Image

ഈ മാർക്കറ്റ് നിറയെ സിനിമകളാണ്; ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്

എൻസി Published on 18 December, 2024
ഈ മാർക്കറ്റ് നിറയെ സിനിമകളാണ്; ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്

 

തിരുവനന്തപുരം: ഐഎഫ്എഫ്കെയ്ക്കു കൂടുതൽ ശോഭയേകി ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം. ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പിൽ  ചലച്ചിത്രപ്രവർത്തകരും നിർമാതാക്കളും അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വ്യൂയിങ് റൂം കെഎസ്എഫ്ഡിസിയും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സിനിമാ നിരൂപകർ, സിനിമ വിവിധ വേദികളിൽ മാർക്കറ്റ് ചെയ്യുന്നവർ, ഡെലിഗേറ്റുകൾ തുടങ്ങിയവർക്ക് മുന്നിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മേളയിൽ ഡെലിഗേറ്റുകൾ അല്ലാത്തവർക്കും വ്യൂയിങ് റൂമിലെ ചിത്രങ്ങൾ കാണാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്.

26 ചിത്രങ്ങളും 19 ഹ്രസ്വ ചിത്രങ്ങളും 3 ഡോക്യുമെന്ററികളും വ്യൂയിങ് റൂമിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. മേള അവസാനിക്കുന്നത് വരെയുള്ള എല്ലാ സ്ലോട്ടുകളിലേക്കും രജിസ്‌ട്രേഷൻ വളരെ പെട്ടെന്ന് പൂർത്തിയായത് ഈ സംരംഭത്തിന് ലഭിച്ച സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. വ്യൂയിങ് റൂമിൽ പ്രദർശിപ്പിച്ച സോഹൻ സീനുലാൽ സംവിധാനം ചെയ്ത 'ഭാരത സർക്കസ്' എം.എ. നിഷാദ് സംവിധാനം ചെയ്ത 'ടു മെൻ', ജെ.ബി. ജസ്റ്റിന്റെ 'എന്റെ തേവി', ജിഷോയ് ലോൺ ആന്റണിയുടെ 'രുധിരം', ഗോപിക സൂരജിന്റെ 'റൂട്ട് മാപ്' തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രേക്ഷക പ്രതികരണം നേടി. ടോം ജേക്കബ് സംവിധാനം ചെയ്ത 'കലാം ഫൈവ് ബി' കാണാൻ എത്തിയത് സ്‌കൂൾ കുട്ടികളായിരുന്നു. 'പ്രായഭേദമെന്യേ ഏവർക്കും സിനിമ കാണാനുള്ള അവസരമാണ് വ്യൂയിങ് റൂം സംവിധാനത്തിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകനും നടനുമായ ടോം ജേക്കബ് പറഞ്ഞു. 

35 പേർക്ക് ഇരിക്കാവുന്ന ചെറുതിയേറ്ററിൽ ഫുൾ എച്ച്ഡി പ്രൊജക്ടറടക്കം അത്യാധുനിക സൗകര്യങ്ങളുണ്ട്. ചിത്രങ്ങളുടെ സ്‌ക്രീനിങിനു പുറമേ വിശദമായ ചർച്ചകൾ നടത്തുന്നതിനും ട്രെയ്ലറുകൾ കാണുന്നതിനും പരസ്യങ്ങൾ പ്രദർശിപ്പിക്കാനും പ്രത്യേക സൗകര്യമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക