യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയർക്കീസ് ബാവ കേരളത്തിൽ പത്തു ദിവസത്തെ സന്ദർശനത്തിനായി എത്തിയെങ്കിലും മൂന്നു ദിവസങ്ങൾക്കു ശേഷം ചില പ്രത്യേക സാഹചര്യങ്ങൾ മൂലം ഇന്ത്യയിൽ നിന്നും മടങ്ങുവാൻ നിർബ്ബന്ധിതനായി. യാക്കോബായ സഭയുടെ ഇന്ത്യയിലെ തലവനായിരുന്ന ശ്രേഷ്‌ഠ കാതോലിക്കായുടെ നാൽപ്പതാം ചരമ ദിനത്തിൽ ശുശ്രൂഷകൾക്കു നേതൃത്വം കൊടുക്കുവാനാണ് അദ്ദേഹം എത്തിയിരിക്കുന്നത് എന്നായിരുന്നു സഭയുടെ ഔദ്യോഗിക അറിയിപ്പ്.
പാത്രിയർക്കീസ് ഇന്ത്യയിൽ എത്തുന്നതിന് രണ്ടു ദിവസം മുൻപ് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാ ബാവാ ഒരു പ്രസ്‌താവന നടത്തി. ഓർത്തഡോക്‌സ്-യാക്കോബായ സഭകളുടെ ഐക്യം ആവശ്യമാണെന്നും അതിനു തന്റെ സഭ തയ്യാറാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഏതാണ്ട് നൂറിൽപരം വർഷങ്ങളായി നടക്കുന്ന ഈ ചക്കളത്തിപ്പോരാട്ടം ഒരു പക്ഷേ അവസാനിച്ചേക്കും എന്ന് കണ്ടു സാധാരണക്കാരായ ജനങ്ങൾ ആശ്വാസം കൊണ്ടു. അവർ ആ സമാധാന ശ്രമങ്ങൾ സാക്ഷാൽക്കരിക്കപ്പെടുവാനുള്ള അന്തിമമായ പച്ചക്കൊടി പാത്രിയർക്കീസ് വീശുമെന്നുള്ള പ്രത്യാശയോടെ അദ്ദേഹത്തിന്റെ വരവിനെ നോക്കിക്കണ്ടു.
എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അങ്ങനെയൊരു പ്രസ്താവന ഉണ്ടായില്ലെന്നു മാത്രമല്ല, അദ്ദേഹം യാക്കോബായ സഭയുടെ പുതിയ തദ്ദേശ മേലദ്ധ്യക്ഷനായി പുതിയൊരാളെ നിയമിക്കുകയും ചെയ്‌തു. 30 മെത്രാപ്പോലീത്തന്മാരുള്ള സഭയുടെ സിനഡ് കൂടി ചർച്ച ചെയ്യാതെ സ്വയം തീരുമാനം എടുക്കുകയാണുണ്ടായത്. അതിനു പിൻബലമായി ചൂണ്ടിക്കാണിക്കപ്പെട്ടത് കാലം ചെയ്‌ത ശ്രേഷ്‌ഠ ബാവാ അദ്ദേഹത്തിന്റെതെന്നു പറയുന്ന വിൽപ്പത്രത്തിൽ പിൻഗാമിയായി ഈ നിയോഗിക്കപ്പെട്ട ആളെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു പറയപ്പെടുന്നു. അതെന്തായാലും ആ സ്ഥാനം മോഹിച്ചിരുന്ന പലരെയും ഇത് നിരാശപ്പെടുത്തി. 2017 ജൂലൈ 3 ന്റെ സുപ്രീംകോടതി വിധിയിൽ അസന്നിഗ്ദ്ധമായി പറഞ്ഞിരിക്കുന്ന കാര്യം മലങ്കര സഭയിലെ എല്ലാ പള്ളികളും 1934 ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കപ്പെടാൻ പാടുള്ളൂ എന്നും ഒരു സമാന്തര സഭയെ അനുവദിക്കുകയില്ലെന്നും ആണ്. അതനുസരിച്ച് പുതിയൊരു കാതോലിക്കയെ വാഴിക്കാൻ പാടുള്ളതല്ല. അപ്പോൾ, പാത്രിയർക്കീസിന്റെ ഈ പ്രസ്‌താവന കോടതിവിധിയുടെ പ്രത്യക്ഷ ലംഘനമായി കണക്കാക്കേണ്ടി വരും എന്ന് ചില നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് കണ്ടു. അതെന്തെങ്കിലുമാകട്ടെ..
ദശാബ്ദങ്ങളായി തുടരുന്ന ഈ പോരാട്ടത്തിന് ഒരറുതിയില്ലേ? എന്തിനു വേണ്ടിയാണ് ഈ പോരാട്ടം? യാക്കോബായ സഭക്കാർ പത്രോസ് ശ്ലീഹായുടെ പിന്തുടർച്ച അവകാശപ്പെടുന്ന അന്ത്യോഖ്യൻ പാത്രിയർക്കീസിനെ സഭയുടെ പരമാദ്ധ്യക്ഷനായി കണക്കാക്കുന്നു. അവർ കണക്കാക്കട്ടെ. ഒരു കാലത്ത് അന്ത്യോഖ്യൻ പാത്രിയർക്കീസിനെ മലങ്കര ഓർത്തഡോക്‌സ് സഭയും ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ കാതോലിക്കായെ അന്തോഖ്യൻ പാത്രിയർക്കീസും അംഗീകരിച്ചിട്ടുള്ളതാണ്. പിന്നെ എന്താണ് പ്രശ്‌നം?
‘വിശ്വാസപരമായ കാര്യങ്ങളിൽ ഞങ്ങൾക്ക് യോജിക്കാൻ സാധ്യമല്ല’ എന്ന് നിയുക്ത ശ്രേഷ്‌ഠ കാതോലിക്കാ പ്രസ്താവിക്കുന്നത് കണ്ടു. എന്നാൽ ഈ രണ്ടു വിഭാഗങ്ങളും തമ്മിൽ വിശ്വാസപരമായ യാതൊരു വ്യത്യാസവും ഇല്ല എന്നതാണ് സത്യം. രണ്ടു വിഭാഗങ്ങളും ഉപയോഗിക്കുന്നത് പേർഷ്യൻ ആരാധനാ ക്രമങ്ങളാണ്. പട്ടക്കാരും മേൽപ്പട്ടക്കാരും എല്ലാം ഉപയോഗിക്കുന്ന വേഷവിധാനം അറബികളുടെ വേഷവിധാനമാണ്. പൂർണ്ണമായി തദ്ദേശീയമെന്ന് അവകാശപ്പെടുന്ന ഓർത്തഡോക്‌സ് സഭയിലെ തിരുമേനിമാരും പട്ടക്കാരും എല്ലാം ഉപയോഗിക്കുന്നത് ഇതേ വേഷം തന്നെയാണ്. ഇവരൊക്കെ സമ്മേളന സ്ഥലത്തേക്ക് ഒരേ നിരയിൽ കയ്യിൽ ഒരു കുരിശും പൊക്കിപ്പിടിച്ചു കയറിവരുമ്പോൾ തൃശൂർ പൂരത്തിന് ആനകളെ എഴുന്നെള്ളിക്കുന്ന ചിത്രമാണ് ഓർമ്മ വരിക. സിറിയൻ സഭയുടെ ആരാധനാ ക്രമങ്ങളും ശുശ്രൂഷാ പാരമ്പര്യങ്ങളും വേഷവിധാനങ്ങളും എല്ലാം അതേ പടി പിന്തുടരുമ്പോൾ അവരെ പൂർണ്ണമായി അറുത്തു മാറ്റി നിർത്താൻ ഓർത്തഡോക്‌സ് സഭയ്ക്കാവില്ല. എന്നാൽ ലോകചരിത്രത്തിൽ കാലാകാലങ്ങളായി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും എന്നത് സത്യമാണ്.
പതിനഞ്ചാം നൂറ്റാണ്ടിലെ സഭയല്ല സിറിയയിലും പേർഷ്യൻ രാജ്യങ്ങളിലൊന്നും 19- ആം നൂറ്റാണ്ടിൽ കാണുന്നത്. 400 ൽ പരം വർഷങ്ങളുടെ ഓട്ടോമൻ അധിനിവേശത്തോടെ സഭയുടെ രീതികളിൽ മാറ്റമുണ്ടായി. വിശ്വാസികൾ കൂട്ടത്തോടെ കൊല്ലപ്പെടുകയോ മത പരിവർത്തനം ചെയ്യപ്പെടുകയോ ഉണ്ടായി. ആ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സഭ നിർബ്ബന്ധിതമായി. ഇന്ന് അന്ത്യോഖ്യയിൽ പാത്രിയർക്കീസ് ഇല്ല. ISIS ന്റെ വരവോടെ സിറിയയിലെ ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന ആലപ്പോ, ഇദ്‌ലിബ്, ഹോംസ് തുടങ്ങിയ നഗരങ്ങളിൽ തീവ്രവാദികൾ അവരെ കൂട്ടക്കൊല ചെയ്യുകയാണുണ്ടായത്. അന്ന് പ്രാണരക്ഷാർത്ഥം പാത്രിയർക്കീസ് അവിടെ നിന്നും ഓടിപ്പോയതാണ്. അദ്ദേഹം ലെബനോനിലേക്കും അവിടെ നിന്നും ജർമ്മനിയിലേക്കും പിന്നീട് അമേരിക്കയിലേക്കും താമസം മാറ്റി. ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് സിറിയയിലേക്ക് എത്തിനോക്കാൻ പോലും സാധ്യമല്ലെന്നാണ് പറയുന്നത്.
വർഷങ്ങൾ കൊഴിഞ്ഞു വീണപ്പോൾ ഒരു കാലത്തു പ്രൗഢഗംഭീരമായി തലയുയർത്തി പടർന്നു പന്തലിച്ചു കിടന്ന ക്രിസ്തീയ സഭകൾ ഇസ്‌ലാം അധിനിവേശത്തിന്റെ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു നാമാവശേഷമായ കഥയാണ് ഇന്ന് ഈ രാജ്യങ്ങൾക്കു പറയുവാനുള്ളത്. ‘ഓർത്തഡോക്‌സ് സഭകളുടെ കളിത്തൊട്ടിൽ’ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ഇറാഖ്, തുർക്കി, സിറിയ, ജോർദ്ദാൻ തുടങ്ങി മദ്ധ്യപൗരസ്ത്യ മേഖലയിലെ മിക്കവാറും എല്ലാ രാജ്യങ്ങളും ഇന്ന് പൂർണ്ണമായി ഇസ്‌ലാമാവൽക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ന് ഈ പാത്രിയർക്കീസിനെ അംഗീകരിക്കുന്നവർ ചെറിയൊരു സമൂഹം മാത്രമാണ്. അതിൽ മുഖ്യമായതു കേരളത്തിലും. ഈ സാഹചര്യത്തിൽ ഇരുകൂട്ടരും യാഥാർഥ്യത്തെ ഉൾക്കൊള്ളാനാണ് ശ്രമിക്കേണ്ടത്.
സഭയുടെ ഐക്യം വിശ്വാസികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും രണ്ടു പക്ഷത്തുമുള്ള ചില നേതാക്കന്മാരാണ് അംഗീകരിക്കാൻ മടിക്കുന്നത്. അവർക്കിപ്പോഴുള്ള അധികാരവും പ്രൗഢിയും നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇവരിൽ പലരും സ്വന്തമായി പ്രസ്ഥാനങ്ങൾ ഉണ്ടാക്കി പരമാവധി വാരിക്കൂട്ടിക്കൊണ്ടിരിക്കയാണ്. സഭകൾ ഐക്യപ്പെട്ടാൽ 'എന്നേക്കാൾ കഴിവുള്ളവൻ വന്നാൽ' എന്റെ സ്ഥാനം തെറിക്കുമോ എന്ന ചിന്തയായിരിക്കാം. എന്നാൽ ഇത് തെറ്റാണെന്നു സമീപ ചരിത്രം സാക്ഷിക്കുന്നു. എല്ലാവരെയും ഉൾപ്പെടുത്തി സ്നേഹത്തോടെ മുന്നോട്ടു പോകാൻ രണ്ടു പക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണം. പൊരുത്തപ്പെടാനാവാത്ത ചില കടമ്പകൾ ഉണ്ടായേക്കാം. അവയൊക്കെ ക്രിസ്തീയ സ്നേഹത്തിൽ വിശ്വസിച്ചു ചർച്ച ചെയ്‌താൽ പരിഹരിക്കാനാകും. ‘യാതൊരു കാരണവശാലും ഈ സഭകൾ ഐക്യപ്പെടരുത്’ എന്ന് നിർബ്ബന്ധമുള്ള ചില രാഷ്ട്രീയക്കാരുമുണ്ട്. ഇവർ രണ്ടു പക്ഷത്തും അടുപ്പം കാണിക്കും. എന്നാൽ ഇവർ രണ്ടു കൂട്ടർക്കും പാര വയ്ക്കാൻ മിടുക്കരാണ്. 'ഇപ്പം ശരിയാക്കിത്തരാം', ‘കോടതി വിധിയെ മറികടക്കാൻ കരട് ബില്ല് കൊണ്ടുവരാം' എന്നൊക്കെ പറഞ്ഞു വോട്ടു ബാങ്ക് ഉറപ്പിക്കുന്നതല്ലാതെ ആത്മാർത്ഥമായി ഇടപെടുന്നേയില്ല.
ഇപ്പോൾ തന്നെ ഇളം തലമുറയ്ക്ക് പറയുമ്പോഴെല്ലാം പോയി കൊടി പിടിക്കാനോ പള്ളിയിൽ പോകാനോ താത്പര്യമില്ല. പട്ടക്കാരുടെയും മേല്പട്ടക്കാരുടെയും ധാർഷ്ട്യമായ നിലപാട് മൂലം അവരോടു പുശ്ചമാണ്. കാലം മാറുന്നതനുസരിച്ച് അധികാരപ്പെട്ടവർ നയങ്ങൾ മാറ്റാതിരുന്നാൽ കാലം മാപ്പു തരില്ല. യുവാക്കൾ മിക്കവാറും തന്നെ വിദേശ രാജ്യങ്ങളിലേക്കു കുടിയേറിക്കഴിഞ്ഞു. നാട്ടിലുള്ളവരിൽ നല്ലൊരു പങ്കും പള്ളിയിൽ ആരാധനയ്ക്കു പോകാറുമില്ല. ഈ ആത്മീയ ശോഷണം മനസ്സിലാക്കാതെ പോകുന്നത് സഭാ നേതൃത്വം മാത്രമാണ്. മാറി വരുന്ന ലോക ക്രമത്തിൽ ഇന്ന് ഈ സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനു തയ്യാറാകാത്തവരെ കാലം മാറ്റി നിർത്തുമെന്നതിനു സംശയമില്ല.