Image

പിണറായി പിന്നെയും വെട്ടി; തോമസ് കെ തോമസിന്റേത് എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 20 December, 2024
പിണറായി പിന്നെയും വെട്ടി; തോമസ് കെ തോമസിന്റേത് എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം  (എ.എസ് ശ്രീകുമാര്‍)

എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള ഡല്‍ഹി ദൗത്യവും പാളിയതോടെ പഴയ കോണ്‍ഗ്രസുകാരന്‍ പി.സി ചാക്കോ നയിക്കുന്ന എന്‍.സി.പി കേരള ഘടകം രണ്ടുവഴിക്കായേക്കും. ഒരു കാരണവശാലും തോമസ് കെ തോമസിനെ മന്ത്രിക്കസേരയിലിരുത്തില്ലെന്ന പിടിവാശിയിലാണ് പിണറായി വിജയന്‍. ''തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. അങ്ങനെ ഒരാളെ മന്ത്രിസഭയില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല...'' നിലവില്‍ വനം വന്യജീവി വകുപ്പ് കൈകൈര്യം ചെയ്യുന്ന എന്‍.സി.പിയുടെ മന്ത്രി എ.കെ ശശീന്ദ്രന്‍ തനിക്ക് കിട്ടിയ ഉറപ്പിന്റെ ബലത്തില്‍ പറയുന്നു.

ശശീന്ദ്രനെ മാറ്റി കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കഴിഞ്ഞു. ശശീന്ദ്രന്‍ മാറിയാല്‍ എന്‍.സി.പിക്ക് മന്ത്രിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതോടെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായുള്ള പി.സി ചാക്കോയുടെയും തോമസ് കെ തോമസിന്റെയും ചര്‍ച്ചകള്‍ പാഴ്വേലയായി. തോമസിന് ഇതുവരെ മുഖ്യമന്ത്രിയെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. പിണറായി തന്റെ ഏഴയലത്ത് തോമസിനെ അടുപ്പിക്കുന്നില്ല. തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ ശശീന്ദ്രനും വേണ്ടെന്ന ചാക്കോയുടെ ലാസ്റ്റ് മിനിറ്റ് അടവും വിലപ്പോവില്ലെന്ന് ഉറപ്പായിട്ടുണ്ട്.

എന്നാല്‍ തോമസ് കെ തോമസിന്റെ മന്ത്രി മോഹത്തിന്റെ പേരില്‍ ആകപ്പാടെയുള്ള ഒരു മന്ത്രിയെ ഗുരുതി കൊടുക്കേണ്ടെന്നാണ് ശരത് പവാറിന്റെയും മിക്ക സംസ്ഥാന നേതാക്കളുടെയും നിലപാട്. ഇതില്‍ മനം നൊന്താണ് സ്വയം ഒഴിയാന്‍ പി.സി ചാക്കോ സന്നദ്ധനാവുന്നത്. സ്വന്തം പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടി പ്രസിഡന്റിന് തീരുമാനിക്കാനായില്ലെങ്കില്‍ പിന്നെന്തിനാണീ നോക്കുകുത്തി കസേരയെന്നാണ് ചാക്കോ ചിന്തിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ തികച്ചും രോഷാകുലനാണ്. കോണ്‍ഗ്രസില്‍ നിന്നും 2021-ല്‍ എന്‍.സി.പിയിലെത്തി മൂന്ന് കൊല്ലമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തുടരുന്ന ചാക്കോയുടെ വാക്കിന് പഴയ കീറച്ചാക്കിന്റെ വില പോലും ഇല്ലെന്ന പരിഹാസവും ഇതിനിടെ ഉയരുന്നുണ്ട്.

തോമസ് കെ തോമസിന്റെ കാര്യത്തില്‍ ചില സംശയങ്ങള്‍ മുഖ്യമന്ത്രി നേരത്തേ തന്നെ പ്രകടിപ്പിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് തോമസ് കെ തോമസിനെതിരെ ഉയര്‍ന്ന ആരോപണമാണ് മന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതിന് തടസ്സമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി.സി ചാക്കോയുടെ നീക്കങ്ങളില്‍ മുഖ്യമന്ത്രിക്ക് നീരസമുണ്ട്. പി.സി ചാക്കോ കോണ്‍ഗ്രസിലേക്കു മടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചതായി പാര്‍ട്ടിക്കുള്ളില്‍ ഇടയ്ക്ക് അഭ്യൂഹമുണ്ടായിരുന്നു.

അങ്ങനെ പോകുമ്പോള്‍ രണ്ട് എം.എല്‍.എമാരെ ഒപ്പം കൂട്ടുന്നതിനുള്ള മുന്നൊരുക്കം ചാക്കോ നടത്തിയെന്നും അതിലൊരാള്‍ ഇടതു ബന്ധമൊഴിഞ്ഞ പി.വി അന്‍വറാണെന്നുമായിരുന്നു സംസാരം. എന്‍.സി.പിക്കു കിട്ടിയ പി.എസ്.സി അംഗത്വം വിറ്റുവെന്ന ആരോപണം മുന്‍പ് ചാക്കോക്കെതിരെ ഉയര്‍ന്നിരുന്നു. വമ്പന്‍ കൂറുമാറ്റത്തിന് 100 കോടിയുടെ കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണം തോമസ് കെ തോമസിനെതിരെ നില്‍ക്കുന്നുണ്ട്. ഇക്കാരണങ്ങളെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രി ചാക്കോയുടെ ഇഷ്ടക്കാരനായ തോമസിന്റെ മന്ത്രിസ്ഥാനത്തിന് ആപ്പ് വച്ചത്.

തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കരുതെന്ന് അടുത്ത ബന്ധുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത പരന്നിരുന്നു. തന്റെ സഹോദനും കുട്ടനാടിന്റെ എം.എല്‍.എയുമായിരുന്ന തോമസ് ചാണ്ടിയുടെ വസ്തുവകകള്‍ വിട്ടു നല്‍കുന്നില്ല. കിട്ടാനുള്ള കോടിക്കണക്കിനു രൂപ നല്‍കുന്നില്ല, തുടങ്ങിയ പരാതികളാണുള്ളതത്രേ. ഇതിന്റെ അടിസ്ഥാനത്തില്‍ തോമസ് കെ തോമസിനെതിരേ സാമ്പത്തികാരോപണം നിലനില്‍ക്കുന്നുണ്ടെന്ന വിവരം ദേശീയ പ്രസിഡന്റ് ശരദ് പവാറിനെ അറിയിക്കണമെന്നു മുഖ്യമന്ത്രി പി.സി ചാക്കോയോടു പറഞ്ഞിരുന്നത്രേ.

മുന്നണി സംവിധാനത്തില്‍ ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് അതാത് പാര്‍ട്ടികള്‍ ആണെന്നാണ് തോമസ് കെ തോമസിന്റെ നിലപാട്. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് സി.പി.എമ്മും മുന്നണിയും നല്‍കിയ പ്രത്യേക പരിഗണനയിലാണ് 2021-ല്‍ തോമസ് കെ തോമസ് കുട്ടനാട് സീറ്റില്‍ മത്സരിച്ചത്. രണ്ടരവര്‍ഷം വീതം എ.കെ ശശീന്ദ്രനും തോമസ് കെ തോമസും മന്ത്രിമാരാകുക എന്നത് എന്‍.സി.പിയിലുണ്ടായ ധാരണയാണത്രേ. ഇക്കാര്യം ചൂണ്ടിക്കാട്ടി തോമസ് കെ തോമസ് എന്‍സിപി കേരള ഘടകത്തില്‍ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. ശശീന്ദ്രനൊപ്പം നിന്ന ചാക്കോ തോമസിനൊപ്പം മാറിയതോടെ ഈ വിഷയത്തില്‍ എന്‍.സി.പി ദേശീയ നേതൃത്വവും കാര്യമായി ഇടപെടാന്‍ തുടങ്ങി.

ഒന്നാം പിണറായി മന്ത്രിസഭയിലും അംഗമായ എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ ഏഴര വര്‍ഷമായി മന്ത്രിസ്ഥാനത്ത് തുടരുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന റെക്കോഡ് ശശീന്ദ്രനുണ്ട്. കസേര ഒഴിയാന്‍ തയ്യാറാണെന്ന് ശശീന്ദ്രന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക് എത്തുന്നതില്‍ മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന നേതൃത്വത്തിനും താല്‍പര്യം പോര എന്നത് മുന്നില്‍ കണ്ടാണ് മന്ത്രിസ്ഥാനം ഒഴിയാമെന്നും പകരം മന്ത്രിയില്ലാത്ത സാഹചര്യം ഉണ്ടാകരുതെന്നും ശശീന്ദ്രന്‍ വ്യംഗ്യമായി പറയുന്നത്.

കഴിഞ്ഞ നിയമസഭയില്‍ മൂന്ന് അംഗങ്ങള്‍ ഉണ്ടായിരുന്ന എന്‍.സി.പി ഇത്തവണ രണ്ടായി ചുരുങ്ങി. ഇടതു മുന്നണിയിലേയ്ക്ക് വന്ന ജോസ് കെ മാണി തന്റെ പിതാവ് കെ.എം മാണി അര നൂറ്റാണ്ട് പ്രതിനിധീകരിച്ച പാലാ മണ്ഡലത്തിന് വേണ്ടി ഉന്നയിച്ച അവകാശവാദം മുന്നണി സ്വീകരിച്ചതോടെയാണ് പാലാ എം.എല്‍.എ മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടത്. എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയുമായിരുന്നു മറ്റ് രണ്ടുപേര്‍. 2006-ല്‍ കരുണാകരനൊപ്പം ഡി.ഐ.സിയില്‍ നിന്നും എന്‍.സി.പിലെത്തിയ തോമസ് ചാണ്ടിക്കൊപ്പമായിരുന്നു തോമസ് കെ തോമസ്.

അതേസമയം, രണ്ട് എം.എല്‍.എമാരുള്ള കേരള കോണ്‍ഗ്രസ് ബി-യിലെ ധാരണപ്രകാരം ആദ്യത്തെ രണ്ടര വര്‍ഷത്തെ ടേമിന് ശേഷം ആന്റണി രാജു തന്റെ ഗതാഗത മന്ത്രിസ്ഥാനം കെ.ബി ഗണേശ്കുമാറിന് വിട്ടുകൊടുത്തിരുന്ന കാര്യം ഓര്‍ക്കുക. എന്നാലിവിടെ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നവരെ കണ്ണടച്ച് താലോലിക്കുകയും ആരോപണമുന്നയിക്കുന്നവരെ വെട്ടിനിരത്തുകയും ചെയ്യുന്ന സ്വജനപക്ഷപാത ശൈലിക്ക് പേരുകേട്ട വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് അദ്ദേഹം ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് പൊതുവെയുള്ള പറച്ചിലുകള്‍. അതുതന്നെയാണ് തോമസ് കെ തോമസിന്റെ മന്ത്രി സ്ഥാനത്തിന് വിലങ്ങുതടിയായതും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക