ജയനിൽ സങ്കടത്തേക്കാളുപരി കടിച്ച് കീറാനുള്ള അമർഷമാണുണർന്നത് .
ആർക്കും ചൂഷണം ചെയ്യാനും പഴിചാരാനുമുള്ള ഇരയോ പാവയോ ഞാൻ ?
ബൈക്ക് സയലൻസറില്ലാതെ ഓടിച്ച് ദേഷ്യം ഒന്ന് ഉറക്കെ പ്രകടിപ്പിച്ചാലോ എന്നാലോചിച്ചു .
വേണ്ട .എവിടെയുമുണ്ട് സീസീ ടീവി കണ്ണുകൾ . ശബ്ദ മലിനീകരണത്തിൻ്റെ പിഴ എത്രയായിരിക്കുമെന്ന് ഊഹിക്കാൻ പറ്റില്ല .
ബൈക്കിൻ്റെ വേഗത കൂട്ടിയാലും ക്യാമറ പിടിക്കും .
അതു കൊണ്ട് ഓഫീസിൽ നിന്നുണർന്ന അമർഷം കടിച്ചമർത്തിയാണ് അയാൾ വീട്ടിലെത്തിയത് .
എന്താ വിചാരിച്ചത് ? എനിക്കൊന്നും പറയാനില്ലാഞ്ഞിട്ടാണെന്നോ ? അല്ല , പറയാൻ ധൈര്യമില്ലാത്തതു കൊണ്ടാണെന്നോ ? വേണ്ടാ വേണ്ടാന്ന് വച്ചിരിക്കുമ്പം തലയിൽ കയറാൻ വരണ്ട ആരും . എൻ്റെ സ്വഭാവം ശരിക്കറിയാഞ്ഞിട്ടാ - പിശകിയാ ഞാൻ മഹാ പിശകാ ......
അയാളുടെ തട്ടിക്കയറൽ ഒരു തട്ടിക്കയറലാണെന്ന് പോലും ജിണ്ടുവിന് മനസ്സിലായില്ല .
വീട്ടിലെ പട്ടിയുടെ പേരാണ് ജിണ്ടു .
ഓഫീസ് വിട്ട് വന്ന ഉടൻ ഡ്രസ്സ് പോലും മാറ്റാതെ ഭർത്താവ് ഫോണിൽ ആരോടോ കയർക്കു യാണെന്നാണ് ഭാര്യ കരുതിയത് . അതൊരു അപൂർവ സംഭവമായതു കൊണ്ട് അവൾ അമ്പരക്കുകയും എന്നാൽ വല്ലപ്പോഴും അങ്ങനെയും സംഭവിക്കണമല്ലോ എന്ന് കരുതി അതിലവൾക്ക് സന്തോഷം തോന്നുകയും ചെയ്തു .
ചായയും കൊണ്ട് വരുമ്പോഴേക്കുണ്ട് , പട്ടിയോട് സംസാരിക്കുന്നു മൂപ്പർ !
എന്താ ജയാട്ടാ ? ഓഫീസിൽ ഇന്നെന്താ പ്രശ്നം ?
അയാൾ ക്ഷുഭിതനായി - സെക്ഷൻ ഫോറിലെ ഡ്യൂട്ടി പിടിച്ച് വാങ്ങിയതാണ് സുധാകരൻ .എന്നിട്ടോ , ഓഡിറ്റിൻ്റെ സമയത്ത് അവൻ ലോങ്ങ് ലീവ് . സ്വാഭാവികമായും അത് സെക്ഷൻ ഫൈവിലെ എൻ്റെ ചുമലിലാവുമല്ലോ . ഡ്യൂട്ടി വിഭജന സമയത്ത് ഞാൻ പറഞ്ഞതാ , ഫോറിൽ ഞാനിരിക്കാന്ന് . അന്നേരം സുധാകരൻ ചാടി വീണു . അവനെയൊക്കെ ഇടിച്ച് ചമ്മന്തിയാക്കാൻ ആളില്ലാഞ്ഞിട്ടാ .
ജി എസ് ടി യിലെ തിരക്കു പിടിച്ച ജോലികളിൽ പരിക്ഷീണനായ അയാൾ ഭാര്യ കൊണ്ടു വന്ന ചായ വാങ്ങി ഒറ്റയടിക്ക് മുഴുവൻ കുടിച്ചു തീർത്തു .
ഭാര്യ ചോദിച്ചു - സുധാകരൻ്റെ നമ്പർ മൊബൈലിലുണ്ടാകുമല്ലോ . ഇപ്പോൾ തന്നെ വിളിച്ച് നാല് വർത്തമാനം പറ .
ഏയ് , വേണ്ട - അത് ശരിയാവില്ല . അവൻ ലീവ് കഴിഞ്ഞ് വരട്ടെ . കാണിച്ചു കൊടുക്കാം .
ലീവും കഴിഞ്ഞു . വരികയും ചെയ്തു .കണ്ട ഉടൻ ജയൻ്റെ വക സുധാകരനോട് കുശലാന്വേഷണം - എന്തൊക്കെയാ സുധാകരാ ..... ടൂറൊക്കെ അടിച്ചു പൊളിച്ചോ ?
സുധാകരൻ ജയനെ നോക്കി അമ്പരന്നു - ടൂറാ ..... ഞാനാ ? നിങ്ങളെന്താ സ്വപ്നം കാണുകയാണോ ?
ങ്ഹേ - ജയൻ അന്തം വിട്ടു - അപ്പോ ഇത്രയും ദിവസത്തെ ലീവ് ?
സുധാകരൻ - ഓ , അതെൻ്റെ ഒരു നമ്പരല്ലേ ? ആർക്ക് കഴിയുന്നു ഈ ഓഡിറ്റിൻ്റെ നേരത്തെ ചൊറയൊക്കെ ?
സുധാകരൻ്റെ ചോദ്യത്തിന് മുന്നിൽ ജയൻ നിസ്സംഗനായി നിന്നു . അന്ന് വൈകുന്നേരം വീട്ടിലെത്തിയ അയാളോട് ഭാര്യ ചോദിച്ചു - എന്തായി ? സുധാകരൻ ലീവ് കഴിഞ്ഞ് വന്നോ ? അവനോട് നല്ല നാല് വർത്തമാനം പറഞ്ഞോ ?
ജയൻ ജാള്യത മറച്ചു കൊണ്ട് ഞെളിഞ്ഞു - പിന്നില്ലാതെ .എൻ്റെ ഒച്ച കേട്ട് ഓഫീസ് മൊത്തം നടുങ്ങിയില്ലേ ? ഓഫീസർ പോലും ഞെട്ടിയില്ലേ ?
ഫോണിൽ കളിച്ച് കൊണ്ടിരിക്കുന്ന മോൻ കളിയാക്കി - അത് നുണ . അച്ഛൻ എത്ര ഒച്ചയെടുത്താലും അതിനൊരു കണക്കില്ലേ ?
തൻ്റെ കുടുംബത്തിൻ്റെ വസ്തുനിഷ്ഠമായ തിരിച്ചറിവിന് മുന്നിൽ ജയൻ അസ്തപ്രജ്ഞനായി .
ഭാര്യയ്ക്ക് നിരാശ - നിങ്ങൾക്ക് ഒരു ആർജ്ജവമില്ല ജയാട്ടാ അതാ നിങ്ങളുടെ പ്രശ്നം .
കോളേജിൽ സെക്കൻ്റ് ലാംഗ്വേജ് ഹിന്ദിയെടുത്തിരുന്ന ജയൻ കരുതിയത് ഭാര്യ ചോദ്യം ചെയ്തത് തൻ്റെ ഊർജ്ജസ്വലതയെയാണെന്നാണ് .
അന്ന് രാത്രി യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു അയാളുടെ ബെഡ് റൂം പരാക്രമങ്ങൾ .
ഭാര്യ പരിഭ്രമിച്ചു - കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ പോലും ഇല്ലാത്തതാണല്ലോ ഇത്രയും ആക്രാന്തം .
വിയർത്തു കുളിച്ച് കിതച്ച് അവളുടെ നഗ്നമായ മാറിൽ വീണ് ജയൻ പിറുപിറുത്തു - ഇനി പറ , എങ്ങനെയുണ്ട് എൻ്റെ ഊർജ്ജം ?
ഊർജ്ജാ ? കട്ടിലിൽ നിന്ന് താഴെ വീണ മാക്സി എടുത്തണിഞ്ഞ് അവൾ അയാളുടെ ലുങ്കിയും ആ ഇരുട്ടിൽ തപ്പിപ്പരതി എടുത്ത് കൊടുത്തു . എന്നിട്ട് ലൈറ്റ് ഓൺ ചെയ്തു . വീണ്ടും ചോദിച്ചു - എന്ത് ഊർജ്ജം ?
ജയൻ ലുങ്കിയാൽ അര മറച്ച് കൊണ്ട് - നീയല്ലേ പറഞ്ഞത് എനിക്ക് ആർജ്ജവമില്ലെന്ന് ?
ഭാര്യയ്ക്ക് ചിരിയും വന്നു - എൻ്റെ ജയേട്ടാ . ആർജ്ജവംന്ന് വച്ചാ പറയാനുള്ളത് നേരെ ചൊവ്വേ പറയുക . പ്രതികരിക്കാൻ തോന്നിയാൽ മനസ്സിൽ വച്ച് നിൽക്കരുത് . മനുഷ്യർക്ക് വേണ്ട ഒരു മനോഗുണമാണ് ഡയറക്ട്നസ്സ് .
എന്നാൽ അങ്ങനെ ഒരു സ്വഭാവം അയാൾ ആർജ്ജിച്ചിരുന്നില്ല ഒരിക്കലും .
കുട്ടിക്കാലത്ത് അച്ഛൻ തനിക്കും അനുജനും പെൻസിൽ വാങ്ങിത്തരും . അനുജൻ തൻ്റേത് കൂടി തട്ടിപ്പറിച്ച് ഓടും .
താൻ , പഴയ ഗുളിക പോലെയായിത്തീർന്ന പെൻസിൽ മുന കൂട്ടി എഴുതും .
ഫുട്ബോൾ കളിക്കുമ്പോൾ എപ്പോഴും കൂട്ടുകാർ തന്നെത്തന്നെ ഗോളിയാക്കി .ഇഷ്ടമല്ലാഞ്ഞിട്ടും ഒന്നും മുറുമുറുക്കാതെ നിന്നു . ഇഷ്ടമില്ലായ്മ പ്രകടമാക്കാൻ വരുന്ന ബോളൊക്കെ ഗോളാക്കാമായിരുന്നു . അതും ചെയ്തില്ല . കഷ്ടപ്പെട്ട് ചാടി വീണും വീണുരുണ്ടും ഗോളാ വാതിരിക്കാൻ താൻ വീണു മരിച്ചു.
കോളേജ് കാൻ്റീനിൽ താൻ വാങ്ങിയ ഉണ്ടക്കായി ഒരു കഷണം പോലും തനിക്ക് തരാതെ കൂട്ടുകാർ വീതം വച്ച് തിന്നു . രണ്ടാമതൊന്ന് വാങ്ങാൻ പൈസയില്ലാതെ കൊതി കൊണ്ട് വായിൽ വെള്ളം നിറഞ്ഞു . അതിൽ കൂടുതൽ , രണ്ട് കണ്ണിലും കണ്ണീരിൻ്റെ നനവ് പടർന്നു .
പുറമേ ഒന്നും പറയില്ലെങ്കിലും ഉള്ളിൽ അതെല്ലാം പറഞ്ഞു കൊണ്ടാണ് അയാൾ വളർന്നു മുതിർന്നത് . ആളുകൾ ശാന്തമായിരിക്കുന്ന ഇടങ്ങളിൽ പോലും ഉള്ള് പുകഞ്ഞിരിക്കുന്ന ഒരു മനുഷ്യൻ !
ആദ്യമായി ജോലി കിട്ടിയ ഓഫീസിൽ സുന്ദരിയായ ഒരു എൽഡി ക്ളാർക്കുണ്ടായിരുന്നു . അവൾക്ക് പഴയ പാട്ടുകൾ വലിയ ഇഷ്ടമായിരുന്നു . അന്ന് സീഡിക്കാലമായിരുന്നല്ലോ . നസീർ സിനിമകളിലെ പ്രണയഗാനങ്ങളുടെ സീഡികൾ പലതും സംഘടിപ്പിച്ചൂ ജയൻ .
ഓഫീസിലെ അറ്റൻഡർ അവളുടെ വീട്ടിനടുത്താണ് . സഹപ്രവർത്തകർ തെറ്റിദ്ധരിക്കേണ്ടെന്ന് കരുതി അയാൾ സീഡി ആ അയൽക്കാരൻ മുഖേനയാണ് അവൾക്കെത്തിച്ചത് -
അഞ്ചാറു മാസം കൊണ്ട് അയൽക്കാരൻ അയൽക്കാരിയെ കല്യാണം കഴിച്ചു . അതും കുറേക്കാലം ജയൻ്റെ മനസ്സിൽ അഗ്നിപർവതമായി .
പറയാനുള്ളത് പറയാനുള്ളവരോട് പറയാനുള്ള സന്ദർഭത്തിൽ പറയാതെ എല്ലാം തന്നോട് മാത്രം പറഞ്ഞ് ജയൻ്റെ മനസ്സ് ഒരു യുദ്ധക്കളമായി . ഉള്ളിൽ നടക്കുന്ന നിരന്തരയുദ്ധങ്ങൾ ! അതിൽപ്പോലും അയാൾക്ക് ഒരിക്കലും ജയിക്കാൻ കഴിഞ്ഞുമില്ല .
അങ്ങനെയിരിക്കേയാണ് ആ അതിഭയങ്കര സംഭവം നടക്കുന്നത്.
അപ്പോൾ തുടങ്ങിയ ഓട്ടമാണ് . അതൊരു ഭയങ്കര ഓട്ടമായിരുന്നു . ഓടിയ വഴിക്ക് പുല്ല് മുളക്കില്ല എന്നൊന്നും പറഞ്ഞാൽ പോരാ .ഓരോ കാലടിയോടും വഴി പറ്റിച്ചേർന്ന് അവിടെ ഇനി ആ വഴി ഇല്ലാത്ത വിധം വഴിയും കൊണ്ടാണ് അയാൾ ഓടിയത് . രാത്രിയിരുട്ടിൽ പലയിടത്തും തട്ടിത്തടഞ്ഞു വീണു . ഇത്ര മാത്രം കുഴിയും വേലിയും കല്ലും മുള്ളും ഉണ്ടാവാൻ ഇതെന്താ ജീവിതവഴിയോ എന്ന് പോലും അയാൾക്ക് ചിന്തിക്കേണ്ടി വന്നു . കൈയുടെയും കാലിൻ്റെയും മുട്ട് പൊട്ടി ചോര വന്നു . കുതിപ്പിനെ തോൽപ്പിക്കും വിധം കിതപ്പായിരുന്നു . പേൻറ്സും കുപ്പായവും കീറിപ്പറിഞ്ഞ് ഞാന്ന് കിടക്കുന്നു .
ഓടുന്ന ഓട്ടത്തിൽ കവലയിലും വഴിയോരത്തെ വീടുകളുടെ മുറ്റത്തും അയാൾ മനുഷ്യർ ജീവിക്കുന്നതിൻ്റെ ജൈവമായ പല കാഴ്ച്ചകളും കണ്ടു -
ചന്തയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയാണ് രണ്ട് അയൽക്കാർ .
ഒരാൾ - ഒന്നുല്ലെങ്കിലും ഞാൻ അവൾടെ കെട്ടിയോനല്ലേ ? അവൾ പെറ്റ രണ്ട് മക്കളുടെ അച്ഛനല്ലേ ? എന്നെ മുഖത്തു നോക്കി വിമർശിച്ചപ്പോ എനിക്ക് സഹിച്ചില്ല . കരണക്കുറ്റിക്കെന്നെ ഒന്ന് പുകച്ചു .
മറ്റയാൾ - എന്നിട്ടോ ?
ആദ്യത്തെ ആൾ - എന്നിട്ടെന്താ ? അവള് മക്കളേയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി .
സുഹൃത്ത് - ബെസ്റ്റ് . ചുമ്മാ നിന്ന് തല്ല് കൊള്ളാനൊന്നും ഒരു പെണ്ണും തയ്യാറല്ല ചങ്ങാതി .
പിന്നെയും മുന്നോട്ട് പോയപ്പോൾ ഒരു വീട്ടുമുറ്റത്ത് ഒരു കുടിയൻ്റെ താണ്ഡവമാണ് . അയാൾ ഒരു നിമിഷം ആ മരത്തിന് മറഞ്ഞു നിന്ന് അത് ശ്രദ്ധിച്ചു .
കുടിയൻ - പറടീ ...... ഇന്ന് ഉച്ചയ്ക്ക് എന്തിനാ ഇവിടെ ഗ്യാസുകാരൻ ഗ്യാസും കൊണ്ട് വന്നത് ?
ഭാര്യ - ഗ്യാസ് കാരൻ പിന്നെ പാലും കൊണ്ടാണോ വരുന്നത് ?
കുടിയൻ - ഓ , അപ്പ , അവൻ പാലുമായി വന്നാ നീ വാങ്ങും - അല്ലേടീ ....
ഭാര്യ - എടാ പാമ്പേ , തോന്ന്യാസം പറഞ്ഞാ ചവിട്ടി ഞാൻ എല്ലൊടിക്കും .
അവൾ കാലുയർത്തിയപ്പോൾ കുടിയൻ്റെ മത്തിറങ്ങി -
എടീ , എന്നാടീ ചോറിന് മീൻ ? മത്തിയോ , ഐലയോ ?
ഭാര്യ - അയിലയല്ല , നിങ്ങളെ തല . പണിയെടത്ത് കിട്ടിയത് മുഴുവൻ ബാറിൽ കൊണ്ട് കൊടുത്തിറ്റ് - ഇയാളെ ഞാൻ മീൻ കറി കൂട്ടി ഊട്ടാം . കൈയും കഴുകി വന്നേക്ക് അങ്ങോട്ട് .
ഭാര്യ അരിശത്തോടെ ചാടിത്തുള്ളി അകത്തേക്ക് പോയി . കുടിയൻ ചവിട്ടു കല്ലിലിരുന്ന് കരയാൻ തുടങ്ങി . കുറച്ച് കഴിഞ്ഞ് കരച്ചിൽ നിർത്തി സ്വന്തം കവിത ചൊല്ലുകയായി .
എല്ലാവർക്കും മത്ത്
നമ്മൾക്കെല്ലാവർക്കും മത്ത് .
മത്തടിച്ച് വീണു മടുത്തു ,
മോരുണ്ടെങ്കിൽ വേണം ,
അൽപം മോരുണ്ടെങ്കിൽ വേണം .
എല്ലാം കണ്ടും
കേട്ടും ജയൻ
അലങ്കോലമായി പടിക്കൽ ചെന്ന് വീഴുകയായിരുന്നു .
അയാളുടെ വെപ്രാളം കണ്ട് ഭാര്യയും മക്കളും പരിഭ്രമിച്ചു -
ഇതെന്ത് പറ്റി ?
അയാൾ എന്താണ് പറയേണ്ടത് എന്നറിയാതെ കുഴങ്ങി .
" അനുമോദനത്തിന് എന്ന് പറഞ്ഞ് ഒരുങ്ങിക്കെട്ടി പുറപ്പെട്ടിട്ട് .... , സമ്മാനത്തിന് പകരം ,അവിടന്ന് അടിയാണോ കിട്ടിയത് ?"
ഭാര്യ പ്രക്ഷുബ്ധയായി .
" അടിയൊന്നും കിട്ടിയില്ല "
അയാൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു .
തീർച്ചയായും വെള്ളത്തിൽ വീണ യുവതിയെ രക്ഷിച്ചത് അഭിനന്ദനാർഹം എന്ന് അയാൾക്ക് അറിയാമായിരുന്നു . അത് അനുമോദനവേദിയിൽ വിളംബരം ചെയ്തില്ലെങ്കിൽ പോലും ചെറുതാവില്ലല്ലോ .
" അവര് ട്രോഫിയും തന്നു "
അയാൾ പിറുപിറുത്തു .
" എന്നിട്ട് അതെവിടെ ? "
ഭാര്യയുടെ ചോദ്യം.
അപ്പോഴാണ് തൻ്റെ കൈയിൽ വേദിയിൽ വച്ച് കിട്ടിയ ട്രോഫി - പൊന്നാട - സർട്ടിഫിക്കറ്റ് - ഒന്നും ബാക്കിയില്ലെന്ന് അയാൾ തിരിച്ചറിഞ്ഞത് .
അയാൾക്ക് വേച്ചു വേച്ച് പറയേണ്ടി വന്നു -
" വഴിയിൽ നഷ്ടപ്പെട്ടു ."
" അതു കൊണ്ടാണോ നിങ്ങൾ ഓടിയത് ?"
" അല്ല - "
അയാൾ ഉള്ളിലൊരു വിതുമ്പലോടെ ആ നിമിഷത്തെ ഓർത്തെടുക്കാൻ ശ്രമിച്ചു .
"ആശംസയർപ്പിച്ച ഒരാൾ പറഞ്ഞ തമാശ എന്നെ പരിഹസിക്കുന്നതായിരുന്നു . ആ വേദിയിൽ വച്ച് മറുപടി കൊടുക്കണമായിരുന്നു . കഴിഞ്ഞില്ല . എത്രയും പെട്ടെന്ന് വീട്ടിലെത്തി അയാളെ ഫോണിൽ വിളിക്കാൻ ഓടിയതാ . "
അയാൾ മരണപ്പാച്ചിലിൻ രഹസ്യത്തിൻ്റെ ചുരുളഴിച്ചു .
" എന്തായിരുന്നു നിങ്ങളെ ഇൻസൾട്ട് ചെയ്ത ആ തമാശ ?- "
ഭാര്യ ചുഴിഞ്ഞ് ചോദിച്ചു .
അയാൾ കുഴങ്ങി -
വീണത് ഒരു യുവാവാണെങ്കിൽ ചിലർക്ക് ഈ ആവേശം കാണില്ല എന്ന് -
അതായിരുന്നു ആശംസാപ്രസംഗത്തിൽ പരിഹാസപരാമർശമായി അയാൾക്ക് തോന്നിയത് .
അത് പക്ഷേ എങ്ങനെ പറയും ഭാര്യയ്ക്കും മക്കൾക്കും മുന്നിൽ ! ?
അയാൾ ഫോണുമെടുത്ത് ഇരുളിലേക്കിറങ്ങിയോടി -
ആ പരിഹാസവാക്യം സ്വന്തം ഭാര്യയെ ഫോൺ വിളിച്ച് പറയാൻ .