ഒരു കാടിന്റെ മധ്യേ, ഫോക്സാൻ എന്നൊരു സൂത്രകാരനായ കുറുക്കൻ ജീവിച്ചുപോന്നു. ഫോക്സാൻ വളരെ കപടനും തന്ത്രക്കാരനും ആയിരുന്നു. അവന്റെ തന്ത്രങ്ങളെ പറ്റി കാട്ടിലെ എല്ലാ മൃഗങ്ങളും കേട്ടിരുന്നു. അവന് ഭക്ഷണം പിടികൂടുവാൻ പോലും മടിയായിരുന്നു. ചെറിയ മൃഗങ്ങളെ പിന്തുടരുവാൻ താത്പര്യമില്ലാത്ത ഫോക്സാൻ എളുപ്പത്തിൽ ഭക്ഷണം ലഭിക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു.
ഒരു ദിവസം സന്ധ്യക്ക്, ഫോക്സാൻ ഒരു തന്ത്രം കണ്ടെത്തി. ഒരു വലിയ കുഴി തോണ്ടി അതു ഇലകളാൽ മൂടി. ശേഷം, ഏതങ്കിലും ഒരു മൃഗം അതിലൂടെ കടന്ന് കുഴിയിലേക്കു വീഴും എന്ന് പ്രതീക്ഷിച്ച് അടുത്തുള്ള പുള്ളിപ്പുല്ലുകളിൽ ഒളിച്ചിരുന്നു.
എന്നാൽ കാട് മുഴുവനും ശാന്തമായിരുന്നു, ഒരുമൃഗവും കുഴിക്ക് അടുത്തുവന്നില്ല. എന്നാൽ, കുറച്ചുനേരം കഴിഞ്ഞ്, ഫോക്സാൻ ഉറ്റ ചങ്ങാതികളായ ബ്ലാക്കിയും വൈറ്റിയും എന്ന് പേരുള്ള മുയലുകൾ ആവേശത്തോടെ കളിക്കുന്നതുകണ്ടു.
ഫോക്സാൻ ഒരു തന്ത്രം ചിന്തിച്ചു. തന്റെ ഒളിസ്ഥലത്തു നിന്ന് പുറത്തുവന്നു. "ഹേ, ബ്ലാക്കി, വൈറ്റി! നിങ്ങൾ തമ്മിൽ ഒരു മത്സര ഓട്ടം നടത്തണമെന്നുവച്ചാൽ? ജയിക്കുന്നവനു ഒരു മുഴുവൻ കൊട്ട നിറഞ്ഞ പച്ചക്കറികൾ നൽകാം. അതിൽ നല്ല സ്വാദിഷ്ടമായ കാരറ്റുകളും ഉണ്ട്."
ബ്ലാക്കി, വൈറ്റി എന്നിവർ ഈ വാക്കുകൾ കേട്ട് ആവേശഭരിതരായി. അവർക്കു പച്ചക്കറികൾ വളരെ ഇഷ്ടമാണ്! പ്രത്യേകിച്ച് കാരറ്റ് കഴിച്ചിട്ട് വളരെ നാളായി താനും. നല്ല സ്നേഹിതരായ അവർ ഓരോരുത്തരും ചിന്തിച്ചു "സമ്മാനം തനിക്കു കിട്ടിയാൽ എന്ത് ചെയ്യണം. ബ്ലാക്കി മനസ്സിൽ ഓര്ത്തു, ഞാൻ ജയിച്ചാൽ, എന്റെ സുഹൃത്ത് വൈറ്റിയുമായി ഇവ പങ്കിടും. വൈറ്റിയും ചിന്തിച്ചു: ഞാൻ ജയിച്ചാൽ, ബ്ലാക്കിയുമായി പങ്കിടും തന്റെ നല്ല സുഹൃത്താണല്ലോ.
"ഓൺ യുവർ മാർക്ക്, ഒന്നു, രണ്ടു, മൂന്ന് ഗോ എന്ന് ഉറക്കെ അലറി ഫോക്സാൻ അവർക്ക് ഓടാൻ അവസരം നൽകി.
ബ്ലാക്കി, വൈറ്റി എന്നിവർ വേഗത്തിൽ ഓടി, പക്ഷേ അവർ കുഴിക്കരികിൽ എത്തിയപ്പോൾ, പെട്ടെന്ന് ഓർത്തുവന്നതുപോലെ നിർത്തി. മണ്ണ് സുരക്ഷിതമല്ലെന്ന് അവർ മണത്തറിഞ്ഞു. ഇത് ഒരു കുറുക്കന്റെ വലായിരുന്നു! ഉടൻ തന്നെ, ബ്ലാക്കി, വൈറ്റി എന്നിവർ കുഴിയുടെ മുകളിലൂടെ ചാടുകയും സുരക്ഷിതമായി മറുവശത്ത് ഇറങ്ങുകയും ചെയ്തു.
ഫോക്സാൻ കോപത്തോടെ തന്റെ തന്ത്രം പാളി എന്ന് കണ്ട പാടെ ബ്ലാക്കി, വൈറ്റി എന്നിവരെ പിടികൂടാൻ ഒരു ശ്രമം നടത്തി. പക്ഷേ, തിടുക്കത്തിൽ ഉള്ള ചട്ടത്തിൽ കുറുക്കൻ അവൻ കുഴിച്ച കുഴിയിലേക്ക് വീണു.
ബ്ലാക്കിയും വൈറ്റിയും അവിടെ നിന്ന് വേഗത്തിൽ ഓടി. കുഴിയിൽ കുടുങ്ങിയ ഫോക്സാൻ ഉറക്കെ കരഞ്ഞു. രക്ഷിക്കണേ.. രക്ഷിക്കണേ... എന്നാൽ, ഒരു വിശന്ന കടുവ അടുത്തടുത്തുവന്നപ്പോൾ, ഫോക്സാന്റെ കാര്യം പോക്കായി.
കടുവ ഇന്ന് രാത്രിയിലെ അത്താഴം തയ്യാറായി എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് രക്ഷിക്കാനാണെന്ന ഭാവത്തിൽ കുറുക്കന്റെ കഴുത്തിൽ ആഴത്തിൽ കടിച്ചു തന്റെ ഗുഹയിലേക്ക് കൊണ്ട് പോയി. ബാക്കി കാര്യം കൂട്ടുകാരെ നിങ്ങൾക്കു ഊഹിക്കാമല്ലോ. കുറുക്കന്റെ കഥ കഴിഞ്ഞു.
പാഠം: മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിക്കരുത്. ഫോക്സാൻ തന്റെ ബുദ്ധിയുപയോഗിച്ച് മുയലുകളെ പിടിക്കാൻ ശ്രമിച്ചു. പക്ഷേ, ആ ശ്രമം അവനെ തന്നെ ആപത്തായി മാറി.