Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ ( നോവല്‍ ഭാഗം 45- സാംസി കൊടുമണ്‍)

Published on 15 December, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ ( നോവല്‍ ഭാഗം 45- സാംസി കൊടുമണ്‍)

മുന്‍പരിചയമുള്ള, സമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളെ ആയിരുന്നു ഡയാന്‍ കാറുമായി വിട്ടത്. ഞങ്ങള്‍ വീണ്ടും ആര്‍ക്കും പിടികൊടുക്കാതെ ഷട്ടില്‍വര്‍ത്തിന്റെ വീട്ടില്‍ ഒളിപാര്‍ത്തു. ഇപ്പോള്‍ പലയിടങ്ങളില്‍നിന്നായി സമരത്തില്‍ പങ്കെടുക്കാന്‍ വന്ന ഇരുപത്തൊന്നു പേരുണ്ടായിരുന്നു. പലകാറുകളിലായി ഞങ്ങള്‍ ഡൗണ്‍ ടൗണ്‍ ബസ്‌ടെര്‍മനിലേക്കു കടന്നു ഏകദേശം മുവ്വയിരത്തിലധികം ആളുകള്‍ ഞങ്ങളേയും കാത്ത് അവിടെയുണ്ടായിരുന്നു. . സ്വീകരിക്കാനല്ല....പ്രതിഷേധിക്കാനെത്തിയവര്‍ . പോലീസിന്റെ സാന്നിദ്ധ്യം കൊണ്ടായിരിക്കാം ആരും ഞങ്ങളെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നില്ല. ഞങ്ങള്‍ ബസില്‍ കയറി. പക്ഷേ ഡ്രൈവര്‍ ഇല്ലായിരുന്നു. കറുത്തവന്റെ ഡ്രൈവറാകാന്‍ അവനു മനസ്സില്ലായിരുന്നു. അങ്ങനെ അടുത്ത വണ്ടിയും ഉരുണ്ടില്ല. രാത്രി വൈകി പുറത്തെ ബഹളക്കാര്‍ ഏതുവിനാഴികയിലും, പോലീസ് അടച്ച വാതില്‍ പൊളിച്ച് അകത്തു കടന്നേക്കാം. ഇടയ്ക്ക് ജാനാലയ്ക്ക് വന്നു പതിക്കുന്ന കല്ലുകള്‍ അവരുടെ മനസ്സിലിരുപ്പ് പറയുന്നുണ്ടായിരുന്നു. ഇടയ്ക്കേതോ റിപ്പോര്‍ട്ടര്‍ പറയുന്നുണ്ടായിരുന്നു ജോണ്‍ എഫ് കെന്നഡി ഗ്രേഹോണ്ട് ബസ്‌കമ്പിനിയോട് ഒരു ബസും ഡ്രൈവരേയും വിട്ടുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടത്ര...പ്രത്യേക വികാരം ഒന്നും തോന്നിയില്ല. ഏതു കാര്യവും നടക്കുന്നതുവരെ ഒന്നും വിശ്വസിക്കരുതെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. ഗവര്‍ണര്‍ പാറ്റേഴസണുമായി അറ്റേര്‍ണിജനറലിന്റെ പ്രതിനിധി സംസാരിച്ചതായും അറിയുന്നു. കാര്യങ്ങള്‍ പ്രസിഡന്റോളം എത്തി എന്നതു നല്ലകാര്യം എന്നു മാത്രം ചിന്തിച്ചു. പിറ്റെദിവസം ഞങ്ങള്‍ക്കുമാത്രമായി ഒരു ബസും ഡൈവറും, മുന്നിലും പിന്നിലും പോലീസ് അകമ്പടിയോട് യാത്ര ആരംഭിച്ചു. എല്ലാ അരമണീക്കുറിലും പോലിസ്സ് ചെക്‌പോസ്റ്റുകള്‍. വാര്‍ത്ത ലോകം എല്ലാം എത്തി പ്രശ്‌നം ജനശ്രദ്ധയില്‍ എത്തിക്കുക എന്ന ലക്ഷ്യം സാദ്ധ്യമായിരിക്കുന്നു. മോണ്ട്‌ഗോമറി വരെ പോലീസ് ഹെലികോപ്റ്റര്‍ അകമ്പടിയായി ഉണ്ടായിരുന്നു എന്നു പറയുമ്പോള്‍ വാഷിങ്ങ്ടണില്‍ നിന്നുമുള്ള നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടാകും എന്നുവേണം കരുതാന്‍. പക്ഷേ ധാരണകളൊക്കെ തെറ്റായിരുന്നു. മൊണ്ട്‌ഗോമറി അതിര്‍ത്തിയില്‍ എത്തിയതോടെ ഒപ്പമുണ്ടായിരുന്ന പോലിസ്സ്‌കാറുകള്‍ അപ്രത്യക്ഷമായി. ആകാശത്തിലെ ഹെലികോപ്റ്റര്‍ എങ്ങോ മറഞ്ഞു. സ്റ്റേഷനിലേക്ക് ബസ് എത്തുമ്പോള്‍ കുറച്ചു വെളുത്തവര്‍ കണ്ണാടി വാതിലിനപ്പുറവും, ഒന്നു രണ്ടു റിപ്പോര്‍ട്ടേഴ്‌സ് അകത്തും ഉണ്ടായിരുന്നു. പതിവിനു വിപരീതമായി എല്ലാം ശാന്തം എന്നോര്‍ക്കുമ്പോഴേക്കും, പെരുമഴപോലെ ജനം എവിടെനിന്നെല്ലമോ, എല്ലാവിധ ആയുധങ്ങളുമായി തള്ളിക്കയറി വരാന്‍ തുടങ്ങി.

കൂട്ടത്തിലുള്ള സ്ത്രീകളെ എങ്ങനേയും സംരക്ഷിക്കണമെന്ന ചിന്തയില്‍ അവരെ ടാക്‌സിസ്റ്റാന്റിലേക്കുള്ള വഴിയിലേക്കു തള്ളിവിട്ടു. ഏഴുസ്ത്രികളില്‍ അഞ്ചു കറുത്തവരും രണ്ടു വെള്ളക്കാരികളും. ഒരു കറുത്ത ടാക്‌സിക്കാരനെ സമീപിച്ചെങ്കിലും, വെളുത്തവരെ ഒപ്പം കയറ്റാന്‍ സമ്മതിച്ചില്ല. അത് സ്റ്റേറ്റ് ലോയിക്കെതിരാണ്. തൊട്ടുകൂടാത്ത ജാതികള്‍ ഒന്നിച്ചു യാത്രചെയ്താല്‍ ഡ്രൈവര്‍ ശിക്ഷിക്കപ്പെടും. അയാളെ എങ്ങനെ കുറ്റപ്പെടുത്താന്‍... വെളുത്ത രണ്ടുപേരെ ഒഴിവാക്കി അഞ്ചു കറുത്തവര്‍ അവിടെ നിന്നും രക്ഷപെട്ടു. അപ്പോഴേക്കും ആള്‍ക്കൂട്ടം പലവഴികളായി ഇരച്ചുവരുന്നുണ്ടായിരുന്നു. എവിടെ നിന്നെല്ലാമോ കിട്ടിയ പ്രഹരത്താല്‍ ബോധം നഷ്ടമായപ്പോള്‍, കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ക്രൂരമായി മര്‍ദനത്തിന് വിധേയരായിക്കൊണ്ടിരുന്നു. കറുത്തവന്റെ തുല്ല്യ അവകാശങ്ങള്‍ക്കുവേണ്ടി പീഡനമേറ്റ എന്റെ വെളൂത്തവരായ സഹാദരങ്ങളോടെ എങ്ങനെ നന്ദി പറയണമെന്നറിയാതെ ബോധതലത്തിലേക്കിറങ്ങിയപ്പോള്‍, അലബാമ സ്റ്റേറ്റ് അറ്റേര്‍ണിയുടെ കുറ്റപത്രം നേര്‍ക്ക് നീട്ടി ആറ്റേര്‍ണിതന്നെ മുന്നില്‍. നേരത്തെ കുറ്റങ്ങള്‍ ഒക്കെ എഴുതി തയ്യാറാക്കിയ കുറ്റപത്രം. സമാധാന പരമായ ജീവിതത്തെ തടസപ്പെടുത്തി. കലാപത്തിന് ആഹ്യാനം ചെയ്ത് ആളെക്കൂട്ടി...പിന്നെ അവര്‍ക്ക് തോന്നിയതെല്ലാം... അവര്‍ പറഞ്ഞതൊന്നും കേള്‍ക്കാനോ മനസിലാക്കനോ കഴിയാതവണ്ണം ഇരിക്കുന്ന തറയും ചുറ്റുപാടുകളും വട്ടം കറങ്ങുന്നു. രക്തം എവിടെയും രക്തം. പോലീസിനോട് ഒരാംബുലന്‍സിനു യാചിച്ചിട്ട്, അതുനിങ്ങളുടെ ഉത്തരവാദിത്വം എന്നു പറഞ്ഞൊഴിഞ്ഞപ്പോള്‍, മനഃസാക്ഷി മരവിച്ച മനുഷ്യന്റെ ക്രിസ്തീയ സ്‌നേഹത്തെക്കുറിച്ചുള്ള പുതിയ ഭാഷ്യങ്ങള്‍ എന്നു സ്വയം പറഞ്ഞു. അനുഭവങ്ങളുടെ വലിയ പാഠങ്ങള്‍ ആയിരുന്നു ആ ദിവസങ്ങള്‍.

ഒടുവില്‍ ഞങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ സ്വീകരിക്കപ്പെട്ടുവെങ്കിലും, സിറ്റി കത്തിയെരിയുകയായിരുന്നു. കലാപകാരികള്‍ കണ്ണില്‍ കാണുന്ന കറുത്തവരെ തല്ലുകയും, പുരകള്‍ കത്തിക്കയും ചെയ്തു. ഒരു കറുത്തവനെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു.(ഇപ്പോള്‍ ഫ്‌ളോറിഡയിലെ ഗവര്‍ണരെപ്പോലെയുള്ളവര്‍ സ്‌കൂളുകളിലും, ലൈബറിയിലും കറുത്തവന്റെ ചരിത്രം നിരോധിക്കുന്നതിനു കാരണം ഇതൊന്നും വരും തലമുറ പഠിക്കണ്ട എന്നു വെച്ചാകും. ആന്‍ഡ്രു ജോണ്‍ ലൂസിന്റെ കഥക്കിടയില്‍ ഓര്‍ത്തു.) ഗവര്‍ണര്‍ പാറ്റേഴ്‌സണും, പോലീസും ചേര്‍ന്നുള്ള ഒരു ഒത്തുകളിയായിരുന്നത്. പക്ഷേ കാര്യങ്ങള്‍ അവരുടെ കയ്യില്‍ ഒതുങ്ങിയില്ല എന്ന് പിന്നിട് അവര്‍ അറിഞ്ഞു.ലോകം മുഴുവന്‍ ചര്‍ച്ചയായ കലാപം. നേതാക്കന്മാര്‍ ഒരോരുത്തരായി അലബാമയിലേക്കു വരാന്‍ തുടങ്ങി. ഡോ. കിംഗ് ഞങ്ങളെക്കാണാനും, പ്രതിക്ഷേധം അറീയ്ക്കാനുമായി വരുന്നു. പ്രസിഡന്റെ കെന്നഡി, ബോബി കെന്നഡിയുമായി സംസാരിച്ച്, ഫെഡറല്‍ മാര്‍ഷലുമാരെ അയച്ചു. ഡയാനയും, ലോബ്‌സനും വരുന്നു എന്ന വിവരത്തിനൊപ്പം, ജിം ഫാര്‍മറും എത്തിച്ചേരുമെന്നറീച്ചു. ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വലിയ ഒരു പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു. ഡോ. കിംഗ് മുഖ്യ പ്രഭാഷകന്‍. വൈകുന്നേരം ആയപ്പോഴേക്കും അലബാമയിലുള്ള കറുത്തവരുടെ ഒരു ആള്‍ക്കൂട്ടം അവിടേക്ക് എത്തിച്ചേരാന്‍ തുടങ്ങി. അപ്പോഴേക്കും പുറത്ത് പ്രതിക്ഷേധക്കാരുടെ ബഹളവും ഒച്ചയും കേട്ടു തുടങ്ങി. അവരുടെ എണ്ണം കൂടിക്കുടി വരുന്നു. കിംഗിനെ അവര്‍ കല്ലെറിഞ്ഞു. അവരുടെ ബഹളത്തെ അതീജീവിക്കാന്‍ ഉച്ചത്തില്‍ ഞങ്ങള്‍ ആരാധന ഗീതങ്ങള്‍പാടി. യോഗത്തിനെത്തിച്ചേര്‍ന്ന പ്രമുഖരായ പലര്‍ക്കും കല്ലേറു കിട്ടിയെന്നറിയാന്‍ കഴിഞ്ഞു.

എട്ടുമണിയോട് ഇരുട്ടിന്റെ ആത്മാവിനെപേറിയവര്‍ കല്ലേറും, ചെറിയ ബോംബുകളൂമായി ചര്‍ച്ചിന്റെ ജനാലകളും കതകും പൊളിക്കാന്‍ ശ്രമിച്ചു. ഈ കലാപഭൂമിയുടെ വിവരണം എത്ര ശ്രമിച്ചാലും അതേ തീവ്രതയൊട് പറഞ്ഞുഫലിപ്പിക്കാന്‍ പറ്റില്ലല്ലോ എന്ന് ആന്‍ഡ്രു ഖേദപ്പെട്ടു. പണ്ട് കുരുക്ഷേത്ര യുദ്ധംകണ്ണൂകാണാന്‍ വയ്യാത്ത ധൃതുരാഷ്ട്രര്‍ക്കുവേണ്ടി സജ്ഞയന്‍ വിവരിച്ചപോലെ തനിക്കു പറ്റുന്നില്ല... ഇതും അങ്ങനെ വിവരിച്ചു പറയേണ്ടതുതന്നെ. സ്റ്റേറ്റ് ട്രൂപ്പേഴ് വന്നപ്പോഴേക്കും പത്തുമണി. ഡോ. കിംഗ് ബോബി കെന്നഡിയെ വിളിച്ചിട്ടും, പാറ്റേഴ്‌സണ്‍ ടുപ്പിനെ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നു. ഇവിടുത്തെ സ്റ്റേറ്റ് ഗവര്‍ണര്‍മാരുടെ അധികാരം പ്രാസിഡന്റിനുപോലും അസാധുവാക്കന്‍ കഴിയില്ല. സ്റ്റേറ്റും ഫെഡറലും തമ്മില്‍ അധികാരപരുധികള്‍ ഉണ്ട്. സ്റ്റേറ്റുകള്‍ക്ക് വിപുലമായ അധികാരങ്ങള്‍ അപകടമല്ലെ എന്നു ചിന്തിക്കേണ്ട സമയമായില്ലെ.ജോണ്‍ ലൂയിസും കൂട്ടരും അങ്ങനെ ചിന്തിച്ചിരുന്നുവോ... ആന്‍ഡ്രു അങ്ങനെയാണു ചിന്തിച്ചത്. എത്രമാത്രം പുറത്തെ ആള്‍ക്കൂട്ടം പ്രകോപിക്കാന്‍ ശ്രമിച്ചിട്ടും, പൊരുതാന്‍ തയ്യാറായി, കൊച്ചുപിച്ചാത്തിയും തോക്കുമായി വന്ന കുറെ വീറുള്ള കറുത്തവര്‍ വാതിലിനോളം എത്തിയപ്പോഴും, ഗാന്ധിയന്‍ പ്രമാണത്തില്‍ വിശ്വസിച്ചിരുന്നവര്‍ പറഞ്ഞതു കേട്ടവര്‍ ഇരിപ്പടങ്ങളിലേക്കു മടങ്ങി. സ്റ്റേറ്റ് ട്രൂപ്പേഴ്‌സിന്റെ കാവലില്‍ മീറ്റിംഗ് കഴിഞ്ഞെങ്കിലും, ആരേയും പുറത്തിറങ്ങാന്‍ ട്രൂപേഴ്‌സ് അനുവദിച്ചില്ല. പുറത്ത് കലാപകാരികള്‍ ഉണ്ടായിരുന്നു എന്ന ന്യായം മാത്രമായിരുന്നില്ല കാരണം. പാറ്റേഴ്‌സണ്‍ ഞങ്ങളെ തടവുകാരാക്കനുള്ള മുന്‍കൂര്‍ പദ്ധതിയുടെ ഭാഗമായിരുന്നു അത്. കൊച്ചുകൂട്ടികളും വലിയവരും അന്ന് ചര്‍ച്ചിന്റെ തറയില്‍ കിടന്നുറങ്ങുമ്പോള്‍ നാനൂറു വര്‍ഷത്തെ അടിമജീവിതത്തെ അവര്‍ ഓര്‍ത്തിട്ടുണ്ടാകും.

രാത്രി മുഴുവന്‍ ഡോ. കിംഗും കെന്നഡിയും, പാറ്റേഴസനും ഫോണില്‍ സംസാരിച്ചു. പാറ്റേഴ്‌സണ്‍ പറയുന്നത് ഫ്രീഡം റൈഡേഴ്‌സ് കമ്മ്യുണിസ്റ്റുകളും, ഗുണ്ടകളുമാണന്നാണ്. അവര്‍ സമൂഹത്തിന്റെ സൈ്വര്യജീവിതം തകര്‍ക്കാന്‍ വന്ന കയ്യേറ്റക്കാര്‍ എന്നാണ്..(ഇപ്പോഴത്തെ പുരോഗമനവാദികളായ ഡെമൊക്രാറ്റുകളെ റിപ്പബ്ലിക്കന്‍സ് വിളിക്കുന്ന അതേ പേരുകള്‍... കാലം മാറിയിട്ടും വെളുത്തവന്റെ രാഷ്ട്രിയം മാറിയിട്ടില്ല. ആന്‍ഡ്രു ഓര്‍ത്തു.) ഒടുവില്‍ കെന്നഡി ഫെഡറല്‍ ട്രൂപ്പേഴ്‌സിനെ അയച്ചു. അവര്‍ വലിയ ട്രക്കുകളും ജീപ്പുകളുമായി ഞങ്ങളെ മോചിപ്പിച്ചു അപ്പോഴേക്കും മണി മൂന്നു കഴിഞ്ഞിരുന്നു. ഞങ്ങളില്‍ പലരും ഡോ. ഹാരീസ് എന്ന ഒരു കറുത്തവനായ ഫാര്‍മസിസ്റ്റിന്റെ വീട്ടില്‍ അഥികളായി. അതൊരു വലിയ വീടും അനേകം മുറികളുമുള്ള വീടായിരുന്നു. ്. ആ സൗകര്യങ്ങളത്രയും ഹാരീസ് കറുത്തവന്റെ പോരാട്ടത്തിനായി വിട്ടുതന്നു. എല്ലാ സമര പോരാളികള്‍ക്കും ആ വീട് അഭയം കൊടുത്തു. അബോളിഷന്‍ കാലത്തെ ഒളിത്താവളങ്ങള്‍ മാതിരി എന്ന് ആന്‍ഡ്രു കൂട്ടിവായിച്ചു. ഫ്രീഡം റൈഡ് തുടരണൊ എന്ന ചര്‍ച്ചയില്‍ കിംഗ് ആ യാത്രയില്‍ പങ്കാളിയാകാന്‍ താല്പര്യമില്ലാത്തവനെപ്പോലെയായിരുന്നു. ഡയാന്റെ നേരിട്ടുള്ള ചോദ്യത്തിന് സമയമായില്ല എന്ന മട്ടിലുള്ള ഒഴുക്കന്‍ മറുപടി അദ്ദേഹത്തിന്റെ ഉള്ളിലെ ഭയത്തെ കാണിച്ചിരുന്നുവോ... എന്നും മരണഭയത്തിന്റെ നിഴലില്‍ കഴിയുന്ന കിംഗിനോട് അതൃപ്തി തോന്നിയില്ല. ഫാര്‍മേര്‍ഴ്‌സിന് അയാള്‍ നിര്‍ത്തിവെച്ച്, താന്‍ തുടങ്ങിയ യാത്രയുടെ വിജത്തിന്റെ പങ്കാളിയാകാന്‍ ആഗ്രഹമുള്ളപോലെ.വിജയം ആരെങ്കിലും പങ്കിടട്ടെ...ഈ യാത്ര തീര്‍മാനിച്ചപോലെ പൂര്‍ത്തിയാക്കണം. അത്രമാത്രം.ഡയാനും ബീവറിനും ഒക്കെ അതെ അഭിപ്രായം ആയിരുന്നു. മിസ്സൈപ്പിയിലേക്കുള്ള യാത്ര മാറ്റിവെയ്ക്കണം എന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടതായി അറിയുന്നു. മാറ്റിയാല്‍ ഇപ്പൊഴത്തെ ആ താളം നഷ്ടമാകും എന്ന തിരിച്ചറിവില്‍ നാഷ്‌വില്ലിലെ കുട്ടികള്‍ യാത്രയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.

കോളേജ് സ്റ്റുഡന്‍സ് ആ സമരം ഏറ്റെടുത്തപോലെ അതു സ്വന്തമായി വളരുന്നു. ഡോ. ഹാരിസിന്റെ വീട്ടില്‍ നിന്നും പുറപ്പെടാന്‍ തീരുമാനിച്ചിരുന്നു. അവിടേക്ക് നൂറുകണക്കിന് റൈഡേഴ് ഞങ്ങള്‍ക്കൊപ്പം ചേരാന്‍ വന്നുകൊണ്ടിരുന്നെങ്കിലും...ആദ്യം ഞങ്ങള്‍; നിങ്ങള്‍ പുറകാലെ എന്നു തീരുമാനമായി. അപ്പോള്‍ ഡി. സി. യില്‍നീന്നും ഒരു ബസ്സു നിറയെ നാസികള്‍ സമരത്തെ തകര്‍ക്കാന്‍ പുറപ്പെട്ടിട്ടുന്ന് വിവരം കിട്ടിയിരുന്നു.ബസ്സ് ടെര്‍മിനലില്‍ ഞങ്ങളെ യാത്രയാക്കാന്‍ കിംഗിനൊപ്പം നേതാക്കന്മാര്‍ എത്തിയിട്ടുണ്ടായിരുന്നു. ടെര്‍മിനലിലെ ഫുഡ് കൗണ്ടറില്‍ നിന്നും കോഫി വാങ്ങുമ്പോള്‍ അതു ചരിത്രമായിരുന്നു. അവിടെ ഇതിനുമുമ്പ് ഒരു കറുത്ത വംശജനെ ഊട്ടിയിട്ടില്ല. വാങ്ങിച്ചവന്റേയും, കൊടുത്തവന്റേയും ചുണ്ടില്‍ ചിരി. പത്രങ്ങള്‍ അതു പകര്‍ത്തിയോ...? അനേകം ഫെഡറല്‍ ട്രൂപ്പ് വണ്ടികള്‍ ഞങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് ബസ്സിനു മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നു. ആകാശത്ത് രണ്ട് ഹെലികോപ്ടറും. ജാക്‌സണ്‍ സ്റ്റേഷന്‍ എത്തുന്നവരെ സുരക്ഷിതാരയിരുന്നുവെങ്കിലും അവിടെ ഞങ്ങളെ അറസ്റ്റുചെയ്ത് ജയിലിലാക്കി.ജയില്‍ എന്നു പറഞ്ഞാല്‍ ദുരിതങ്ങളെ പെറ്റതവിടെയായിരുന്നു എന്നുവേണം കരുതാന്‍. ജാക്‌സണില്‍ നിന്നും രാത്രിയുടെ രഹസ്യത്തില്‍ ഞങ്ങള്‍ ഏകദേശം നാല്പത്തഞ്ചുപേരെ ഫാം വണ്ടിയില്‍ കയറ്റി മിസ്സസ്സിപ്പി ഡെല്‍റ്റയിലെ പെര്‍ച്ച്മാന്‍ ഫാമെന്നറിയുന്ന ജയിലിലേക്കു മാറ്റി. ആ ജെയില്‍ നരകങ്ങളെ പോറ്റിവളര്‍ത്തുന്നിടം ആയിരുന്നു. രണ്ടുമണിക്കുര്‍ നഗ്നരാക്കി നിര്‍ത്തി മുടിയും മീശയും വടിച്ച് കുളിപ്പിച്ച് ജയില്‍വസ്ത്രം അണിയിച്ച് രണ്ടു പേരെ വീതം അടച്ച ജെയില്‍ മൂറിയില്‍ നിന്നും ഞങ്ങളെ വെളിയില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല.

1961ലെ അമേരിയ്ക്കയെക്കുറിച്ച് നാം അഭിമാനപൂരിതരാകണം. നാസി ജര്‍മനിയിലെ കോണ്‍സന്ററേഷന്‍ ക്യാമ്പുകള്‍ ഇതിലും ഭേദമായിരുന്നു എന്നുവേണം ചിന്തിക്കാന്‍ എന്ന് ജോണ്‍ ലൂയിസ് എഴുതുന്നു. ശരിക്കും കന്നുകാലി തൊഴുത്തിലെ ജീവിതം ജയിലില്‍ ഒരു ടി ഷര്‍ട്ടും, നിക്കറും മാത്രം കിട്ടിയതില്‍ ക്ഷുഭിതരായവരോട് ബീവര്‍ കയര്‍ത്തു ഗാന്ധി തന്റെ യൂറോപ്യന്‍ വസ്ത്രങ്ങള്‍ എല്ലാം ഉപേക്ഷിച്ച് താറുപാഞ്ചിയ ഒരു മുണ്ടും, നെഞ്ചുമറയ്ക്കാന്‍ ഒരു തോര്‍ത്തും പുതച്ചല്ലെ ബ്രിട്ടീഷ്‌കാരെ ഓടിച്ചത്.പിന്നെ ആരും ഒന്നും പറഞ്ഞില്ല. ഗവര്‍ണര്‍ ബാര്‍ണറ്റിന്റെ പ്രത്യേകം നിര്‍ദേശപ്രകാരമായിരുന്നു ഞങ്ങളെ പ്രത്യേക സെല്ലുകളില്‍ സൂക്ഷിച്ചിരുന്നത്. നരഭോജികളെപ്പോലും നാണിപ്പിക്കുന്ന മറ്റു തടവുകാര്‍ക്ക് എറിഞ്ഞുകൊടുത്ത് എന്തെങ്കിലും പറ്റിയാല്‍ ജയിലിനു ചുറ്റിലും കറങ്ങിനടക്കുന്ന പത്രക്കാര്‍ എന്തൊക്കെ എഴുതും എന്ന ഭയമായിരുന്നു. ഞങ്ങളുടെ ജയില്‍ വാസം അനിശ്ചിതമയി തുടരുമ്പോള്‍ വിദ്ദ്യര്‍ത്ഥികള്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും എത്തി ജാക്‌സണിലെ ജയിലുകള്‍ നിറയ്ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ മൂന്നാഴ്ചത്തെ ജയില്‍ വാസത്തിനൊടുവില്‍ ജൂലെ 7ന് ജയില്‍ വാതില്‍ തുറന്നു. ഞങ്ങളെ സ്വീകരിക്കാന്‍ കാറുകളുമായി വളരെപ്പേര്‍ എത്തിയിരുന്നു. ഇന്ത്യയില്‍ പാവങ്ങള്‍ക്കായി വീടുപണിയുന്നതല്ല തന്റെ ജീവിതലക്ഷ്യം എന്ന തിരിച്ചറിവില്‍, ഇനി ഒരു തിരിഞ്ഞുനോട്ടം ഇല്ലാത്തവനായി, കറുത്തവന്റെ മോചനത്തിനായുള്ള യാത്രയില്‍ ആയി.

Read More: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക