സിറിയയിൽ ഏകാധിപതി ബാഷർ അൽ അസദിനെ അട്ടിമറിച്ചതോടെ ഇറാന്റെ 40 വർഷം നീണ്ട ‘പദ്ധതി’ അവസാനിച്ചെന്നു അധികാരം പിടിച്ചെടുത്ത പ്രതിപക്ഷത്തിന്റെ നേതാവ് അഹ്‌മദ് അൽ ഷാറ. സിറിയ ഇനി മിഡിൽ ഈസ്റ്റിന്റെ ഭദ്രത തകർക്കുന്ന രാജ്യം ആയിരിക്കില്ലെന്നും അബു മുഹമ്മദ് ജിലാനി എന്ന പേരിലും അറിയപ്പെടുന്ന എച് ടി എസ് നേതാവ് പ്രഖ്യാപിച്ചു.
ഗോലാൻ കുന്നുകൾ ഇസ്രയേൽ പിടിച്ചപ്പോൾ സൗദി അറേബ്യയിലേക്കു പലായനം ചെയ്ത സിറിയൻ കുടുംബത്തിൽ ജനിച്ച ഓയിൽ എൻജിനിയർ അസദ് പുറത്തായതോടെ സിറിയയുടെ ഭരണം ഏറ്റെടുത്തു തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അൽ ഖായിദ പശ്ചാത്തലമുള്ള അദ്ദേഹത്തെ പക്ഷെ ഇസ്രയേൽ വിശ്വസിക്കുന്നില്ല. അതു കൊണ്ടാണ് സ്വന്തം സുരക്ഷയ്ക്ക് വേണ്ടി അവർ സിറിയൻ ആയുധപ്പുരകൾ തകർത്തത്.
യുഎസ് ആവട്ടെ 2014ൽ അടച്ച എംബസി തുറക്കാൻ ആലോചിച്ചിട്ടുമില്ല.
ഇസ്‌റയേൽ ഹമാസിന്റെയും ഹിസ്‌ബൊള്ളയുടെയും നട്ടെല്ലൊടിച്ചതോടെ ഇറാന്റെ യുദ്ധങ്ങൾ ഏറ്റെടുക്കാൻ ആരുമില്ലാത്ത സ്ഥിതിയുമാണ്. ഷിയാ വംശജനായ അസദ് സ്വന്തം ജനങ്ങളിൽ നിന്നു വെല്ലുവിളി നേരിട്ടപ്പോൾ ഷിയ രാഷ്ട്രമായ ഇറാനും റഷ്യയും നൽകിയ പിൻബലത്തിലാണ് പിടിച്ചു നിന്നത്.
അറബ് തലസ്ഥാനങ്ങൾ നിയന്ത്രിക്കാൻ ഇറാൻ സിറിയയെ ഉപയോഗിച്ചു
നിർണായക അറബ് തലസ്ഥാനങ്ങൾ നിയന്ത്രിക്കാൻ ഇറാൻ സിറിയയെയും അസദിനെയും ഉപയോഗിച്ചെന്നു ദമാസ്കസിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നു സംസാരിച്ച ഷാറ പറഞ്ഞു. "യുദ്ധങ്ങൾ വ്യാപിപ്പിക്കാൻ അവർ സിറിയയെ വേദിയാക്കി, സുന്നി രാജവംശങ്ങൾ ഭരിക്കുന്ന ഗൾഫിനെ ക്യാപ്റ്റഗൺ തുടങ്ങിയ ലഹരി മരുന്നു ഒഴുക്കി ദുർബലമാക്കുകയും ചെയ്തു.
"ഇറാന്റെ കൂലിപ്പടകളെ നീക്കം ചെയ്തു ഞങ്ങൾ സിറിയയെ ശുദ്ധീകരിച്ചു. സിറിയയിൽ ഇറാന്റെ കളി ഇനി നടക്കില്ല. അങ്ങിനെ മേഖലയുടെ താല്പര്യങ്ങൾ ഭദ്രമായി."
അസദിനെ നിലനിർത്താൻ നടന്ന ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു. അറബ് ലീഗിൽ വീണ്ടും പ്രവേശിപ്പിച്ചു. അവിടെ ലഹരി കടത്തിനെ കുറിച്ച് ജോർദാൻ ചോദിച്ചപ്പോൾ ഉപരോധം പിൻവലിക്കാതെ അത് നിർത്തില്ലെന്നു സിറിയ മറുപടി നൽകി.
ഗൾഫിലെ വികസന മാതൃകകളിൽ ഷാറ മതിപ്പു പ്രകടിപ്പിച്ചു. "പ്രത്യേകിച്ച് സൗദി അറേബ്യയുടെ ധീരമായ വികസന പരിപാടികൾ. അവരുടെ കാഴ്ചപ്പാടുകൾ. അത്തരം പുരോഗതി സിറിയയിൽ ഉണ്ടാവണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു."
അസദിന്റെ കൊട്ടാരത്തിൽ താമസിക്കുന്നതിൽ തനിക്കു ഒരു സുഖവും തോന്നുന്നില്ലെന്നു ഒരു ചോദ്യത്തിനു പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി നൽകി. "ഈ കൊട്ടാരം ജനങ്ങൾക്ക് തുറന്നിടണം. കുട്ടികൾക്ക് ഇവിടെ ഓടിക്കളിച്ചു നടക്കാൻ കഴിയണം."
അസദ് തേർവാഴ്ച്ചയുടെ കാലത്തു കാണാതായവരെ അന്വേഷിക്കാൻ മന്ത്രിസഭാ വകുപ്പുണ്ടാക്കുമെന്നു ഷാറ പറഞ്ഞു. ഏതാണ്ട് 150,000 ആളുകളെ ദമാസ്കസിനു ചുറ്റും കൂട്ടമായി കുഴിച്ചു മൂടിയിട്ടുണ്ടെന്നാണ് ചാനൽ 4 റിപ്പോർട്ട് ചെയ്യുന്നത്. 2011നു ശേഷം സിറിയയിൽ 618,000 പേർ കൊല്ലപ്പെട്ടുവെന്ന് ബ്രിട്ടനിലുള്ള പ്രതിപക്ഷ ഒബ്‌സർവേറ്ററി പറയുന്നു.
Iran 'project' over in Syria, says new leader