മുപ്പതു വർഷങ്ങൾക്ക് മുൻപ്… ഒരു മഞ്ഞുമാസത്തിൽ...
ഹരിദ്വാറിൽ രവി ട്രെയിൻ ഇറങ്ങുമ്പോൾ പുലരാൻ രാത്രി മടിച്ചു നിന്നു.
എൻ സി സി ഓഫീസിൽ നിന്നും കിട്ടിയ കടും പച്ചനിറമുള്ള ജാക്കറ്റ് ബാഗിൽ നിന്നും പുറത്തെടുത്ത് രവി ധരിച്ചു. ഫൂട്ട്ഓവർ ബ്രിഡ്‌ജിൻ്റെ പടികൾ കയറി ഇറങ്ങി രവി സ്റ്റേഷന് പുറത്തെത്തിയപ്പോൾ കിഴക്ക് വെള്ള കീറി തുടങ്ങിയിരുന്നു.
ഹരിദ്വാറിലെ വീഥികൾ ശൂന്യമായിരുന്നു. കുറച്ചു ദൂരെ ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ട് ബസ്റ്റാൻഡ് കണ്ടു. പ്രഭാത സൂര്യ കിരണങ്ങൾ ചരിഞ്ഞു വീഴുന്ന വഴിയരികിലെ ഒരു ചായക്കട കണ്ടു. ബാഗ് താഴെ വച്ചു അവിടെ ഒരു ബെഞ്ചിൽ രവി ഇരുന്നു.
ഗംഗ ഉണരുന്ന ഹിമാലയത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു പർവ്വതാരോഹണ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും ഒരു എൻ സി സി കേഡറ്റിന് മാത്രം കിട്ടിയ ഒരു അപൂർവ അവസരമായിരുന്നു രവിക്ക് ലഭിച്ചത്.
യാത്രയ്ക്ക് രണ്ടു ദിവസം മുമ്പ് തിരുവല്ലയിലുള്ള എൻ സി സി ഓഫീസിൽ ചെന്ന് ഉത്തരേന്ത്യയിലെ തണുപ്പിൽ ഉപയോഗിക്കാൻ ഉതകുന്ന ജാക്കറ്റും, കാർപറ്റും, കമ്പിളിപ്പുതപ്പും, ബൂട്സും, ക്യാപ്പും കൈപ്പറ്റി. തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽത്തന്നെയായിരുന്നു എൻ സി സി ഓഫീസ്. "15 കേരളാ ബറ്റാലിയൻ".
രവിക്ക് പോകേണ്ടത് ഉത്തർപ്രദേശിലെ ഉത്തരകാശി എന്ന മലമുകളിലെ പട്ടണത്തിലേക്കായിരുന്നു. അവിടെ പർവ്വതാരോഹണം പരിശീലിപ്പിക്കുന്ന "നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെനീറിങ്" എന്ന സ്ഥാപനത്തിൽ എത്തണം.
'ഗുഡ്മോണിങ്', ഒരു പെൺ ശബ്ദം കേട്ടു രവി നോക്കി.
പുറകിൽ ഒരു ബാക് പാക്കും തൂക്കി മഞ്ഞിൽ വിരിഞ്ഞ പൂ പോലൊരു ഒരു പെൺകുട്ടി. അവൾ മന്ദഹസിച്ചു.
'ഗുഡ്മോർണിംഗ്'. അപരിചിതത്തിൻ്റെ പകപ്പോടെ രവി പറഞ്ഞു.
'നിം?'. ചോദ്യഭാവത്തിൽ അവൾ അവനോട് ചോദിച്ചു.
'നിം' എന്ന് അവൾ ഉദ്ദേശിച്ചത് "നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെനീറിങ്" എന്നായിരിക്കും എന്ന് രവി ഊഹിച്ചു.
'യെസ്'. അവൻ മറുപടി പറഞ്ഞു.
'മീ ടൂ'. അവൾ കണ്ണുകൾ വിടർത്തി ചിരിച്ചു കൊണ്ട് പറഞ്ഞു. ആ പെൺകുട്ടിയും ക്യാമ്പിലേക്ക് പോകാൻ വന്നതായിരുന്നു.
അവൻ ബെഞ്ചിൻ്റെ ഒരു വശത്തേക്ക് നീങ്ങിയിരുന്നു. ബാക് പാക്ക് ഊരി താഴെ വെച്ച് അവളും അവനരികിൽ ആ ബെഞ്ചിൽ ഇരിക്കുമ്പോൾ അവൾ നന്ദി പറഞ്ഞു. 'താങ്ക്യൂ'.
ഇളം വെയിൽ നാളങ്ങൾ അവളുടെ മുഖത്ത് വെട്ടിത്തിളങ്ങി. രണ്ടു ഗ്ലാസിൽ ചായയുമായി കടക്കാരൻ വന്നു.
ഇവിടുന്ന് 180 കിലോമീറ്റർ ചുരത്തിലൂടെയുള്ള യാത്രയാണ്. ഇപ്പോൾ പുറപ്പെട്ടാൽ രാത്രി അധികം വൈകും മുമ്പ് ഉത്തരകാശിയിൽ എത്താം. ചൂട് ചായ ഊതി നുകരുമ്പോൾ ഒരു പരിചയ സമ്പന്നയായ സഞ്ചാരിയെ പോലെ അവൾ പറഞ്ഞു.
'ബൈ ദ വേ, ഐ ആം നൈന. ഐ ആം ഫ്രം ഷില്ലോങ്ങ്'. അവൾ സ്വയം പരിചയപ്പെടുത്തി. 'യു ആർ ഫ്രം സൗത്ത് ഇന്ത്യ?'. അവൾ ചോദിച്ചു.
'യെസ്.. ഫ്രം കേരള'. പകപ്പ് മാറാതെ അവൻ പറഞ്ഞു.
അവൾ അവനെ നോക്കി വീണ്ടും മന്ദഹസിച്ചു.
നല്ല ഭംഗിയുള്ള പല്ലുകൾ. വട്ട മുഖം. അവൻ ശ്രദ്ധിച്ചു. അവളുടെ തലയ്ക്ക് മുകളിൽ കെട്ടിട്ട മുടി ഒരു കുതിരവാല് പോലെ ഇളകി.
മലമുകളിലേക്കുള്ള ബസ്സിൽ യാത്രക്കാർ കുറവായിരുന്നു. മലയിലെ തിങ്ങിയ കാടുകളെയും കുതിച്ചു ചാടി ഒഴുകുന്ന നദികളെയും തഴുകി വരുന്ന തണുത്ത കാറ്റ് സുഖമുള്ള ഒരു കുളിർമ പകർന്നു. ദൂരെ ചെങ്കുത്തായ ഗർത്തങ്ങളിലേക്ക് വീണു പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ നുരയും പതയും ചിതറി. ഒരുവശത്ത് ഉയർന്നു നിൽക്കുന്ന മലനിരകൾ. മറുവശത്ത് അഗാധ ഗർത്തങ്ങൾ. ആ ഭയം ജനിപ്പിക്കുന്ന കാഴ്ചകളിലും മലകളിലെ കാടിന് വന്യമായ ഒരു മനോഹാരിത ഉണ്ടായിരുന്നു.
നൈനയുടെ കൈവശം ഒരു "ക്ലിക്ക് ത്രീ" ക്യാമറ ഉണ്ടായിരുന്നു. മലയിലെ മനോഹര കാഴ്ചകൾ അവൾ ക്യാമറയിൽ പകർത്തി. അവൾ അവൻ്റെ അരികിലേക്ക് ചേർന്നിരുന്നു.
ഉച്ചഭക്ഷണം കഴിക്കാൻ ബസ് മലയുടെ ചെരുവിൽ ഒരു ഗ്രാമത്തിൽ നിർത്തി. അവിടുന്ന് അവർ റൊട്ടിയും ദാലും കഴിച്ചു യാത്ര തുടർന്നു.
വളരെക്കാലം പരിചയമുള്ളവരെ പോലെയായിരുന്നു നൈനയുടെ പെരുമാറ്റം. അവൻ്റെ കയ്യിൽ ചുറ്റിപ്പിടിച്ച് അവൻ്റെ തോളിൽ തല ചായ്ച്ച് അവൾ കണ്ണുകൾ പൂട്ടി മയങ്ങി. അവളുടെ കൂമ്പിയ കൺതടങ്ങളും, പീലികളും, വിടർന്ന നെറ്റിയും, ചുവന്ന ചുണ്ടുകളും, ചന്ദന നിറമുള്ള കഴുത്തും, ഉയർന്നുതാഴുന്ന കുഞ്ഞു മാറിടങ്ങളും അവൻ ശ്രദ്ധിച്ചു. അവളുടെ മുടിയിഴകൾ കാറ്റിൽ പറന്നു അവൻ്റെ മുഖത്തുരസി ഇക്കിളി ഉണർത്തി. തേയിലകാടുകളെ തഴുകി വരുന്ന കാറ്റിൻ്റെ മണമായിരുന്നു അവളുടെ മുടിയിഴകൾക്ക്. അവളുടെ ശ്വാസോഛ്വാസം അവൻ ചെവിയിൽ കേട്ടു. അവളുടെ ഹൃദയമിടിപ്പുകൾ അവൻ്റെ നെഞ്ചിൽ തട്ടി. എപ്പോഴോ അവനും മയങ്ങിപ്പോയി.
നൈന രവിയെ തട്ടി ഉണർത്തിയപ്പോൾ ബസ്സ് ഒരു ദാബയുടെ അരികിൽ നിർത്തിയിരുന്നു. അവർ ചായ കുടിച്ചു.
സന്ധ്യ ചുവന്നു. നൈനയുടെ മുഖം ഒരു ചെന്താമര പോലെ തിളങ്ങി. അവൻ്റെ കണ്ണുകളിൽ നോക്കി അവൾ വശ്യമായി പുഞ്ചിരിച്ചു. വരണ്ട മരുഭൂവിൽ ആദ്യമഴ പെയ്തപോലെ രവിയുടെ മനം കുതിർന്നു.
രാത്രി.
ഉത്തരകാശി പട്ടണം ശാന്തമായിരുന്നു. മഞ്ഞു വീഴുന്നതു മൂലം സന്ധ്യ കഴിഞ്ഞാൽ ആളുകൾ അവിടെ പുറത്തിറങ്ങില്ല. ബസ്സിലെ ഡ്രൈവർ പറഞ്ഞ ഒരു ലോഡ്ജിൽ രവിയും നൈനയും ചെന്നു. ക്യാമ്പിൽ പങ്കെടുക്കാൻ വന്നവർ ലോഡ്ജിൽ നിറഞ്ഞിരുന്നു. ഡോർമിറ്ററിയിൽ ബെഡ്ഡുകൾ എല്ലാം ബുക്കിങ്ങായി കഴിഞ്ഞിരുന്നു. രവിക്ക് ആലോചിച്ചു നിൽക്കാൻ സമയം കൊടുക്കാതെ നൈന ഒരു സിംഗിൾ ബെഡ്‌റൂം ബുക്ക് ചെയ്തു. ഒരു എക്സ്ട്രാ ബെഡും. ഒരു പെണ്ണിനോടൊപ്പം ഒരു മുറിയിൽ ഒരു രാത്രിയിൽ എങ്ങനെ കഴിയും എന്ന് അവൻ സങ്കോചത്തോടെ ഓർത്തു.
അതൊരു ചെറിയ മുറിയായിരുന്നു. രാത്രി മഞ്ഞു മുറിയിലും അരിച്ചു കയറി തുടങ്ങിയിരുന്നു. രവി എക്സ്ട്രാ ബെഡ് താഴെ വിരിച്ചു. നൈന കട്ടിലിൽ കിടന്നു. തണുപ്പ് അസഹ്യമായിരുന്നു. എൻ സി സി ഓഫീസിൽ നിന്നും കിട്ടിയ കട്ടിയുള്ള കമ്പിളിപ്പുതപ്പ് ബാഗിൽ നിന്നും പുറത്തെടുത്തു ലോഡ്ജിലെ പുതപ്പിനു ഒരാവരണം കൂടി ഉണ്ടാക്കി അവൻ കിടന്നു. നല്ല ക്ഷീണം ഉണ്ടായിരുന്നു. കിടന്നപ്പോൾ തന്നെ ഉറങ്ങി പോയി.
രാവിലെ ഉറക്കം ഉണർന്നു കണ്ണുതുറന്നപ്പോൾ മുറിയിൽ നൈനയെ കണ്ടില്ല. അവൻ അതിശയിച്ചു. പുതപ്പ് മാറ്റിയപ്പോൾ രവി അമ്പരന്നു. അവനെ കൈചുറ്റി കിടന്നുറങ്ങുന്ന നൈന.
'നൈന.. നൈന'. രവി അവളെ തട്ടിവിളിച്ചു.
ഉറക്കം മുറിഞ്ഞ അവൾ ഈർഷയോടെ മുഖമുയർത്തി അവനെ നോക്കി.
'ക്യാ ഹുവാ. സോനെ ദേനാ'. അവൾ അവൻ്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കണ്ണടച്ചു.
അവളുടെ ചുണ്ടുകൾ അവൻ്റെ നെഞ്ചിൽ മൃദുവായി അമർന്നപ്പോൾ അവൻ്റെ രോമങ്ങൾ എഴുന്നു. സിരകളിൽ അഗ്നി പടർന്നു. തലയ്ക്കുള്ളിൽ സർപ്പങ്ങൾ പലവഴി ഇഴഞ്ഞു.
**
ഉത്തരകാശി.
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ - ഇന്നത്തെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ - ഉത്തരകാശി ഗർവാൾ മലനിരകളിലെ ഒരു പട്ടണമാണ്. ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഹിമാലയത്തിലെ ഗംഗോത്രി സ്ഥിതി ചെയുന്നത് ഉത്തരകാശി ജില്ലയിലാണ്. കാടിറങ്ങി മലയിറങ്ങി ഒഴുകി വരുന്ന ഭാഗീരഥി നദിയും അവിടുത്തെ പച്ചപ്പും തണുത്ത അന്തരീക്ഷവും കേരളത്തിൽ പരിചിതമല്ലാത്ത ഒരു അനുഭൂതി അനുഭവവേദ്യമാക്കും.
നിംൽ പോകുവാനുള്ള ബസ്സ് പെട്രോൾ പമ്പിന്നടുത് കിടപ്പുണ്ടായിരുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ വന്ന കുറേപേർ ബസ്സിൽ ഉണ്ടായിരുന്നു. വളഞ്ഞു ചുറ്റിയ വഴികൾ കയറി ബസ്സ് നിംൻ്റെ ഗേറ്റ് കടക്കുമ്പോൾ ആദ്യം കാണുന്നത് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ ഒരു പൂർണകായ പ്രതിമ ആണ്.
യുവാകളിലും യുവതികളിലും പർവതങ്ങളെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ 1965 ൽ പർവതാരോഹണത്തിൽ തല്പരനായ സ്വതന്ത്ര ഭാരതത്തിൻ്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ നാമത്തിൽ സ്ഥാപിതമായതാണ് "നിം".
നിംൽ വന്നയുടനെതന്നെ ചില ഫോർമുകൾ പൂരിപ്പിച്ചു നൽകേണ്ടിയിരുന്നു. എല്ലാവർക്കും ചെസ്റ്റ് നമ്പറുകൾ കിട്ടി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന എൻ സി സി കേഡറ്റുകളായ നാലുപേർ ഉൾപ്പടെ മൊത്തം മുപ്പത്തിയാറ് പേർ ഉണ്ടായിരുന്നു ക്യാമ്പിൽ പങ്കെടുക്കാൻ വന്നവർ.
വിശാലമായ നിംൻ്റെ ക്യാമ്പസ്സിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും താമസിക്കാനുള്ള ഡോർമിട്ടറികൾ രണ്ടു കെട്ടിടങ്ങളിലായിരുന്നു. രാത്രിയിൽ ഡെയിനിങ് ഹാളിൽ നൈനയെ കണ്ടപ്പോൾ ആ നേരമത്രയും മുൻപെങ്ങും പരിചിതമല്ലാത്ത ഒരു നഷ്ടബോധം രവി അനുഭവിച്ചിരുന്നു. മറ്റാരും കാണുന്നില്ലെന്ന് ഉറപ്പായപ്പോൾ നൈന കുസൃതിയോടെ കണ്ണിറുക്കി.
ക്യാമ്പിലെ ചിട്ടവട്ടങ്ങൾ കഠിനമായിരുന്നു. അതിരാവിലെ നാലുമണിക്ക് ഉണരണം. അഞ്ചുമണിക്ക് ഹാളിൽ ഹാജരാക്കണം. കഠിനമായ തണുപ്പുള്ള കാലാവസ്ഥ സഹനീയമാക്കുക എന്നതായിരുന്നു ആദ്യപടി. ഇനിയുള്ള ദിവസങ്ങളെ നേരിടാൻ ശരീരത്തെ മെരുക്കിയെടുക്കുക. വ്യായാമം, ഓട്ടം, നടത്തം, കുന്നുകയറ്റം ഒക്കെ കഴിയുമ്പോൾ ആദ്യത്തെ രണ്ടു മണിക്കൂർ കഴിയും. അരമണിക്കൂർ വിശ്രമം. കൃത്യം ഏഴരയ്ക്ക് പ്രഭാത ഭക്ഷണം. എട്ടുമണിക്ക് ക്ലാസ്സ്‌റൂമിൽ ഹാജരാവണം. ഒൻപതര വരെ മലകളെയും പർവതങ്ങളെയും കുറിച് വിശദമായ അറിവുകൾ പറഞ്ഞുതരും. അരമണിക്കൂർ വീണ്ടും വിശ്രമം. പത്തുമണിക്ക് ഗ്രൗണ്ടിൽ മാപ്റീഡിങ് ക്ലാസ്സ്. പതിനൊന്നരയ്ക്ക് റോപ്പ് ക്ലൈമ്പിങ് പരിശീലനം. കെട്ടിതൂക്കിയിട്ട കയറിൽ വലിഞ്ഞു കയറി കാലിട്ട് ഉടക്കി മലർന്നു കിടന്ന് കുരങ്ങന്മാരെ പോലെ നീങ്ങണം. ഒരു മണിക്ക് ഉച്ച ഭക്ഷണം കഴിഞ്ഞു കുറച്ചു വിശ്രമം. നാലുമണിക്ക് ചായകുടി കഴിഞ്ഞു ഗെയിംസ്. ബാസ്കറ്റ്ബോൾ, വോളിബോൾ, ബാഡ്മിറ്റൻ എന്തും കളിക്കാം. ഏഴുമണിക് ആഡിറ്റോറിയത്തിൽ പർവതങ്ങളെ കുറിച്ചുള്ള സിനിമകൾ കാണാം. എട്ടുമണിക് ഡിന്നർ. ഒൻപതുമണിക്ക് ഉറക്കം. മൂന്ന് ദിവസങ്ങൾ അങ്ങനെ തുടർന്നു.
നാലാം ദിവസം യഥാർത്ഥ അങ്കം തുടങ്ങി. കാട്ടിലും മലകളിലും പതിനാലു പകലും രാവും നീണ്ടുനിന്ന പ്രകൃതിയെ അടുത്തറിഞ്ഞ ദിവസങ്ങളായിരുന്നു അത്.
**
രവി ഡയറിയിൽ എഴുതി.
പാർവതാരോഹണം ഒരു കലയാണ്. മനസ്സും ശരീരവും ആത്മസമർപ്പണം ചെയ്ത് പ്രകൃതിയിലൂടെ ഒരു യാത്ര.
ക്യാമ്പിലെ അംഗങ്ങൾ പല തരക്കാരായിരുന്നു. ചിലർ സാഹസികത ഇഷ്ടപ്പെടുന്നവർ. ചിലർ പ്രകൃതിസ്നേഹികൾ. ചിലർ ചിത്രകാരന്മാർ. നൈനയും ഒരു ചിത്രകാരിയാണ്. ഒഴിവ് നേരങ്ങളിൽ കാൻവാസ് പേപ്പറുകളിൽ കാടിൻ്റെ സൗന്ദര്യം അവൾ ചിത്രങ്ങളാക്കി.
ഓരോ ദിവസവും ഞങ്ങൾ നാലും അഞ്ചും മണിക്കൂറുകൾ കാട്ടിലും മലയിലും നടന്നു ക്യാമ്പ് സൈറ്റുകളിൽ എത്തി അവിടെ ടെൻറ്റ് കെട്ടും. ഉരുണ്ട വെള്ളാരം കല്ലുകളെ തഴുകി ഒഴുകുന്ന നദിയുടെ കരയിൽ ഇരുന്നു കാടിൻ്റെ ശബ്ദങ്ങളും ദൃശ്യങ്ങളും മതിവരുവോളം ആസ്വദിക്കും.
പോകെപോകെ ദിവസങ്ങൾ കടന്നു പോകുന്നത് അറിയാതെയായി. കാടിനുള്ളിൽ പകൽ പോലും രാത്രിയുടെ പ്രതീതിയായിരുന്നു. ഞങ്ങളുടെ സംഘത്തോടൊപ്പം ഭക്ഷണം ഉണ്ടാക്കുന്നവർ പതിനാലു ചെമ്മരിയാടുകളെ തെളിച്ചുകൊണ്ട് വന്നിരുന്നു. ഓരോ ദിവസവും ജീവത്യാഗം ചെയുന്ന ഒരു ചെമ്മരിയാടാണ് മാംസമായി കറിയായി ഭക്ഷണത്തോടൊപ്പം കിട്ടിയിരുന്നത്. ക്യാമ്പിലെ ചെമ്മരിയാടുകളെ എണ്ണി ഞങ്ങൾ ദിവസങ്ങൾ കണക്കു കൂട്ടിയിരുന്നു.
മറ്റു രണ്ടുപേർ കൂടി ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. രണ്ടു കറുത്ത പട്ടികൾ. ക്യാമ്പിലെ കണ്ണിലുണ്ണികൾ. ശേരുവും ശെർണിയും. ഞങ്ങളുടെ ജീവൻ്റെ കാവൽക്കാർ. കാടിനുള്ളിൽ വന്യമൃഗങ്ങൾ അടുത്തു വന്നാൽ ശേരുവും ശെർണിയും മണത്തറിയും. കുരച്ച് ശബ്ദം ഉണ്ടാക്കും. എല്ലാവരും ചേർന്ന് ശബ്ദമുണ്ടാക്കി മൃഗത്തെ ദൂരെ അകറ്റും. രാത്രിയിൽ ശേരുവും ശെർണിയും ഉറങ്ങാതെ ടെൻറ്റുകൾക്ക് ചുറ്റും നടക്കും.
ഞങ്ങൾ ആറുപേരാണ് ഒരു ടെൻറ്റിനുള്ളിൽ കിടന്നിരുന്നത്. വിരസത അകറ്റാൻ ചിലർ പാട്ടു പാടും. തമാശകൾ പറയും. പക്ഷെ ഒന്നിലും കൂടാത്ത മധ്യവയസ്കനായ ഒരു പട്ടാളക്കാരൻ ഞങ്ങളോടൊപ്പം ടെൻറ്റിൽ ഉണ്ടായിരുന്നു. അയാൾ ആരോടും സംസാരിക്കില്ലായിരുന്നു. എപ്പോഴും സ്ലീപ്പിങ് ബാഗിൽ കാലുകൾ നീട്ടി ടെൻറ്റിനുള്ളിൽ അയാൾ ചാരി ഇരിക്കും. ചിരിക്കാതെ ഉറങ്ങാതെ കണ്ണുകൾ അടയാത്ത, ബഹാദൂർസിംഗ്.
ക്യാമ്പിലെ ഏറ്റവും വലിയ സംഭവം ഞങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 19000 അടി മുകളിൽ എത്തിയ ദിവസമായിരുന്നു. മഞ്ഞുമൂടി വെളുത്ത കിടന്ന മലനിരകൾ. ബഹിരാകാശ യാത്രികരെ പോലെ തടിച്ച ജാക്കറ്റുകൾ ധരിച്ചിരുന്നു ഞങ്ങൾ. തലയിൽ കമ്പിളി തൊപ്പിയും കൈകളിൽ ഗ്ലൗസും ഇട്ടിരുന്നു. മഞ്ഞിൽ ഓടിക്കളിച്ചും തെന്നി സ്കേറ്റ് ചെയ്തും ഞങ്ങൾ ആനന്ദിച്ചു. മറ്റേതോ ഗ്രഹത്തിൽ ചെന്ന പ്രതീതിയായിരുന്നു അവിടെ. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ. ഒരു രാത്രി ഞങ്ങൾ അവിടെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ മലയിറങ്ങി. സന്ധ്യക്കു മുൻപ് ബേസ് ക്യാമ്പിൽ എത്തി ടെൻറ്റടിച്ചു
ഇനിയുള്ള ദിവസങ്ങൾ മലയിറക്കമാണ്. മലകയറാൻ പത്ത് ദിവസങ്ങൾ എടുത്തെങ്കിലും ഇറങ്ങാൻ നാല് ദിവസങ്ങൾ മതിയായിരുന്നു.
**
പാതിരാത്രി കഴിഞ്ഞ നേരം.
ക്യാമ്പ് നിശബ്ദമായിരുന്നു. ടെൻറ്റുകൾക്കുള്ളിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു. ടെൻറ്റുകൾക്കു മുന്നിൽ റാന്തൽ വിളക്കുകൾ മങ്ങിയ പ്രകാശത്തിൽ കത്തിനിന്നു.
ഉറക്കത്തിൽ തേയില കാടുകളുടെ ഗന്ധം രവി ശ്വസിച്ചു. ചൂടുള്ള ഒരു ശ്വാസസ്പർശം മുഖത്തു വീണപ്പോൾ അവൻ കണ്ണുകൾ തുറന്നു. അരണ്ട വെളിച്ചത്തിൽ കൺമുന്നിൽ നൈനയുടെ മുഖം കണ്ട് അവൻ കണ്ണുകൾ മിഴിച്ചു. അവൾ ശബ്ദമുണ്ടാക്കാതെ കുലുങ്ങിച്ചിരിച്ചു.
'കമോൺ ഗെറ്റപ്പ്' പതിഞ്ഞ ശബ്ദത്തിൽ അവൾ അവൻ്റെ ചെവിയിൽ പറഞ്ഞു.
ടെൻറ്റിനുള്ളിൽ ആരെങ്കിലും ഉണർന്നാലോ എന്ന് രവി ഭയന്നു.
'കം വിത്ത് മീ. ലെറ്റസ് സെലിബ്രേറ്റ് ദ നൈറ്റ്'. അവൻ്റെ കണ്ണുകളിൽ കുസൃതിയോടെ നോക്കി അവൾ പറഞ്ഞു.
ശബ്ദമുണ്ടാക്കാതെ അവൻ സ്ലീപ്പിങ് ബാഗിന് പുറത്തുകടന്നു. കാലിൽ ഷൂ ഇട്ടു. റാന്തൽ വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ മറ്റു ടീംമേറ്റ്സ് ഉറങ്ങുകയാണെന്ന് രവി ഉറപ്പുവരുത്തി. പക്ഷേ ആ മങ്ങിയ വെളിച്ചത്തിലും കണ്ണുകൾ പൂട്ടാതെ ചാരി ഇരിക്കുന്ന ബഹാദൂർ സിങ്ങിനെ കണ്ടു അവൻ ഞെട്ടി. നൈന വന്നത് അയാൾ കണ്ടു കാണുമോ. അവൻ സംശയിച്ചു. കണ്ണുകൾ തുറന്നു വച്ച് അയാൾക്ക് ഉറങ്ങുവാൻ സാധിക്കുമോ. അരണ്ട വെളിച്ചത്തിൽ അയാളുടെ കണ്ണുകളിലേക്ക് അവൻ സൂക്ഷിച്ചു നോക്കി. പിടിക്കപ്പെട്ടാൽ ക്യാമ്പിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ അവൻ ഓർത്തു. അവൻ മൂലം ഉണ്ടാവുന്ന നാണക്കേടുകൾ. അവൻ കഷ്ടപ്പെട്ട് നേടിയ എൻ സി സി മെഡലുകൾ. എല്ലാം വെറുതെ ആവും.
രവിയും നൈനയും ശബ്ദമുണ്ടാക്കാതെ ടെൻറ്റിനു പുറത്തിറങ്ങി. ഇരുട്ടിൽ അവരുടെ കണ്ണുകൾ മെല്ലെ തെളിഞ്ഞുവന്നു. എങ്ങും നിശബ്ദത. പാതിരാകാറ്റിൽ ടെൻറ്റുകൾക്ക് മുന്നിൽ തൂക്കിയിട്ട റാന്തൽ വിളക്കുകൾ ആടി. ഭക്ഷണം ഉണ്ടാക്കുന്ന ടെൻറ്റിനു മുന്നിൽ എന്തോ അനങ്ങി. രവിയും നൈനയും നിശ്ചലരായി നിന്നു. ടെൻറ്റിൻ്റെ ചാക്കുതുണി കീറിയ വാതിലിനു പുറത്തേക്ക് രണ്ടു തലകൾ നീണ്ടുവന്നു. രണ്ടു ചെമ്മരിയാടുകൾ. ഇനി ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം ബാക്കിയുള്ള രണ്ട് ജീവനുകൾ. നൈന തലകുനിച്ചു ആടുകളുടെ മുഖത്ത് മുഖം ഉരസി അവയുടെ ചെവിയിൽ എന്തോ കുനുകുനുത്തു. ആടുകൾ തലയാട്ടി ടെൻറ്റിനുള്ളിലേക്ക് പിൻവലിഞ്ഞു.
മുത്തുകൾ വാരിവിതറിയ പോലെ ആകാശത്ത് നക്ഷത്രങ്ങൾ മലകളെ തൊടാൻ വെമ്പി നിന്നു.
രവിയും നൈനയും ഇരുട്ടിൽ മലകയറി. രവിക്ക് ഉള്ളിൽ ഭയമുണ്ടായിരുന്നു. നൈനയ്ക്ക് ഒരു കൂസലും ഇല്ലായിരുന്നു.
**
നക്ഷത്രപുഷ്പങ്ങൾ വാരി ചൂടി രാത്രി ഒരു കിസലയമൃദുലയായി അണിഞ്ഞൊരുങ്ങി നിന്നു.
ഹിമാലയം ഒരു അത്ഭുതമാണ്. അവിടെ മനുഷ്യബുദ്ധിക്കും വിശ്വാസങ്ങൾക്കും ഒരു പരിധി ഉണ്ട്. മനുഷ്യൻ പകച്ചു നിന്നു പോകുന്ന ഒരു പരിധി.
മലമുകളിൽ നിന്നും നൈന വിളിച്ചു കൂവി. 'ഓ മൈ ഗോഡ്'. ഒരു കൊച്ചുകുട്ടിയെ പോലെ അവൾ തുള്ളിച്ചാടി. ഭയമെല്ലാം രവി മറന്നു. നൈനയുടെ സന്തോഷ തുള്ളികളികൾ കണ്ടുകൊണ്ട് അവിടെ ഒരു പാറപ്പുറത്തു അവൻ ഇരുന്നു.
ഓടി വന്നു അവൾ ഒരു തളർച്ചയോടെ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു. ഇരുട്ടിലെ നിശബ്ദതയെ നോക്കി അവർ വെറുതെ ഇരുന്നു. നിശബ്ദമായ നിമിഷങ്ങൾ. ആകാശത്തു നക്ഷത്രങ്ങൾ സാക്ഷികളായി നിശ്ചലരായി നിന്നു.
അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളി അവൻ്റെ ചുണ്ടിൽ ഉപ്പുരസം ഉണർത്തി. അവൻ ചുണ്ടുകൾ നുണഞ്ഞു. ഒരു തണുത്ത കാറ്റ് അവളുടെ മുടിക്കെട്ട് ഉലച്ചു. മുടിയിഴകൾ കാറ്റിൽ പറന്നു അവൻ്റെ മുഖത്തുരസി. തേയിലകാടുകളുടെ ഗന്ധം കാറ്റിൽ പരന്നു. ആ ഗന്ധം അവനെ മത്തുപിടിപ്പിച്ചു.
'നൈന.. ' അവൻ ആഗ്രഹത്തോടെ അവളെ വിളിച്ചു. അവൾ ചുണ്ടുകൾ കടിച്ചു അവൻ്റെ കണ്ണുകളിൽ നോക്കി ചിരിതൂകി. അവളുടെ കണ്ണുകൾ തിളങ്ങി. കണ്ണുകളിൽ പ്രണയജലം തുളുമ്പി. സിരകളിൽ പ്രണയാഗ്നി പടർന്നു. മഞ്ഞുതുള്ളികൾ അവരുടെ മേൽ വീണ് ആവിയായി ഉയർന്നു. മരുഭൂമിയിൽ ജലാശയം കണ്ട ഒട്ടകങ്ങളെ പോലെ അവർ ദാഹമടക്കാൻ മോഹിച്ചു.
നക്ഷത്രങ്ങൾ കൺചിമ്മി. ആകാശം മറക്കുട പിടിച്ചു. രാത്രി നാണം മറന്നു.
**
രതിയുടെ തളർച്ചയിൽ രവിയുടെ നെഞ്ചിൽ തലചായ്ച്ചു നൈന മയങ്ങി. ആകാശത്തു നക്ഷത്രങ്ങൾ നിശ്ചലരായി കാവൽ നിന്നു. നേരം പുലരും മുൻപ് ആരും അറിയാതെ ടെൻറ്റുകളിൽ എത്തണം. നൈനയെ തട്ടി വിളിക്കുമ്പോൾ ഇരുട്ടിൽ തിളങ്ങുന്ന നീലകണ്ണുകൾ കണ്ടു രവി ഞെട്ടി. ഇരുട്ടിൽ ശേരുവും ശെർണിയും വാലാട്ടി നിൽക്കുന്നു. അവർ എങ്ങനെ മലമുകളിൽ എത്തി. രവി അത്ഭുതപെട്ടു.
'മേ നെ ഇൻ ദോ ബദ്മാഷോം കൊ ബോൾക്കെ രഖാ ധാ'. നൈന കുസൃതിയോടെ പറഞ്ഞു.
രവിയും നൈനയും മലയിറങ്ങി. ശേരുവും ശെർണിയും അവരുടെ മുന്നിലും പിന്നിലും ശബ്ദമുണ്ടാകാതെ നടന്നു. പുലരാൻ രാത്രി മടിച്ചു നിന്നു.
ടെൻറ്റിനുള്ളിൽ ടീംമേറ്റ്സ് അപ്പോഴും ഉറക്കമായിരുന്നു. ശബ്ദമുണ്ടാക്കാതെ രവി സ്ലീപ്പിങ് ബാഗിനുള്ളിൽ കയറി കിടന്നു. അപ്പോഴും ബഹാദൂർ സിംഗ് ടെൻറ്റിനുള്ളിൽ കണ്ണും തുറന്നു ചാരി ഇരുപ്പുണ്ടായിരുന്നു.
**
രവിയുടെ ഡയറിയിൽ നിന്ന്.
രാവിലെ ഭക്ഷണം കഴിഞ്ഞു ടെൻറ്റുകൾ അഴിച്ചു ഞങ്ങൾ മല ഇറങ്ങുമ്പോൾ മഴ പെയ്തു. മഴയത്തു മലയിറക്കം ദുഷ്കരമായിരുന്നു. സമയം കുറെ വൈകിയെങ്കിലും താഴെയുള്ള ക്യാമ്പ് സൈറ്റിൽ എത്തി ഞങ്ങൾ ടെൻറ്റടിച്ചു.
ഇനി കാട്ടിൽ ഒരു രാത്രി കൂടി ബാക്കി.
ചെമ്മരിയടുകളിൽ അവസാനത്തെ ആടിന് നൈന പച്ചിലകൾ കൊടുക്കുന്നത് കണ്ടു. ആടിനെ തലോടി ലാളിക്കുമ്പോൾ അവൾ എന്തൊക്കയോ അതിനോട് കുനുകുനുക്കുനുണ്ടായിരുന്നു.
അടുത്ത ദിവസം രാവിലെ ഞങ്ങൾ കാടിറങ്ങി. ഉച്ച അടുത്തപ്പോൾ താഴെ റോഡ് കണ്ടു. അവിടെ നിംലെ വണ്ടികൾ ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു. സന്ധ്യയായപ്പോൾ ഞങ്ങൾ നിംൽ എത്തിച്ചേർന്നു.
ഇനി നിംൽ ഒരു ദിവസംകൂടി ബാക്കി.
അന്ന് ഓഗസ്റ്റ് പതിനഞ്ച്. സ്വാതന്ത്ര്യദിനം ആയിരുന്നു. നിംലെ പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി. എല്ലാവരും നിശബ്ദരായി അറ്റെൻഷനായി നിന്നു. പതാക ഉയർന്നപ്പോൾ ഞങ്ങളെ മുന്നിൽനിന്ന് നയിച്ചിരുന്ന ആർമി ഓഫീസർ ഗർജ്ജിക്കുന്ന ശബ്ദത്തിൽ വിളിച്ചു 'ഭാരത് മാതാ കീ ജയ്'. ചെവിപൊട്ടുന്ന ആ ശബ്ദത്തിൽ അവിടം നടുങ്ങി. മരങ്ങളിൽ നിന്നും കിളികൾ പറന്നുയർന്നു. ആ ആർമി ഓഫീസറെ ഞാൻ ശ്രദ്ധിച്ചു. ഞാൻ ഞെട്ടിപ്പോയി. മുടി ട്രിമ് ചെയ്ത സുമുഖനായ ആ ഓഫീസർ ബഹാദുർസിംഗ് ആയിരുന്നു. കണ്ണുകൾ അടക്കാത്ത ഉറങ്ങാത്ത ബഹാദുർസിംഗ്. ലെഫ്റ്റനൻട് വീർ ബഹാദുർസിംഗ്.
അടുത്ത ദിവസം ഞങ്ങൾ നിംനോട് വിട പറഞ്ഞു. നിംൻ്റെ ഗേറ്റ് കടന്നു ബസ്സ് പുറത്തേക്ക് ഇറങ്ങുമ്പോൾ ഞാൻ അവസാനമായി ഒന്ന് തിരിഞ്ഞു നോക്കി. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ പൂർണകായ പ്രതിമ പുഞ്ചിരിച്ചു. ഉത്തരകാശി ടൗണിൽ ഞങ്ങൾ ബസ്സിറങ്ങി. ചെറിയ സംഘങ്ങളായി അവിടുന്ന് പലവഴിക്ക് പിരിഞ്ഞു.
ഉത്തരക്കാശിയിൽ നിന്നും മൂന്ന് മണിക്കൂർ യാത്ര ഉണ്ടായിരുന്നു ഗംഗോത്രിക്ക്. ഹിമാലയത്തിൽ ഭാഗീരഥി നദിയുടെ തീരങ്ങളിൽ ഗംഗ ഉണരുന്ന ഇടമാണ് ഗംഗോത്രി. അവിടെ ഗംഗ ഭാഗീരഥിയാണ്. ദേവപ്രായാഗിൽ അലകനന്ദയിൽ വന്നു ചേരുമ്പോൾ ഭാഗീരഥി ഗംഗയാവും. സമുദ്ര നിരപ്പിൽ നിന്നും പതിമൂന്നായിരം അടി മുകളിൽ മൈനസ് മൂന്ന് ഡിഗ്രിയിൽ തണുത്തു വിറയ്ക്കും.
മിത്തുകളിൽ പറയുന്നു. ഭഗീരഥൻ തപ്പസ്സ് ചെയ്തു. സ്വർഗ്ഗത്തിൽ നിന്നും ഗംഗ ഇറങ്ങി വന്നു. ശിവഭഗവാൻ ഗംഗയെ ശിരസ്സിൽ ഇരുത്തി. പിന്നീട് ഭൂമിയിലേക്ക് ഒഴുക്കി. അപസർപ്പക കഥ പോലെ വിശ്വസിക്കാൻ മടിച്ചിരുന്നു എങ്കിലും അവിടെ കണ്ട കാഴ്ചകൾ അത്ഭുതകരമായിരുന്നു.
അവിടുന്ന് ഇരുപത് കിലോമീറ്റർ മഞ്ഞു മൂടിയ മലകൾ നടന്നു കയറണം ഗംഗയുടെ യഥാർത്ഥ പ്രഭവസ്ഥാനമായാ ഗോമൂഖിൽ എത്താൻ. ഒരു പശുവിൻ്റെ മുഖം പോലെയുള്ള ഗുഹാമുഖമാണ് ഗോമൂഖ്.
ഗോമൂഖിൽ നിന്നും മഞ്ഞുമൂടിയ പാതകൾ താണ്ടി ഞങ്ങൾ വീണ്ടും മുകളിലേക്ക് നടന്നു. അവിടെ തപോവനം കണ്ടു. തപോവനത്തിന് ചുറ്റും ആകാശം മുട്ടുന്ന ഭീമാകാരമായ മഞ്ഞു മൂടിയ മലകൾക്ക് മുകളിൽ ശിവലിംഗ് കൊടുമുടി വെയിലിൽ വെട്ടി തിളങ്ങി. സ്വർഗ്ഗത്തിൽ എത്തിയ പോലെ ഒരു സ്വർഗ്ഗീയ അനുഭൂതി ഞാൻ അനുഭവിച്ചു.
**
ഗംഗോത്രിയും ഗോമുഖും തപോവനവും സന്ദർശിച്ചു മൂന്നാം ദിവസം ഹിമാലയ താഴ്‌വരകൾക്ക് താഴെ ഋഷികേശിൽ രവിയും നൈനയും ബസ്സിറങ്ങി. തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ആശ്രമകളുടെയും തിരക്കിലൂടെ നടന്നു രവിയും നൈനയും ഒരു ലോഡ്ജിൽ അന്ന് രാത്രി മുറിയെടുത്തു.
ഋഷികേശിൽ നിന്നും ഇരുപത് കിലോമീറ്റർ ദൂരെയാണ് ഹരിദ്വാർ. ഋഷികേശും ഹരിദ്വാറും പുണ്യഭൂമിയായി കരുത്തപെടുന്നു. ഹിമാലയത്തിലേക്കുള്ള കയറ്റം തുടങ്ങുന്നത് ഹരിദ്വാറിൽ ആണ്. ഗോമൂഖിൽ നിന്നും തുടങ്ങി താഴേക്ക് കുതിക്കുന്ന ഗംഗ ശാന്തമായി ഒഴുകുന്നത് ഹരിദ്വാറിൽ എത്തുമ്പോഴാണ്.
സന്ധ്യയ്ക്ക് ഭക്തർക്കൊപ്പം രവിയും നൈനയും ഇലകളിൽ വച്ച തിരിവിളക്കുകൾ ഗംഗയിൽ ഒഴുക്കി. നൈനയുടെ കണ്ണുകളിൽ അവ പ്രതിബിംബങ്ങളായി. കടകളിൽ കയറി നൈന എന്തൊക്കയോ കൗതുക വസ്തുക്കൾ വാങ്ങിക്കൂട്ടി.
നാളെ ഞാൻ ഹരിദ്വാറിൽ നിന്നും ട്രെയിൻ കയറും. നൈന ബസ്സിൽ ഷില്ലോങ്ങിലേക്ക് പുറപ്പെടും. പിരിയാൻ ഇനി ഒരു രാത്രി മാത്രം. നൈനയ്ക്ക് സമ്മാനിക്കാൻ എന്താണ് ഞാൻ വാങ്ങുക. രവി ആലോചിച്ചു.
രാത്രി ഏറെ വൈകിയിരുന്നു.
മനസ്സിൽ തിങ്ങുന്ന മോഹങ്ങൾ വിങ്ങി. രവിയുടെ മടിയിൽ തല ചായ്ച്ചു നൈന കിടന്നു. ഇനി ഞാൻ നൈനയെ കാണുമോ. രവി ഓർത്തു.
'തൂ മുജേ യാദ് കരേഗാ'. നീ എന്നെ മറക്കുമോ എന്ന് അവൻ്റെ മുടിയിൽ വിരലുകൾ തഴുകി അവൾ ചോദിച്ചു.
രവി നൈനയുടെ കൈകൾ കവർന്നു. അവൾക്ക് വേണ്ടി വാങ്ങിയ ഒരു വില കുറഞ്ഞ ബ്രൈസ്സ്ലെറ്റ് അവളുടെ കൈത്തണ്ടയിൽ അണിയിച്ചു. ദൂരെ എവിടെയോ ഒരു അമ്പലമണി മുഴങ്ങി.
നിമിഷങ്ങൾ നിശബ്ദമായി കടന്നു പോയി. 'തുജേ മേ ക്യാ ദൂങ്കി'. നിനക്ക് ഞാൻ എന്ത് സമ്മാനം തരും എന്ന് ബ്രൈസ്സ്‌ലെറ്റിൽ തലോടി അവൾ ചോദിച്ചു. അതിലെ തിളങ്ങുന്ന കല്ലുകളെ അവൾ വിരലുകൾ കൊണ്ട് ഓമനിച്ചു.
ഒന്നും പറയാനാവാതെ അവൻ കണ്ണടച്ചു കിടന്നു. അവൾ അവൻ്റെ നിറുകയിൽ മൃദുവായി ചുംബിച്ചു. 'ഐ ഡോണ്ട് വാണ്ട് ടു മിസ്സ് യൂ'. അവൾ വിതുമ്പി.
രാത്രി ഋതുമതിയായി. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ ഗംഗയായി. അവൾ പ്രകൃതിയായി.
കൈലാസത്തിൽ ദമരുതാളം മുഴങ്ങി. കൊടുംകാറ്റിൽ തപോവനം ഉലഞ്ഞു. മഞ്ഞുമൂടിയ കൈലാസമലനിരകൾ വട്ടമിട്ടു.
കൈലാസം താണ്ഡവമാടി. ഗംഗ ഉണർന്നു, ഗോമൂഖിൽ ഉറവകൾ പൊട്ടി. ഗംഗോത്രിയിൽ അവൾ ഭാഗീരഥിയായി പ്രയാണം തുടങ്ങി. ദേവപ്രയാഗിൽ അവൾ ഗംഗയായി താഴ്‌വരകളിലേക്ക് കുതിച്ചു. ഹരിദ്വാറിൽ അവൾ ശാന്തയായി.
പക്ഷേ.. പ്രപഞ്ചത്തിൽ എവിടെയോ ഗ്രഹങ്ങൾ നിലമാറി.
ഉത്തരായനം കഴിഞ്ഞു ദക്ഷിണായനം തുടങ്ങി.
പിരിയുമ്പോഴും രവിയും നൈനയും വീണ്ടും കാണുമെന്നു പ്രതീക്ഷിച്ചിരുന്നു.
നാട്ടിൽ എത്തി ദിവസങ്ങൾ കഴിഞ്ഞാണ് രവി ഓർത്തത് പരസ്‌പരം വിലാസങ്ങൾ കൈമാറാൻ അവർ മറന്നുപോയിരുന്നു എന്ന്.
രവി നിംലേക്ക് എഴുതി. അവരുടെ കൈവശം ഉള്ള നൈനയുടെ വിലാസം ചോദിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടി ഒന്നും വന്നില്ല. ഒരുപക്ഷെ രവി അയച്ച കത്ത് അവർക്ക് കിട്ടിയോ എന്നു പോലും അറിയില്ല.
നൈനയെക്കുറിച് ഒരറിവും ഇല്ലാതെ ദിവസങ്ങൾ കടന്നുപോയി. ദിവസങ്ങൾ മാസങ്ങളായി. മാസങ്ങൾ വർഷങ്ങളായി.
ഒരു അടഞ്ഞ വഴിയിൽ രവി വന്നു നിന്നു. ഇനി മുന്നോട്ട് വഴിയില്ലാതെ.
**
മുപ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
ഇക്കാലമത്രയും യാത്രകളിൽ, നഗരങ്ങളിൽ, ആൾക്കൂട്ടത്തിൽ രവി തിരഞ്ഞുകൊണ്ടിരുന്ന ഒരേഒരു മുഖം നൈനയുടേതായിരുന്നു. ഒരിക്കലും ആ മുഖം കണ്ടെത്തുവാനായില്ല. ഒരു നനുത്ത വിങ്ങലായി നിശബ്ദമായ തേങ്ങലായി ആ തേടൽ തുടർന്നു.
കാലം കടന്നുപോയപ്പോൾ നാട്ടിലേക്കുള്ള രവിയുടെ വരവുകൾ വിരളമായി. നാടും നാട്ടുവഴികളും അയാൾക്ക് അന്യമായി.
നാടു മാറി. നാട്ടുവഴികളും. ഗതാഗതക്കുരുക്കുകൾ നാടിൻ്റെ മുഖമുദ്രയായി. പുതിയ ബൈപ്പാസ് നാടിൻ്റെ മുഖച്ഛായ മാറ്റി.
കഴിഞ്ഞവർഷം നാട്ടിൽ എത്തിയ രവി ഒരു പ്രഭാതത്തിൽ നടക്കാനിറങ്ങി. പണ്ടു നടന്ന വഴികൾ അയാളെ ഒരു അപരിചിതനെ പോലെ നോക്കി നിന്നു. പഴയ കുറുക്കുവഴികൾ എല്ലാം അടഞ്ഞു കാടുകയറി കിടന്നു. പണ്ട് സ്കൂളിലേക്ക് നടന്നു കയറിയിരുന്ന ഇടവഴിയിൽ രവി വെറുതെ നടന്നു. അവിടെയെല്ലാം കാടു പിടിച്ചു കിടന്നിരുന്നു. ആരും അതുവഴി നടക്കാതെയായിരിക്കുന്നു.
അവിടെ ഒരു അടഞ്ഞ വഴിയിൽ രവി വന്നു നിന്നു. ഇനി മുന്നോട്ട് വഴിയില്ലാതെ.
പഠിച്ച സ്കൂളിൻ്റെ പുറകിലെ മതിൽക്കെട്ട് കണ്ട് രവി അവിടെ വെറുതെ നിന്നു ഗതകാല സ്മരണകൾ അയവിറക്കി. ദൂരെ റെയിൽവേ സ്റ്റേഷൻ കണ്ടു. ഗുൽമോഹർ പൂക്കൾ വീഴാത്ത ടൈലുകൾ ഇട്ട പുതിയ പ്ലാറ്റ്ഫോറങ്ങൾ കണ്ടു.
ആ മതിൽകെട്ടിനരുകിൽ മരങ്ങൾ നിറഞ്ഞ ഒരു പറമ്പിൽ പുതുമ മങ്ങാത്ത ഒരു കൊച്ചു വീട് കണ്ടു. ആ വീടിൻ്റെ മുറ്റത്തു നിന്ന വൃദ്ധൻ ഗേറ്റിന് അരികിലേക്ക് നടന്നു വന്നു. ആരും വരാത്ത ആ വഴിയിൽ ആളെ കണ്ടത് കൊണ്ടാവാം അയാൾ ചോദിച്ചു. 'ആരാ എന്തുവേണം'.
ഒരുപക്ഷേ പ്രപഞ്ചത്തിൽ എവിടെയോ ഗ്രഹങ്ങൾ പിന്നെയും നില മാറ്റിയത് ആവും.
ആ വൃദ്ധനെ കണ്ടപ്പോൾ രവിക്ക് നല്ല പരിചയം തോന്നി. പക്ഷെ ആരാണെന്ന് ഓർത്തെടുക്കുവാൻ സാധിച്ചില്ല. വൃദ്ധൻ രവിയെ സൂക്ഷിച്ചു നോക്കി. അയാളുടെ തളർന്ന കണ്ണുകൾ ഒരു നിമിഷം തിളങ്ങി.
വൃദ്ധൻ ചോദിച്ചു. 'നീ കോളേജിൽ എൻ സി സിയിൽ ഉണ്ടായിരുന്ന രവിചന്ദ്രൻ അല്ലെ'. ആ ശബ്ദം കേട്ടപ്പോൾ രവിക്ക് പെട്ടെന്ന് ഓർമ്മ വന്നു. മുപ്പത് വർഷങ്ങൾക്കു മുമ്പ് കോളേജിൽ ശനിയാഴ്ചകളിൽ പരേഡ് പ്രാക്ടീസിനായി തിരുവല്ലയിലെ എൻ സി സി ഓഫീസിൽ നിന്നും വന്നിരുന്ന ചെറുപ്പക്കാരനായ ഓഫീസർ. രവി കൈകൾ കൂപ്പി നിന്നു പറഞ്ഞു , 'ക്ഷമിക്കണം സാർ , എനിക്ക് പെട്ടെന്ന് മനസിലായില്ല'.
'നീ കേറി വാ'. വൃദ്ധൻ ഗേറ്റ് തുറന്നു രവിയെ വീട്ടിലേക്ക് ക്ഷണിച്ചു. ‘ഡെപ്യൂറ്റേഷൻ കഴിഞ്ഞു ആർമിയിൽ പല സ്ഥലങ്ങളിൽ ആയിരുന്നു. ഇപ്പോൾ റിട്ടയർ ആയിട്ട് കുറച്ചു വർഷങ്ങൾ കഴിഞ്ഞു', വീട്ടിലേക്ക് കയറുമ്പോൾ വൃദ്ധൻ രവിയോട് പറഞ്ഞു.
രവിയോട് ഇരിക്കാൻ പറഞ്ഞിട്ട് അയാൾ വീടിനുള്ളിൽ പോയി തിരിച്ചു വന്നപ്പോൾ തപാലിൽ വന്ന ഒരു കവർ നീട്ടി. കവറിന്മേൽ രവിയുടെ പേര് എഴുതിയിരുന്നു. പക്ഷേ അതിൽ എഴുതിയിരുന്ന അഡ്രസ് 15 K BATTALION, KERALA എന്നായിരുന്നു. തിരുവല്ലയിലെ എൻ സി സി ഓഫീസിൻ്റെ അഡ്രസ്.
അത് മുപ്പതു വർഷങ്ങൾക്കു മുമ്പ് നൈന അയച്ച കത്തായിരുന്നു. രവിയുടെ എൻ സി സി യൂണിഫോമിൽ തുന്നി വച്ചിരുന്ന അക്ഷരങ്ങൾ നൈന ഓർത്തെടുത്തു. 15 K BATTALION, KERALA.
'നിന്നെ കണ്ടത് നന്നായി ഇപ്പോഴെങ്കിലും .. '. സാർ പറയുന്നത് കേട്ടു രവി അത്ഭുതപ്പെട്ടു. മുപ്പത് വർഷങ്ങളോളം സാർ ആ കത്തു സൂക്ഷിച്ചു വച്ചിരുന്നു. എന്നെങ്കിലും കണ്ടാൽ രവിക്ക് കൈമാറാൻ.
നൈന കത്ത് അയച്ചിരുന്നു!
ആ സത്യം അറിഞ്ഞപ്പോൾ രവി തളർന്നു പോയി. അയാളുടെ കണ്ണുകൾ നിറഞ്ഞു.
ആ കത്തിൽ നൈന ഇങ്ങനെ എഴുതിയിരുന്നു. 'കൈമാറാൻ നമുക്കിടയിൽ ഒന്നും ബാക്കി ഇല്ലായിരുന്നു. അഡ്രസ്സ് തരാൻ മറന്നു ഞാൻ. നീയും'. 'നീ എനിക്ക് എഴുതണം. ഞാൻ കാത്തിരിക്കും. സ്വന്തം നൈന'. അവളുടെ അഡ്രസ് അതിൽ എഴുതിയിരുന്നു..
കത്തിനൊപ്പം നൈന വരച്ച ഒരു ചിത്രം കൂടി ഉണ്ടായിരുന്നു.
മലമുകളിൽ... ആകാശത്തു നക്ഷത്രങ്ങൾ വാരി വിതറിയ ഒരു രാവിൽ… നക്ഷത്രങ്ങൾ താഴേക്ക് ഇറങ്ങി കൺചിമ്മിയ ഒരു രാവിൽ… പ്രകൃതി ഒരു സുന്ദരിയായി അണിഞ്ഞൊരുങ്ങിയ ഒരു രാവിൽ… രാത്രി നാണം മറന്നപ്പോൾ… രാഗവും താളവും ലയവിന്യസിച്ചപ്പോൾ… ഇരുട്ടിൽ കൺമിഴിച്ച് നിൽക്കുന്ന രണ്ടു കറുത്ത പട്ടികൾ… അകലെ താഴെ മലയടിവാരത്തിൽ കൊച്ചു ടെൻറ്റുകൾക്ക് മുന്നിലെ മങ്ങിയ റാന്തൽ വിളക്കുകൾ… അവിടെ കീറിയ ചാക്കുമറയുടെ വിടവിൽ രണ്ടു ചെമ്മരിയാടുകൾ.
(അവസാനിച്ചു)