ക്യാനഡായിലെ ഫ്രഞ്ചുകാരുടെ സംസ്ഥാനമാണ് ക്യുബക്ക്.
ക്യുബക്കിലെ ഒരു ഉൾനാടൻ പട്ടണമാണ് സൊറൈൽ. ഫ്രഞ്ചുസംസ്ക്കാരം ഉറഞ്ഞുനില്ക്കുന്ന സ്ഥലമാണത്.
എനിക്ക് വഴി തെറ്റി.
എനിക്ക് എപ്പോഴും വഴി തെറ്റും.
ചിലർ വഴി തെറ്റിക്കും.
സൊറൈൽ പട്ടണത്തിൽ എനിക്ക് വഴി തെറ്റി.
വൈകിട്ട് സായാഹ്നസവാരിക്ക് ഇറങ്ങിയതാണ്. വഴി തെറ്റി. വീണ്ടും വീണ്ടും വഴി തെറ്റി.
സെന്റ് ലാറൻസ് സ്ട്രീറ്റിൽ നിന്നും വലത്തോട്ട് തിരിഞ്ഞു.
സെന്റ് കാതറിൻ സ്ട്രീറ്റ്.
സെന്റ് കാതറിൻ സ്ട്രീറ്റിൽ നിന്നും ഇടത്തോട്ട്.
സെന്റ് ആൻ സ്ട്രീറ്റ്.
ഇടത്തോട്ട്.
വലത്തോട്ട്.
പിന്നെയും ഇടത്തോട്ട്.
പിന്നെ വലത്തോട്ട്.
എനിക്ക് പോകേണ്ടുന്ന സ്ട്രീറ്റ് മാത്രമില്ല.
ലീമാ സ്ട്രീറ്റ് മാത്രമില്ല.
ഫ്രഞ്ചുകാർ റൂ ലീമാ എന്നു പറയും. സ്ട്രീറ്റ് എന്നു പറഞ്ഞാൽ അവർക്ക് മനസ്സിലാകില്ല.
ആരോട് വഴി ചോദിക്കും?
നിരത്തിൽ ശരം വിട്ടപോലെ വാഹനങ്ങൾ ഓടുന്നു.
നടപ്പാതയിൽ ആളുകൾ അധികമില്ല.
ഉള്ളവർക്ക് ഇംഗ്ലീഷ്ഭാഷ വശമില്ല.
ഉണ്ടായാലും അവർ ഇംഗ്ലീഷ് സംസാരിക്കുകയില്ല.
വലിയ ഭാഷാസ്നേഹികളാണ് ഫ്രഞ്ചുകാർ.
ഫ്രഞ്ചുരാജ്യത്ത് വന്നാൽ ഫ്രഞ്ചുഭാഷ സംസാരിക്കണം.
അതവരുടെ അലിഖിതമായ നിയമമാണ്.
ഇംഗ്ലീഷുകാർ ഫ്രഞ്ചുകാരെ തവളകൾ എന്ന് വിളിക്കും. കളിയാക്കി വിളിക്കുന്നതാണ്.
തവളയും ഫ്രഞ്ചും തമ്മിലെന്ത് ബന്ധം? എനിക്കറിഞ്ഞുകൂടാ.
ഫ്രഞ്ച് പതാകയിലെ ചില ചിഹ്നങ്ങൾ തവളയെ അനുസ്മരിപ്പിക്കുന്നുവെന്നാണ് ഒരാൾ പറഞ്ഞത്.
വലിയ ഹൃദയമുള്ളവരാണ് ഫ്രഞ്ചുകാർ.
ഇംഗ്ലീഷുകാരെപ്പോലെ ഫോർമാലിറ്റി നോക്കുന്നവരല്ല ഫ്രഞ്ചുകാർ.
ഫ്രഞ്ചുകാർ മലർക്ക ചിരിക്കും, സ്നേഹം പങ്കിടും.
സ്നേഹം പ്രകടിപ്പിക്കാൻ അവർക്ക് യാതൊരു മടിയുമില്ല.
വഴി തെറ്റിയ ഞാൻ പകച്ചുനിന്നു.
സന്ധ്യ മയങ്ങുന്നു.
എങ്ങോട്ട് പോകും?
പെട്ടെന്ന് ഒരു വനിതയും അവരുടെ കൌമാരക്കാരിയായ മകളും എതിരേ വരുന്നു. വഴി അറിയാതെ പകച്ചുനിൽക്കുന്ന എന്റെ അടുത്തേയ്ക്ക് അവർ വന്നു.
“കമാ സെവാ?”
ചോദ്യം എന്നോടാണ്.
സാക്ഷാൽ ലക്ഷ്മിദേവി. മാലാഖയെപ്പോലുള്ള മകൾ.
അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങിനിന്നു. എന്റെ വിഷമാവസ്ഥ അവർ മനസ്സിലാക്കിയെന്ന് തോന്നുന്നു. അവർ എന്റെ മുഖം വായിച്ചെടുത്തു.
ലക്ഷ്മീദേവി എന്റെ നേരെ കണ്ണുകൾ ഉയർത്തി. അവർ ചോദ്യം ആവർത്തിച്ചു.
“കമാ സെവാ?”
അതിനർത്ഥം. “സുഖമാണോ?”
ഫ്രഞ്ച് ഭാഷയിലുള്ള അഭിവാദ്യമാണ്.
ഞാൻ പറഞ്ഞു.
“സെവാ ബ്യേ.” എന്റെ ഫ്രഞ്ചുവിജ്ഞാനം അവിടെ അവസാനിച്ചു.
ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്നാൽ എനിക്ക് പുഞ്ചിരിക്കാൻ അറിഞ്ഞുകൂടാ.
പുഞ്ചിരി ദൈവികമാണ്.
ആർദ്രതയാണ് പുഞ്ചിരിയുടെ പ്രഭവകേന്ദ്രം.
ദൈവം എന്തുകൊണ്ട് മലയാളിയെ പുഞ്ചിരിക്കാൻ പഠിപ്പിച്ചില്ല?
എനിക്ക് വഴിതെറ്റിയ വിവരം ലക്ഷ്മീദേവിയോട് പറഞ്ഞു, എനിക്കറിയാവുന്ന ഇംഗ്ലീഷിൽ; അല്ല, മംഗ്ലീഷിൽ.
പക്ഷേ കൊടും ഫ്രഞ്ചായ ലക്ഷ്മീദേവിക്കും മാലാഖക്കുട്ടിക്കും മംഗ്ലീഷ് മനസ്സിലാവില്ല. അവരുടെ ഭാഷ ദേവഭാഷയാണ്. സാക്ഷാൽ ഫ്രഞ്ചുഭാഷ. ആഢ്യത്വമുള്ള ഫ്രഞ്ചുഭാഷ, വിശ്വപ്രേമത്തിന്റെ ഭാഷ.
ലക്ഷ്മീദേവി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു, മാലാഖക്കുട്ടിയും.
അവർ എന്തൊക്കെയോ ചോദിച്ചു. അവരുടെ ശബ്ദത്തിന് മണികിലുക്കത്തിന്റെ വശ്യതയുണ്ട്, സപ്തസ്വരങ്ങളുടെ മാധുര്യമുണ്ട്.
എനിക്ക് പോകേണ്ടുന്ന തെരുവിന്റെ പേരും മേൽവിലാസവും ഒരു തുണ്ടുകടലാസ്സിൽ എഴുതിവച്ചത് എടുത്ത് ലക്ഷ്മീദേവിയെ കാണിച്ചു.
“റൂ ലീമാ.”
അവർ എന്തൊക്കെയോ പറഞ്ഞു. ചില വാക്കുകൾ എനിക്ക് മനസ്സിലായി.
എക്കോൾ-സ്ക്കൂൾ എന്നർത്ഥം
എഗ്ലായി-പള്ളി
റൂ-സ്ട്രീറ്റ്
ഏതോ പള്ളിക്കപ്പുറത്ത് സ്കൂൾ ഉണ്ട്. അതിനപ്പുറത്തെ സ്ട്രീറ്റ് എന്നൊക്കെയാണ് അവർ പറഞ്ഞതെന്ന് ഞാൻ ഊഹിച്ചു. ഞാൻ പൊട്ടനെപ്പോലെ പകച്ചുനിന്നു.
പുഞ്ചിരിക്കാനറിയാത്ത പൊട്ടൻ.
എന്നെ സഹായിക്കാൻ ലക്ഷ്മീദേവി തീരുമാനിച്ചു.
അവർ വീണ്ടും പുഞ്ചിരിച്ചു. മാലാഖക്കുട്ടിയും പുഞ്ചിരിച്ചു.
താമരക്കൂമ്പ് പേലെയുള്ള കൈകൾകൊണ്ട് ലക്ഷ്മീദേവി ആംഗ്യം കാണിച്ചു; പിറകെ ചെല്ലാൻ.
ലക്ഷ്മീദേവിയും കൊച്ചുമാലാഖയും പിന്തിരിഞ്ഞുനടന്നു.
മുമ്പിൽ ലക്ഷ്മീദേവി. തൊട്ടുപിന്നിൽ കൊച്ചുമാലാഖ.
പിറകിൽ പൊട്ടനെപ്പോലെ ഞാനും.
ഒരു മൈലോളം നടന്നു. റൂ ലിമായിൽ എത്തി; എനിക്ക് പോകേണ്ടുന്ന സ്ട്രീറ്റിൽ.
ലക്ഷ്മീദേവി ദേവഭാഷയിൽ എന്തോ മൊഴിഞ്ഞു.
ലക്ഷ്മിയും മാലാഖയും പുഞ്ചിരിച്ചു.
“മെസി ബുക്കു.”
ഞാൻ പറഞ്ഞു.
“വളരെ നന്ദി, വളരെ നന്ദി.” എന്നാണതിനർത്ഥം.
ലക്ഷ്മിയും മാലാഖയും തിരിഞ്ഞുനടന്നു.
അവർ അപ്രത്യക്ഷരാകും ഞാൻ നോക്കിനിന്നു.
“എന്റെ മാതാപിതാക്കൾ പ്രൈമറിസ്കൂൾ അദ്ധ്യാപകരായിരുന്ന., സമ്പന്നരല്ലായിരുന്നെങ്കിലും അവർ വലിയ ദേശഭക്തിയുള്ളവരായിരുന്നു. മുലപ്പാലിൽകൂടി ദേശസ്നേഹത്തിന്റെ രുചിയറിഞ്ഞവനാണ് ഞാൻ. എന്റെ മുത്തച്ഛൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. കുറേനാൾ ഗാന്ധിത്തൊപ്പിയും വച്ചിരുന്നു അങ്ങനെയാണ് അദ്ദേഹത്തിന് കുഞ്ചാണ്ടിഗാന്ധി എന്ന പേര് കിട്ടിയത്.”
മുറിയുടെ ഭിത്തിയിൽ ഗാന്ധിത്തൊപ്പി ധരിച്ച ഒരു വൃദ്ധന്റെ പടം തൂക്കിയിട്ടിരുന്നു. ആ പടത്തിൽ ചൂണ്ടിക്കൊണ്ട് ഭാര്യയും രണ്ട് പെൺസന്താനങ്ങളുമടങ്ങിയ കുടുംബസദസ്സിൽ എന്റെ കുടുംബമഹിമ ഞാൻ വർണ്ണിച്ചു. മക്കൾ വായും പൊളിച്ചിരുന്ന് കേട്ടുകൊണ്ടിരുന്നു. എന്നാൽ ഭാര്യയുടെ മുഖത്ത് നിഴലിച്ച പുച്ഛമനോഭാവം ശ്രദ്ധിക്കാത്ത മട്ടിൽ ഞാൻ കുട്ടികളോട് ചോദിച്ചു.
“നിങ്ങൾ സ്കൂൾ അസംബ്ലിയിൽ ഒരു പ്രതിജ്ഞ ചൊല്ലുമല്ലോ. അതെന്താണ്?”
“ഭാരതം എന്റെ നാടാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഭാരതത്തിന്റെ വിശിഷ്ടവും തേജസ്സുറ്റതുമായ പരമ്പരാഗതസമ്പത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.”
ഇളയമകൾ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി.
“ങ്ഹാ, അതുതന്നെ. ഈ മുദ്രാവാക്യങ്ങൾ എന്റെ ഹൃദയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.”
കുട്ടികളുടെ മുമ്പിൽ ഞാൻ വാചാലനായി. അവരുടെ അച്ഛൻ എത്ര ദേശഭക്തനാണെന്ന് അവർ മനസ്സിലാക്കട്ടെ.
“ഈ ഭാരതഭൂമിയിൽ എനിക്ക് വഴിതെറ്റുകയില്ല.
അല്ല, വഴിതെറ്റിയാൽ നേർവഴി കാണിച്ചുതരാൻ ഒരു സഹോദരനോ സഹോദരിയോ ഉണ്ടാകും. സൊറൈൽ പട്ടണത്തിലെപ്പോലെ അന്ധാളിച്ച് നില്ക്കേണ്ടതില്ല.
ഭാരതീയർ ചതിക്കുകയില്ല.
ഭാരതസംസ്ക്കാരത്തിന്റെ അന്തർധാര ആത്മീയമാണ്. അതിനിയും വറ്റിയിട്ടില്ല.”
മക്കളുടെ മുമ്പിൽ ഞാൻ വലിയ ദേശഭക്തനാണെന്ന് ഭാവിച്ചു.
“അച്ഛന് ക്യാനഡായിൽ വഴി തെറ്റിയപ്പോൾ ഒരു സഹോദരി സഹായിച്ചല്ലോ, അവർക്ക് ആത്മീയമായ അന്തർധാരയൊന്നും ഇല്ലെങ്കിലും.”
മൂത്തമകൾ പറഞ്ഞു. അവൾ കോളേജിൽ പഠിക്കുന്ന കുട്ടിയാണ്. അവളുടെ അമ്മയെപ്പോലെ മുന വച്ച് സംസാരിക്കുന്നതിൽ കേമത്തിയാണ്.
എനിക്ക് ഉത്തരം മുട്ടി. സഹധർമ്മിണി ചിരിച്ചു.
“ഈ ‘തള്ള്’ ഞാനെത്ര കേട്ടതാ.” എന്നവൾ പറഞ്ഞില്ല.
എന്നാൽ അവളുടെ ചിരിയിലെ പരിഹാസം ഞാൻ വായിച്ചെടുത്തു.
എന്റെ സ്നേഹിതൻ നാരായണൻ നായർ താമസിക്കുന്നത് കഴക്കൂട്ടത്താണ്, തിരുവനന്തപുരത്തിനടുത്ത്.
“കഴക്കൂട്ടം ജംഗ്ഷനിൽ വന്ന് ആരോടു ചോദിച്ചാലും കഴക്കൂട്ടം റയിൽവേ സ്റ്റേഷനിലേയ്ക്കുള്ള വഴി പറഞ്ഞുതരും. ഒരു കിലോമീറ്റർ വന്നാൽ എന്റെ വീടാണ്. വഴിതെറ്റുകയില്ല.”
സ്നേഹിതൻ ഫോണിൽ വഴി പറഞ്ഞുതന്നു.
ഭാര്യയും മക്കളുമുണ്ട് കാറിൽ. സ്നേഹിതൻ പറഞ്ഞതുപോലെ കഴക്കൂട്ടം ജംഗ്ഷനിൽ കാർ നിറുത്തി, ഒരു മാടക്കടയുടെ മുമ്പിൽ. കടയുടെ മുമ്പിൽ രണ്ടുപേർ നില്ക്കുന്നു.
കാഴ്ചയിൽ പഠിപ്പും പത്രാസുമുള്ള രണ്ട് യുവാക്കന്മാർ.
ഒരു ബുള്ളറ്റ് മോട്ടോർസൈക്കിളിൽ ചാരിയാണ് ഒരാളിന്റെ നില്പ്.
മാടക്കടയ്ക്കുള്ളിൽ ഒരാൾ ബീഡി തെറുത്തുകൊണ്ടിരിക്കുന്നു. അയാൾക്ക് ‘കിടയിൽ മൂപ്പന്റെ’ താടിയും മുഖസാദൃശ്യവുമുണ്ട്. ആരാണ് ‘കിടയിൽ മൂപ്പൻ’? പറയാം.
എന്റെ ബാല്യകാലത്ത് ആട്ടിൻപറ്റത്തെ തെളിച്ചുകൊണ്ട് ഇടയന്മാർ ഞങ്ങളുടെ ഗ്രാമം സന്ദർശിക്കുക പതിവായിരുന്നു. ആണ്ടിൽ രണ്ടോ മൂന്നോ തവണ അവർ വരും. ഒരു അജസമൂഹത്തിൽ നൂറോ ഇരുനൂറോ ആടുകൾ ഉണ്ടാവും. അവർ കോന്നി, കല്ലേലി മുതലായ കിഴക്കൻ മേഖലയിൽ നിന്നാണത്രേ വരുന്നത്. ആട്ടിൻപറ്റത്തിന്റെ ഉടമസ്ഥർ ഞങ്ങളുടെ നാട്ടുകാരായ ചില ധനികന്മാരാണ്. അവരെ മുഖം കാണിക്കാനും വേതനം പറ്റുവാനുമാണ് ഇടയന്മാർ വരുന്നത്. ധനികന്മാർ തങ്ങളുടെ അജസമ്പത്തിനെ തൊട്ടുതലോടി തൃപ്തിയടയും.
ആട്ടിൻപറ്റത്തിൽ മുട്ടനാടുകളും കറവയാടുകളും തിറമുള്ള പെണ്ണാടുകളും കുഞ്ഞാടുകളുമൊക്കയുണ്ടാവും. ആണാടുകളാണ് മുട്ടനാടുകൾ. മുട്ടനാടുകളിൽ തലയെടുപ്പും തന്റേടവും അക്രമവാസനയുമുള്ള ചില പോക്കിരിയാടുകൾ ഉണ്ട്. അവരാണ് ‘കിടയിൽ മൂപ്പന്മാർ’. വലിയ പിരിഞ്ഞ കൊമ്പുകളും നീണ്ട ഊശാൻതാടിയും തീഷ്ണനയനങ്ങളും ആരെയും കൂസാതെയുള്ള നടപ്പും കിടയിൽ മൂപ്പന്റെ പ്രത്യേകതയാണ്.
എന്റെ ബാല്യകാലത്ത് കിലോമീറ്ററുകൾ ഈ ആട്ടിൻപറ്റങ്ങളെ അനുഗമിക്കുന്നത് എന്റെയും ചില സതീർത്ഥ്യരുടെയും വിനോദമായിരുന്നു.
കിടയിൽ മൂപ്പന്റെ രൂപസാദൃശ്യമുള്ള ‘സഹോദരൻ’ ഒരു യന്ത്രമാണെന്ന് എനിക്ക് തോന്നി.
യന്ത്രം ചലിക്കുന്നു.
യന്ത്രം തലയാട്ടുന്നു.
യന്ത്രത്തിന്റെ താടി വിറയ്ക്കുന്നു.
യന്ത്രത്തിന്റെ കൈകൾ നീളുന്നു.
ഇല, കത്രിക, ചുക്കാ, നൂൽ...
ഉല്പന്നം യന്ത്രത്തിന്റെ മടിയിൽ സ്ഥാപിച്ചിരിക്കുന്ന മുറത്തിൽ പതിക്കുന്നു.
വീണ്ടും ഇല, കത്രിക, ചുക്കാ, നൂൽ...
കാറിന്റെ ജനാലകൾ താഴ്ത്തി.
ഞാൻ ഫ്രഞ്ചുകാരെപ്പോലെ പുഞ്ചിരിക്കാൻ ശ്രമിച്ചു. വിജയിച്ചില്ലെന്ന് തോന്നുന്നു.
“കഴക്കൂട്ടം റയിൽവേസ്റ്റേഷനിലേയ്ക്കുള്ള വഴി ഏതാണ്?” ഞാൻ വിളിച്ചു ചോദിച്ചു.
യന്ത്രത്തിന്റെ മുഖം വക്രിച്ചു.
“ദേണ്ടെ, ഒരാൾ കിണിച്ചോണ്ട് ഏതാണ്ട് ചോദിക്കുന്നു.”
യന്ത്രം അടുത്ത് നിന്ന ചെറുപ്പക്കാരനോട് പറയുന്നത് കേട്ടു. എന്റെ ചിരി യന്ത്രത്തിന് ‘കിണി’യാണ്.
യന്ത്രം വീണ്ടും എന്തോ മന്ത്രിച്ചു. ചെറുപ്പക്കാരൻ തലയാട്ടി. യുവാക്കന്മാർ രണ്ടുപേരും എന്റെ കാറിനടുത്തേയ്ക്ക് നടന്നുവന്നു. അവരിലൊരാൾ വഴി പറഞ്ഞുതന്നു.
വണ്ടി നീങ്ങി.
അല്പനേരം കഴിഞ്ഞപ്പോൾ ഭാര്യ പറഞ്ഞു.
“അവന്മാരുടെ ഒരു നോട്ടം.”
ഭാര്യ തെറ്റിദ്ധരിച്ചതാകാം. അനേക വർഷങ്ങൾ വിദേശത്ത് താമസിച്ച ശ്രീമതിക്ക് നാട്ടിലെ പലതും അരോചകമാണ്.
അവർ ചൂണ്ടിക്കാണിച്ച വഴിയിലൂടെ കിലോമീറ്ററുകൾ താണ്ടി.
ചെളി നിറഞ്ഞ ഊടുവഴികൾ.
“വഴി തെറ്റിയെന്ന് തോന്നുന്നു.” കോളേജിൽ പഠിക്കുന്ന മകൾ പറഞ്ഞു.
ഒരു ചായക്കടയുടെ സമീപം കാർ നിറുത്തി.
ചായക്കടയ്ക്കുള്ളിൽ മൂന്നുനാല് ആളുകൾ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ്.
“ഹിലാറിയോ ട്രംപോ?”
“ട്രംപാണ് കേമൻ.”
“അല്ല, ഹിലാറിയാണ് കേമത്തി.”
ഞങ്ങളെ കണ്ടയുടനെ ചായക്കടയിലെ ‘സഹോദരന്മാർ’ രാഷ്ട്രീയച്ചർച്ച നിറുത്തി. അവർ മുറ്റത്തേയ്ക്ക് ഇറങ്ങിവന്നു.
“കഴക്കൂട്ടം റയിൽവേ സ്റ്റേഷനിലേയ്ക്ക് ഇനി എത്രദൂരമുണ്ട്?”
ഞാൻ ആരാഞ്ഞു.
“കഴക്കൂട്ടത്ത് റയിൽവേസ്റ്റേഷനില്ലല്ലോ. നിങ്ങൾക്ക് പോകേണ്ടുന്നത് വേളിയിലാണ്. അവിടെയാണ് തീവണ്ടിയാപ്പീസ്.”
ഒരാളുടെ ആധികാരികമായ മറുപടി.
“അല്ല, കഴക്കൂട്ടത്ത് റയിൽവേസ്റ്റേഷനുണ്ട.”
ഞാൻ പറഞ്ഞു.
“കൊല്ലം, മയ്യനാട്, പരവൂർ, കാപ്പിൽ, വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം, വേളി, പേട്ട, തിരുവനന്തപുരം.”
ഞാൻ സ്വരം താഴ്ത്തി എഞ്ചുവടി ചൊല്ലുന്നതുപോലെ പറഞ്ഞു. അമ്പതു വർഷങ്ങൾക്കുമുമ്പ് പ്രൈമറിസ്ക്കൂളിൽ ഗോവിന്ദപ്പിള്ളസാർ പഠിപ്പിച്ച പട്ടിക മനസ്സിൽ നിന്ന് ചികഞ്ഞെടുക്കാൻ ശ്രമിച്ചതാണ്. അന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിൽ ഇതൊക്കെ മന:പാഠമായി പഠിക്കണമായിരുന്നു.
“ഇത്രയുമൊക്കെ അറിയാവുന്നയാളുകൾ പിന്നെന്തിന് പോത്തൻകോട് വരെ വന്നു?”
ഒരു ചെറുപ്പക്കാരൻ പരിഹസിച്ചു.
ഒന്നും പറയാതെ കാർ തിരിച്ചുവിട്ടു.
മനസ്സിൽ ഭാരം നിറഞ്ഞിരുന്നു.
ഇത് ക്യുബക്കല്ല, കേരളമാണ്. എന്റെ സ്വന്തം നാട്ടിലാണ് അപമാനിക്കപ്പെട്ടത്.
വീണ്ടും കഴക്കൂട്ടം ജംഗ്ഷനിലെത്തി.
മാടക്കടയുടെ മുമ്പിലെത്തിയപ്പോൾ വണ്ടിയുടെ വേഗത കുറച്ച്, മാടക്കടയുടെ ഉള്ളിലേക്ക് പരതിനോക്കി.
അപ്പോഴും യന്ത്രം ചലിച്ചുകൊണ്ടിരുന്നു.
ചിരിക്കാത്ത യന്ത്രം.
വികാരങ്ങളില്ലാത്ത യന്ത്രം.
തല വിറപ്പിക്കുന്ന യന്ത്രം.
മൂളിപ്പാട്ട് പാടുന്ന യന്ത്രം.
മുറ്റത്തേക്ക് കാർക്കിച്ചുതുപ്പുന്ന യന്ത്രം.
തെറ്റായ ദിശയിലേക്ക് കൈചൂണ്ടുന്ന യന്ത്രം.
മുഖത്ത് പരിഹാസഛായയുള്ള യന്ത്രം.
കേരളീയൻ എന്ന യന്ത്രം.
ഒരു കിലോമീറ്റർ കൂടെ യാത്രചെയ്ത് സ്നേഹിതന്റെ ഭവനത്തിലെത്തി. സ്നേഹിതൻ ചോദിച്ചു.
“നിങ്ങൾ ഇത്ര വൈകിയതെന്ത്?”
ഭാര്യ പറഞ്ഞു.
“വഴിതെറ്റി.”
പെട്ടെന്ന് ക്യാനഡായും ക്യുബക്കും എന്റെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു. നിർമ്മിതബുദ്ധി നിയന്ത്രിക്കുന്ന ഒരു യന്ത്രം മാത്രമായി ഞാൻ, ഒരു നിമിഷത്തേയ്ക്ക്. യന്ത്രത്തിന്റെ സ്മരണാഫലകങ്ങളിലെ വിദൂരഭൂതകാലം സജീവമായി.
സൊറൈൽ പട്ടണം.
സൊറൈൽ പട്ടണത്തിലെ ലക്ഷ്മീദേവിയും മാലാഖക്കുട്ടിയും.
റൂ ലീമാ എന്ന തെരുവ്.
അവിടെ വഴി തെറ്റി അലയുന്ന പൊട്ടൻ.
ഞാൻ പരിസരം മറന്ന് ഉച്ചത്തിൽ ശബ്ദിച്ചു.
“റൂ ലീമാ”
സ്നേഹിതന്റെ ഭാര്യയ്ക്ക് ഒന്നും മനസ്സിലായില്ല. അവർ ചോദിച്ചു.
“എന്താണ് പറഞ്ഞത്?”
ഞാൻ ആവർത്തിച്ചു.
“റൂ ലീമാ”
“വഴിതെറ്റി, ഒത്തിരി കറങ്ങി.”
മകൾ വിശദീകരിച്ചതുപോലെ പറഞ്ഞു. ഞാൻ പറഞ്ഞത് അവൾക്കിഷ്ടപ്പെട്ടില്ല.
“അതിന്റെ ഫ്രഞ്ചാണോ റൂ ലീമാ?” സ്നേഹിതന്റെ ഭാര്യ ആരാഞ്ഞു.
“അല്പം വഴി തെറ്റിയതിന് അച്ഛൻ ഇത്ര ബേജാറാകുന്നത് എന്തിനാണ്?”
ഇളയ മകൾ കുറ്റപ്പെടുത്തി.
“അല്ല, ഇവിടെ വഴി തെറ്റിയാൽ നേർവഴി പറഞ്ഞു തരാൻ ഒരു സഹോദരനോ സഹോദരിയോ ഉണ്ടാകുമല്ലോ.” ഭാര്യ പറഞ്ഞു.
അതൊരു കുത്തുവാക്കായിരുന്നു.
ഞാൻ ചിരിച്ചു. വീണ്ടും ചിരിച്ചു.
നിർമ്മിതബുദ്ധി ചിരിക്കുവാൻ യന്ത്രത്തിന് നിർദ്ദേശം നല്കിയിരിക്കുന്നു.
യന്ത്രം ചിരിച്ചു.
ആർദ്രതയില്ലാത്ത ചിരി.
സ൱ന്ദര്യമില്ലാത്ത ചിരി.
മലയാളിയും ചിരിക്കാൻ പഠിച്ചിരിക്കുന്നു.