താനാ തിനന്തിന തെയ്യാരാ തക
താനാ തിനന്തിന തെയ്യാരാ
താനാ തിനന്തിന തെയ്യാരാ തക
താനാ തിനന്തിന തെയ്യാരാ
കാറ് പടർന്നൊരാ മാനത്തിൻ കണ്ണുനീർ
നൂലിഴ പോലെ പതിച്ച നേരം
കോരനും ഞാനുമാ ദൂരെക്കവലയിൽ
പോയി വരും വഴിയായിരുന്നു (താനാ......)
പാടവരമ്പിലായ് ചേറും ചെളിയും നിറഞ്ഞു കിടക്കണ കാഴ്ച കണ്ടാൽ
കായലാണോ കരയാണോന്നറിയാതെ
കാവിലമ്മേന്ന് വിളിച്ചു പോകും (താനാ....)
നീളേ വളഞ്ഞു പുളഞ്ഞങ്ങൊഴുകിയാ
തോടു പോകുന്നൊരു പോക്കു കണ്ടാൽ
ചേരയാണോ പെരുമ്പാമ്പതാണോ എന്ന തോന്നലിലല്ലോ പകച്ചു പോകും (താനാ....)
മുട്ടൊപ്പമുള്ളൊരാ ആറ്റിലെ വെള്ളത്തിൻ
മട്ടുമാറുന്നൊരാ കാഴ്ച കണ്ടോ?
മെല്ലെയുണരാൻ തുടങ്ങുമാ പൂവിതൾ
വല്ലിയിൽ വീണ്ടുമുറങ്ങണല്ലോ? (താനാ... )
കൂരയ്ക്കു മുന്നിൽ നെടുങ്ങനേ നിന്നൊരാ
വാഴേം ചരിഞ്ഞു കിടപ്പിലായി
കത്തുമാ വേനലിലെത്തിപ്പുതുമഴ
തോരാതെ പെയ്യണ കാഴ്ച കണ്ടോ? (താന...)