എടാ , ചകിരിപ്പാണ്ട കൊണ്ട് നിലത്ത് ചാണകം മെഴുകുന്നത് പോലെയല്ല ചുമരിൽ ബ്രഷ് പെരുമാറേണ്ടത് . ഒന്നുമില്ലെങ്കിൽ പെയിൻ്റിന് ആകർഷകമായ ഒരു നിറമുണ്ട് . നീ അതിനെ അപമാനിക്കരുത് .
മേസ്ത്രി ജയരാമേട്ടൻ അയാളെ വഴക്ക് പറഞ്ഞു .
എൻ്റെ രൂപേഷേ , എപ്പഴും പഴയ പെയിൻ്റ് ചുരണ്ടിയും ഫസ്റ്റ് കോട്ട് വെള്ളയും കൊണ്ട് ചുരുണ്ട് കൂടിയാ മതിയാ ? നിനക്കും തലയെടുപ്പുള്ള ഒരു പെയിൻ്റ് പണിക്കാരനാവണ്ടടാ ?
ഗോപാലാട്ടൻ്റെ ഉപദേശം .
ഇവർക്കൊന്നും മനസ്സിലാവില്ല തൻ്റെ മനോവ്യഥ . കവിയാവാൻ പിറന്ന തന്നെയാണ് വീട്ടുകാരും നാട്ടുകാരും കൂടി ഒരു വെറും പെയിൻ്റു പണിക്കാരനാക്കിയത് . ഏതൊക്കെയോ ചുമരുകൾക്കും അതിൽ ചാലിക്കുന്ന പെയിൻ്റുകൾക്കും ഇടയിൽ ഞെരുങ്ങിപ്പിടയാനുള്ള തോ എൻ്റെ കവിത ?
രൂപേഷിലെ കാവ്യാഭിമാനം സട കുടഞ്ഞുണർന്നു .
സ്കൂൾകാലത്ത് ക്ളാസിൽ പഠിക്കാനുള്ള കവിതകളൊന്നും മനസ്സിലായിരുന്നില്ല . ആ എഴുത്തച്ഛനെയൊക്കെ വെടിവച്ചു കൊല്ലാൻ ആളില്ലാഞ്ഞിട്ടാണ് !
ചക്ഷു: ശ്രവണഗളസ്ഥമാം ദർദ്ദുരം വായിച്ചിട്ട് മൂന്ന് ദിവസമാണ് നാക്കുളുക്കിയത് .
പിന്നെയൊരു കുമാരനാശാനുണ്ട് . വലിയ കാര്യങ്ങളേ മൂപ്പർക്ക് പറയാനുള്ളൂ . ഉള്ളൂരെഴുതിയതിൽ ആകെ മനസ്സിലായത് രണ്ടേ രണ്ട് വരിയാണ് .
ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ .
മനസ്സിൽ പ്രേമം മുളച്ചു തുടങ്ങുന്ന ഒമ്പതാം ക്ളാസ് പ്രായവുമാണല്ലോ .
എന്നാൽ രാഘവൻ മാഷ് , അത് ആണും പെണ്ണും തമ്മിലുള്ള പ്രേമമല്ലെന്നും സർവ്വചരാചരപ്രേമമാണെന്നും പറഞ്ഞ് പേടിപ്പിച്ച് കളഞ്ഞു . അതിൽ പിന്നെ ഉള്ളൂർ വഴിക്കും പോയില്ല
ചങ്ങമ്പുഴയുടെ രമണനൊക്കെയാണ് ഒരാശ്വാസമായത് .
പത്തിരുപത് വയസ്സിനിടയിൽ ഓമലാളേ പൂ നിലാവേ എന്നൊക്കെ എഴുതി ചുറ്റു വട്ടത്തെ പല പെമ്പിള്ളേർക്കും പ്രേമലേഖനം കൊടുത്തു കൊണ്ടാണ് രൂപേഷ് കവിതയെഴുത്തിന് ഹരിശ്രീ കുറിച്ചത് .
ചുള്ളിക്കാടിൻ്റെ
ചൂടാതെ പോയി നിനക്കായി ഞാനെൻ്റെ
ചോരചാറിചുവപ്പിച്ച പൂവുകൾ എന്ന വരി സ്വന്തം വരിയാണെന്ന് പറഞ്ഞ് മീത്തലേ ചാരുശ്രീക്ക് എഴുതിക്കൊടുത്തിട്ടാണ് ആകെ കുഴപ്പമായത് .
അതു വായിച്ച് ഒരു ദിവസം അവൾ നേരെ അവൻ്റെ മുന്നിലേക്ക് ! അവൻ തന്നെ ഞെട്ടിപ്പോയി .
അവൾ പറഞ്ഞു - ആരു പറഞ്ഞു ചൂടാതെ പോയെന്ന് ? പൂ കൊണ്ടു വാ.
സത്യമാണോ ? രൂപേഷ് കോരിത്തരിച്ചു . അവൻ ഒരു പനിനീർപ്പൂവ് പറിച്ച് കൊണ്ടു വന്ന് പ്രണയപൂർവം ചാരുശ്രീക്ക് സമ്മാനിച്ചു .
ചാരുശ്രീ പറഞ്ഞു - എന്നാ ഇനി വൈകണ്ട .... എൻ്റെ മുടിയിൽ ചൂടിത്താ .
അവൻ കോരിത്തരിച്ച് പൂവ് അവളുടെ മുടിയിൽ ചൂടാൻ ഒരുങ്ങിയപ്പോൾ അവൾ .....
" ഒരു കാര്യം കൂടിയുണ്ട് "
എന്ത് കാര്യം ? രൂപേഷിൻ്റെ കണ്ണുകളിൽ ഓരോ ചോദ്യചിഹ്നം നിറഞ്ഞു .
അവൾ ഗൗരവത്തിൽ പറഞ്ഞു - കവിതയിൽ പറഞ്ഞ പോലെ നിൻ്റെ ചോര ചാറിച്ച് ഈ പൂവ് ചുവപ്പിക്കണം .
ഇപ്പോഴാണ് രൂപേഷ് ശരിക്കും ഞെട്ടിയത് . ആ ഞെട്ടലിൽ പനിനീർപ്പൂവ് താഴെ വീണു.
അന്നു വെറുത്തതാണ് ചുള്ളിക്കാടിനെ .
അതിൽ പിന്നെ രൂപേഷ് പ്രേമലേഖനപ്പരിപാടി നിർത്തി .
ആയിടക്കാണ് കൂടെപ്പഠിച്ച സുമേഷ് സ്വന്തം ചെലവിൽ ഒരു കവിതാ സമാഹാരം അച്ചടിച്ചത് . അതോടെ രൂപേഷിന് കവിയാവാതെ ഇരിക്കപ്പൊറുതിയില്ലെന്നായി .
അവൻ ജയരാമനോട് പറഞ്ഞു -നാളെ മുതൽ ഒരു മാസംഞാൻ പണിക്ക് വരുന്നില്ല . പത്ത് മുപ്പത് കവിത എഴുതാനുണ്ട് .
ജയരാമൻ രൂപേഷിൻ്റെ മുഖത്ത് സൂക്ഷിച്ചു നോക്കി - ഏയ് . ഇല്ല .ഭ്രാന്തിൻ്റെ ലക്ഷണമൊന്നും കാണാനില്ല .
പിറ്റേന്ന് പുലർച്ചയ്ക്ക് എഴുന്നേറ്റ് പ്രഭാതത്തെക്കുറിച്ച് കവിതയെഴുതാൻ തുടങ്ങി .
പ്രഭ ചൊരിയും പ്രഭാതമേ
പ്രകാശമേ
പ്രശോഭിതേ
രുചിരകരം
തവ വദനം,
മദിരമിഴീ
മമ ചഷകം
ചങ്ങമ്പുഴയുടെ പ്രേതം തന്നെ വിട്ടു മാറിയിട്ടില്ല എന്ന് രൂപേഷിന് തന്നെ തോന്നിയെങ്കിലും ആ കവിത കൊള്ളാമെന്നും അവൻ തീരുമാനിച്ചു .
മധു സൂദനൻ നായരുടെ നാറാണത്തു ഭ്രാന്തൻ നാട്ടിൽ പാട്ടായ കാലമായിരുന്നു അത് .
ആ സ്വാധീനത്തിലാണ് രൂപേഷ് തട്ടും പുറത്തിൻ്റെ
നാലാമത്തെ ഭ്രാന്തൻ പിറന്നത്
ഒന്നാം ഭ്രാന്തൻ്റെ
വീട്ടിന് തീ വച്ച്
രണ്ടാം ഭ്രാന്തൻ
നാട് വിട്ടു .
രണ്ടാം ഭ്രാന്തൻ്റെ
താടിക്ക് തീ വച്ച്
മൂന്നാം ഭ്രാന്തൻ്റെ
തേരോട്ടം
മൂന്നാം ഭ്രാന്തൻ്റെ
മുതുകത്ത് കയറി
നാലാം ഭ്രാന്തൻ്റെ
അട്ടഹാസം .
എഴുതിയ കവിത ഉറക്കെ ചൊല്ലിയപ്പോൾ അച്ഛൻ്റെ ശകാരം -
ഇനി ഈ വീട്ടിൽ വച്ച് കവിത എഴുതിയാൽ നിനക്ക് ഇവിട്ന്ന് പച്ച വെള്ളം കിട്ടില്ല .
പണിയില്ലെങ്കിലും , തിന്നാതെ കുടിക്കാതെ ജീവിക്കാൻ കഴിയില്ല . അച്ഛൻ പറഞ്ഞാ പറഞ്ഞത് പോലെ ചെയ്യും . അമ്മയ്ക്ക് അത് പിന്നെ അനുസരിക്കാതിരിക്കാൻ കഴിയില്ല .
അങ്ങനെ , പരസ്യമായ കവിതയെഴുത്തിൽ നിന്ന് രൂപേഷ് തൽക്കാലം പിന്മാറി .
ലീവ് മതിയാക്കി അവൻ തിരിച്ച് പണിക്ക് പോയി .
എന്തടാ , കവിത മുപ്പതും പൂർത്തിയാക്കിയാ ?
- ജയരാമേട്ടൻ്റ കളിയാക്കൽ .
രൂപേഷ് മനസ്സിൽ ഒരു വെല്ലുവിളി ഉയർത്തി - ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ കണ്ടോ . രൂപേഷ് തട്ടുമ്പുറം ഒരു മഹാ കവിയാകും .
ഇന്നും നാളെയും വർഷങ്ങളായി നീണ്ടു . കവിതയെന്നല്ല , സാംസ്കാരിക പ്രഭാഷണം കേട്ടാൽ പോലും യാതൊരു ഭാവഭേദവുമില്ലാത്ത ഒരു പാവം സുധയാണ് രൂപേഷിൻ്റെ ഭാര്യയായി വന്നത് .
ആദ്യ രാത്രി ആഘോഷിക്കാൻ വേണ്ടി രൂപേഷ് രതിലഹരി എന്നൊരു കവിത എഴുതി വച്ചിരുന്നു .
ഒരു നീണ്ട കവിതയായിരുന്നു .
സുധേ , സൗഭഗമാർന്നോളേയെൻ
സുന്ദരി നീയാണല്ലോ .
നീലയുടുത്തൊരു
നിൻ തനു പുൽകാൻ
നീലക്കടലിൽ
തുഴയാൻ,
നീലിമ നിറയും നിശയിൽ
നീന്താൻ
നീയണയുന്നീ
നേരം നോക്കി
നിത്യമിരുന്നൂ
ഞാനും .
കടമ്മനിട്ടയുടെ കാളീ കാളിമയാർന്നോളേ എന്നൊന്നും കേട്ടിട്ട് പോലുമില്ലാത്ത സുധയ്ക്ക് യാതൊരു പരാതിയുമില്ല . അവൻ ചൊല്ലിയതൊന്നും തീരെ ശ്രദ്ധിക്കാത്തതു കൊണ്ട് അവൾക്ക് സുഖമായി ഉറങ്ങാൻ കഴിഞ്ഞു .
അവളുടെ കൂർക്കം വിളി രൂപേഷിൻ്റെ കവിതയേക്കാൾ ഉറക്കെയായി . ശബ്ദം കേട്ട് വീട്ടുകാരുണർന്നാലോ എന്ന് പേടിച്ച് രൂപേഷ് കവിത പാതിയിൽ നിർത്തി . എന്നാൽ കൂർക്കം വലിയുടെ കലാകാരി അത് മുഴുവനാക്കാതെ വിടാനുള്ള ഭാവമില്ല .
രൂപേഷ് അവളെ കുലുക്കി വിളിച്ചു - സുധേ ..എന്തൊരുറക്കാ ഇത് ? എണേ , ഇന്ന് നമ്മളെ ആദ്യ രാത്രിയാ .....
സുധ - അതെല്ലാം ഇനി നാള . നിങ്ങ കവിതയുടെ ബാക്കിയും കൂടി ചൊല്ല് - ഞാൻ ബാക്കിയും കൂടി ഉറങ്ങട്ട് .
ആദ്യരാത്രി നടക്കാൻ കവിത ഒരു തടസ്സമാണെന്ന് ബോധ്യപ്പെട്ട രൂപേഷ് പിന്നീട് ഒരു രാത്രിയിലും ആ സാഹസത്തിന് മുതിർന്നില്ല .
കവിതയെഴുത്തിന് എഡിറ്റർമാർ പച്ചക്കൊടി കാട്ടണ്ട എന്ന വസന്തയുഗം വിളംബരം ചെയ്തു കൊണ്ട് ഫെയ്സ്ബുക്കും വാട്സാപ്പും വന്നപ്പോൾ രൂപേഷിൻ്റെ മേസ്ത്രി ജയ രാമൻ പോലും കവിതയെഴുതാൻ തുടങ്ങി .
ജയരാമൻ്റെ കവിത പണിക്കിടയിലുള്ള ചായകുടിക്കിടയിൽ കേട്ട ഗോപാലേട്ടൻ പിറ്റേ ദിവസം ഒമ്പത് കവിതകളുമായാണ് വന്നത് .
പണി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ മോള് ഓടി വന്നു - അച്ഛാ ..... അമ്മ കവിതയെഴുതി .
ഇടിവെട്ടേറ്റ മിന്നൽ മുരളിയെപ്പോലെ രൂപേഷ് തട്ടുംപുറം സ്തംഭിച്ചു നിന്നു .
അപ്പോഴാണ് , ഏതോ ആഴ്ച്ചപ്പതിപ്പിൽ ഒരു നിരൂപകൻ പറഞ്ഞത് അയാൾ ഓർത്തത് .
കവിത എന്തെന്നറിയാതെ കവിത എഴുതുന്നവരാണ് കവിതയുടെ ശാപം . പഠിക്കാൻ ശ്രമിക്കുന്നില്ല ആരും . അതാണ് യഥാർത്ഥ ദുരന്തം .
താൻ ഒരു ദുരന്തമാണെന്നും ശാപമാണെന്നും തിരിച്ചറിഞ്ഞ രൂപേഷ് കവിതയെക്കുറിച്ച് പഠിക്കാൻ കച്ച കെട്ടി പുറപ്പെട്ടു .
പഠനത്തിൽ നിന്ന് പിടികിട്ടിയ ഒരു കാര്യം, കവികൾക്ക് വേണ്ട മിനിമം ഗുണം ബിംബ കൽപ്പനാവൈഭവം !
ബിംബം എന്ന വാക്കിനോളം രൂപഭാവപ്പൊരുത്തമുള്ള വേറേത് വാക്കുണ്ട് പദപ്രപഞ്ചത്തിൽ ?- ഒരു നിരൂപകൻ ചോദിക്കുകയാണ് അയാളുടെ പുസ്തകത്തിൽ .
ബിം എന്ന ആദ്യക്ഷരത്തിൻ്റെ പ്രതിബിംബം തന്നെയായി കാണുകയും കേൾക്കുകയും ചെയ്യാൻ കഴിയുന്നു ബം എന്ന രണ്ടാം അക്ഷരം . ബിം ഒരു രൂപമാണെങ്കിൽ അതിൽ നിന്ന് പ്രതിഫലിക്കുന്ന ഭാവം പോലുണ്ട് ബം .
ശരിക്ക് പറഞ്ഞാൽ "ബിംഭം " എന്നല്ലേ കൂടുതൽ ഉചിതം ? ആ പ്രതിബിംഭിതഭാവം, ഒന്നു കൂടി മുഴങ്ങിക്കിട്ടിയേനേ .
കവി രൂപേഷ് അത്യാശ്ചര്യത്തോടെ പദവിചാരത്തിൽ വ്യാമുഗ്ധനായി .
ബിംബം എന്നാൽ പ്രതിമ എന്നാണ് സാമാന്യമായ അർത്ഥത്തിൽ . ഒരു വ്യക്തിയുടെ നിർമ്മിതപ്രതിരൂപം - അവിടെ പക്ഷേ പ്രതിരൂപമേ ഉള്ളൂ .ആസ്പദമായ മറുരൂപമില്ലല്ലോ .
രൂപേഷ് സുഹൃത്തായ നിരൂപകനോട് ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു .
അയാൾ പറഞ്ഞു -
" ബിംബപ്രതിബിംബ ഭാവത്തിനിടയിൽ ഒരു കണ്ണാടി വേണമല്ലോ ."
അതെ - കണ്ണ് ആടിയാലേ ഇവിടെ നിന്ന് അവിടേക്കും അവിടെ നിന്ന് ഇവിടേക്കും കാഴ്ച്ചയുടെ ഒരു താരതമ്യം നടക്കൂ . സത്യത്തിൽ കണ്ണാണോ ആടുന്നത് - കണ്ണിലൂടെ മനസ്സല്ലേ ? മനസ്സിനെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കെത്തിക്കാൻ ശേഷിയുള്ള കൽപ്പനകൾ സൃഷ്ടിക്കാനുള്ള കഴിവാണ് കവികൾക്ക് വേണ്ടത് . അതായത് ബിംബയോജനാപാടവം .
കവിതയിൽ ഒരിക്കലും സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ പറക്കേണ്ടതില്ല . പ്രാവുകൾ സമാധാനമാണല്ലോ .പ്രതീക്ഷയുടെ സൂര്യോദയം എന്തിന് ? സൂര്യോദയം തന്നെ പ്രതീക്ഷയല്ലേ ?
താൻ ഇത്രയും കാലം എഴുതിയ കവിതകളെല്ലാം അവ ഉന്നയിക്കുന്ന ആശയത്തിൻ്റെ പത്തിരട്ടി വാക്കുകളാണ് എഴുന്നള്ളിച്ചത് എന്നോർത്ത് രൂപേഷ് സ്വയം തല കുനിച്ചു .
ഒരു പുതിയ ബിംബസംസ്കാരം തന്നോട് കൂടി മലയാള കവിതയിൽ ആരംഭിക്കണം - രൂപേഷിൻ്റെ തീരുമാനം ദൃഢമായിരുന്നു .
" അച്ഛാ , നാളെയാണ് ഫീസടക്കേണ്ടത് "എന്ന് മുറിയുടെ വാതിൽക്കൽ അശരീരി പോലെ മുഴങ്ങി . മകളുടെ എൻട്രൻസ് ഫീസ് ഒരു ഗഡു , ഏതെങ്കിലും ബിംബത്തെ പകരം വച്ച് പരിഹരിക്കാവുന്നതല്ല , അതിന് അയ്യായിരം രൂപ തന്നെ വേണം .
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഭാര്യ വൈകുന്നേരം വരുമ്പോൾ കുറച്ച് മീൻ വാങ്ങിക്കോ എന്ന് പറഞ്ഞു . ബിംബകൽപ്പന കവിതയേക്കാൾ അനിവാര്യം ജീവിതത്തിലാണെന്ന് അയാൾ ചിന്തിച്ചു . ചോറിനും കറിക്കും ഫീസിനുമെല്ലാം പകരം പ്രതീകമായി ഉപയോഗിക്കാൻ വല്ലതുമൊക്കെ വേണം - എവിടെ നിന്ന് കിട്ടും ?
കിളിയും കൂടും യഥാർത്ഥത്തിൽ ജീവിയും വസ്തുവുമാണ് . എന്നാൽ ബിംബകൽപ്പനയിൽ അത് സ്വച്ഛതയും അത് നേരിടുന്ന വിഘ്നവുമാണ്. എങ്കിലും കൂട്ടിലെ കിളിയല്ലല്ലല്ലോ കൂട്ടിന് മുകളിലിരിക്കുന്ന കിളി .
കവിതയെഴുതാൻ മനസ്സ് കടഞ്ഞ അയാൾ കൂട് തകർക്കുന്ന കിളിയാകാൻ കൊതിച്ചു .
ലോകത്തുള്ള എല്ലാ കണ്ണാടിയേയും അതിശയിച്ച ആ തടാകത്തിൻ്റെ കരയിലേക്ക് പറന്നെത്താൻ കവി ഹൃദയം ചിറകാർന്നു .
എത്രയെത്ര ഹൃദ്യചിത്രങ്ങൾ
ചേതോഹരബിംബങ്ങളായി പ്രതിഫലിച്ച തടാകമാണത് !
അടിത്തട്ടിലെ മണ്ണിനൊപ്പം അങ്ങകലെ വിളങ്ങുന്ന വിണ്ണിനെയും ഒരു പോലെ പ്രതിബിംബിച്ചു കാണിച്ച ആഴപ്പരപ്പ് .
വീണ്ടും ആ തടാകക്കരയിലേക്ക് തിരിക്കുമ്പോൾ കവി രൂപേഷിൻ്റെ മനസ്സിൽ ഒരു പാട് പ്രത്യാശകൾ തുടികൊട്ടിയുണർന്നു.
വാക്ക് വാക്കായി മാത്രം വർത്തിക്കുന്ന കവിതയെഴുതി അയാൾക്ക് മടുത്തു . ബിംബങ്ങളെല്ലാം വ്യവസ്ഥാപിതമായി മുരടിച്ചു പോയി . വാഗർത്ഥവും ആസൂത്രിതാർത്ഥവും ആവർത്തിച്ച് ഒടുവിൽ സ്വന്തം കവിതകൾതന്നെ കവികളെ തെറി വിളിക്കാൻ തുടങ്ങിയ കാലം .
എഴുതുന്ന നിന്നിലും വായിക്കുന്ന അവരിലും ഒരു അനുരണനവുമുണ്ടാക്കാൻ കഴിയാത്ത ഈ പാഴ്വേല നിനക്ക് ഇനിയെങ്കിലും നിർത്തരുതോ ?
ആ ആട്ടും തുപ്പും ഏറെ കേട്ട് സഹികെട്ടാണ് രൂപേഷ് , ഇനി എഴുതുന്നെങ്കിൽ ഇതുവരെ ആരും എഴുതാത്ത രൂപഭാവബിംബയോജനയിൽ , മുമ്പാരും കൈവെക്കാത്ത പ്രമേയത്തിൽ ഒരു കവിത എന്ന തീരുമാനത്തിലെത്തിയത് .
ഇന്നുവരെയും കവിതയ്ക്ക് വിഷയമായിട്ടില്ലാത്ത എന്താണ് ഈ പ്രപഞ്ചത്തിലുള്ളത് ?
അയാൾക്ക് തല പുകഞ്ഞു . അങ്ങനെയൊന്നില്ല എന്ന് തിരിച്ചറിയാൻ കുറേ വൈകിയെങ്കിലും അയാൾക്ക് സാധിച്ചു . അതുകൊണ്ട് പ്രമേയമൗലികത എന്നത് ഒരു അക്കരപ്പച്ചയാണ് . പകരം കെട്ടിലും മട്ടിലുമാവട്ടെ പുതുമകൾ .
" വെയിലിൻ്റെ വെള്ളാരഞ്ചിറകുകളിൽ
കുളിരിൻ്റെ തളിരാമ്പൽ
തുന്നിയ തെന്നലേ ,
നട്ടുച്ചനട്ടുവൻ നടനത്തിലാറാടി
നാടു കടത്തിയോ നിന്നെ ?"
എന്തൊക്കെയോ ഏച്ചു കെട്ടലിൻ്റെ പന്തികേടുകൾ മുഴച്ചു തോന്നിയെങ്കിലും നട്ടുച്ചയെ നട്ടുവനായി കൽപ്പിച്ചതിൽ കവിക്ക് സ്വയംതന്നെ ഒരു അഭിമാനം തോന്നി .
ഇത്തരം നൂതനമായ ബിംബയോജനകളിലൂടെയേ ഇനി കവിതയെ പുതുക്കാൻ കഴിയൂ .
" സൂര്യനൊരു നാറാണത്തുഭ്രാന്തൻ ,
തീക്കല്ലുരുട്ടുന്നു പിന്നെ .
ആകാശയാഗപ്പുരയിൽ
മേഘങ്ങൾ ഹോമദ്രവ്യങ്ങൾ ."
മതവംശീയതയുടെ സനാതനവീര്യങ്ങളാണോ തന്നെ പ്രചോദിപ്പിക്കുന്നത് ?
അയാൾ ശങ്കിച്ചു നിന്നു . ഒരു ബാലൻസിങ്ങിന് മറ്റൊരു കൽപ്പനയ്ക്കായി ആഞ്ഞു പിടിച്ചു പിന്നെ .
" പ്രതിരോധമുഷ്ടിയുയർത്താൻ
തൂവാനമേ നീ വരില്ലേ ?"
മഴയുടെ പ്രതിരോധമുഷ്ടി എന്നൊക്കെ പറയുന്നതിൽ അയാൾക്ക്തന്നെ കുറച്ചിൽ തോന്നി .
സാരമില്ല . ഒന്നിൻ്റെയും കള്ളികളിൽ തളച്ചിടപ്പെടരുത് തൻ്റെ കവിത. അത് സർവതന്ത്രസ്വതന്ത്രയായി വിരാജിക്കണം .
" കറുത്തവനയിത്തം കൽപ്പിച്ചോ
നീ കാർമേഘത്തെ ചുട്ടുകൊന്നു ?"
ഹായ് , നല്ല ഒന്നാന്തരം ദളിതിസം .
കവി ആവേശഭരിതനായി .
ഇനി ഒരു കഴഞ്ച് ഫെമിനിസം കൂടിയായാൽ എല്ലാം ഭംഗിയായി .
" ഭൂമിയാമമ്മ കേഴുന്നു ,
കണ്ണീരു വറ്റിയ പെണ്ണായി ."
വരികളിൽ പുതുമയില്ലെങ്കിലും സ്ത്രീപക്ഷവാദം ഭദ്രമാണ് .
ഇനി ഉചിതമായൊരു പേരും വേണമല്ലോ കവിതയ്ക്ക് .നേരിട്ട് ബന്ധം തോന്നരുത് .
തപം - തപിക്കുക എന്നും തപസ്സ് എന്നും അർത്ഥമുണ്ട് . അസഹനീയമായ ചൂട് , മഴയ്ക്ക് വേണ്ടിയുള്ള തപസ്സ് - പല വഴിക്ക് മുഴങ്ങുന്നുണ്ടല്ലോ .
പക്ഷേ , അവിടെയുമുണ്ട് തൻ്റെ അബോധത്തിൽ വർത്തിക്കുന്ന സനാതനാഭിനിവേശം .
ബാലൻസിങ്ങിനായി ഒരു ശോണിതമിരിക്കട്ടെ
' തപശോണിതം.'
ദേശീയമായും പ്രാദേശികവുമായി അതിജീവിക്കാൻ കെൽപ്പുള്ള കവിതയാണ് താൻ എഴുതിയത് എന്ന് കവി ഉറപ്പിച്ചു . കവിതയുമായി രൂപേഷ് ആ തടാകക്കരയിലെത്തി .
വീണപൂവിൻ്റെ വാടാത്ത ഇതളുകൾ ഇന്നും ഒഴുകി നടക്കുന്ന തടാകം . കാവ്യനർത്തകിയുടെ ചിലമ്പൊച്ചകൾ ഓർമ്മയിൽ മുഴങ്ങുന്ന തടാകം , മാമ്പഴത്തിലെ അമ്മയുടെ കണ്ണീരും പൂതപ്പാട്ടിൻ്റെ തുടിമേളവും നന്മകളാൽ സമൃദ്ധമായ നാട്ടുമ്പുറവും മനുഷ്യൻ്റെ ചങ്ങലയിൽ നൊന്ത കൈകളും പകലുകൾ രാത്രികൾ സന്ധ്യകളായലിഞ്ഞ യാമങ്ങളും അവശിഷ്ടങ്ങൾക്കിടയിലൂടെ നടക്കുന്ന മാവേലിയും വല്ലപ്പോഴുമോർക്കുവാൻ ഭൂമിഗീതങ്ങളെ സർഗസംഗീതമാക്കിയ ഓടക്കുഴലും ചിറകൊടിഞ്ഞ കാട്ടുപക്ഷിക്കൊപ്പം കരഞ്ഞ പാവം
മാനവഹൃദയവും ചൂടാതെ പോയ ചോര ചാറിച്ചുവപ്പിച്ച പൂക്കളും ബംഗാളിൽ നിന്നെത്തിയ വാർത്തയും മാമ്പഴക്കാലത്തിൻ തിരുശേഷിപ്പുകളും കരളിൽ കാത്തുവച്ച തടാകം .
രൂപേഷ് തൻ്റെ ' തപശോണിതം 'തടാകത്തിലെ ശാന്തഗംഭീരമായ ജലപ്പരപ്പിന് മുകളിലായി ഉയർത്തിപ്പിടിച്ചു .
പെട്ടെന്ന് വെയിൽ മങ്ങി മഞ്ഞച്ച് കാവിയായി .
എങ്ങും ഇരുൾ പരക്കാൻ തുടങ്ങി .
തടാകത്തിലെ വെള്ളത്തിൽ ഒരു തമോഗർത്തം രൂപപ്പെട്ടു . അത് നിമിഷം കഴിയുന്തോറും വലുതായി വന്നു .