രാജസ്ഥാനിൽ ജയ്പൂർ-അജ്മീർ ഹൈവേ റോഡിലെസിഎൻജി ടാങ്കർ പൊട്ടിത്തെറിയിൽ മരണം പതിനൊന്നായി, 35 പേർക്ക് പരിക്കേറ്റു. നിയന്ത്രണം തെറ്റിയ ട്രക്ക് ഗ്യാസ് ടാങ്കറിൽ ഇടിച്ചുകയറിയതിന് തൊട്ടു പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. ഉദയ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസിലേക്കും തീപടർന്നതാണ് 11 പേരുടെ മരണത്തിനിടയാക്കിയത്. പൊള്ളലേറ്റ 35 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. മിക്കവരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പുലർച്ചെ 5.44 ന് ഗ്യാസ് നിറച്ച ടാങ്കർ അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് വരികെയായിരുന്നു അപകടം. യു ടേൺ എടുക്കുന്നതിനിടെ ജയ്പൂരിൽ നിന്ന് പാഞ്ഞുവന്ന ട്രക്ക് ടാങ്കറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ പ്രദേശത്തെ തീവിഴുങ്ങി. അവിടെയുണ്ടായിരുന്ന 40 ഓളം വാഹനങ്ങളും കത്തിക്കരിഞ്ഞു. പ്രദേശത്ത് കറുത്ത പുകയും നിറഞ്ഞു. 10 കിലോ മീറ്ററോളം പൊട്ടിത്തെറിയുടെ പ്രകമ്പനം ഉണ്ടായി. 300 മീറ്ററോളം ദൂരം അഗ്നിബാധ പടർന്നുവെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു.