Image

ഒരു പരിശോധന - പിന്‍വാതിലിലൂടെ-( രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 24 December, 2024
 ഒരു പരിശോധന - പിന്‍വാതിലിലൂടെ-( രാജു മൈലപ്രാ)

അന്‍പതു വയസു കഴിഞ്ഞാല്‍ പിന്നെ ആണുങ്ങളുടെ ആരോഗ്യം അവരോഹണാവസ്ഥിലാണ്.
അറുപതു-എഴുപതു കാലഘട്ടത്തില്‍ അലട്ടുന്ന ചില ചിന്തകള്‍ ഇടയ്ക്കിടെ കടന്നു വരും. ചിലര്‍ 'സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്ന' മാനസികാവസ്ഥയില്‍ എത്തിച്ചേരും(ഉദാഹരണങ്ങള്‍ നമ്മുടെ കണ്‍മുന്‍പില്‍ തന്നെയുണ്ടല്ലോ).


പ്രായം കൂടുംതോറും, മറ്റ് എന്തിനേക്കാളും വലിയ സമ്പത്ത് ആരോഗ്യമാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകും. കിടപ്പുമുറിയില്‍ വെച്ചാണ് പലരും തങ്ങളുടെ ശാരീരിക ബലക്കുറവിനേക്കുറിച്ച് ബോധവാന്മാരാകുന്നത്.
നേരത്തെ തന്നെ പിടികൂടിയിട്ടുള്ള ജീവിതശൈലി രോഗങ്ങളായ പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവ ഒന്നു കൂടി പിടിമുറുക്കും.


മരുന്നുകളുടെ ഒരു നീണ്ടനിര മെഡിസിന്‍ കാബിനറ്റില്‍ ഇടം പിടിക്കും. ആഹാരത്തിനു മുമ്പ്, ആഹാരത്തിനു ശേഷം, ആഹാരത്തോടൊപ്പം.


ഈ മരുന്നുകള്‍ കഴിക്കുന്നതു മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ വായിച്ചാല്‍ ജീവനില്‍ കൊതിയുള്ളവരാരും ഇവയൊന്നും കൈകൊണ്ടു തൊടില്ല.


ഒരു രോഗം മാറാന്‍ കഴിക്കുന്ന മരുന്നുമൂലം, മറ്റ് എത്രയെത്ര മാരകരോഗങ്ങളാണ് നമ്മള്‍ ക്ഷണിച്ചു വരുത്തുന്നത്.
ഈയിടെയായി എന്റെ വയറ്റിന്റെ വലതുഭാഗത്തു ഒരു ചെറിയ വേദന
'വൈദ്യരേ, വൈദ്യരേ വപ്പുമ്പം വപ്പുമ്പം
വയറിനകത്തൊരു ഉരുണ്ടു കയറ്റം...'
ഇക്കാര്യം ഞാന്‍ ഭാര്യയോടൊന്നു സൂചിപ്പിച്ചു.
'ഇങ്ങേരുടെ ഈ നശിച്ചകുടിയാണ് ഇതിനെല്ലാം കാരണം...'
പെ്‌ട്ടെന്നു തന്നെ അവള്‍ വേദനയുടെ കാരണം കണ്ടുപിടിച്ചു.
'അതെങ്ങാനാ? കള്ളുകുടിയന്മാരുമായിട്ടല്ലിയോ കമ്പനി.'
സമൂഹത്തില്‍ നിലയും വിലയുമുള്ള സല്‍സ്വഭാവികളായ എന്റെ സുഹൃത്തുക്കളെയൊക്കെ അവള്‍ മദ്യപാനികളുടെ ലിസ്റ്റില്‍ കൂട്ടി.


സത്യത്തില്‍, കള്ളുകുടിയുടെ കാര്യത്തില്‍ അവര്‍ എന്നെ ഗുരുസ്ഥാനിയായാണു കാണുന്നത്.
പണ്ടൊക്കെ ഒരു ഡോക്ടറെ കണ്ടാല്‍, നമ്മുടെ ഒരു മാതിരിപ്പെട്ട രോഗങ്ങളെല്ലാം അദ്ദേഹം തന്നെ ചികിത്സിച്ചു സുഖപ്പെടുത്തുമായിരുന്നു. ഇപ്പോള്‍, മുടി മുതല്‍, കാലിന്റെ നഖത്തിനു വരെ വെവ്വേറെ സ്‌പെഷ്യലിസ്റ്റുകളാണ്. ഇവരെല്ലാം കൂടി ചേര്‍ന്ന 'മെഡിക്കല്‍ ഗ്രൂപ്പുകളാണ്' എല്ലായിടത്തും.


ഇപ്പോള്‍ ഒരു എമര്‍ജന്‍സി റൂമില്‍ ചെന്നാല്‍, ആദ്യമൊരു നേഴ്‌സിനെ കാണുന്നു, പിന്നീടൊരു നേഴ്‌സ് പ്രാക്ടീഷ്ണറെ കാണുന്നു, അതുകഴിഞ്ഞ് ഫിസിഷ്യന്‍ അസിസ്റ്റന്റ്-അങ്ങിനെ പല കടമ്പകള്‍ കടന്നാണ് യഥാര്‍ത്ഥ മെഡിക്കല്‍ ഡോക്ടറുടെ അടുത്ത് എത്തുന്നത്. ഇവര്‍ക്കെല്ലാം വെള്ള ഓവര്‍കോട്ടും, പേരിനു മുന്നില്‍ 'ഡോക്ടര്‍' എന്ന വിശേഷണവുമുണ്ട്.


പത്തു പതിനഞ്ചുകൊല്ലം കഷ്ടപ്പെട്ടു മെഡിക്കല്‍ കോളേജില്‍ പഠിച്ചു ബിരുദം നേടിയവരും, അന്‍പതു ഡോളര്‍ മുടക്കി തപാല്‍ മാര്‍ഗ്ഗം ഡിഗ്രിയെടുത്തവരും, നമ്മുടെ സമൂഹത്തില്‍ ഡോക്ടര്‍ എന്ന ലേബലില്‍ ചുറ്റിത്തിരിയുന്നുണ്ട്. ജാഗ്രതൈ!

'ഉപ്പിനോളം വരുമോ, ഉപ്പിലിട്ടത്?' -എന്നു പറയും പോലെ, സാക്ഷാല്‍ മെഡിക്കല്‍ ഡോക്ടറെ കണ്ടു കഴിയുമ്പോഴേ നമുക്കൊരു സാറ്റിസ്ഫാക്ഷന്‍ കിട്ടുകയുള്ളൂ.


എന്റെ വയറുവേദനയുടെ കാര്യം പറഞ്ഞു വന്നപ്പോള്‍ അറിയാതെ കാടുകയറിപ്പോയി.
പിടിച്ചപിടിയാലെ, പ്രിയതമ എന്നെ വയറു വൈദ്യന്റെ പക്കലെത്തിച്ചു.


വയറിനുള്ളിലാണു വേദന-അതിന്റെ ഉറവിടം കണ്ടുപിടിക്കണമെങ്കില്‍ Colonoscopy നടത്തണം.
അന്നനാളത്തിന്റെ അങ്ങേയറ്റത്തു കൂടി ഫൈബര്‍ ഓപ്റ്റിക് കാമറ കടത്തി വയറിനകമെല്ലാം പരിശോധിക്കുന്ന ഒരു പ്രക്രിയ.  ഇതൊക്കെ ഗവേഷണം നടത്തി കണ്ടുപിടിച്ചവരെ നമിക്കണം.


വയറിനുള്ളിലാണല്ലോ പരിശോധന നടക്കുന്നത്. അതിനാല്‍ ആദ്യപടിയായി വയര്‍ ഒന്നു ക്ലീന്‍-അപ് ചെയ്യണം.
പ്രോസീജറിന്റെ തലേദിവസം പരിപൂര്‍ണ്ണ ലിക്വിഡ് ഡയറ്റ് ആണ്. നിറമുള്ള പാനീയങ്ങളൊന്നും പാടില്ല.
Dulcolax tablet, Miralax powder, Gatorade Powder എന്നിവയാണ് വയറുശുദ്ധീകരണ സഹായികള്‍.


ഉച്ചയോടു കൂടി മൂന്നോ നാലോ Dulcolax Tablets ഒറ്റയടിക്കു വിഴുങ്ങുക-ഒരു മണിക്കൂറിനു ശേഷം Miralax Powder, Gatorade-ല്‍ കലക്കി ഇടവിട്ടു കുടിക്കുക.


രണ്ടു മൂന്നു മണിക്കൂറഇനു ശേഷം അണക്കെട്ടു തുറന്നു വിടും. പിന്നെ വയറൊരു പടക്കശാലയായി മാറു. രാത്രി മുഴുവന്‍ ബെഡ്‌റൂം-ബാത്‌റൂം, നോണ്‍സ്‌റ്റോപ് ഷട്ടില്‍ സര്‍വ്വീസ്.


അങ്ങിനെ ഒരു കണക്കിനു നേരം വെളുപ്പിക്കുന്നു.


ഇങ്ങിനെയൊരു പരീക്ഷണഘട്ടം ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നു ഒരിക്കലും കരുതിയില്ല.
അല്ലെങ്കിലും നമ്മള്‍ ആഗ്രഹിക്കുന്നതു പോലെയല്ലല്ലോ വിധിയുട വിളയാട്ടം-വിധി ദിവസം രാവിലെ ആശുപത്രിയിലേക്കു യാത്രയായി.


ഭാര്യയാണു ആംബുലന്‍സ് ഡ്രൈവറുടെ റോളില്‍. എത്ര കുത്തുവാക്കുകള്‍ പറഞ്ഞാലും, അവസാന കാലത്ത് ആപത്തു കാലത്ത് ഭാര്യക്കു ഭര്‍ത്താവും, ഭര്‍ത്താവിനു ഭാര്യയും മാത്രമേ കാണുകയുള്ളൂ.


എന്നെകൂടാതെ വെയ്റ്റിംഗ് റൂമില്‍ നാലഞ്ചു പേര്‍ കൂടിയുണ്ട്- എല്ലാവരുടേയും മുഖത്ത് ഒരു വൈക്ലബ്യം.


കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരിയായ ഒരു നേഴ്‌സ് വന്ന് പേരു നീട്ടി വിളിച്ചു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ എന്റെ സ്പ്തനാഡികളും തളര്‍ന്നു പോയി. എവിടെയോ കണ്ടു പരിചയമുള്ള ഒരു മലയാളി പെങ്കൊച്ച്.


'അറിയത്തില്ലിയോ-അതു നമ്മുട കുഞ്ഞപ്പന്റെ മകളാ-' എന്റെ ഭാര്യയുടെ മുഖത്തു ഒരു സന്തോഷം.
'ഒന്നു മിണ്ടാതിരിയെടി-' പെണ്‍കുട്ടി എന്നെ തിരിച്ചറിഞ്ഞു. കര്‍ത്താവേ, കഷ്ടകാലം കാറു പിടിച്ച്, ന്യൂയോര്‍ക്കില്‍ നിന്നും എന്റെ പിന്നാലെ ഫ്‌ളോറിഡാക്കും വന്നോ?
'ആന്റി ഇവിടെത്തന്നെ ഇരുന്നോ- അങ്കിളിന്റെ കാര്യം ഞങ്ങളേറ്റു-'


'മോളേ-അങ്കിളിനെ ശരിയ്‌ക്കൊന്നു നോക്കിക്കോണേ!'
എന്തോ കുത്തിപ്പറയുന്നതു പോലെ!
അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കുഞ്ഞാടിനെപ്പോലെ ഞാന്‍ ആ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്നു.
പരിശോധനാ മുറിയില്‍ ഡോക്ടറെ കൂടാതെ, Anesthesiologist, കാഴ്ചക്കാരായി,  ആ പെണ്‍കുട്ടിയുള്‍പ്പെടെ മറ്റു രണ്ടു മൂന്നു പേര്‍.


വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റുവാന്‍ ഉത്തരവായി.
അണ്ടര്‍വെയര്‍ ഊരുവാന്‍ ഞാനൊന്നു മടിച്ചപ്പോള്‍,
'ഓ, അതൊന്നും വലിയ കാര്യമല്ല-ഞങ്ങളിതെത്ര കണ്ടിരിക്കുന്നു-' എന്ന ഭാവത്തിലാണു ചുറ്റും കൂടിയിരിക്കുന്നവരുടെ നില്‍പ്പ്.


ശുഷ്‌ക്കിച്ച ശരീരഭാഗങ്ങളും പ്രദര്‍ശിപ്പിച്ചു കൊണ്ടു പിറന്ന പടി നില്‍ക്കുന്ന എനിക്ക് ധരിക്കുവാന്‍ ഒരു 'ബാക്ക് ഓപ്പണ്‍' ഗൗണ്‍ തന്നു. ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി.
ഇടതുവശം ചെരിഞ്ഞ്, കാല്‍ നീട്ടിവെച്ച്, വലതു കാലിന്റെ മുട്ട് വയറിനു മുകളിലേക്കു കയറ്റിവെക്കുവാന്‍ പറഞ്ഞു. എ്‌ന്റെ കുടവയറിനു മുകളിലേക്കു, എന്റെ ഉണങ്ങിയ കാല്‍ കയറ്റി വെക്കുവാന്‍ കുറച്ചു പണിപ്പെട്ടു. വലതുകൈയില്‍ കുത്തിക്കയറ്റിയ സൂചിയിലൂടെ എന്തോ എന്റെ സിരികളിലേക്കു കടന്നു കയറി- പിന്നീട് അവിടെ നടന്നതൊന്നും ഞാന്‍ അറിഞ്ഞില്ല.


കണ്ണുതുറന്നപ്പോള്‍ ഡോക്ടര്‍ മുന്നിലുണ്ട്- എക്‌സ്‌റേ മോണിറ്റര്‍ സ്‌ക്രീനില്‍ എന്റെ ആന്തരാവയവയങ്ങളുടെ ചില പടങ്ങള്‍ കാണിച്ച് എന്തൊക്കെയോ വിശദീകരിച്ചു. അതുകണ്ടിട്ട് ചില മോഡേണ്‍ ആര്‍ട്ട് പെയിംന്റിംഗ് പോലെ തോന്നി. എനിക്കൊന്നു മനസ്സിലായില്ല.
'കാര്യമായ കുഴപ്പമൊന്നുമില്ല- See you after five years'
എന്നു പറഞ്ഞിട്ട് ഡോക്ടറും പരിവാരങ്ങളും സ്ഥലം വിട്ടു.


'ഇനി എന്റെ പട്ടി വരും.' ആരോടെന്നില്ലാതെ ഞാന്‍ മനസ്സില്‍ പറഞ്ഞു.
വസ്ത്രധാരണത്തിനു ശേഷം ആര്‍ക്കും മുഖം കൊടുക്കാതെ ഞാന്‍ അവിടെ നിന്നും മുങ്ങി.


കാറില്‍ കയറിയപ്പോള്‍, അവിടെ നടന്ന സംഭവമെല്ലാം എന്റെ ഭാര്യക്ക് വിശദമായി അറിയണം.


മലയാളികള്‍ക്കിടയില്‍ പോപ്പുലറായ ഒന്നു രണ്ടു തമിഴ് വാക്കുകള്‍ ഉച്ചത്തില്‍ ഉരുവിട്ട് ഞാനവളുടെ വായടപ്പിച്ചു.
**********
എല്ലാവര്‍ക്കും ആരോഗ്യപ്രദമായ ഒരു നവവത്സരം നേരുന്നു.
 

Join WhatsApp News
Mathew V. Zacharia, New yorker 2024-12-24 13:28:08
Raju myelapra: thank you for making laugh with your humorous experience. Keep writing to make our life with laughter and joyful. My blessing for you and your loved ones. Feliz Navidad and merry Christmas and blessed years of Golden age. MATHEW V. ZACHARIA, NEW YORKER
Patient 2024-12-24 11:54:29
മൈലപ്ര സാർ പറഞ്ഞത് ശരിയാണ്. ഹോസ്പിറ്റലിൽ ചെന്നാൽ real doctor - നെ ആദ്യം കാണാൻ പറ്റില്ല. മറ്റുള്ളവരെല്ലാം ആദ്യം വന്നു ആവശ്യമില്ലാത്ത ചോദ്യങ്ങൾ എല്ലാം ചോദിച്ചു രോഗിയായ നമ്മളെ ബുദ്ധിമുട്ടിക്കും. അവസാനമാണു പറയുന്നത് "The doctor will see you." ഈ ഇടനിലക്കാർ രോഗികൾക്ക് ഒരു ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഹോസ്പിറ്റൽ ചെലവ് ഇത്രയധികം കൂടുന്നത്. ഇവർക്കെല്ലാം ശമ്പളം കൊടുക്കേണ്ടേ?
Dr. No 2024-12-24 14:05:37
നമ്മുടെ പല സംഘടനകളുടെയും ഭാരവാഹികൾ വ്യജ തപാൽ ഡോക്ടറേറ്റ് നേടിയവരാണ്. പതിനഞ്ചു കൊല്ലം മെഡിക്കൽ സ്കൂളിൽ പഠിച്ചു എം.ഡി. എടുത്ത ഗമയിലാണ് ഇവരുടെ നടപ്പു. ഈ വ്യാജൻമ്മാരുടെ കൂടു വേദി പങ്കിടുന്നതു തന്നെ നാണക്കേടാണ്.
Sudhir Panikkaveetil 2024-12-24 21:53:37
ശീർഷകത്തിൽ ഒരു നർമ്മം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. പരിചയക്കാരി നേഴ്‌സിന്റെ മുന്നിൽ നഗ്നത അനാവരണം ചെയ്യപ്പെടുന്ന രംഗം ആലോചിച്ചു അന്ധാളിക്കുന്ന വിവരണം വളരെ ഹൃസ്യമായി നൽകികൊണ്ട് അവിടെ ചിരിയുടെ അമിട്ടുകൾ പൊട്ടിച്ചു. അനുഗ്രഹീത എഴുത്തുകാരനായ അങ്ങേക്കും കുടുംബത്തിനും സന്തോഷകരമായ കൃസ്തുമസ്സും ഐശ്വര്യസമൃദ്ധമായ പുതുവത്സരവും ആശംസിക്കുന്നു.
josecheripuram 2024-12-24 23:10:43
We all had these procedure , but even I never thought of writing about it, that is why you are the only" Raju Mylapra". As I was reading a humor came to my mind. The nurse asked a patient how was his stay in the hospital he replied " The semi room was ok but the semi gown was not ok. I wonder if the opening was in front we could close it with our hands, but what about the back. Merry Christmas And Happy New Year.
Annamma 2024-12-25 00:32:02
Prevention is better than cure!!!
Proctologist 2024-12-25 02:37:04
പിൻ വാതലിലൂടെ വരുന്നവൻ കള്ളനും കവർച്ചക്കാരനുമാകുന്നു
josecheripuram 2024-12-25 03:18:25
To get things done easily, is the back door approach?
Peer Pressure 2024-12-25 13:07:39
സ്വന്തം ഭർത്താവിൻറെ മദ്യപാനത്തെ വെള്ളപൂശാൻ മലയാളി സ്ത്രീകൾ എപ്പോഴും കുറ്റം പറയുന്നത് അവരുടെ കൂട്ടുകാരെയാണു. കുപ്പി തുറന്നാൽ അതിൻറെ അവസാനം കാണുന്നതു വരെ മലയാളികൾ കുടി നിർത്തുകയില്ല. തൻറെ വീട്ടിലെ വിലകൂടിയ മദ്യക്കുപ്പികൾ നിരത്തിയിരിക്കുന്ന ബാർനിനു മുന്നിൽ നിന്ന് ഫോട്ടോ എടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് ഒരു "status symbol" ആയി പലരും കരുതുന്നു. 'Eat, Drink and Merry, tomorrow is not yours.'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക