Image

അത്താഴപ്പട്ടിണിക്കാരുടെ പെന്‍ഷന്‍ കട്ടുതിന്നുന്ന 'ബി.എം.ഡബ്ല്യു' സാറന്‍മാര്‍... (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 24 December, 2024
അത്താഴപ്പട്ടിണിക്കാരുടെ പെന്‍ഷന്‍ കട്ടുതിന്നുന്ന 'ബി.എം.ഡബ്ല്യു' സാറന്‍മാര്‍...  (എ.എസ് ശ്രീകുമാര്‍)

പതിനായിരങ്ങളും ലക്ഷത്തിലേറെയും രൂപ പ്രതിമാസ മാസശമ്പളം വാങ്ങുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാവപ്പെട്ടവര്‍ക്കുള്ള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഓരോ വര്‍ഷവും മസ്റ്ററിങ് തരികിട കാട്ടി ഉളുപ്പില്ലാതെ അടിച്ചുമാറ്റുന്നുവെന്ന വാര്‍ത്ത മൂക്കത്തു വിരല്‍വച്ചാണ് കേരളം കേട്ടത്. ക്ഷേമ പെന്‍ഷന്‍ ഒന്നു മുടങ്ങിയാല്‍ ലക്ഷങ്ങള്‍ പട്ടിണിയിലാവുന്ന നാട്ടിലാണ് ഈ നെറിവുകേട് നടമാടുന്നത്. പെന്‍ഷന്‍ നല്‍കാനുള്ള 'സേവന' സോഫ്റ്റ്വെയറും ജീവനക്കാരുടെ ശമ്പള വിതരണത്തിനുള്ള 'സ്പാര്‍ക്' സോഫ്റ്റ്വെയറും ബന്ധിപ്പിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെ ധനവകുപ്പ് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ മാസം ഈ തട്ടിപ്പുകള്‍ പുറത്തായത്.

സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസ പെന്‍ഷനായി 1,600 രൂപ നല്‍കുന്നത്. കേരളത്തിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ഈ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരും ഹയര്‍ സെക്കന്ററിയിലെ അടക്കം അധ്യാപകരും ഹൈക്കോടതി ജീവനക്കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. 1458 പേര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി വിരലടയാളം പതിച്ച് മസ്റ്റര്‍ ചെയ്ത് പെന്‍ഷന്‍ വാങ്ങുകയായിരുന്നു. 23 ലക്ഷം രൂപയാണ് ഓരോ മാസവും ഇത്രയും പേര്‍ ചേര്‍ന്ന് അനധികൃതമായി കൈപ്പറ്റിയത്. ഒരു വര്‍ഷമാകുമ്പോള്‍ ഇത് രണ്ടേകാല്‍ കോടി രൂപയാകും.

തട്ടിപ്പ് നടത്തിയ 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുകയാണിപ്പോള്‍ ആരോഗ്യവകുപ്പ്. നേരത്തെ പൊതുഭരണ വകുപ്പിലേയും മണ്ണ് സംരക്ഷണ വകുപ്പിലേയും ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. തട്ടിപ്പ് നടത്തിയവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തു. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ ധനവകുപ്പ് തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയില്‍ അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്സിങ് അസിസ്റ്റന്റുമാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതും ആരോഗ്യ വകുപ്പിലാണ്-373 പേര്‍.

പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത് -224 പേര്‍. മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും, ആയൂര്‍വേദ വകുപ്പില്‍ 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതു മരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും, ഹോമിയോപ്പതി വകുപ്പില്‍ 41 പേരും. കൃഷി, റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതവും, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 പേരും, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ്  വകുപ്പില്‍ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27 പേരും, ഹോമിയോപ്പതിയില്‍ 25 പേരും ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നു.

മറ്റ് വകുപ്പുകളിലും സ്ഥാപനങ്ങിലും പെന്‍ഷന്‍ പറ്റുന്നവരുടെ എണ്ണവും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധന വകുപ്പ് തീരുമാനം. അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അര്‍ഹരായവര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തട്ടിപ്പില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാര്‍ശ ചെയ്തതും താഴെ തട്ടിലെ ജീവനക്കാര്‍ക്കെതിരെ മാത്രമാണ്.  മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചു വിടണമെന്ന പൊതുഭരണ അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശമാണ് ഇക്കാര്യത്തില്‍ ഇതുവരെ കൈക്കൊണ്ടിട്ടുള്ള ശിക്ഷാ നടപടി.

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല. തട്ടിപ്പുകാരെ പിരിച്ചു വിടണമെന്ന കര്‍ശന നിര്‍ദേശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വീസ് സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

സുതാര്യവും വിവിധ വകുപ്പുകളുടെയും സമിതികളുടെയും പരിശോധനയിലൂടെയാണ് പെന്‍ഷന്‍ അനുവദിക്കുന്നതെന്നിരിക്കെ പെന്‍ഷന്‍ കൈയിട്ടു വാരിയവരില്‍ ബി.എം.ഡബ്ല്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നാണ് ലജ്ജിപ്പിക്കുന്ന വിവരം. ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടിയിലധികം വലുപ്പമുള്ളതാണെന്നും ധനമന്ത്രി കെ.എല്‍ ബാലഗോപാലിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാള്‍ മരണപ്പെട്ടു.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, വ്യക്തികളുടെ ജീവിതത്തിലുടനീളം ദാരിദ്ര്യവും ദുര്‍ബലതയും കുറയ്ക്കുന്നതിനും തടയുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു മനുഷ്യാവകാശമാണ് സാമൂഹിക സുരക്ഷ. പ്രസവം, തൊഴിലില്ലായ്മ, വൈകല്യം, രോഗം, വാര്‍ദ്ധക്യം എന്നിങ്ങനെ സാമൂഹ്യ സുരക്ഷയില്‍ വിവിധ തരത്തിലുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

ദുര്‍ബല വിഭാഗത്തിന്റെ മനുഷ്യാവകാശമാണ് സാമൂഹ്യ സുരക്ഷ. അത് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് അശരണര്‍ക്കും നിരാലംബര്‍ക്കും കൈത്താങ്ങ് എന്ന നിലയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. അര്‍ഹതപ്പെട്ട 47,28,989 പേര്‍ക്ക് മാസം തോറും 1600 രൂപ വീതം  നല്‍കുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 600 രൂപയായിരുന്നത് 18 മാസം കുടിശ്ശിക തീര്‍ത്ത് 1600 രൂപയാക്കി നല്‍കിവരുന്നു.

അത് 2500 രൂപ ആക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുന്ന ഘട്ടത്തിലാണ് തട്ടിപ്പ് പുറത്തായിരിക്കുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം അനുവദിക്കുക, എല്ലാ അര്‍ഹതപ്പെട്ടവര്‍ക്കും  ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പെന്‍ഷന്‍ തട്ടിപ്പ് ഇത്രയുംകാലം സുഗമമായി നടന്നുപോന്നിട്ടും അതു സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടില്ലെന്നത് സംശയമുളവാക്കുന്നു. അര്‍ഹതയില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ പെന്‍ഷന്‍ വാങ്ങുന്നവര്‍ തന്നെയാണ് പ്രധാന ഉത്തരവാദി. ഇവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധനയുടെ അഭാവവും കൂട്ടുത്തരവാദിത്വവുമുണ്ട്. വിവിധ ഉദ്യോഗസ്ഥരും ഭരണസമിതിയും ഇതിന്റെ ഭാഗമാണ്. തുടര്‍പരിശോധനയുടെ അഭാവവും ഇവിടെ പ്രകടമാണ്.

1458 ജീവനക്കാരും അധ്യാപകരും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങി എന്നത് ഏറെ അപമാനകരവും അപലപനീയവുമാണ്. ആഡംബര ജീവിത സാഹചര്യമുള്ള ഈ ഉന്നതന്‍മാരുടെ അടുത്തേയ്ക്ക് അന്വേഷണം എത്തിയിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. കൃത്യമായ തെളിവുകള്‍ ഉള്ള സ്ഥിതിക്ക് ഇവരെ സംരക്ഷിക്കാനുള്ള സര്‍വ്വീസ് സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അത് ആത്മഹത്യാപരമാവും. സ്വന്തം കൈവിരല്‍ നീട്ടി ബയോമെട്രിക് മസ്റ്ററിങ് നടത്തിയാണ് പെന്‍ഷന്‍ വാങ്ങിക്കുന്നത്. പക്ഷേ, തങ്ങള്‍ അറിയാതെയാണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് ഇവരുടെ വാദം.

ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയപണം 18 ശതമാനം പലിശയോടെ തിരിച്ച് പിടിച്ചതുകൊണ്ട് മാത്രം തീരുന്നതല്ല പ്രശ്നം. അനധികൃതമായി പണം പിടുങ്ങിയ കാലത്തെ പൂര്‍ണ ശമ്പളവും ഈടാക്കി അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് പെന്‍ഷന്‍ ആനുകൂല്യങ്ങളും മരവിപ്പിച്ച്, സമൂഹമധ്യത്തില്‍ വിചാരണ ചെയ്ത് നാണം കെടുത്തുകയും വേണം. എങ്കിലേ ആര്‍ത്തി മൂത്ത് പിന്നാലെയെത്തുന്ന പരാന്നഭോജികള്‍ക്കതൊരു വലിയ പാഠമാകൂ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക