന്ന ശീലം ഉണ്ടായിരുന്നു. ഭൂമിയിലെ അപ്പൻ്റെ സ്നേഹത്തിൻ്റെ ഉറവ വറ്റിപ്പോകുമ്പോഴൊക്കെ പ്രപഞ്ചസൃഷ്ടാവ് സ്നേഹത്തിൻ്റെ പുതപ്പുകൊണ്ട് മൂടുമെന്ന സത്യം പ്രകൃതിയിൽ നിന്നും സ്വയം പഠിച്ചെടുത്തു. ചെറുപ്പത്തിൽ തന്നെ പ്രകൃതിയിലേക്ക് നോക്കി അതിൽ നിന്നും പാഠങ്ങൾ പഠിക്കുന്നതിന് പരിശീലിച്ചു. അപ്പൻ്റെ വേർപാടിനു ശേഷം ബൈബിളിൽ പിതാവ് എന്ന വാക്ക് പെൻസിൽ കൊണ്ട് വെട്ടി ഡാഡി എന്ന് എഴുതിയപ്പോൾ ഡാഡി കൂടുതൽ അനുഭവവേദ്യമായി. സ്വർഗ്ഗസ്ഥനായ എൻ്റെ ഡാഡി എന്നു വിളിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവം എഴുത്തുകാരിക്ക് ഡാഡിയായി രൂപാന്തരപ്പെടും. ഡാഡി എന്നും മുൻപേ പറക്കുന്ന പക്ഷിയായിരുന്നു.
പത്തൊൻപതാം വയസ്സിലെ വിവാഹ ശേഷം അമേരിക്കയിലേക്ക് വന്നു. അമേരിക്കയിലെ കണക്ടിക്കട്ടിൽ പഠനവും ജീവിതവും തുടരുന്നു. തിരുകുടുംബം പോലെ ഒരു കുടുംബജീവിതമാണ് നയിക്കാൻ ശൃമിക്കുന്നത്. രാജൂച്ചായൻ നീതിമാനായ ജോസേഫിൻ്റെ തലത്തിലേക്ക് നേരത്തേ എത്തിയിരുന്നു. സൂഫി ഗുരുക്കൾ പറയുന്ന പക്ഷിമാനസത്തിൽ - പക്ഷിത്തൂവൽ പോലെ ഭാരരഹിതമായ ജീവിതം - ഭർത്താവിനെ നക്ഷത്രം പോലെ അവതരിപ്പിക്കുന്നു. അമേരിക്കയിൽ ചേക്കേറിയതിനു ശേഷം മമ്മിയേയും അമേരിക്കയിലെത്തിച്ചു.
ഒരു വിത്ത് മുളപൊട്ടി വലുതാകുന്നതിനേക്കാൾ വലിയൊരു വിസ്മയം ഭൂമിയിലില്ല. പ്രസവമുറിയിലെ മയക്കത്തിൽ നിന്നും ഉണർന്നത്, ജീവിതത്തിലെ ഏറ്റവും ആനന്തകരമായ "റ്റൂ ബ്യൂട്ടിഫുൾ ഗേൾസ്" എന്ന ശബ്ദം കേട്ടുകൊണ്ടാണ്. അമ്മയുടെ ഗർഭപാത്രത്തിൻ്റെ തുടർച്ചയായ ഇരട്ടകുട്ടികളുടെ വീടിനെ, സുരക്ഷിതത്വത്തിൻ്റെ പ്രതീകമായ വീടിനെ, സ്വർഗ്ഗമാക്കുവാനുള്ള പരിശ്രമം തുടരുകയാണ്. അമ്മമാർ മക്കളെ വളർത്തേണ്ടത് തങ്ങൾക്കു വേണ്ടിയല്ല ലോകത്തിനു വേണ്ടിയാണെന്നറിഞ്ഞ് അറിവാണ് സൗന്ദര്യമെന്ന് തൻ്റെ പെണ്മക്കളെ പഠിപ്പിക്കാൻ മറന്നില്ല. ഏതൊരു വൃക്ഷവും വളരുന്ന ദിശയിലേക്കു തന്നെയാവും ഒടുക്കം പതിക്കുക അതുകൊണ്ട് കുഞ്ഞുങ്ങളുടെ ദിശ തിരിച്ചു വിടുവാനുള്ള ദാർശിനികതയുടെ പ്രധാന ചുമതലക്കാരി അമ്മയാണെന്നറിഞ്ഞ് അമേരിക്കയിൽ ജനിച്ച മക്കളെ ഇന്ത്യൻ സംസ്‌കാരം അറിഞ്ഞ് വളർത്തുന്നു.
കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നടത്തിയ യാത്രയിലെ നന്മകൾ ഒപ്പം കൂട്ടിയിരിക്കുന്നു. കിഴക്കൻ മണ്ണിൻ്റെ നനവും പടിഞ്ഞാറൻ മണ്ണിൻ്റെ ശ്വാസവും നമുക്ക് ഓരോ വരികളിലും വായിച്ചെടുക്കാനാവും. മുപ്പതിൽധികം വർഷത്തെ അമേരിക്കൻ ജീവിതത്തിൽ നിന്നും അവസരങ്ങളുടെ അനന്തസാഗരമാണ് അമേരിക്കയെന്ന് അടിവരയിടുന്നു. തീക്ഷ്ണമായി ആഗ്രഹിച്ചാൽ, ഇവിടെ എന്തും നേടാം. പരിശ്രമിക്കാനുള്ള മനസ് വേണമെന്ന് മാത്രം. ഭൂമിയെ സുന്ദരമാക്കാനും മെച്ചപ്പെടുത്തുവാനുമുള്ള കർമ്മയോഗം മാത്രമാണ് തൊഴിൽ എന്ന അറിവിലാണ് കണക്റ്റിക്കട്ട് ഗവർണ്ണേഴ്സ് കാപ്പിറ്റോളിൽ പ്രിൻസിപ്പൽ അനലിസ്റ്റായി ജോലി ചെയ്യുന്നത്. മറവിയും ഓർമ്മയും ഇരട്ട സഹോദരിമാരാണെന്ന് കേട്ടിട്ടുണ്ട്. മറവിയും ഓർമ്മയും കൂട്ടിക്കലർത്തിയ ചവർപ്പുമധുരത്തിൻ്റെ ലോകമാണ് അമേരിക്കൻ ജീവിതം സമ്മാനിച്ച ജീവിതാനുഭവങ്ങളുടെ ആകെത്തുക.
ആറാം ഇന്ത്രിയമായ മനസ്സും ചേർത്തു വെച്ചെങ്കിലേ വായന പൂർണ്ണമാവുകയുള്ളൂ. പ്രധാന ഭാഗങ്ങൾക്ക് വരയിട്ട് തുടങ്ങിയാൽ മുഴുവൻ വരികൾക്കും വരയിടേണ്ടി വരും. കരി വജ്രമാകും പോലെ, നദിയെന്നാണ് തന്നെ വിളിക്കേണ്ടത്, തിരുത്തി എഴുതുവാനാത്ത തിരക്കഥയാണ് ജീവിതം, ഭൂമിയുടെ വൈദ്യന്മാരാകണം മനുഷ്യൻ തുടങ്ങിയവയൊക്കെ ആഖ്യാന മികവിന് ഉദാഹരണങ്ങളാണ്. ഞായറഴ്ച കാലത്ത് പള്ളിയിൽ പോകുമ്പോൾ അണിയുകയും വൈകിട്ട് ഊരി വെക്കുകയും ചെയ്യുന്ന ഞായറാഴ്ച ആഭരണമായി മതാത്മകരുടെ ആദ്ധ്യാത്മിക ജീവിതം മറിയിരിക്കുന്നുവെന്ന് ഖേദിക്കുന്നു. ഏകാന്തതകളിൽ ഇടപെടുകയാണ് മനുഷ്യന് ദൈവം ആകാനുള്ള ഒരു അവസരം. അങ്ങനെ ഓരോ വരികളും പ്രാധാന്യമുള്ളവയാണ്.
നമ്മൾ മൂലം ഭൂമി സൗഖ്യം അനുഭവിക്കണമെന്ന് എഴുത്തുകാരിക്ക് ഉറച്ച നിലപാടുണ്ട്. ആയുധമല്ല കലപ്പയാണ് പണിയേണ്ടത്, വാളുകളെ അടിച്ചു പരത്തി കലപ്പകളാക്കുവാനുള്ള യജ്ഞം മനുഷ്യന് ദൈവമുഖം നൽകും എന്ന് പറഞ്ഞ് ഇന്നിൻ്റെ രാഷ്ട്രീയവും വെളിപ്പെടുത്തുന്നുണ്ട്. പുറത്തുള്ള പ്രതിസന്ധികളെ മുഴുവൻ നീക്കം ചെയ്ത് ആർക്കും ഭൂമിയിൽ ജീവിക്കുവാനാകില്ല. ഉള്ളിൽ മാറ്റം ഉണ്ടായാൽ എന്തിനോടും പ്രതിരോധിക്കാം എന്ന് മനസ്സിലാക്കി നമ്മുടെ ഉള്ളിലാണ് മാറ്റം ഉണ്ടാകേണ്ടതെന്ന് പറയുന്നു.
തന്നെ സ്വാധീനിച്ച ഗുരുക്കന്മാരുടെ ജീവിതപാഠങ്ങളിലൂടെ സമാന ദുഃഖങ്ങളിൽ അവർ എങ്ങനെ വിജയിച്ചു എന്നു പറയുന്നതിലൂടെ വലിയൊരു അറിവ് വായനക്കാർക്ക് ലഭിക്കും. സൂഫിസം താവോയിസം മാവോയിസം ചാനിസം ബുദ്ധിസം ജെയിനിസം, സോഷ്യലിസം തുടങ്ങി ഗ്രീക് ജാപ്പനീസ് ഫിലോസഫിയിലൂടെയൊക്കെയാണ് എഴുതുകാരിയുടേയും വ്യക്തിത്വം രൂപപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാനാവും. മതാത്മകത, ശാസ്ത്രം, കഥ, കവിത എന്നിങ്ങനെ നാനാവശങ്ങളും സ്പർശിച്ചു കൊണ്ടായിരിക്കും വായനക്കാരൻ ഈ ഗോവണി കയറിയിറങ്ങുക.
കോട്ടയത്തെ വിൻസ്റ്റർ കാസ്റ്റിൽ ഹാളിൽ വെച്ച് നടന്ന പ്രൗഡ ഗംഭീർമായ ചടങ്ങിൽ വെച്ച് മന്ത്രി വി. എൻ. വാസവൻ ജസ്റ്റിസ് കെ. ടി. തോമസിനു നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്, പ്രകാശന ചടങ്ങിൻ്റെ വീഡിയോ യൂട്യൂബിൽ പൂർണ്ണമായും ലഭ്യമാണ്, 2 മണിക്കൂർ നീണ്ടു നിൽക്കുന്ന വീഡിയോ കാണുന്നത് ഒരിക്കലും നഷ്ടമാവില്ല.
നിർബ്ബന്ധമായും നാം ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. നാഷണൽ ബുക്ക് സ്റ്റാൾ ആണ് പുസ്തകം വിതരണം ചെയ്യുന്നത്. മറ്റൊരാൾ അറിയേണ്ട ആവശ്യമില്ലാത്ത ഹൃദയരഹസ്യങ്ങളുടെ ഏറ്റു പറച്ചിലായോ, എന്തു നേടിയെന്ന പൊങ്ങച്ചം പറച്ചിലായോ മിക്കപ്പോഴും ആത്മകഥകൾ അധഃപതിക്കാറുണ്ട്. പക്ഷേ ഈ പുസ്തകത്തിന് ആ കുറവൊന്നും ഇല്ല. ഇരട്ടക്കുട്ടികളായ മക്കൾ ആര്യയ്‌ക്കും അയനയ്‌ക്കുമാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. മക്കളുടെ ആവശ്യ പ്രകാരം അവർക്ക് വിവാഹ സമ്മാനമായി കൊടുക്കാനാണ് പുസ്തകം തയ്യാറാക്കിയത്. ഒന്നും നീട്ടി പരത്തി പറഞ്ഞിട്ടില്ല,1000 പേജിൽ എഴുതിയാലും തീരാത്ത തത്വചിന്തകളെ ആറ്റിക്കുറുക്കി 138 പേജിൽ ഒതുക്കിയിരിക്കുന്നു.
മനോ ജേക്കബ് (എഴുത്തുകാരി)
ഇന്ത്യൻ എയർഫോഴ്സ് കമാൻഡറായിരുന്ന ഇടിക്കൂള തോമസിൻ്റെ മകളായി കാഷ്മീരിൽ ജനനം. കൗമാരം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനും തിരുവല്ലയ്‌ക്കും ഇടയിലുള്ള കല്ലിശ്ശേരിയിൽ. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഊർജ്ജതന്ത്രത്തിൽ ബിരുദം. ഇരുപതാം വയസ്സിൽ അമേരിക്കയിൽ പ്രവാസിയായി. കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും ആക്ച്ചൂറിയൽ സയൻസിൽ ബിരുദാനന്തര ബിരുദം. കണക്റ്റിക്കട്ട് ഗവർണ്ണേഴ്സ് കാപ്പിറ്റോളിൽ പ്രിൻസിപ്പൽ അനലിസ്റ്റായി ജോലി ചെയ്യുന്നു. സഭാചരിത്രം, ലേഖനങ്ങൾ, കഥകൾ, കവിതകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുകുമാർ അഴിക്കോട് - തത്ത്വമസി സാംസ്കാരിക അക്കാഡമിയുടെ സാഹിത്യ പുരസ്കാരം ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്.
ഭർത്താവ് :- കുരുവിള ജേക്കബ്, മക്കൾ :- ആര്യ, അയന.
email :- manoidiculla@yahoo.com