Image

പറയാതെ പോയത് (കഥ: ഭാഗം -1: സിസിൽ കുടിലിൽ )

Published on 22 December, 2024
പറയാതെ പോയത് (കഥ: ഭാഗം -1: സിസിൽ കുടിലിൽ )

നീണ്ട 28 വർഷങ്ങൾക്കു ശേഷം ഉറ്റ സുഹൃത്തിനെ കാണാനായിരുന്നു ശരത്ത് ആ ഗ്രാമത്തിലേക്ക് വന്നത്. ഇങ്ങനൊരു കൂടിച്ചേരൽ ഒരിക്കലും പ്രതീക്ഷിച്ചതല്ല; അതുകൊണ്ടായിരിക്കാം ആ യാത്രയിൽ ശരത്തിന് ക്ഷീണമൊട്ടും തോന്നാഞ്ഞത്. കാലങ്ങളെത്ര കഴിഞ്ഞാലും സിബിച്ചനെപ്പറ്റി ഓർക്കുമ്പോൾ ശരത്തിന്റെ മനസ്സിൽ കാർമേഘങ്ങൾ നിറയും. കണ്ണുനിറയാതെ ഒരിക്കൽ പോലും ശരത്തിന്റെ ഓർമ്മയിൽ സിബിച്ചൻ കടന്നു വരാറില്ല.

സിബിച്ചൻ വിളിക്കുമ്പോഴൊക്കെ പറയുമായിരുന്നു. ഈ ഒരു ദിവസത്തിനായി എത്രമാത്രം കാത്തിരുന്നുവെന്ന്. ടൗണിൽ നല്ല ട്രാഫിക്ക് ബ്ലോക്കുള്ളതുകൊണ്ട് അരമണിക്കൂർ വൈകുമെന്ന് ഇപ്പം വിളിച്ചു പറഞ്ഞതേയുള്ളു. ശരിക്കും സിബിച്ചന്റേത് ഒരൊളിച്ചോട്ടമായിരുന്നില്ലേ...? ഈ നാട്ടിൽ നിന്നും, ജീവിതത്തിൽ നിന്നുമൊക്കെ… നാടുമായി ചേർന്ന ഓർമ്മകളെ ആയിരം അറകളുള്ള പേടകത്തിനുള്ളിലാക്കി സമുദ്രങ്ങളുടെ ആഴങ്ങളിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നില്ലേ. പോയ കാലത്തിലേക്ക് തിരിഞ്ഞു പോവാൻ ഒരിക്കൽ പോലും സിബിച്ചൻ ആഗ്രഹിച്ചിരുന്നില്ല. 28 വർഷങ്ങൾക്കു മുമ്പ് നിറകണ്ണുകളോടെ വിട പറഞ്ഞിട്ട് ആലുവായിലെ വീട്ടിലായിരുന്നു സിബിച്ചന്റെ പഠനം. പിന്നീട് ജോലിയ്ക്കായി അമേരിക്കയിലേക്കും അതിനുശേഷം വിവാഹവുമെല്ലാം. കാലങ്ങളേറെ കഴിഞ്ഞപ്പോൾ ഗ്രാമത്തിന്റെ ഓർമ്മകളൊക്കെ ഇരുളിലേക്ക് മറഞ്ഞിരുന്നു.  

പക്ഷെ അടുത്ത കാലത്ത് ന്യൂയോർക്ക് മാളിൽ വെച്ച് മലയാളി പെൺകുട്ടിയെ കണ്ടതുമുതലാണ് സിബിച്ചനിൽ മാറ്റങ്ങളുണ്ടായത്. താൻ ഒരിക്കൽ സ്നേഹിച്ച പെൺകുട്ടിയുടെ അതേ രൂപസാദൃശ്യം. മുടിയിഴകളിൽ പോലും എന്തു സാമ്യം. അന്നാണ് സിബിച്ചൻ ശരത്തിനെ വിളിച്ചു പറഞ്ഞത് നമ്മുക്ക് ഇവിടൊന്നൊത്തുകൂടണമെന്ന്. അതിന് ശേഷമാണ് കളിച്ചു വളർന്ന ഗ്രാമത്തിലേക്ക് വീണ്ടും പോകണമെന്ന മോഹമുദിച്ചത്. വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഒരിക്കൽ സുപരിചിമായ ആ ഗ്രാമത്തിലെ ദൃശ്യങ്ങൾ ഇന്നും ശരത്തിന്റെ മിഴിയിൽ നിറയുന്നു. എല്ലാം ഇന്നലെ കഴിഞ്ഞപോലെ...

പ്രധാന കവലയിൽ നിന്നു അല്പം മാറി പോസ്റ്റാഫീസിനും പഞ്ചായത്താഫീസിനും ഇടയിലുള്ള ഓടിട്ട രണ്ടുനില കെട്ടിടത്തിലായിരുന്നു യുവശക്‌തി ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് പ്രവർത്തിച്ചത്. കോളജ്കാല യൗവന തുടുപ്പുകൾ എത്രമാത്രം താൻ ആസ്വദിച്ചിരുക്കുന്നു. തിമിർത്തുപെയ്ത മഴയ്ക്ക് ശേഷം നദിയിലെ വെള്ളം ഒഴുകും പോലെ, പോയകാല സ്മരണകൾ തന്നിലേക്ക് നിലയ്ക്കാതെ ഒഴുകുകയാണ്. ആ ഒഴുക്കിൽ ചെന്നെത്തുക സമുദ്രത്തിന്റെ ആഴങ്ങളിൽ മുത്തമിട്ടുകൊണ്ടായിരിക്കും. പോയ വഴികളിലൂടെ ശരത് നടന്നു. വെട്ടുകല്ലിൽ തീർത്ത പഴയ കെട്ടിടം ഇന്ന് ഉപയോഗ ശൂന്യമായി നിലം പൊത്താറായി നിൽക്കുന്നത് കാണാം. സുകുമാരൻ ചേട്ടന്റെ ചായക്കടയുടെ സ്ഥാനത്ത് പുതിയ ഇരുനില കെട്ടിടം ഉയർന്നപ്പോൾ വല്ലാതെ മാറിയപോലെ. ഇപ്പോൾ ഈ കവലയിൽ പഴയപോലെ ആളുകളൊന്നും അധികം വരാറില്ല. എത്രയോ സൂര്യോദയങ്ങൾക്കു മുമ്പേ പഴയൊരു അദ്ധ്യായത്തിന്റെ താളുകൾ മറിക്കുന്നു. സിബി തോമസ് എന്ന കാട്ടുകുന്നേൽ സിബിച്ചന്റെ ജീവിതം ഇവിടെ തുടങ്ങുന്നു.

ഞായറാഴ്ചകളിൽ മാത്രം കൂടാറുള്ള പെന്തക്കോസ്തുകാരുടെ ഹാളും അതിനപ്പുറത്തായി ഇലക്ട്രോണിക്സ് റിപ്പയറിംഗ് നടത്തുന്ന രാജേഷിന്റെ കടയുമാണ് റോഡിനോട് ചേർന്നുള്ള താഴെത്തെ നിലയിൽ. രണ്ടാം നിലയിൽ ക്ലബിനോട് ചേർന്ന് എപ്പോഴും തുറന്നു കിടക്കുന്ന മുറിയിൽ ആഴ്ചയിൽ ഒന്നോ ചിലപ്പോൾ രണ്ടോ ദിവസം വരാറുള്ള ഗ്രാമസേവകൻ ബാലഗോപാലൻ സാറിന്റെ ഓഫീസും. ഇതിന്റെയൊക്കെ ഇടയിലാണ് യുവശക്തി ആർട്ട്സ് ആൻഡ് സ്പോർട്ടസ് ക്ലബ്.

രാത്രിയാകും തോറും ക്ലബിലെ ക്യാരംസ്കളി കൂടുതൽ ആവേശത്തിലാകും. ജോലി കഴിഞ്ഞു വരുന്ന രാജീവേട്ടനും ജോൺസനച്ചായനും കോളജ് ക്ലാസ്സ് കഴിഞ്ഞുവരുന്ന ബിബിനും ജെയ്സണും പ്രീ ഡിഗ്രി തോറ്റു വെറുതെ വീട്ടിൽ നിൽക്കുന്ന ശരത്തും പിന്നെ സിബിച്ചനും എല്ലാരും കൂടുമ്പോൾ പിന്നെ പറയേണ്ട. വൈകുംനേരമായാൽ ബെറ്റ് വെച്ച് കളി ആരംഭിക്കും. പിന്നെ സമയമൊന്നും ആരും നോക്കാറില്ല. എങ്കിലും രാത്രിയാകുമ്പോൾ എല്ലാവരും പിരിയുന്നതിന് ഒരു കണക്കുണ്ടായിരുന്നു. അതെന്തു   കണക്കെന്നായിരിക്കും നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത്. ക്ലബിന്റെ അഴിയില്ലാത്ത ജനാലയിൽ കൂടി നോക്കുമ്പോൾ മൈല്ലക്കാട്ടെ തോമാച്ചായന്റെയും അമ്മാമയുടെയും വീട്ടിൽ ലൈറ്റ് അണയുന്നതായിരുന്നു അവരുടെ കണക്ക്. രാത്രി നേരത്തെ കിടന്ന് പുലരും മുമ്പെ ഉണരുന്നൊരു പതിവായിരുന്നു തോമച്ചായന്റെ വീട്ടിൽ. അതുകൊണ്ട് അവർക്കെല്ലാം അറിയാമായിരുന്നു. കൃത്യം 8.30 ന് തോമാച്ചായൻ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമെന്ന്.

വർഷങ്ങളേറെയായി പട്ടാളത്തിൽ നിന്ന് പിരിഞ്ഞെങ്കിലും പഴയ പട്ടാള ചിട്ടയിൽ തന്നെയായിരുന്നു തോമാച്ചായന്റെ ജീവിതം മുന്നോട്ട് പോന്നത്. കഴിഞ്ഞ വർഷത്തെ പള്ളിയാരധനയ്ക്ക് ശേഷം നടന്ന പൊതുയോഗത്തിൽ 80 വയസ് പൂർത്തിയായവരെ ആദരിക്കുന്ന ചടങ്ങിൽ ആദ്യം പൊന്നാട അണിയിച്ചത് മൈല്ലക്കാട്ടെ തോമാച്ചായനെയായിരുന്നു. അമ്മാമ്മയുടെ വീട്ടിൽ ലൈറ്റണഞ്ഞാൽ പിന്നെ അധികം നേരമൊന്നും ഇരിക്കാതെ ക്ലബിന്റെ ഷട്ടറും താഴ്ത്തി അവരിറങ്ങും. ജെയ്സന്റെ വീടിനടുത്തുള്ള കപ്പക്കാലയും പിന്നെ കൊക്കോത്തോട്ടവും കഴിഞ്ഞു വേണം ശരത്തിനും സിബിച്ചനും വീട്ടിലെത്താൽ. ശരത്തിന്റെയും സിബിച്ചന്റെയും വീട് അടുത്തടുത്തായതു കൊണ്ട് ശരത്ത് എപ്പോഴും പറയും.

"എടാ സിബിച്ചാ... നീ ഒന്നോർത്തു നോക്കിയെ, എന്റെ വീട് കൊക്കോത്തോട്ടത്തിന് പുറകിലായിരുന്നെങ്കിൽ നീ ഈ രാത്രി ഒറ്റയ്ക്ക് നടന്നു വരേണ്ടായോ..." 
“നീ വെറുതെ പറഞ്ഞു പേടിപ്പിക്കാതെടാ... എന്നാ പിന്നെ ഞാൻ രാത്രി ക്ലബിൽ വരത്തേയില്ലായിരുന്നു.”
ശരത്ത് അങ്ങനെ സിബിച്ചനോട് പറയാൻ കാരണമുണ്ടായിരുന്നു. ചില പ്രത്യേകതയുള്ള ദിവസങ്ങളിലെ കൂരിരുട്ടു നിറഞ്ഞ പാതിരാത്രികളിൽ കൊക്കോതോട്ടത്തിലൂടെ തനിയെ നടന്നുവന്നവർക്ക് ചില ഭയപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടത്രേ. ചീവീടുപോലും നിശബ്ദമായി ഉറങ്ങുന്ന രാത്രികളിൽ അദൃശ്യശക്തികൾ പ്രദേശത്തെ കീഴ്പ്പെടുത്തും. തനിയെ കുലുങ്ങുന്ന കോക്കൊമരങ്ങൾ, എങ്ങു നിന്നോ വരുന്ന മണലുവാരിയേറ്, പിന്നെ ചില അശരീരികൾ അങ്ങനെ ആദൃശ്യമായ പ്രകൃതിയുടെ ചലനങ്ങൾ. ഇതൊക്കെ അനുഭവിച്ചവർ പറഞ്ഞ അറിവാ. ഏതായാലും ശരത്തിനും സിബിച്ചനും ആ നേരങ്ങളിലൊന്നും ആവഴി നടക്കേണ്ട ആവശ്യം വന്നില്ല.

വൈകുംനേരം ക്ലബിലേക്ക് പോകുമ്പോൾ മൈലക്കാട്ടെ അമ്മാമ്മ നാട്ടിലെ വിശേഷമെന്തെങ്കിലും ചോദിക്കാതെ അവരെ വിടില്ലായിരുന്നു. അമ്മാമ്മയ്ക്ക് അത്രയേറെ സ്നേഹം തോന്നാൻ ഒരു കാരണമുണ്ട്. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ പഠിക്കാൻ പോയ ഏകമകൾ ഹിന്ദിക്കാരന്റെ കൂടെ പോയത് അവരുടെ ജീവിതം ഉലച്ചിരുന്നു.
അക്കാലത്ത് നാട്ടിൽ വലിയൊരു വാർത്തയായിരുന്നു ഈ സംഭവം. പിന്നെ വർഷങ്ങൾക്കു ശേഷമാണ് ആദ്യമായി മകൾ നാട്ടിലേക്ക് വന്നത്. അതും തനിയെ. മകൾക്ക് ഒരു കുട്ടി ഉണ്ടായതിന് ശേഷം എല്ലാവർഷവും വീട്ടിൽ വരും. എങ്കിലും ഒരിക്കൽ പോലും ഡൽഹിക്കാരൻ മകളുടെ കൂടെ നാട്ടിൽ വന്നിരുന്നില്ല. ഉപേക്ഷിച്ച് പോയതാണെന്നും നാട്ടിൽ പറയുന്നുണ്ട്. വയ്യാത്ത കാലത്ത് മകളും മരുമകനും അരികിലുണ്ടാകുമെന്ന് കരുതിയ വൃദ്ധദമ്പതികളുടെ മോഹമെല്ലാം വ്യർത്ഥമായി. ഇപ്പോഴും അതൊക്കെ അവരോട് പറയും. തോമാച്ചായന്റെ പട്ടാളച്ചിട്ട കൂടിയതുകൊണ്ടാണ് അവള് ഞങ്ങളെ വിട്ട് പോയതെന്ന്. എത്രയോ രാത്രികൾ അതോർത്തു കരയുമായിരുന്നു. ശരത്തിനോടും സിബിച്ചനോടും മാത്രമേ അമ്മാമ്മ ഈ കാര്യങ്ങൾ പറയുകയുള്ളു. മറ്റാരും ചോദിക്കുന്നത് അമ്മാമ്മയ്ക്ക് ഇഷ്ടപ്പെടത്തില്ല. പിന്നെ ക്ലബിലെ അവരെയൊക്കെ കാണുന്നതും സംസാരിക്കുന്നതുമായിരുന്നു അമ്മാമ്മയ്ക്ക് ഏക ആശ്വാസം. ആ വീട്ടിലെ ഏതൊരു കാര്യത്തിനും ആദ്യം വിളിക്കുന്നത് അവരെയായിരുന്നു. അതുകൊണ്ടു തന്നെ അമ്മാമ്മയുടെ വീട്ടിൽ ഇരുവർക്കും നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു.

ക്ലബിൽ മിക്കപ്പോഴും സിഗരറ്റിന്റെയും ബീഡിയുടെയും പുക മുറിയിലാകെ പൊതിഞ്ഞു നിൽക്കുന്നുണ്ടാവും. പുകമണം ശ്വസിക്കാതിരിക്കാനാണ് സിബിച്ചൻ ജനലിനരികിൽ ഇരിക്കുന്നത്. ജനലരികിൽ ഇരുന്നാൽ തണുത്ത കാറ്റ് ഇടയ്ക്കൊക്കെ തഴുകി കടന്നുപോകും. ശ്യാമയാമത്തിലെ തിമിർത്ത് പെയ്യുന്ന മഴക്കൊപ്പം ക്ലബിലിരുന്ന് നോക്കിയാൽ അങ്ങകലെ മൈല്ലക്കാട്ടെ അമ്മാമ്മയുടെ വീട്ടിലെ വെട്ടം കാണാം. ജനാലയ്ക്കരികിൽ അകലങ്ങളിലേക്ക് നോക്കി ഇരിക്കും. വീശിയടിക്കുന്ന കാറ്റിൽ തൂവാനം മുഖത്തേക്ക് ചാറി വീഴുന്നത് പ്രത്യേക അനുഭൂതിയാണ്.

ഇരുട്ടു വീണുകഴിഞ്ഞാൽ പിന്നെ ശരത്തും സിബിച്ചനും ജെയ്സണും ബിബിനും മാത്രമേ കളിക്കാൻ കാണു. അവസാനം വരെ അവർ നാലും പേരു കാണും. ഷട്ടറ് താഴ്ത്തി ഒന്നിച്ചിറങ്ങുന്നതും അവർ ഒരുമിച്ചായിരിക്കും. ബിബിന്റെ വീട് ക്ലബ്ബിനടുത്താണ്. എല്ലാ ദിവസവും ഇങ്ങനൊക്കെ തന്നെയായിരുന്നെങ്കിലും ഒരു ദിവസം ക്ലബിലെ കളി നീണ്ടുപോയത് അവരറിഞ്ഞില്ല. ആ രാത്രി ഏറെ വൈകിയിട്ടും മൈല്ലക്കാട്ടെ അമ്മാമ്മയുടെ വീട്ടിലെ ലൈറ്റണഞ്ഞിരുന്നില്ല. പിന്നെ സിബിച്ചാനാ പറഞ്ഞത് ....
എടാ ജെയ്സാ ഒൻപതരകഴിഞ്ഞെടാന്ന്…

“ങേ. ഒൻപതര കഴിഞ്ഞന്നോ... പോടാ. നീ ആ ജനാല വഴി നോക്കിക്കേ, മൈല്ലക്കാട്ടെ അമ്മാമ്മയുടെ വീട്ടിൽ ലൈറ്റ് ഓഫായോന്ന്…”

“ഇല്ലടാ, ഓഫായില്ല”

“ഇന്നെന്താ ഇത്രയും നേരമായിട്ടും ലൈറ്റ് അണയ്ക്കാത്തത്. അമ്മാമ്മയും അച്ചായനും ഉറങ്ങിയില്ലേ... എതായാലും ഇനി ഷട്ടറ് താത്ത് നമ്മുക്കിറങ്ങാം.” സിബിച്ചൻ പറഞ്ഞു

നല്ല മഴയുള്ള രാത്രിയിൽ അവർ നടന്നു. മൈല്ലക്കാട്ടെ വീടിനരികിൽ എത്തിയപ്പോൾ വീട്ടിലെ വെളിച്ചം മറ്റൊരു മുറിയിലാണ്. 
“ജെയ്സാ അടുക്കളയോട് ചേർന്നൊള്ള മുറിയിലല്ലേ സാധാരണ ലൈറ്റ് ഇടുന്നത്. ഇത് മാവിൻച്ചോട്ടിലെ മുറിയിലാണല്ലോ വെട്ടം.”

“അത് ശരിയാണല്ലോ...”  ജെയ്സണും പറഞ്ഞു.
സിബിച്ചൻ അടുത്തെത്തിയപ്പോൾ നല്ല മുടിയുള്ള ഒരു പെൺകുട്ടി മുറിയിലൂടെ നടക്കുന്നത് വീശിയടിക്കുന്ന മഴയിൽ അവ്യക്തമായി കണ്ടു.
“ശരത്ത് ഒന്നു നിന്നേ…”
അമ്മാമയുടെ വീടിന്റെ മുൻപിലെ ഒറ്റയടി പാതയിലൂടെ നടന്നപ്പോഴാണ് സിബിച്ചന്റെ വിളി കേട്ട് ശരത്ത് നിന്നത്.
“എന്നതാ…”
“എടാ… സിബിച്ചാ… നീ നോക്കിക്കേ... ആ മുറിയ്ക്കാത്ത് ഒരു പെണ്ണിനെ കണ്ടടാ.”

വെട്ടം കണ്ട മുറിയുടെ ഭാഗത്തേക്ക് ജെയ്സൺ നോക്കി.

“ഞാനൊന്നും കാണുന്നില്ലല്ലോ, നിനക്ക് തോന്നിയതാവും” ജെയ്സൺ മറുപടി പറഞ്ഞു.
“ഒരു മിന്നായം പോലെ ഞാൻ കണ്ടടാ, നല്ല വെളുത്തിട്ട് മുടിയുള്ള ഒരു പെണ്ണ്. എന്നാലും കഴിഞ്ഞ ദിവസം അമ്മാമ്മയോട് സംസാരിച്ചപ്പോഴൊന്നും പറഞ്ഞുമില്ല. വീട്ടിൽ വന്ന് താമസിക്കാൻ മാത്രമായി അടുപ്പമുള്ള ആരുമില്ലല്ലോ. ഡൽഹിയിലുള്ള ഷേർളിച്ചേച്ചി ഈ അടുത്ത കാലത്തല്ലേ വന്നത്. അതും ബാത്ത്റൂമിൽ തെന്നിവീണ് അമ്മാമ്മേടെ കൈ ഒടിഞ്ഞപ്പോഴ്... പിന്നെ അതെല്ലാം ശരിയായി കഴിഞ്ഞ മാസമല്ലേ ആ ചേച്ചി പോയത്, പിന്നെയാരായിത്.?”

“ആരേലുമാട്ടെ നീ വാ… ഇന്ന് ഒരുപാട് ഇരുട്ടി, വീട്ടിലിപ്പം തിരക്കുന്നുണ്ടാവും. നാളെ അമ്മാമ്മയെ കാണുമ്പോൾ ചോദിക്കാം.” ബിബിൻ പറഞ്ഞു

നല്ല മഴയുള്ള രാത്രിയിൽ ഒറ്റയടിപാതയിലൂടെ അങ്ങേ ചരിവിലേക്ക് നടന്നവർ വീട്ടിലെത്തി. പോകുമ്പോഴൊക്കെ സിബിച്ചൻ പറയുമായിരുന്നു അതാരായിരിക്കും. എന്നാലും അതാരാ...

മഴ പെയ്തൊഴിഞ്ഞ രാത്രിയിൽ ഉറങ്ങാതെ ഏറെ നേരം സിബിച്ചൻ കിടന്നു. മനസ്സിൽ നവചിന്തകൾക്ക് ആരംഭമായി. കോരിച്ചൊരിഞ്ഞ മഴയിൽ മുറിയ്ക്കുള്ളിലെ മങ്ങിയ വെട്ടത്തിൽ കണ്ട നീളൻ തലമുടിയുള്ള പെൺകുട്ടി ആരായിരിക്കും. അമ്മാമ്മയുടെ ബന്ധുകളാരെങ്കിലുമാണോ...? ഇതിന് മുമ്പൊരിക്കലും ഇവിടെ കണ്ടിട്ടില്ലല്ലോ...? ഏതായാലും നാളെ വൈകുംനേരം കാണുമല്ലോ... അപ്പോൾ ചോദിക്കണം... 
ആ മുഖം സിബിച്ചന്റെ ഹൃദയത്തിൽ മഴയുടെ നീളൻ സൂചികൾ ആഴ്ന്നിറങ്ങുന്ന അനുഭൂതി പടർത്തി പതിയെ നിദ്രയിലാണ്ടു.

ജെയ്സന്റെ വയ്യാതെ കിടന്ന അപ്പാപ്പി ജോയിപ്പാപ്പി മരിച്ചതു കാരണം ഒന്നു രണ്ടു ദിവസത്തേക്ക് ക്ലബിലേക്കും കവലയിലേക്കൊന്നും പോകാൻ അവർക്ക് കഴിഞ്ഞില്ല. ശരത്തും സിബിച്ചനും ബിബിനുമെല്ലാം ജോയിപ്പാപ്പിടെ വീട്ടിൽ തന്നെയായിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ക്ലബിലേക്ക് പോയത്.

അമ്മാമ്മ അവരെ കണ്ടപാടെ വളരെ സന്തോഷത്തോടെ മുറ്റത്തേക്കിറങ്ങി വന്നു. “നിങ്ങളെ കഴിഞ്ഞ ദിവസമൊന്നും കണ്ടില്ലല്ലോ മക്കളേ...


ഏതായാലും അവള് വന്നു മോനെ... ഇനി ഈ നാട്ടിൽ ഞങ്ങളോടൊപ്പം നിന്നോള്ളാമെന്ന് അവള് സമ്മതിച്ചു... ഷേർളീം സമ്മതിച്ചു. എത്രനാളാന്നുവെച്ചാ ഞങ്ങളിങ്ങനെ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത്. ഇപ്പോഴെങ്കിലും അവള് ഞങ്ങളെയൊക്കെ ഓർത്തല്ലോ.”
ഡൽഹിയിലുള്ള ഷേർലിയാന്റിയുടെ മകളാണെന്ന് അപ്പാഴാണ് അവരറിഞ്ഞത്.

“ഡൽഹിയിൽ വളർന്ന കുട്ടിയാ... നിങ്ങളെല്ലാവരും ചേർന്ന് വേണം നമ്മുടെ ഈ നാട്ടും പുറത്തുകാരിയാക്കിയൊന്നു മാറ്റാൻ.” അമ്മാമ്മ ഇത്രയധികം സന്തോഷിച്ചു കാണുന്നത് ആദ്യമായാണ്.
“മോളെ... പൂജേ… ഇങ്ങു വന്നേ മോളെ” അമ്മാമ്മ ഉച്ചത്തിൽ വിളിച്ചു

പൂജ. വളരെ വ്യത്യസ്തമായ പേര്. സിബിച്ചന്റെ മനസ്സിലൂടെ മിന്നിമാഞ്ഞു. പൂജയെ എല്ലാവർക്കും പരിചയപ്പെടുത്തി അമ്മാമ്മ പറഞ്ഞു. 
“ഇതു നമ്മുടെ സ്വന്തം മക്കളാ മോളെ...”
പൂജ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.
കഴിഞ്ഞ രാത്രിയിൽ ഒരു മിന്നായം പോലെ അവക്ത്തമായാണ് പൂജയെ കണ്ടെങ്കിലും ആ മുഖം സിബിച്ചന്റെ മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല. 
പകലും രാവും ഒന്നൊന്നായി കൊഴിഞ്ഞു വീണു. എല്ലാവരും ക്ലബിലെ ക്യാരംസ് കളിയിൽ മുഴുകിയിരിക്കുമ്പോൾ ജനലരികിലുള്ള ബഞ്ചിൽ ഇരുന്ന് മൈല്ലക്കാട്ടെ വീട്ടിലെ നാട്ടുമാവിനരികിലുള്ള മുറിയിലെ വെട്ടം നോക്കി സിബിച്ചൻ ഇരിക്കും. അതുവരെ രാത്രി വളരെ കൃത്യമായി ക്ലബ് അടച്ച് വീട്ടിൽ പോകുമായിരുന്ന അവർ പിന്നീടുള്ള രാത്രികളിൽ വളരെ വൈകിയായിരിക്കും ക്ലബ് അടയ്ക്കുക. 
സിബിച്ചനിലെ പ്രണയഭാവങ്ങൾ ഇതിൾ വിരിഞ്ഞത് പൂജയെ കണ്ടതിൽ പിന്നാണ്. അവളിലെ പ്രേമാർദ്ര സുരഭിസുമങ്ങൾ തന്നിലേക്ക് ചൊരിയാൻ ഒരോ നിമിഷവും സിബിച്ചൻ ആഗ്രഹിച്ചു. പൂജയോടൊത്തുള്ള സായാഹ്നങ്ങൾ അത്രമേൽ പ്രയപ്പെട്ടവയായി മാറി.

പിന്നീടുള്ള ഞായറാഴ്ചകളിൽ പള്ളിആരാധനയയിൽ വെച്ച് കണ്ടുമുട്ടുമായിരുന്നു. പൂജയോടൊപ്പം കൽകുരിശിൽ തിരിതെളിക്കുമ്പോൾ അറിയാതെ മനസ്സിൽ പ്രണയത്തിരി തെളിഞ്ഞു. തണൽ വിരിച്ചു നിൽക്കുന്ന വാകമരച്ചുവട്ടിലും മാതാവിന്റെ രൂപക്കൂടിനു മുൻപിലും മെഴുകുതിരി കത്തിക്കുമ്പോഴും കുരിശിന്റെ പ്രദക്ഷിണ വഴികളിലുമെല്ലാം കാണും. മുന്തിരിവീഞ്ഞിന്റെ പരിശുദ്ധിയോടും ഒലിവിലകളുടെ നൈർമല്യത്തോടും പ്രണയം അവൾക്ക് സമ്മാനിച്ചു. പ്രാർഥനയോടെ അൾത്താരക്ക് മുൻപിൽ നിൽക്കുന്ന മാലാഖയെ കാണുംപ്പോലെ പൂജയെ നോക്കി നിൽക്കുമായിരുന്നു.
പൂജയെ കണ്ടുമുട്ടിയതിൽ പിന്നെ നോമ്പുകാലം പോലും സിബിച്ചന് മംഗല വാർത്തകാലമായിരുന്നു. യേശു പറഞ്ഞ മുന്തിരിവള്ളിയിലെ ഉപമയെപ്പറ്റി അച്ചൻ പ്രസംഗിച്ച ഒരു ഞായറാഴ്ച. നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന മുന്തിരിവള്ളികളെപ്പറ്റി ഏറെ പ്രസംഗിച്ചു. പ്രസംഗം കേട്ടപ്പോഴൊക്കെ സിബിച്ചന്റെ മനസ്സിൽ വന്നത് തന്നിൽ പടർന്ന് പന്തലിച്ച മുന്തിരിവല്ലരിയിൽ നിറയെ പ്രണയ ഫലങ്ങളായിരുന്നല്ലോ എന്നായിരുന്നു. മനസ്സിലുണ്ടായ ചിരി സിബിച്ചൻ അടക്കി വെച്ചു.  

പൂജയ്ക്ക് ആ നാട്ടിൽ അവർ നാലുപേരുമായിരുന്നു സുഹൃത്തുക്കൾ. അതുവരെ വല്ലപ്പോഴുമൊക്കെ പള്ളിയിൽ പോകുമായിരുന്ന അവർ പിന്നീടുള്ള ഞായ്റാഴ്ച പൂജയെ കൂട്ടിയായിരിക്കും പള്ളിയിലേക്ക് പോകുന്നത്. ഞായറാഴ്ചകൾ എല്ലാവർക്കും ഒത്തുചേരലിന്റെ അനുഭവും സിബിച്ചന് പ്രണയദിനവും ചൊരിഞ്ഞു. അന്നേ വരെ മലയാള സിനിമയും പാട്ടുകളും കേട്ടിരുന്ന സിബിച്ചൻ ഹിന്ദി സിനിമകൾ കണ്ടു തുടങ്ങി. അമീർഖാന്റെയും സൽമാൻഖാന്റെ ഷാരുഖാന്റെയും സിനിമകൾ കൂടുതലും കണ്ടു. റോമാന്റിക്ക് ഹിന്ദി ഗാനങ്ങളുടെ കാസറ്റുകൾ പൂജയ്ക്ക് സമ്മാനമായി നൽകി. വളരെയധികം സ്നേഹത്തോടെ അതെല്ലാം പൂജ സ്വീകരിച്ചു. പ്രണയാതുരമായ സംഗീതം അവരുടെ ഹൃദയങ്ങളെ ഉണർത്തി.
പൂജ പലപ്പോഴും പറയും. “സിബിച്ചായാ... നിങ്ങളെയെല്ലാം കണ്ടതിൽ പിന്നെ ഞാനൊരു പുതിയ ആളായി മാറിയപോലെ… ഈ ഗ്രാമവും നന്മ നിറഞ്ഞ കുറെ മനുഷ്യരും എന്റെ മനസ്സിൽ മുല്ലപ്പൂക്കൾ വാരിവിതറുന്ന അനുഭൂതിയാണ് തന്നത്. എനിക്കീ നാടും സിബിച്ചായനെയും വിട്ട് എങ്ങോട്ടും പോകാൻ തോന്നുന്നില്ല. ഡൽഹിയിലെ ജീവിതം എന്നെ തകർത്തു കളഞ്ഞു. ഇവിടെ വന്നതിൽ പിന്നാണ് ഞാൻ ആസ്വദിച്ചു തുടങ്ങിയത്.”

എങ്കിലും ചില നേരങ്ങളിൽ എന്തൊക്കെയോ ചിന്തിച്ച് വ്യസനപ്പെടാറുണ്ട്. സിബിച്ചൻ പലപ്പോഴും അത് ചോദിച്ചിട്ടുണ്ടുണ്ടെങ്കിലും എന്തെങ്കിലും പറഞ്ഞൊഴിഞ്ഞു മാറും. ഒരിക്കൽ ശരത് പറഞ്ഞു. സിബിച്ചാ നീ എത്രയും വേഗം അമ്മാമ്മയെ കണ്ടു ഈ കാര്യം പറയണം. അല്ലേൽ നാട്ടുകാരും പള്ളിയിലുള്ളവരും എന്തേലും പറഞ്ഞു നടക്കും

സിബിച്ചൻ ആലോച്ചിച്ചു. ശരിയാണ് പൂജയെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അമ്മാമ്മയോട് പറയണം. എങ്കിലും ഒരു സംശയം, ശരത്തേ, അമ്മാമ്മയോട് നമ്മളെല്ലാവരുമായിട്ട് നല്ല സ്നേഹബന്ധത്തിലാ ഇപ്പോൾ പൊക്കോണ്ടിരിക്കുന്നത്. ഞാനിതു പറഞ്ഞാൽ ഒള്ള സ്നേഹം ഇല്ലാതാകുമോ...?

“ഇല്ലെടാ... അമ്മാമ്മയക്ക് അതിഷ്ടമാകത്തെയുള്ളൂ... പൂജയെ എന്നും തങ്ങളുടെ കൂടെ നിർത്താനെ അമ്മാമ്മയും അച്ചായനും ആഗ്രഹിക്കത്തുള്ളു.” ശരത് പറഞ്ഞു.

അവധി ദിവസങ്ങളിൽ പൂജയെയും കൂട്ടി നാലു പേരും പുല്ലാനിക്കാവിലേക്ക് നടക്കും. പുല്ലാനികുന്നിലെ കാവിൽ മഞ്ചാടി മരത്തിൽ നിറയെ മഞ്ചാടി കാണാം. നിലത്തുവീണതും ഇറുത്തെടുത്തതുമായ മഞ്ചാടിമണികൾ തുണിയിൽ പൊതിഞ്ഞ് പൂജയ്ക്ക് കൊടുക്കും. മഞ്ചാടിമണികൾ കൊണ്ട് മനോഹരമായ ബോട്ടിൽ ആർട്ട് ചെയ്യും.  

“പൂജ എന്തു രസമായിട്ടാ ഈ ബോട്ടിലിൽ ചിത്രങ്ങൾ വരയ്ക്കുന്നത്. ഇതെങ്ങനെ പഠിച്ചു” സിബിച്ചൻ ചോദിച്ചു.
“സ്കൂളിലും കോളജിലും പഠിക്കുമ്പോൾ എന്റെയൊരു ഹോബിയായിരുന്നു ബോട്ടിലാർട്ട്. ഡൽഹിലെ വീട്ടിൽ ഒരുപാടുണ്ട്. ആദ്യമായാണ് മഞ്ചാടിമണികൾ ബോട്ടിലിൽ പതിപ്പിക്കുന്നത്. ഇപ്പോൾ ഒന്നു രണ്ട് വർഷങ്ങളായി ഒന്നും ചെയ്യാൻ താൽപര്യമില്ല. മനസ്സ് അനുവദിക്കുന്നില്ല. “

ഞായറാഴ്ച കുർബാനയ്ക്ക് ശേഷം കുമ്പസാരകൂടിന്റെ മുമ്പിൽ വെച്ച് പൂജ പറഞ്ഞു.

“സിബിച്ചായ… നാളെ നമ്മുക്ക് പുല്ലാനിക്കാവ് വരെ ഒന്ന് പോകണം.” 
മുമ്പൊക്കെ പുല്ലാനി കാവിൽ പോകുമ്പോൾ ശരത്തും ജെയ്സണും ബിബിനും കാണുമായിരുന്നു. ഇതിപ്പോൾ ആദ്യമായാണ് തന്നോടൊപ്പം തനിയെ വരണമെന്ന് പറയുന്നത്. എന്തിനായിരിക്കും അങ്ങനെ പറഞ്ഞത്. സിബിച്ചൻ പലവട്ടം ചിന്തിച്ചു.

ഏറെ ദിവസത്തെ മഴയ്ക്ക് ശേഷം നല്ല തെളിഞ്ഞ പ്രഭാതമായിരുന്നു അന്ന്. കാവിലെ കാട്ടുപൂക്കൾക്ക് ഇത്രയേറെ സുഗന്ധം തോന്നിയത് ആദ്യമായിട്ടായിരുന്നു. പകുതി ഇളകിയ കൽപടികളിൽ അവർ ഇരുന്നു.

“സിബിച്ചായ ഞാൻ ഈ നാട്ടിൽ വന്നത് എല്ലാം മറക്കാൻ വേണ്ടിയായിരുന്നു. എനിക്ക് ഭാഗ്യം ചെയ്ത പോലായിരുന്നു നിങ്ങൾ നാലു സുഹൃത്തുക്കളെ കിട്ടിയത്. കുറച്ചു ദിവസങ്ങൾ ഹാപ്പിയിരിക്കുക... അത്രമാത്രം. സിബിച്ചൻ എന്നോട് കാണിക്കുന്ന സ്നേഹത്തിന് പകരം നൽകാൻ പറ്റുമോയെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ കാര്യങ്ങൾ അറിയുമ്പോൾ സിബിച്ചൻ ഒരിക്കലും എന്നെ സ്നേഹിക്കില്ല. അറിഞ്ഞോണ്ട് ചതിക്കാൻ എനിക്ക് മനസ്സ് വരുന്നില്ല. എല്ലാം അറിഞ്ഞു കഴിയുമ്പോൾ സിബിച്ചൻ എന്നെ ഉപേക്ഷിക്കും. അതെനിക്ക് താങ്ങാനും സാധിക്കില്ല.”

“എന്താണേലും എന്നോട് പറയണം. പൂജേടെ വീട്ടിൽ വന്ന് അമ്മാമ്മയെ കാണാൻ ഇരിക്കുവാ ഞാൻ, നമ്മുടെ കാര്യം സംസാരിക്കാൻ.”


“ശരത്ത് എന്നോട് പറഞ്ഞിരുന്നു.” എന്നാലും സ്നേഹിക്കുന്ന ഒരാളെ എങ്ങനെ ചതിക്കാൻ പറ്റും. പൂജ ചിന്തിച്ചു.

അവരുടെ സംസാരം നീണ്ടു പോയപ്പോഴാണ് കാവിലെ കൽവിളക്കിന്റെ അടുത്തേക്ക് ആരൊക്കെയോ നടന്നു വന്നത്. പൂജ പറഞ്ഞ കാര്യങ്ങൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.  ഇരുവരും കൽപ്പടിയിൽ നിന്ന് എഴുന്നേറ്റ് തിരികെ നടന്നു.

വീടിന്റെ പുറകിൽ വീണ് അമ്മയുടെ കാൽ ഒടിഞ്ഞ് ഹോസ്പിറ്റലിലും മറ്റുമായതുകൊണ്ട് ക്ലബിലേക്കൊന്നും പോകാനേ സിബിച്ചന് കഴിഞ്ഞില്ല. പൂജയെ ഒന്നു രണ്ട് തവണ വിളിച്ചതല്ലാതെ നേരിട്ടു കാണാനും കഴിഞ്ഞില്ല. ശരിക്കു ചോദിക്കേണ്ട കാര്യമൊന്നും ചോദിച്ചുമില്ല. ഏതായാലും നാളെ ഹോസ്പ്പിറ്റലിൽ നിന്ന് അമ്മ ഡിസ്ചാർജ് ആകും. നാളെ വൈകിട്ട് തന്നെ മൈല്ലക്കാട്ടെ വീട്ടിൽ പോകണം, പൂജയെ കാണണം. അനേകം ചിന്തകളിലൂടെ മനസ്സ് സഞ്ചരിച്ചു. എന്തായിരിക്കും പൂജയ്ക്ക് എന്നോട് മാത്രമായി പറയാനുള്ളത്. അവസാനമായി പുല്ലാനിക്കാവിൽ കണ്ടപ്പോൾ മുഴുമിക്കാതെ പറഞ്ഞതെന്തായിരിക്കും. ഇന്നെന്തായാലും പൂജയോട് ചോദിക്കണം, എനിക്കറിയണം.

പതിവിലും ഇരുട്ട് നിറഞ്ഞതായിരുന്നു ആ രാത്രി. കൊക്കൊത്തോട്ടത്തിന്റെ നടുവിലൂടെയുള്ള ഒറ്റയടി പാതയിലൂടെ മൈല്ലക്കാട്ടെ വീട് ലക്ഷ്യം വെച്ച് നടക്കുമ്പോൾ ഭയമൊന്നും അശേഷം സിബിച്ചനെ അലട്ടിയിരുന്നില്ല. തനിക്ക് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പൂജയെ കാണണം. സംസാരിക്കണം. മുഴുമിക്കാതെ പാതിയിൽ അവസാനിപ്പിച്ച കാര്യം എന്തെന്നറിയണം. മാവിൽ ചോട്ടിലെ മുറിയുടെ ലൈറ്റ് അണഞ്ഞിരുന്നില്ല. ജനൽ പാളികൾ തുറന്നു തന്നെ കിടക്കുകയാണ്.

“പൂജേ… പൂജേ... ജനലിൽ തട്ടി സിബിച്ചൻ വിളിച്ചു.” കട്ടിലിൽ കിടന്ന് ഏതോ ബുക്ക് വായിക്കുകയായിരുന്ന പൂജ സിബിച്ചനെ കണ്ടമാത്രയിൽ ജനലരികിലേക്ക് ഓടിവന്നു.
“എന്താ സിബിച്ചാ ഈ രാത്രിയിൽ. അമ്മാമ്മയും അച്ചായനും ഇപ്പോ കെടന്നതേയുള്ളു.”

“പുല്ലാനി കാവിൽ വെച്ച് അവസാനമായി നമ്മൾ കണ്ടപ്പോൾ പറയാൻ ബാക്കി വെച്ചത് എന്തായിരുന്നു. അതറിയാനാണ് ഈ രാത്രിയിൽ ഇവിടെ വന്നത്.”

“അതെല്ലാം ഞാൻ പറയാം, സിബിച്ചായൻ ഇപ്പം പ്പോ... അമ്മാമ്മയും അച്ചായനും ഇപ്പം കിടന്നതേയുള്ളു, എഴുന്നേറ്റാൽ ആകെ പ്രശ്നമാകും.”

“അറിഞ്ഞോട്ട് ... കഴിഞ്ഞ ദിവസമെല്ലാം അമ്മ ഹോസ്പിറ്റലിലായതുകൊണ്ടാ പൂജയെ കാണാൻ പറ്റാഞ്ഞത്.”

“സിബിച്ചായ ഇപ്പോ പോ ... എല്ലാം നാളെ പറയാം....”
ആരെയൊക്കെയോ പൂജ ഭയക്കുന്നുണ്ട്. എന്റെ തോന്നൽ ശരിയാകണമെന്നില്ല, പക്ഷെ മനസ്സ് പറയുന്നത് അങ്ങനെയാണ്. തന്റെ ലക്ഷ്യം പരാജയപ്പെട്ടല്ലോ എന്നതിൽ വിഷാദനായി ക്ലാന്ത ചിന്തകളുമായി സിബിച്ചൻ തിരികെ നടന്നു.

വെള്ളിയാഴ്ചയും കുറത്തവാവും ഒന്നിച്ചു വന്ന ഘോരന്ധകാരം നിറഞ്ഞ രാത്രിയായിരുന്നു അന്ന്. തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ വല്ലാത്തൊരു ഭയം സിബിച്ചന്റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു. കാലംതെറ്റി പൂത്ത കാട്ടുപൂക്കളുടെ രൂക്ഷഗന്ധം കൊക്കോ മരത്തിന്റെ അരികിൽ പരന്നിരുന്നു. എങ്ങുനിന്നോ പക്ഷികളുടെ മൂളൽ. ചകോര പക്ഷിയുടെ മൂളലല്ലേയത്. സാധാരണയായി ചകോരം പകൽ സമയങ്ങളിലാണല്ലോ മൂളുന്നത്. ഇതിപ്പം പാതിരാത്രിയിൽ... ഏതു പക്ഷിയായിരിക്കും. ത്രിസന്ധ്യ നേരങ്ങളിൽ ആകാശത്ത് അപൂർവമായി ഉരുണ്ടു കയറുന്ന കാർമേഘം പോലെ മനസ്സിൽ ഭയപ്പെടുത്തുന്ന ചിന്തകൾ നിറഞ്ഞു.

അല്പം അകലെയുള്ള മരത്തിന്റെ മുകളിൽ തിളങ്ങുന്ന കണ്ണുകൾ നോക്കി സിബിച്ചൻ നിശ്ചലമായി നിന്നു പോയി. കൂരിരുട്ടിൽ പോലും രൂക്ഷമായി തിളങ്ങുന്ന കണ്ണുകൾ ഏതു പക്ഷിയുടേതാകാം. രക്തം ഊറ്റി കുടിക്കുന്ന കഴുകന്റെ കണ്ണുകളിലെ തീവ്രത പോലെ. പെട്ടെന്നായിരുന്നു സിബിച്ചനെ ഞെട്ടിച്ചു കൊണ്ട് അതു സംഭവിച്ചത്. തനിക്ക് ചുറ്റുമുള്ള കൊക്കോ മരങ്ങൾ അതിശക്ത്തമായി ആടിയുലയുന്നു. എങ്ങും എവിടെയും ഒരിളം കാറ്റുപോലുമില്ലാതെ. അതിദ്രുതം നടന്ന സിബിച്ചന്റെ ശരീരത്തിലേക്ക് പൊടി മണൽ ശക്തമായി വീണു. ആരോ മണൽ വാരിയെറിയും പോലെ. ക്രമേണ അതിഭീകരമായ ശബ്ദവും മണലേറും. ഒരു നിമിഷം പോലും സിബിച്ചന് അവിടെ നിൽക്കാനായില്ല. ഓടിയും നടന്നും ഭയപ്പെട്ട് വീട്ടിലെത്തിയപ്പോൾ സിബിച്ചനെ നന്നായി അണയ്ക്കുന്നുണ്ടായിരുന്നു.  ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി തണുത്ത വെള്ളമെടുത്ത് കുടിച്ച് കട്ടിലിലേൽ കിടന്നപ്പോഴും അണപ്പ് മാറിയിട്ടില്ലായിരുന്നു. ആ രാത്രി സിബിച്ചന് ഉറക്കം വരാതെ ചിന്തകൾ അലട്ടി ക്കൊണ്ടിരുന്നു. അസംഭവ്യമായ എന്തോ ഒന്ന് എവിടെയോ നടന്നിരിക്കുന്നു.

 

(തുടരും.....)

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക