കേരളം കണ്ട ഏറ്റവും മാരകമായ പ്രകൃതി ദുരന്തമാണ് വയനാട്ടിലുണ്ടായ ഉരുള്‍ പൊട്ടല്‍. പ്രദേശവാസികളുടെ ജീവനും സ്വത്തും ഉള്‍പ്പെടെ സര്‍വതും നശിച്ച് മണ്ണോടുമണ്ണടിഞ്ഞ ശ്മശന ഭൂമിയായി ഉരുള്‍ പൊട്ടിയ മേഖല മാറിക്കഴിഞ്ഞിട്ട് മസങ്ങളായി. ഈ കൊടിയ പ്രകൃതി ക്ഷോഭത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരെയോര്‍ത്ത് കണ്ണീരിറ്റിക്കുന്ന ബന്ധമിത്രാദികളുടെയും പരിക്കേറ്റവരുടെയും ഏക സ്വപ്നമാണ് ഇവിടുത്തെ പുനര്‍നിര്‍മാണവും പുനരധിവാസവും.
ദുരന്ത മേഖലയെ പഴയ നിലയിലേയ്ക്ക് വീണ്ടെടുക്കുന്നതിനായുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കേരളം ശക്തമായി പ്രതിഷേധിക്കുന്ന ഘട്ടത്തില്‍, വയനാട്ടില്‍ ദുരിതാസ്വാസം നടത്തിയതിന് കൂലി ചോദിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടതനുസരിച്ച് അന്ന് നൂറുകോടിയോളം രൂപ കേരളം നല്‍കിയിരുന്നു. എന്നാലിപ്പോള്‍ 2006 മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെ വിവിധ ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് പ്രതിരോധ സേനയ്ക്ക് 132.61 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ തുക മുഴുവനും നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ പിടിവാശി.
അതേസമയം, വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കേരളത്തിന്റെ എം.പിമാര്‍, ''ജസ്റ്റിസ് ഫോര്‍ വയനാട്...'' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് (ഡിസംബര്‍ 14) പ്രതിഷേധിച്ചു. വയനാടിനു നീതി നല്‍കുക, ദുരിതാശ്വാസ പാക്കേജ് അനുവദിക്കുക എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി മകര്‍ദ്വാറിനു മുന്നില്‍ വയനാട് എം.പി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള എം.പിമാര്‍ നിലയുറപ്പിച്ചു. മറ്റുള്ള എം.പിമാരോടൊപ്പം മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചാണ് പ്രിയങ്കയും പ്രതിഷേധത്തില്‍ അണിചേര്‍ന്നത്.
''വയനാടിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശപ്പെടുത്തുന്നതാണ്. സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തു നല്‍കി, ആഭ്യന്തര മന്ത്രിയെ നേരിട്ടു കണ്ടു. എന്നാല്‍ അനുകൂല നടപടിയുണ്ടായില്ല. വയനാട്ടിലുണ്ടായ ദുരന്തം രാജ്യം മുഴുവന്‍ കണ്ടതാണ്. അവിടത്തെ ജനങ്ങളുടെ വേദനയും ദുരിതവും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കാന്‍ മടിക്കുകയാണ്...'' പ്രിയങ്ക ഗാന്ധി പറഞ്ഞു.
ദുരന്താനന്തര ആവശ്യങ്ങളുടെ അവലോകന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയതിനാലാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍, ഇത് വിചിത്രവാദമാണെന്നും ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളില്‍ 2024 ജൂലൈ 30-ന് പുലര്‍ച്ചയുണ്ടായ ഒന്നിലധികം ഉരുള്‍പൊട്ടലുകളില്‍ കുറഞ്ഞത് 417 (227 മൃതദേഹങ്ങളും 190 ശരീരഭാഗങ്ങളും, മൊത്തം 417) മരിക്കുകയും 378 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. 47 പേരെ ഇനിയും കണ്ടെത്താനുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് ആറ് ദശലക്ഷം ക്യുബിക് മീറ്റര്‍ വരും എന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മണ്ണിടിച്ചില്‍ മൂന്നു ദശലക്ഷം ക്യുബിക് മീറ്ററാണെന്നിരിക്കെ ഈ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. രണ്ടു ഗ്രാമങ്ങള്‍ മുഴുവനായും ഒലിച്ചുപോയി. ഏതാണ്ട് 2000 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു.
സ്‌കൂളുകളും, കമ്പോളവും ആരാധനാലയങ്ങളും തുടങ്ങി സകലതും ഈ കുത്തൊഴുക്കില്‍ ഇല്ലാതെയായി. സ്റ്റേറ്റ് ഹൈവേ അടക്കം 15 കിലോമീറ്ററിലധികം റോഡും മൂന്നു പാലങ്ങളും ഒലിച്ചുപോയി. ഈ പ്രകൃതിക്ഷോഭത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന പൊതു ആവശ്യത്തെ, അത്തരമൊരു വകുപ്പില്ല എന്നു പറഞ്ഞ് നിരാകരിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദുരന്തത്തെത്തുടര്‍ന്ന് പുനര്‍നിര്‍മാണ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം നല്‍കിയ 2219.033 കോടി രൂപയുടെ പാക്കേജില്‍ 600-700 കോടി രൂപയ്ക്ക് മുകളില്‍ നല്‍കാന്‍ വകുപ്പില്ലെന്നാണ് ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ നിലപാട്.
സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്ക് ധനകാര്യ കമീഷന്‍ ശുപാര്‍ശ ചെയ്തത് 1,28,122 കോടി രൂപയാണ്. അതില്‍ റിലീഫിനായി 64,061 കോടി രൂപയും വീണ്ടെടുപ്പിനും പുനര്‍നിര്‍മ്മാണത്തിനുമായി 48,046 കോടി രൂപയും തയ്യാറെടുപ്പ് ചെലവുകള്‍ക്കായി 16,015 കോടി രൂപയുമാണ് ധനക്കമീഷന്‍ ശുപാര്‍ശ ചെയ്തത്. ഇതുപോലെ കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള ദേശീയ ദുരന്ത പ്രതികരണ നിധിയിലെ 54,770 കോടി രൂപയില്‍ റിലീഫിനായി 27,385 കോടി രൂപയും വീണ്ടെടുപ്പിനും പുനര്‍നിര്‍മ്മാണത്തിനുമായി 20,539 കോടി രൂപയും തയ്യാറെടുപ്പ് ചെലവുകള്‍ക്കായി 6,846 കോടി രൂപയുമാണ് ധനക്കമീഷന്‍ ശുപാര്‍ശ ചെയ്തത്.
പിന്നെ റിലീഫിന് മാത്രമാണ് സഹായം ലഭിക്കുക എന്ന ഇപ്പോഴത്തെ നിലപാട് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. സാധാരണ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്ന് പരിഹരിക്കാവുന്ന നാശമല്ല വയനാടിന് സംഭവിച്ചത്. വയനാട്ടിലെ മനുഷ്യരുടെയും ആ നാടിന്റെയും ജീവിതം തിരിച്ചു പിടിക്കാന്‍ 1200 കോടി രൂപയെങ്കിലും വേണ്ടതുണ്ട് എന്ന് പറഞ്ഞ കേരളത്തോട്, ''അത് നടപ്പില്ല...'' എന്ന് മുഖത്തടിച്ചപോലെ പ്രതികരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
സമാനതകളില്ലാത്ത ഈ പ്രകൃതി ദുരന്തത്തെ അതിന്റെ ഗൗരവതരമായ അര്‍ത്ഥത്തിലും വ്യാപ്തിയിലും കണ്ട് മതിയായ ധനസഹായം ലഭ്യമാക്കാന്‍ തയ്യാറാകാത്ത വിധം കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വിദ്വേഷം കാണിക്കുന്നത് തികച്ചും വിവേചനപരമാണ്. കേവലം സാങ്കേതികമായ കാര്യങ്ങളില്‍ മനപ്പൂര്‍വം കുടുക്കി കേരളത്തിന്റെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് യാതൊരു തരത്തിലുമുള്ള നീതീകരണമില്ല.
ദുരന്ത പ്രതികരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് എന്ന് കേന്ദ്രം പറയുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. മഹാ പ്രളയം ഉള്‍പ്പെടെ സമീപകാല ദുരന്ത സംഭവങ്ങളില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആഗോളമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദുരന്ത മാനേജ്മെന്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ് എന്നതുപോലെ ദുരത്തിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിധി ലഭ്യമാക്കേണ്ടത് യൂണിയന്‍ സര്‍ക്കാരുകള്‍, അല്ലെങ്കില്‍ ഫെഡറല്‍ സര്‍ക്കാരുകളാണ് എന്ന് ധനകാര്യ കമീഷന്‍ വ്യക്തമാക്കുന്നുണ്ട്.
എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു മാനുഷിക പരിഗണനയും കേരളത്തോട് കാട്ടുന്നില്ല. അസാധാരണ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി അധിക സഹായം ലഭ്യമാക്കണം എന്ന് പത്താം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശയെ അപ്പാടെ തള്ളുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. കേന്ദ്രം അംഗീകരിച്ച ശുപാര്‍ശയാണിേന്നൊര്‍ക്കണം. വയനാട്ടില്‍ സംഭവിച്ചത് അസാധാരണ ദുരന്തം തന്നെയാണെന്നകാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ലല്ലോ..?