സാക്ഷരതയിൽ മുന്നിലായതുകൊണ്ടുതന്നെ വാർത്താവായന കേരളീയർക്ക് ഒരു ശീലമാണ്. ലോകത്തിന്റെ ഏതു കോണിലായാലും ചുറ്റുവട്ടത്ത് എന്തുനടക്കുന്നു എന്നറിയാൻ വെമ്പൽ കൊള്ളുന്ന മനസ്സാണ് നമ്മുടേത്. കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി അമേരിക്കൻ മലയാളികൾ വാർത്തകൾ അറിയുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ആളാണ് പി.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി.പി. ചെറിയാൻ.സപ്തതിയുടെ നിറവിൽ നിന്നുകൊണ്ട് പി.പി.ചെറിയാൻ ഇ-മലയാളി വായനക്കാർക്കു മുന്നിൽ മനസുതുറക്കുന്നു...
ആദ്യകാല ജീവിതം?
തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്. പുലിക്കോട്ടിൽ പാവു, അച്ചാമ്മ ദമ്പതികളുടെ ഇളയ മകനായി 1954 നവംബറിലാണ് ജനിച്ചത്. സെന്റ്തോമസ് കോളജിൽ പ്രീഡിഗ്രിയും കേരളവർമ കോളേജിൽ നിന്നും ഡിഗ്രിയും (ഫിസിക്സ് ) പാസായശേഷം അലിഗഢ് മെഡിക്കൽ കോളജിൽ നിന്ന് റേഡിയോളജിയിൽ ബിരുദം നേടി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമല ക്യാൻസർ സെൻറർ മെഡിക്കൽ കോളജ്, തൃശൂർ ജില്ലാ ആശുപത്രി,തൃശ്ശൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ റേഡിയോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിൽ വച്ച് രാഷ്ട്രീയത്തിൽ സജീവമായിരുന്നല്ലോ?
അതെ. പഠന കാലഘട്ടത്തിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലും യുവജനപ്രസ്ഥാനത്തിലും സജീവമായിരുന്നു.71 കാലഘട്ടത്തിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പള്ളിപ്പട സമരം നടക്കുന്നത്. കോളജുകളൊക്കെ എ.കെ.ആന്റണി ഗവൺമെന്റിന് കീഴിൽ കൊണ്ടുവന്നതിനെ കത്തോലിക്ക സഭ എതിർത്തു. അന്ന് സെന്റ് തോമസ് കോളജിൽ നടന്ന ഇലക്ഷനിൽ കെ.എസ്.യു സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. കേരളവർമ്മ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളജ് ഉണഷൻ ഭാരവാഹിയായിരുന്ന.77 ൽ കോൺഗ്രസ് പാർട്ടി പിളർന്ന ശേഷം 78 ൽ കെ.എസ് യു-ന്റെ തൃശ്ശൂർ ജില്ലാ പ്രസിഡന്റായി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ കമ്മിറ്റിയംഗം എന്നിങ്ങനെ കോൺഗ്രസ് (ഐ ) യുടെ വിവിധ കർമ്മ മണ്ഡലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.91 ൽ ഒല്ലൂക്കര പഞ്ചായത്തിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്. കേരള ലാബ് ആൻഡ് എക്സ്റേ ടെക്നീഷ്യൻ സംഘടനയുടെ കേരള സംസ്ഥാന പ്രസിഡൻറ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോൾ ഏകദേശം ഒരു വർഷം നീണ്ടുനിന്ന സമരത്തിന് നേതൃത്വം കൊടുത്തു.അന്ന് നിലവിലുണ്ടായിരുന്ന ഭരണസമിതി പിരിച്ചുവിടുകയും പിരിച്ചുവിട്ട എന്നെ ജോലിയിൽ തിരിച്ചെടുക്കുന്നതുമായ ഒരു നടപടിയാണ് സമരത്തിനൊടുവിൽ ഉണ്ടായത്.
അമേരിക്കയിലേക്ക്?
1995ലാണ് അമേരിക്കയിലെ ഡാലസിലെത്തിയത്.ഇവിടെത്തിയ ശേഷമാണ് കമ്പ്യൂട്ടർ ടോമോഗ്രഫി കോഴ്സ് ചെയ്തതും സി.ടി.ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചതും.
താമസിയാതെ തന്നെ ഇവിടുത്തെ സാമൂഹിക-സാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന സംഘടനയായ ഡാളസ് മലയാളി അസോസിയേഷന്റെ ഭാരവാഹിയായി.കേരള ലിറ്ററി സൊസൈറ്റി എന്ന സാഹിത്യ സംഘടനയിലും പ്രവർത്തിച്ചിട്ടുണ്ട്.
സംഘടനാപ്രവർത്തനങ്ങൾ?
കേരള അസോസിയേഷൻ ട്രഷറർ ആയും സെക്രട്ടറിയായും ലൈബ്രേറിയനായും പ്രവർത്തിച്ചിട്ടുണ്ട്. കേരള അസോസിയേഷന്റെ ലൈബ്രറി എന്നുപറയുന്നത് അമേരിക്കയിൽ ഏറ്റവും കൂടുതൽ മലയാള പുസ്തകങ്ങളുള്ള ഇടമാണ്.വായനയുടെ വിശാലലോകമാണത്. കേരള ലിറ്റററി സൊസൈറ്റിയുടെ ട്രഷററായും സെക്രട്ടറിയായും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് . ഡി മലയാളി കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളാണ്. ശാലോം മാർത്തോമാ സഭയുടെ അസംബ്ലി മെമ്പറായും സെന്റ് പോൾ മാർത്തോമാ സഭയുടെ അസംബ്ലി മെമ്പറായും ആത്മായ ശുശ്രൂഷകനായും സേവനമനുഷ്ഠിച്ചു.
എഴുത്തിന്റെ തുടക്കം?
1967 ൽ ഇ-എം.എസ് അധികാരത്തിൽ വന്ന ശേഷം അരിസമരം നടക്കുമ്പോൾ എനിക്ക് കഷ്ടിച്ച് 13 വയസ്സേ ഉള്ളു.എന്നാൽ,ആ സമയത്തും സാധാരണക്കാർക്കുവേണ്ടി ശബ്ദിക്കുന്ന തലത്തിൽ ഞാൻ എത്തിക്കഴിഞ്ഞു.
കോളജ് മാഗസിനിൽ എഴുതിയിരുന്നു.കെ.എസ്.യു -ന്റെ ജില്ലാ പ്രസിഡന്റായിരിക്കുമ്പോൾ പത്രത്തിൽ നൽകേണ്ട വാർത്തകൾ ഞാൻ തന്നെയാണ് തയ്യാറാക്കിയിരുന്നത്.2002-03 ആയപ്പോൾ അമേരിക്കയിലെ വിശേഷങ്ങൾ ഇവിടുത്തെ മലയാളികളെ അറിയിക്കുന്നത് ഒരു ഉത്തരവാദിത്തം പോലെ ഏറ്റെടുത്തു. സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖം നോക്കാതെ സത്യങ്ങൾ വിളിച്ചുപറയാനും കാര്യങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയുമാണ് അന്നുമിന്നും എന്റെ തൂലിക ലക്ഷ്യമിടുന്നത്.എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്തുകൂടാ എന്നുള്ള അവബോധം ആളുകളിലെത്തിക്കാൻ എന്റെ റിപ്പോർട്ടിങ്ങിലൂടെ സാധിക്കുന്നു എന്നുള്ളതാണ് മനസ്സിന് സന്തോഷം നൽകുന്നത്.
പത്രപ്രവർത്തകന്റെ കുപ്പായമണിയാനുള്ള കാരണം?
അമേരിക്കയെക്കുറിച്ച് നാട്ടിലുള്ള മലയാളികൾക്കൊരു കാഴ്ചപ്പാടുണ്ട്. അനീതിയോ അക്രമമോ അഴിമതിയോ ഇല്ലാത്ത പറുദീസയാണ് അമേരിക്ക എന്നുള്ളത് വെറും തെറ്റിധാരണയാണ്.ഇവിടത്തെ ദൈനംദിന ജീവിതത്തിൽ നടക്കുന്ന അനീതിക്കെതിരെ പോരാടാൻ മറ്റാരും സമയം കണ്ടെത്തുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ സ്വയം എടുത്തണിഞ്ഞതാണ് പത്രപ്രവർത്തകന്റെ കുപ്പായം. 2022 വരെ ഫുൾ ടൈം ജോലി ചെയ്തുകൊണ്ട് ഒഴിവുസമയം കണ്ടെത്തിയാണ് വാർത്തകൾ തയ്യാറാക്കി വിവിധ മാധ്യമങ്ങൾക്ക് അയച്ചുകൊടുത്തിരുന്നത്. നിലവിൽ 87 പത്രങ്ങൾക്ക് ഞാൻ വാർത്ത അയയ്ക്കുന്നുണ്ട്.ഇപ്പോൾ ആഴ്ചയിൽ രണ്ടുദിവസം കമ്പ്യൂട്ടർ ടോമോഗ്രഫി (സി.ടി) ഓപ്പറേറ്ററായി ജോലി ചെയ്യുന്നുണ്ട്.സംഘടനകളിലെയും പള്ളികളിലെയും പൊള്ളത്തരങ്ങൾ തുറന്നെഴുതിയതിന്റെ പേരിൽ ഒരുപാടുപേരുടെ എതിർപ്പ് സമ്പാദിച്ചിട്ടുണ്ട്.ശത്രുക്കളുടെ എണ്ണം കൂടുന്നതൊന്നും മുന്നോട്ടുള്ള യാത്രയിൽ തടസ്സമായിട്ടില്ല.
അമേരിക്കയിൽ മലയാള പത്രങ്ങൾക്ക് ഇനി ഭാവിയുണ്ടോ?
കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ തലമുറയാണ് ശീലത്തിന്റെ ഭാഗമായി ഇന്നും മലയാള വാർത്ത അറിയാൻ ശ്രമിക്കുന്നത്. ഇവിടെ ജനിക്കുന്ന അടുത്ത തലമുറയിൽ നിന്നത് പ്രതീക്ഷിക്കാനാവില്ല.അമേരിക്കയിലെ മലയാള മാധ്യമങ്ങൾക്ക് ആവശ്യമായ പിന്തുണയും ലഭിക്കുന്നില്ല.മനോരമ അടക്കമുള്ള മാധ്യമങ്ങൾ ഞാൻ കൊടുക്കുന്ന വാർത്ത പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും പ്രതിഫലമായി ഒന്നും നൽകാറില്ല.
കേരളത്തിലെ മാധ്യമപ്രവർത്തകരെ അമേരിക്കയിൽ അംഗീകരിക്കുന്നതിന്റെ ഒരംശം പോലും സ്വീകാര്യത ഇവിടുത്തെ എഴുത്തുകാരോട് നാട്ടിലെ മാധ്യമങ്ങൾ കാണിക്കാത്തതിൽ എനിക്ക് കടുത്ത വിയോജിപ്പുണ്ട്.അമേരിക്കയിലെ പ്രിന്റ് മീഡിയയും ഓൺലൈൻ മാധ്യമങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടുതന്നെ അതുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്തേൺ ടെക്സസ് എന്നൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്.അമേരിക്കയിലെ മാധ്യമപ്രവർത്തകരുടെ വളർച്ചയാണ് ഞങ്ങളുടെ ലക്‌ഷ്യം.
മാധ്യമരംഗത്ത് ഗുരുതുല്യനായ കാണുന്ന വ്യക്തി?
മാധ്യപ്രവർത്തനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന് ഞാൻ കണ്ടുപഠിച്ചത് ജോയിച്ചൻ പുതുക്കളത്തിൽ നിന്നാണ്. ഒരു റോൾ മോഡൽ എന്നുതന്നെ പറയാം.അദ്ദേഹത്തെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. എന്റെ എഴുത്തുകുത്തുകൾക്ക് ഉത്തേജനം നൽകുന്നതോടൊപ്പം കുറവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അവ തിരുത്തി മുന്നേറാൻ മാർഗദർശിയായി നിന്നിട്ടുള്ള ഇ-മലയാളിയുടെ ചീഫ് എഡിറ്റർ ജോർജ്ജ് ജോസഫും ഈ രംഗത്ത് ഞാൻ ബഹുമാനിക്കുന്ന വ്യക്തിത്വമാണ്.
പത്രപ്രവർത്തനത്തിൽ മറക്കാനാകാത്ത അനുഭവം?
ഷെറിൻ മാത്യു എന്ന കുട്ടിയെ രണ്ടുവയസ്സുള്ളപ്പോൾ കേരളത്തിൽ നിന്നൊരു ദമ്പതികൾ അമേരിക്കയിലേക്ക് ദത്തെടുത്ത് കൊണ്ടുവരികയും ഒരുവർഷത്തിനു ശേഷം ആ കുട്ടി മരണപ്പെടുകയും ചെയ്തു. 2017- ലായിരുന്നു സംഭവം.രക്ഷിതാക്കൾ തന്നെയായിരുന്നു ഷെറിൻറെ മരണത്തിനുത്തരവാദി എന്നു കോടതി കണ്ടെത്തിയതെങ്കിലും ആ കേസിൽ പിതാവ് പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു.മാതാവിനെ കോടതി വെറുതെവിടുകയും ചെയ്തു .പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് എന്റെ അഭിമുഖം എടുത്തിട്ടുണ്ട് എന്നതാണ് മാധ്യമ പ്രവർത്തനത്തിനിടയിൽ എന്റെ അവിസ്മരണീയ അനുഭവം.
അംഗീകാരങ്ങൾ?
മാധ്യമപ്രവർത്തനരംഗത്ത് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചു എന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ അമേരിക്കയിലെ നിരവധി സാമൂഹിക - സാംസ്കാരിക സംഘടനകളുടെ അംഗീകാരവും ആദരവും ലഭിച്ചതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്.ഇ-മലയാളിക്കു വേണ്ടി ഇങ്ങനൊരു അഭിമുഖം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇതൊരു അംഗീകാരമായി കാണുന്നു അതിനവസരമൊരുക്കിയ ഇ-മലയാളി ടീമിന് നന്ദി അറിയിക്കുകയും ചെയ്യുന്നു.
ഭാവിപരിപാടികൾ?
ജീവിതത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുകഴിഞ്ഞു.മലയാള സാഹിത്യത്തെയും മാധ്യമപ്രവർത്തനത്തെയും ആശ്ലേഷിച്ച് നേരായ പാതയിലൂടെ തന്നെ തുടർന്നുള്ള കാലവും മുന്നോട്ടുപോകണം എന്നാണ് ആഗ്രഹിക്കുന്നത്.മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഇതുവരെയും കാത്തുസൂക്ഷിച്ച മൂല്യങ്ങൾ കൈവിടാതെ അവസാനശ്വാസം വരെ യാത്ര തുടരണം.ഞാൻ വിശ്വസിക്കുന്ന എന്റെ മതഗ്രന്ഥമായ ബൈബിളിൽ മനുഷ്യായുസ്സായി വ്യാഖ്യാനിച്ചിരിക്കുന്നത് 70 വർഷമാണ്. അതിനുശേഷം ലഭിക്കുന്ന ബോണസ്,പ്രയാസകരമായിരിക്കുമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.അങ്ങനൊരു സാഹചര്യം ഉണ്ടാകാതെ സന്തോഷത്തോടുകൂടി വലിയ ബുദ്ധിമുട്ടുകളില്ലാതെ ഈ ലോകം വിട്ടുപോകാൻ സാധിക്കണം എന്നാണ് പ്രാർത്ഥന.
അനീതിക്കെതിരെയുള്ള പടവാളായും യാഥാർത്ഥ്യത്തിന്റെ നേർക്ക് പിടിച്ച കണ്ണാടിയായും മൂന്ന് പതിറ്റാണ്ടുകൾകൊണ്ട് രാകിമിനുക്കിയ തൂലിക ചലിപ്പിച്ചുകൊണ്ട് ഇനിയുമേറെക്കാലം ആയുരാരോഗ്യസൗഖ്യങ്ങളോടെ അമേരിക്കൻ മലയാളികൾക്ക് വാർത്തയുടെ ലോകം തുറന്നുകൊടുക്കാൻ പി.പി.ചെറിയാന് സാധിക്കട്ടെ...