Image

ക്രിസ്തുമസ് മരത്തണലില്‍ ഇത്തിരി നേരം (സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 21 December, 2024
ക്രിസ്തുമസ് മരത്തണലില്‍ ഇത്തിരി നേരം (സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

മഞ്ഞും കുളിരുമായി ക്രിസ്തുമസ് മാസം പിറന്നു. ആഹ്ലാദത്തിന്റെ അലയൊലികള്‍ എങ്ങും നിറഞ്ഞു. ദൈവപുത്രനെ എതിരേല്‍ക്കാന്‍ മാലാമാര്‍ പാടിയ  പാട്ടിന്റെ ഈണം പോലെ ക്രിസ്തുമസ് കരോള്‍ കേട്ടു തുടങ്ങി. ഉത്സാഹത്തിന്റേയും സന്തോഷത്തിന്റേയും നാളുകള്‍ തുടങ്ങുകയായി. ദൈവം മനുഷ്യനായി അവതരിച്ച ആ ദിവ്യദിനം ആര്‍ഭാടമായി ആഘോഷിക്കാന്‍ സമസ്തലോകവും തയ്യാറെടുക്കയാണ്. ക്രിസ്തുദേവന്റെ ജനനം മനുഷ്യനു ലഭിച്ച ഔന്നത്യത്തിന്റേയും മഹത്വത്തിന്റേയും പ്രതീകമാണ്.

'എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു'' യേശുദേവന്‍ മനുഷ്യനു നല്‍കിയ വിലയേറിയ വാഗ്ദാനം. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും അശാന്തിയുടെ ഭീകരങ്ങളായ ദുരന്തങ്ങളാണ് സംഭവിക്കുന്നത്. എന്തുകൊണ്ടാണു മനുഷ്യനു സമാധാനം നഷ്ടപ്പെടുന്നത്? ദൈവത്തില്‍ നിന്നും മനുഷ്യനു കിട്ടിയ പത്തു കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ അവനു കഴിയുന്നില്ല. ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യര്‍ പരസ്പരം വെറുക്കുന്നു. വ്യക്തി ബന്ധങ്ങള്‍ മാനിക്കപ്പെടേണ്ടതിനായി പാലങ്ങള്‍ പണിയാതെ മതിലുകള്‍ കെട്ടിപ്പൊക്കുകയാണ് ഇന്നത്തെ മനുഷ്യര്‍. എല്ലാവര്‍ക്കും സമാധാനം വേണമെന്നാഗ്രഹമുണ്ട്. എന്നാല്‍ ലോകത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദരായി അവര്‍ അവരുടെ ശാന്തി നഷ്ടപ്പെടുത്തുന്നു. മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. അതുകൊണ്ട് ഒരാള്‍ ചെയ്യുന്ന തെറ്റുകള്‍ മുഴുവന്‍ സമൂഹത്തെ ബാധിക്കുന്നു. തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്ത് നന്മയുടെ വഴിയിലേക്ക് നീങ്ങുന്നതിനുള്ള ഉദാഹരണങ്ങളും യേശുദേവന്‍ നമുക്ക് കാണിച്ച് തന്നിട്ടുണ്ട്. എന്നാല്‍ചപല വികാരങ്ങള്‍ക്കടിമകളായി നല്ല ദിവസങ്ങളെ നഷ്ടപ്പെടുത്തുകയാണു മനുഷ്യര്‍.

ക്രിസ്തുമസ് മരവും, അതില്‍ തൂക്കിയിടുന്ന അലങ്കാരങ്ങളും, ഭക്തിയോടെ ചൊല്ലുന്ന സ്തുതി ഗീതങ്ങളും വാണിജ്യപരമായ നേട്ടങ്ങള്‍ക്കും വെറും വിനോദത്തിനുമാകുമ്പോഴാണു ക്രിസ്തുമസ്സിന്റെ വിശുദ്ധി നഷ്ടപ്പെടുന്നത്.വീടും പരിസരങ്ങളും അതിനപ്പുറത്തുള്ള ലോകവും അണിഞ്ഞൊരുങ്ങുന്നു.അതു ഉപരിപ്ലവമായ ഒരു പ്രകടനമാകരുത് ഹ്രുദയത്തിലും അതേപോലെ അണിഞ്ഞൊരുങ്ങേണ്ടതുണ്ട്. ''ഞാന്‍ നിത്യജീവന്നു അവകാശി ആയിത്തീരുവാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ച ഒരു ന്യായശാസ്ര്തിയോട് (ലുക്കോസ് 10:25-27) കര്‍ത്താവ് ചോദിച്ചു 'ന്യായപ്രമാണത്തില്‍ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു'. അതിനു മറുടിയായി അവന്‍: 'നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹ്രുദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ ശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്‌നേഹിക്കണം, നിന്റെ കൂട്ടുകാരനെ നിന്നെ പോലെ സ്‌നേഹിക്കണം' കര്‍ത്താവ്: 'നീ പറഞ്ഞ ഉത്തരം ശരി, അങ്ങനെ ചെയ്ക, എന്നാല്‍ നീ ജീവിക്കും''.

എല്ലാവരും ദൈവവചനങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതു വേണ്ടപോലെ ഉള്‍ക്കൊള്ളുന്നില്ല. ശാന്തിയും സമാധാനവുമില്ലെന്ന് മുറവിളി കൂട്ടി നടക്കുന്നവരും ഒരു നിമിഷം ചിന്തിക്കാന്‍ വേണ്ടി ഉപയോഗിച്ചാല്‍ അവര്‍ക്ക് ഉത്തരം കണ്ടെത്താം.പത്തു കല്‍പ്പനകളോരോന്നും വായിക്കുമ്പോള്‍ നമ്മള്‍ തന്നെ നമ്മേ ഒരു ആത്മപരിശോധന നടത്തുക. ഏതെങ്കിലും ഒന്നു ലംഘിക്കുമ്പോള്‍ നമ്മുടെ സമാധാനം നഷ്ടപ്പെടുന്നു. ക്രിസ്തുമസ് കാലം എല്ലാം ഒന്നു പുന:പരിശോധിക്കാന്‍ അവസരം നല്‍കുന്നു. കട കമ്പോളങ്ങള്‍ ആഘോഷസാമഗ്രികളും, നല്ല ഭക്ഷണവും ഒരുക്കുമ്പോള്‍ ഒപ്പം ഒരു 'വചന വിരുന്ന്'' നമ്മള്‍ ഒരുക്കണം. അതിന്റെ ചേരുവകള്‍ വളരെ ലളിതമാണു. വിശുദ്ധ വേദപുസ്തകത്തിലെ തിരുവചനങ്ങള്‍ മനസ്സിലാക്കി അതു പോലെ ജീവിതം നയിക്കുക എന്നതാണു ആ വിരുന്നിന്റെ പാചക വിധി.കര്‍ത്താവിന്റെ തിരുവചനങ്ങള്‍ എല്ലാ നാളിലും പ്രത്യേകിച്ച് അവന്റെ തിരുന്നാളില്‍ വായിക്കുകയും, ഓര്‍മ്മിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുമ്പോള്‍ ഈ ക്രിസ്തുമസ് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി.

കാല്‍നട യാത്രയില്‍ ഒരു മരത്തണല്‍ എത്രയോ ആശ്വാസം തരുന്നു. പൂക്കളും, പഴങ്ങളും നല്‍കി അത് പഥികരെ സന്തോഷിപ്പിക്കുന്നു.ഈ ലോകത്തിലെ നമ്മുടെ ഇത്തിരി നേരം യേശുവാകുന്ന മരത്തിന്റെ തണലില്‍ സുരക്ഷിതരാകുക. ക്രിസ്തുമസ് മരത്തണലില്‍, യേശുവിന്റെ മരത്തണലില്‍ ആശ്വാസം കണ്ടെത്തുക.അവനായി ഹ്രുദയമൊരുക്കുക. ഈ ക്രിസ്തുമസ് എല്ലാ വായനകാര്‍ക്കും ശാന്തിയും, സന്തോഷവും പ്രദാനം ചെയ്യട്ടെ.

*******************

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക