Image

ദേശീയതയും ടാഗോറും (ഷുക്കൂർ ഉഗ്രപുരം)

Published on 23 December, 2024
ദേശീയതയും ടാഗോറും (ഷുക്കൂർ ഉഗ്രപുരം)

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തന്റെ തൂലിക കൊണ്ടും നിലപാട് കൊണ്ടും പടപൊരുതിയ ധീര ദേശാഭിമാനിയാണ് രവീന്ദ്ര നാഥ ടാഗോർ . വിശ്വമാനവികതയിലും ആത്മീയതയിലുമൂന്നിയ നിലപാടുകൾക്കാണ് അദ്ദേഹമെന്നും ഊന്നൽ നൽകിയത് . അതിർത്തികളും പ്രത്യയ ശാസ്ത്രങ്ങളും ആഗോള മനുഷ്യ സമൂഹത്തെ വിഭജിക്കുന്നതിനെതിരെ അദ്ദേഹം ശക്തമായി നില കൊണ്ടു. മാനവ സമൂഹത്തിൻറെ വൈജാത്യങ്ങളെ ഉൾക്കൊള്ളാൻ അദ്ദേഹം സമൂഹ ത്തോട്  ഉദ്‌ഘോഷിച്ചു. നമ്മുടെ ദേശീയഗാനവും ബംഗ്ലാദേശിന്റെ ദേശീയ ഗാനവും രചിച്ചത് അദ്ദേഹമാണെന്നത് ശ്രദ്ധേയമാണ് . ലോക പ്രശസ്ത കവി, കഥാകൃത്ത്, നോവലിസ്റ്റ്, ഗാനരചയിതാവ്, ദൃശ്യകലാകാരന്‍, നാടകകൃത്ത്,
തത്വചിന്തകന്‍, സാമൂഹികപരിഷ്‌കര്‍ത്താവ് എന്നീ മേഖലകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം  തീക്ഷ്ണ സാമ്രാജ്യത്വ വിരോധിയുമായിരുന്നു . 1908 ലെ കോണ്‍ഗ്രസ്ൻറെ ബംഗാള്‍   സമ്മേളനത്തില്‍ ടാഗോര്‍ അധ്യക്ഷനായപ്പോൾ തന്റെ മാതൃ ഭാഷയായ ബംഗാളി ഭാഷയിൽ പ്രസംഗിക്കുകയും ഇംഗ്ലീഷില്‍ മാത്രം പ്രസംഗിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ അന്ന് വരെയുള്ള പാരമ്പര്യത്തെ അദ്ദേഹം തിരുത്തുകയും ചെയ്തു.  ബംഗാളി, സംസ്‌കൃതം, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹം നിപുണനായിരുന്നു.  ജാലിയന്‍ വാലാബാഗ്  കൂട്ടക്കൊലയിൽ പ്രതിഷേധിച്ച്  ബ്രിട്ടീഷുകാര്‍ നൽകിയ  മുഴുവൻ സ്ഥാനമാനങ്ങളും 1919 ല്‍ അദ്ദേഹം ഉപേക്ഷിച്ചു.

            ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തേയും ഗാന്ധിജിയേയും പൂർണ്ണമായി പിന്തുണച്ചിരുന്ന അദ്ദേഹം തീവ്ര ദേശീയത പോലുള്ള സങ്കുചിത കാഴ്ചപ്പാടുകൾക്കെതിരെ സൈദ്ധാന്തികമായിത്തന്നെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് . ഗാന്ധിജിയെ മഹാത്മയെന്ന് വിശേഷിപ്പിച്ച ടാഗോർ തന്നെ ഗാന്ധിജി യുടെ പല ദേശീയത നിലപാടുകളേയും അക്കാലത്ത് ശക്തമായി എതിർത്ത് രംഗത്ത് വന്നിട്ടുണ്ട് .

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും പ്രബന്ധങ്ങളിലും കഥയിലും കവിതയിലുമെല്ലാം   ദേശീയത പോലുള്ള സങ്കുചിത കാഴ്ചപ്പാടുകളെ വിമർശിക്കുകയും ആത്മീയതക്കും, ധാർമികതക്കും,  മാനവികതക്കുമായി ശക്തമായി നിലകൊകൊള്ളുകയും ചെയ്ത  വ്യക്തിയാണ് ടാഗോർ. ഗുണ്ടായിസത്തിനും കൊള്ളക്കും വേണ്ടി ഒരു തരത്തിലുള്ള സഹോദര്യമെന്നും അദ്ദേഹം ദേശീയതയെ വിശേഷിപ്പിച്ചു  . ഒരു Organization എന്ന രീതിയിൽ ദേശീയതയുടെ പ്രകൃതത്തേയും Purpose നേയും അദ്ദേഹം ചോദ്യം ചെയ്തു. ദേശീയത എന്നത് ഒരു സാമൂഹിക നിർമ്മിതിയും യാന്ത്രിക സംഘടനത്തിലധിഷ്ഠിതമായതും ഒരു പ്രത്യേക ഉപയുക്ത ലക്ഷ്യത്തിനും വേണ്ടി നിർമിച്ചതുമായതിനാൽ ദേശീയത അദ്ദേഹത്തിന് അപ്രിയമായി തോന്നി. ദേശീയത എന്ന കാഴ്ചപ്പാട് ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരു ആവേശായുധമായി ഉത്ഭവിച്ചത് മുതൽ അതിനെതിരെ ശക്തമായ നിലപാട് അദ്ദേഹം കൈകൊണ്ടു. രാഷ്ട്രീയത്തിന്റെയും വ്യവസായത്തിന്റെയും മാത്രം ഉൽപ്പന്നമാണതെന്നും അതൊരുപക്ഷേ സാമ്പത്തികവും ഭൗദ്ധികവുമായ നേട്ടങ്ങൾ നൽകിയേക്കാമെങ്കിലും ആത്യന്തികമായത് മാനവികതക്കെതിരാണെന്ന കാഴ്ചപ്പാടായിരുന്നു ടാഗോറിന്റേത് .  ദേശീയതയുടെ പേരിൽ ആളുകളെ വിഡ്ഢികളാക്കി രാജ്യം ഭരിക്കുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന  അപകടത്തെ പതിറ്റാണ്ടുകൾക്ക് മുൻപേ  സൈദ്ധാന്തിക കാഴ്ചപ്പാടിലൂടെ അദ്ദേഹം വരച്ചു കാണിച്ചിട്ടുണ്ട്.

മനുഷ്യവർഗ്ഗത്തിന്റെ ധാർമിക, ആത്മീയ സമ്പൂർത്തീകരണത്തിന് ധാരാളം സംഭാവന നൽകാൻ ടാഗോർ സമൂഹത്തോട് ആഹ്വാനം ചെയ്തു . ടാഗോറിന്റെ ദേശീയതയുടെ ബ്രാൻഡ് അടിസ്ഥാനപരമായി വേരൂന്നിയത് മനുഷ്യനെന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന ചോദ്യത്തിലാണ്.

 

ദേശീയത പാശ്ചാത്യ മുതലാളിത്വത്തിന്റെ നിർമ്മിതി

ദേശീയത വ്യാവസായിക മുതലാളിത്ത്വത്തിന്റെ Post religious പരീക്ഷണ ശാലയിലെ നിർമ്മിതിയാണെന്നതിനാൽ തന്നെ അദ്ദേഹം ഇതിനെ ചോദ്യം ചെയ്തു . വ്യാവസായിക വൽക്കരണ സമൂഹത്തിലെ പാശ്ചാത്യന്റെ ചൂഷണത്തിനുള്ള ഉപകരണമായിട്ടാണ് അദ്ദേഹം ദേശീയതയെ കണ്ടത്. ഇന്ത്യയിലേത്  പോലുള്ള സമൂഹത്തിന് ഒട്ടും അനുഗുണമല്ലാത്ത ഇടുങ്ങിയ ആശയമാണ് ദേശീയതയെന്ന്  അദ്ദേഹം പറയുന്നു. മനുഷ്യകുലത്തിന്റെ ഉൽകൃഷ്ട മാനവികതക്ക് നേരെ ആവർത്തിച്ചുള്ള ഭീഷണി എന്നാണ് ദേശീയതയെ ടാഗോർ വിളിച്ചത്. ദേശീയ രാഷ്ട്രത്തിന്റെ പാശ്ചാത്യ സങ്കൽപ്പത്തിൽ വേരൂന്നിയ ദേശീയതയുടെ അപകടങ്ങളെക്കുറിച്ച് ടാഗോറിന് അറിയാമായിരുന്നു.

ഇന്ത്യൻ ദേശീയതയെ കുറിച്ചുള്ള ഇന്ത്യൻ മാക്സിസ്റ്റുകളുടെ നിലപാടെന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. പലപ്പോഴും കേരളത്തിലെ മാക്സിസ്റ്റുകൾ തീവ്ര ദേശീയതയെ സൈദ്ധാന്തികമായും ധൈഷണികമായും  പ്രതിരോധിക്കുന്നതിന് പകരം അതിന്റെ ഗുണങ്ങളനുഭവിച്ച് നേട്ടങ്ങൾ കൊയ്യാൻ പരിശ്രമിച്ചിട്ടുണ്ട്. പാർട്ടിയിലെ സൈദ്ധാന്തിക ബുദ്ധിജീവികളെ അരികുവൽക്കരിച്ചും അവരുടെ സ്വത്വത്തിനു നേരെ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്തത് ഒരു പക്ഷേ ഇത്യാദി ഉദ്യമങ്ങളിൽ നിന്നും പാർട്ടിയെ നിലപാട് രാഹിത്യത്തിലേക്ക്  നയിച്ചിട്ടുണ്ടാവാം!!

 യൂറോപ്യൻ ദേശീയത നിരീക്ഷിച്ച ടാഗോർ പടിഞ്ഞാറ് വർഗീയവാദികളായി മാറിയെന്ന് അനുമാനിച്ചു. യൂറോപ്പിൽ ഒരു രാഷ്ട്രം കൂടുതൽ ശക്തമാകുന്നതിന് പ്രത്യേകിച്ച് വാണിജ്യപരമായി പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു വികാരമായിരുന്നു ദേശീയത!! ടാഗോറിന്റെ ദേശീയതയുടെ ബ്രാൻഡ് ഇതിനെതിരെ ജാഗ്രത പാലിക്കാൻ പരിശ്രമിച്ചു. ദേശീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ മനുഷ്യനായിരിക്കുകയെന്നതിന്റെ അന്വേഷണത്തിൽ നിന്നാണ് വികസിപ്പിച്ചത്.

ടാഗോർ ഇന്നായിരുന്നു ജീവിച്ചതെങ്കിൽ അതിതീവ്ര ഇടുങ്ങിയ ദേശീയതക്കെതിരിൽ ശക്തമായി പ്രതികരിക്കുക അദ്ദേഹമായിരിക്കും. ഒടുക്കം ഗൗരി ലങ്കേഷിന്റെയും പൻസാരയുടേയും,  ധബോൽക്കറുടേയും  വിധി അദ്ദേഹത്തെയും തേടി വരുമായിരുന്നേനെ !!

മുതലാളിത്തത്തിന്റെയും യന്ത്രവൽക്കരണത്തിന്റെയും പാശ്ചാത്യ ആശയങ്ങളുടെ ആൾരൂപമല്ലാതെ മറ്റൊന്നുമല്ല ദേശീയത, ഈ പദം ദേശീയ രാഷ്ട്രം എന്ന പദത്തിൽ നിന്നാണ് ഉണ്ടായതെന്ന് ടാഗോർ അഭിപ്രായപ്പെട്ടു. ഈ ആശയങ്ങൾ ഇന്ത്യൻ സ്വയംഭരണാധികാരത്തിനും ബഹുസ്വരതയ്ക്കും മതപരമായ സഹിഷ്ണുതയ്ക്കും എതിരാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആനുകാലിക ഇന്ത്യൻ സമൂഹത്തിലെ മത ന്യൂനപക്ഷങ്ങൾക്കും ദളിദർക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളേയും തരം താഴ്ത്തലിനേയും ടാഗോറിന്റെ ഈ കാഴ്ചപ്പാടുമായി ചേർത്ത് വായിക്കുമ്പോൾ കൂടുതൽ വ്യക്തത കൈ വരും . എത്ര ദീർഘ ദൃഷ്ടിയോടെയാണ് അദ്ദേഹം തൻ്റെ നിലപാടുകളെയും  കാഴ്ചപ്പാടുകളെയും നിര്മിച്ചെടുത്തതെന്ന് മനസ്സിലാക്കാൻ സാധിക്കും . ടാഗോറിൻ്റെ  കവിതകളേയും നോവലുകളേയും നാം ചർച്ചക്കെടുക്കുന്നുവെങ്കിലും  അദ്ദേഹത്തിന്റെ രാഷ്ട്രീയ ലേഖനങ്ങളും  നിലപാടുകളും വേണ്ടത്ര വിശകലനത്തിന് അധികമാരും വിധേയമാക്കിയിട്ടില്ല.

ദേശീയതയെക്കുറിച്ചുള്ള പരമ്പരാഗത ധാരണ സംസ്കാരം പ്രദേശം തുടങ്ങിയ ആശയങ്ങളാൽ പരിമിതമായിരിക്കുന്നു. മറ്റൊരു രാജ്യമായാലും മറ്റൊരു സമുദായമായാലും “മറ്റൊരാളെ” തിരിച്ചറിയുന്നതിനെയും പൈശാചിക വൽക്കരിക്കുന്നതിനേയും ആശ്രയിച്ചിരിക്കുന്ന ദേശീയത വ്യക്തമായും സമൂഹത്തെ ഭിന്നിപ്പിക്കുന്നതും അക്രമ സംസ്കാരത്തെ വളർത്തിയെടുക്കാൻ സഹായിക്കുന്നതുമാണ് എന്നദ്ദേഹം കുറിക്കുന്നു  . ആനുകാലിക ഇന്ത്യയിൽ മത ന്യൂനപക്ഷങ്ങളുടേയും, ദളിതരുടേയും സ്വത്തത്തെ പൈശാചിക വൽക്കരിക്കുന്നതും അവർക്കെതിരെ അസഹിഷ്ണുതാ പൂർവ്വം പൗരത്വം പോലും ചോദ്യം ചെയ്യുന്ന രീതിയിൽ പുതിയ നിയമങ്ങളെ നിർമ്മിച്ചെടുക്കുകയും ചെയ്യുന്നത് ടാഗോർ ഇവിടെ പറഞ്ഞു വെച്ചതിന്റെ ബാക്കിയാണ്.

ടാഗോറിന്റെ ഇന്ത്യ

ടാഗോറിന്റെ ഇന്ത്യയെക്കുറിച്ചുള്ള ആശയം തികച്ചും സമന്വയമായിരുന്നു. എല്ലാ ജനതകളേയും സംസ്കാരങ്ങളേയും സ്വാഗതം ചെയ്യുന്ന ഒരു നാഗരികതയെ വളരെ വൈവിധ്യമാർന്ന ബഹുസ്വര സമൂഹത്തിൽ വിവിധ പരമ്പരാഗത ജീവിത രീതികളിൽ എൻ‌കോഡ് ചെയ്‌ത സഹിഷ്ണുതയിൽ അധിഷ്ടിതമായതാണ് എന്ന് അദ്ദേഹം സങ്കൽപ്പിച്ചു. ബ്രിട്ടീഷ് രാജിനെതിരായ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ദേശീയത വളർന്നത്. അത്തരത്തിലുള്ള ദേശീയതയുടെ സ്വരം സ്വാഭാവികമായും വിമോചനപരമായിരുന്നു, കാരണം ഇത് റിപ്പബ്ലിക് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെടുന്നതിന്റെ ഭാഗമായായിരുന്നു സൃഷ്ടിക്കപ്പെട്ടത്. ഇപ്പോൾ ദേശീയതയുടെ വാചാടോപങ്ങൾ പുറം തള്ളൽ , ഒഴിവാക്കൽ (Exclusion ) ദിശയിലേക്ക് വഴിമാറി!! നമ്മുടെ സ്വന്തം ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ ദേശീയതയെക്കുറിച്ചുള്ള സമഗ്രമായ ധാരണയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ബദൽ വിവരണങ്ങൾ നമുക്ക് നൽകിയവരുണ്ട്. ഇത്തരം ജാഗ്രത രബീന്ദ്രനാഥ ടാഗോറിന്റെ കൃതികളിൽ കാണാം. ദേശീയതയെക്കുറിച്ചുള്ള സങ്കല്പനാത്മകതയും ധാരണയും പുനരവലോകനം ചെയ്യേണ്ടതാണ്.  ജാതിക്കും മതത്തിനും അതീതമായി ഓരോ  ഭാരതീയനെയും മനുഷ്യനായികാണാന്‍ കഴിയുമ്പോള്‍ മാത്രമേ നമുക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശമുള്ളു എന്ന് അദ്ദേഹത്തിന്റെ ഒരു കൃതിയില്‍ ഊന്നിപ്പറയുന്നുണ്ട്.

ഇന്ന് ദേശീയതയുടെ ഈ അംഗത്വം ഭൂരിപക്ഷത്തിന് മാത്രമുള്ളതാണ്. അതേസമയം ന്യൂനപക്ഷങ്ങളെ ഈ പൊതുവായ അംഗീകാരത്തിൽ നിന്ന് ഒഴിവാക്കുകയും  ചെയ്യു ന്നു. നമ്മുടെ രാജ്യത്തെവിടെയെങ്കിലും ഒരു സ്ഫോടനം നടന്നാൽ അതിനെ ശക്തമായി അപലപിച്ച് കൊണ്ട് മുസ്ലിം സംഘടനകൾ തെരുവിലിറങ്ങാൻ നിര്ബന്ധിതമാകുന്നത് ടാഗോർ സൂചിപ്പിച്ച ഈ ദേശീയതയുടെ ബഹിർസ്ഫുരണം എന്ന രീതിയിൽ വേണം മനസ്സിലാക്കാൻ .

ടാഗോറിന്റെ സാംസ്കാരികതയെക്കുറിച്ചുള്ള ധാരണ വായിക്കുമ്പോൾ ദേശീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളെക്കുറിച്ചും നമുക്ക് സൂചനകൾ നേടാനാകും. പത്തൊൻപതാം നൂറ്റാണ്ടിലെ പല ഇന്ത്യൻ ചിന്തകരിൽ (രാം മോഹൻ റോയ്, സ്വാമി വിവേകാനന്ദൻ, ശ്രീ അരബിന്ദോ) നിന്നും വ്യത്യസ്തമായി ടാഗോർ പറയുന്നത് പുരാണ കൃതികളും ഇവിടുത്തെ മതഗ്രന്ഥങ്ങളും ക്ലാസിക്കൽ ഇന്ത്യൻ സംസ്കാരത്തിന്റെ കേന്ദ്രബിന്ദുവാകാമെന്നും എന്നാൽ താൽക്കാലിക ആശയങ്ങളിൽ വേരൂന്നിയ അവ വിരൽ ചൂണ്ടുന്നത് ഇന്ത്യൻ സാംസ്കാരിക ഐക്യത്തിലേക്കല്ലെന്നും ടാഗോർ വിശ്വസിച്ചു. അദ്ദേഹത്തിന്റെ കാലത്തെ ചിന്തകരിൽ നിന്നും മറ്റു പലരിൽ നിന്നും വ്യത്യസ്തമായി ടാഗോർ വിശ്വസിക്കുന്നത് ഇന്ത്യയുടെ കാനോനിക്കൽ ഗ്രന്ഥങ്ങളായ വേദങ്ങൾ, ഉപനിഷത്തുകൾ, ഗീത എന്നിവ ഇന്ത്യയുടെ ക്ലാസിക്കൽ സംസ്കാരത്തിന്റെ പ്രധാന ഭാഗമായിരിക്കാമെങ്കിലും അവ ഇന്ത്യൻ ഐക്യത്തിന്റെ ഹൃദയമായി മാറുകയോ ഐക്യത്തിന് അത് അടിസ്ഥാനം നൽകുകയോ ചെയ്യുന്നില്ല. രാം മോഹൻ റോയ്, സ്വാമി വിവേകാനന്ദൻ, ശ്രീ അരബിന്ദോ തുടങ്ങിയവർ ഹിന്ദുമതത്തിന്റെ കാനോനിക്കൽ ഗ്രന്ഥങ്ങൾ ഇന്ത്യൻതയുടെ അടിത്തറ നിർവചിച്ചുവെന്ന് വിശ്വസിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ചിന്തകരായിരുന്നു . എന്നാൽ അവരിൽ നിന്നും ടാഗോർ സമൂലമായി വ്യത്യാസപ്പെട്ടിരിക്കുന്നു; ഇന്ത്യൻ ഐക്യം മധ്യകാല മിസ്റ്റിക് കവികൾ, മത, ആത്മീയ വ്യക്തികൾ എന്നിവരുടെ ചിന്തകളിലും പ്രയോഗങ്ങളിലും അധിഷ്ഠിതമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യൻ ദേശീയത എന്നത് പ്രധാനമായും അക്കാലത്തെ ഹിന്ദു ദേശീയവാദികളുടെ സൃഷ്ടിയായിരുന്നു. ഈ പദത്തിന്റെ വികലതക്കുള്ള പരിഹാരമാണ് ടാഗോറിന്റെ ദേശസ്നേ ഹത്തിന്റെ നിർവചനം; അദ്ദേഹത്തിന്റെ നിർവചനം സഹകരണത്തിന്റെയും സഹവർത്തി ത്വത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നു, അത് അതിരുകൾ മറികടന്ന് മനുഷ്യരാശിയെ ഉദ്ദേശിച്ചുള്ളതാണ്. ദേശസ്നേഹം ഒരിക്കലും നമ്മുടെ അന്തിമ ആത്മീയ  അഭയമാകരുത്. എന്റെ അഭയം മാനവികതയിലാണ്. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം മാനവികതക്കുമേൽ ദേശ സ്നേഹത്തെവിജയിക്കാൻ അനുവദിക്കില്ല എന്നദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചിരുന്നു . രാജ്യം എന്നത് മാനവികതയുടെ ആദർശങ്ങളേക്കാൾ മഹത്തായതാണ് എന്ന പാഠങ്ങളെ നിരാകരിച്ചാൽ മാത്രമേ ഇന്ത്യാക്കാർക്ക് അവരുടെ യഥാർത്ഥ ഇന്ത്യയെ നേടാനാവൂ എന്നും ടാഗോർ പറയുന്നു.  
മനുഷ്യരാശിയുടെ ഐക്യം സാദ്ധ്യമാക്കാൻ ദേശീയതയുടെ തടവ് ഭേദിക്കുന്നതിനുള്ള അനിവാതാര്യതയെ കുറിച്ച് മോഡേൺ റിവ്യൂവിൽ ടാഗോർ എഴുതിയിട്ടുണ്ട്.  ടാഗോറിന്റെ അഭിപ്രായത്തിൽ  ദേശീയത സമൂഹത്തിലെ സചേതന ബന്ധങ്ങളെ പ്രകടിപ്പിക്കുന്നില്ല; സാമൂഹിക ജീവി എന്ന രീതിയിൽ ഒരുവ്യക്തിയുടെ സ്വമേധയാ ഉള്ള സ്വയം പ്രകടനത്തിനും അത് അവസരം നൽകുന്നില്ല . ഇവിടെ സ്വാഭാവികമായും മനുഷ്യ ബന്ധങ്ങൾ  നിയന്ത്രിക്കപ്പെടുന്നു. മനുഷ്യർക്ക് പരസ്പരം സഹകരിച്ച് ജീവിത  ആശയങ്ങൾ വികസിപ്പിക്കാൻ കഴിയും; എന്നാൽ സംഘടിതമായ ഒരു കൂട്ടം രാഷ്ട്രീയ വാണിജ്യ വിഭാഗക്കാർക്ക് കീഴിൽ അവയെല്ലാം നിഷ്പ്രഭമായിരിക്കും. അതിൽ ആ വിഭാഗക്കാർ അവരുടെ ലാഭം പുരോഗതി ശക്തി എന്നിവ വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമായിരിക്കും പരിശ്രമിക്കുന്നത്. അത്  ഒരു ജനതയുടെ സംഘടിത സ്വാർത്ഥതാൽപര്യമാണ്. അത് ഏറ്റവും കുറഞ്ഞ രീതിയിൽ മാത്രം ആത്മീയതയും മാനവികതയും പ്രസരിപ്പിക്കുന്നതായിരിക്കും.  ടാഗോർ ദേശീയതയെ കാണുന്നത് മാനവികതയ്ക്ക് എതിരായുള്ള  ആവർത്തിച്ചുള്ള ഭീഷണിയായിട്ടാണ്.  കാരണം ഭൗതികവും യുക്തിസഹവുമായ പ്രവണതയോടൊപ്പം അത് മനുഷ്യാത്മാവിനെ ചവിട്ടിമെതിക്കുന്നു എന്നതിനാലും മനുഷ്യന്റെ വികാരം; മനുഷ്യനിൽ അന്തർലീനമായ നന്മയെയും ദൈവത്വത്തെയും  ആത്മാവില്ലാത്ത ഒരു ഓർഗനൈസേഷ ന് കീഴ്പ്പെടുത്തുന്നതിലൂടെ അത് മനുഷ്യന്റെ ധാർമ്മിക സന്തുലിതാവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നുവെന്നതിനാലുമാണെന്ന്   ടാഗോർ എഴുതി. എന്നും മാനവികതയുടെ പക്ഷത്താണ് അദ്ദേഹം നിലയുറപ്പിച്ചത് . മനസ് നിര്‍ഭയമായിരിക്കണമെന്നും ശിരസ് ഉയര്‍ത്തിപ്പിടിച്ച്  നില്‍ക്കണമെന്നും ഒരിടത്ത് പറയുന്ന ടാഗോര്‍ മറ്റൊരിടത്ത് സ്വാതന്ത്ര്യം സത്യത്തെ ഗ്രഹിക്കുവാന്‍ ആവശ്യമാണെന്നും ഭരണകൂടഭീകരത അതിനെ നശിപ്പിക്കുമെന്നും അടിവരയിട്ട് പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക