Image

ഗള്‍ഫില്‍ കായികരംഗത്ത് വന്‍ കുതിപ്പ്; 2034 ലെ ലോകകപ്പ് ഫുട്‌ബോള്‍ സൗദിയില്‍ (സനില്‍ പി. തോമസ്)

Published on 12 December, 2024
ഗള്‍ഫില്‍ കായികരംഗത്ത് വന്‍ കുതിപ്പ്; 2034 ലെ ലോകകപ്പ് ഫുട്‌ബോള്‍  സൗദിയില്‍ (സനില്‍ പി. തോമസ്)

2034 ലെ ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍ നടക്കുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 നവംബര്‍ ആദ്യം തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നതുമാണ്. സൗദിയും ഓസ്‌ട്രേലിയയും മാത്രമാണ് 2034 ലോകകപ്പിനായി രംഗത്തുണ്ടായിരുന്നത്. ഇതില്‍ ഓസ്‌ട്രേലിയ പിന്‍മാറിയതോടെ സൗദി മാത്രമായി. അപ്പോള്‍ തന്നെ തീരുമാനം ഉറച്ചിരുന്നു.

2026 ലെ ലോകകപ്പ് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണു നടക്കുക. 2030 ലെ ലോകകപ്പിന് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും. ഇതിനു പുറമെ 2030 ലോകകപ്പിലെ മൂന്നു മത്സരങ്ങള്‍ യുറുഗ്വായ്, അര്‍ജന്റീന, പരാഗ്വായ് എന്നിവിടങ്ങളില്‍ നടക്കും. 1930 ല്‍ പ്രഥമ ലോകകപ്പ് യുറുഗ്വായ്യില്‍ നടന്നതിന്റെ ശതാബ്ദി പ്രമാണിച്ചാണ് മൂന്നു മത്സരങ്ങള്‍ ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചത്.

2034 ലെ ലോകകപ്പ് പക്ഷേ, സൗദി അറേബ്യയില്‍ മാത്രമായിരിക്കും നടക്കുക. റിയാദ്, ജിദ, അല്‍ഖോബാര്‍, നിയോം, അബഹ എന്നിങ്ങനെ അഞ്ചു നഗരങ്ങള്‍ ആയിരിക്കും ലോകകപ്പിന് വേദിയാകുക. ആകെ 15 സ്റ്റേഡിയങ്ങള്‍. ഇതില്‍ എട്ട് എണ്ണം റിയാദില്‍ ആണ്. 2022ലെ ലോകകപ്പിന് ആതിഥേയരായ ഖത്തര്‍ എട്ടു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചത്.

ലോകകപ്പ് മുന്നില്‍ കണ്ട് സൗദി ഫുട്‌ബോള്‍ വികസനത്തിനായി വന്‍തോതില്‍ പണം മുടക്കിയിരുന്നു. പ്രോ ലീഗ് ശക്തിപ്പെടുത്തി. 2023ല്‍ കളിക്കാരുടെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ സൗദി ലീഗിലെ ക്ലബുകള്‍ 8572 കോടി രൂപ ചെലവിട്ടെന്നാണ് കണക്ക്. അതിനു മുമ്പേ ഇതിഹാസ താരം, പോര്‍ച്ചുഗലിന്റെ ക്രിസത്യാനോ റൊണാള്‍ഡോയെ ലീഗില്‍ എത്തിച്ചിരുന്നു.

ഇതിനു പുറമെ 2036 ലെ ഒളിംപിക്‌സിന് വേദി ആകാന്‍ സന്നദ്ധത അറിയിച്ച രാജ്യങ്ങളില്‍ സൗദി അറേബ്യയും ഖത്തറും ഉണ്ട്. ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളാണ് 2036 ലെ ഒളിംപിക്‌സിനായി ശ്രമിക്കുന്നത്. ഫോര്‍മുല വണ്‍ കാറോട്ടം, സ്‌നൂക്കര്‍, ടെന്നിസ് തുടങ്ങിയ കായിക ഇനങ്ങളിലൊക്കെ സൗദി കോടികള്‍ മുടക്കുന്നു. 2024-26 ല്‍ റിയാദിലാണ് ഡബ്ലിയൂ.ടി.എ.യുടെ സീസണ്‍ അവസാന ഫൈനലുകള്‍. വനിതാ ടെന്നിസിലെ ശ്രദ്ധേയ ടൂര്‍ണ്ണമെന്റാണിത്. എ.ടി.പി.യും 2023-27 കാലത്ത് ജിദ്ദ മത്സരം വേദിയാക്കിയിട്ടുണ്ട്.

പുരുഷന്മാരുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ 2025 മുതല്‍ 29 വരെ ഖത്തറിന് അനുവദിച്ചിട്ടുണ്ട്. 2034 ലെ ലോകകപ്പ് ഫുട്‌ബോള്‍ വേദി ഏഷ്യ- ഓഷ്യാനിയ കോണ്‍ഫെഡറേഷനുകള്‍ക്കായി പരിമിതപ്പെടുത്തിയിരുന്നതിനാല്‍ സൗദിക്ക് കാര്യങ്ങള്‍ എളുപ്പമായി എന്നു പറയാം. ഈ വര്‍ഷം മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച സൗദി അറേബ്യ 2034  ലോകകപ്പ് നടത്തുന്നതിന്റെ പ്രചാരണം തുടങ്ങിയിരുന്നു. 'ഞങ്ങളുടെ ഫുട്‌ബോള്‍ കഥ ലോകത്തോട് പറയുന്നത് പരമ പ്രധാനമാണ്' എന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍ മിസിഹല്‍ പറഞ്ഞിരുന്നു.

സൗദിയിലെ കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിന്റെ താല്‍പര്യമാണ് സൗദിയെ സ്‌പോര്‍ട്‌സില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ കാരണമായത്. സ്‌പോര്‍ട്‌സിലൂടെ രാജ്യത്തിനു കൈവരുന്ന സല്‍പ്പേര് അദ്ദേഹം തിരിച്ചറിഞ്ഞു. ലോകകായിക ഭൂപടത്തില്‍ സൗദി കൂടുതല്‍ ശ്രദ്ധേയയമായ ചുവടുവയ്പ്പുകള്‍ വരും വര്‍ഷത്തില്‍ നടത്തിയേക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക