Image

സംഭവബഹുലമായ 'ദൗത്യം' നിറവേറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം (എ.എസ് ശ്രീകുമാര്‍)

Published on 25 December, 2024
സംഭവബഹുലമായ 'ദൗത്യം' നിറവേറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം (എ.എസ് ശ്രീകുമാര്‍)

പിണറായി സര്‍ക്കാരുമായി പൊരിഞ്ഞ പോരാട്ടം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ കേരളത്തിലെ അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കി ബീഹാറിലേയ്ക്ക് വണ്ടികയറുകയാണ്. 2019 സെപ്റ്റംബര്‍ 6-ന് പി സദാശിവത്തിന് പിന്നാലെ കേരള ഗവര്‍ണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു പിണറായി സര്‍ക്കാരുകളുടെ കാലത്തായി 5 വര്‍ഷത്തിലേറെ സംസ്ഥാന സര്‍ക്കാരുമായി നേരിട്ടുള്ള യുദ്ധത്തിലായിരുന്നു. സര്‍ക്കാരുമായി നിരന്തരം കലഹിച്ചുകൊണ്ടിരുന്ന കേരളത്തിലെ ഒരേയൊരു ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍.

ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റ നാള്‍ മുതല്‍ അദ്ദേഹം ആര്‍.എസ്.എസിന്റെ ഏജന്റാമെന്നും മോദിയുടെ രാഷ്ട്രീയ പ്രചാരകനാണെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എയുടെ ഘടകക്ഷിയായതിനാല്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവിടെ പത്തി മടക്കിയിരിക്കും. പക്ഷേ കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആരിഫ് മുഹമ്മദ് ഖാനെപ്പോലെ സി.പി.എമ്മിനും സര്‍ക്കാരിനും തലവേദനയാവുമെന്നാണ് കരുതുന്നത്.

ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ആര്‍.എസ്സ്.എസ്സ്‌സിലൂടെ പൊതുരംഗത്ത് വന്ന വ്യക്തിയാണ്. കേരളത്തില്‍ ആദ്യമായിട്ടാണ് ആര്‍.എസ്സ്.എസ്സ് പശ്ചാത്തലമുള്ള ഒരു ഗവര്‍ണര്‍ വരുന്നത്. ജനസംഘകാലം മുതല്‍ ആര്‍ലേക്കര്‍ രാഷ്ട്രീയത്തിലുണ്ട്.

കേരളം നാളിതുവരെ കണ്ട റബര്‍ സ്റ്റാമ്പ് ഗവര്‍ണര്‍മാരില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന വേളയില്‍ നിയമസഭയിലെത്തി സര്‍ക്കാര്‍ നയങ്ങള്‍ വള്ളിപുള്ളി തെറ്റാതെ വായിച്ച് ഭരണ മുന്നണിയുടെ വെറുമൊരു വാലാട്ടിയാവാന്‍ അദ്ദേഹം നിന്നുകൊടുത്തില്ല. അതുകൊണ്ടു തന്നെ, ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചു വര്‍ഷത്തെ ഗവര്‍ണര്‍കാലം കേരള ഭരണചരിത്രത്തിലെ യുദ്ധകാണ്ഡമായി വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമര്‍ശകനായിമാറിയ ഖാന്‍, സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പരസ്യമായി തന്നെ ചോദ്യം ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയമവിരുദ്ധ ഇടപെടലുകള്‍, പിന്‍വാതില്‍ നിയമനങ്ങള്‍, അഴിമതി, അക്രമരാഷ്ട്രീയം, ധൂര്‍ത്ത് എന്നിവയെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. സര്‍ക്കാരിന് പലപ്പോഴും ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു.

രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉള്ള നിയമ നിര്‍മ്മാണത്തോട് ബില്ലുകള്‍ പിടിച്ചുവച്ചും തീരുമാനമെടുക്കാതെ രാഷ്ട്രപതിക്കയച്ചും ശക്തമായി പ്രതിഷേധിച്ച ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപനം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ അദ്ദേഹം മുള്‍മുനയില്‍ നിര്‍ത്തി. മുഖ്യമന്ത്രിക്കെതിരായി അതിരൂക്ഷ വിമര്‍ശനം പല ഘട്ടങ്ങളിലും ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയിരുന്നു. പൗരത്വ നിയമം സംബന്ധിച്ച് സര്‍ക്കാരും സംസ്ഥാന ആരിഫ് മുഹമ്മദ് ഖാനും തമ്മിലുണ്ടായ വാഗ്വാദം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരിരുന്നു.

സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം, സിന്‍ഡിക്കേറ്റ് അംഗങ്ങളെ നിശ്ചയിക്കല്‍, ഇതേത്തുടര്‍ന്നുണ്ടായ എസ്.എഫ്.ഐ പ്രതിഷേധം, ബില്ലുകള്‍ പിടിച്ചുവെക്കല്‍ ഇതൊക്കെ വന്നതോടെ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം പോര്‍മുഖത്തേക്കിറങ്ങി. ഗവര്‍ണറെ വഴിയില്‍ തടയുമെന്നും സര്‍വകലാശാലയില്‍ കയറ്റില്ലെന്നുമുള്ള എസ്.എഫ്.ഐയുടെ പ്രഖ്യാപനത്തെ, കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ താമസിച്ചും കോഴിക്കോട് മിഠായിത്തെരുവിലൂടെ നടന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചത്. തന്നെ കൊല്ലാന്‍ ശ്രമം നടന്നെന്ന രീതിയില്‍ ഡി.ജി.പിയോട് പരാതി ഉന്നയിക്കുകയും ചെയ്തു.

എന്നാല്‍ സര്‍ക്കാരും അടങ്ങിയിരുന്നില്ല. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലുമായാണ് സര്‍ക്കാര്‍ ഗവര്‍ണറെ നേരിത്. പക്ഷേ, നിയമസഭ പാസാക്കി അംഗീകാരത്തിനയച്ച ബില്ലില്‍ ഒപ്പുവയ്ക്കാന്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തയാറായില്ല. വിവാദമായ സര്‍വകലാശാല ബില്‍ അടക്കമുള്ള 10 ബില്ലുകള്‍ വര്‍ഷങ്ങളോളം ഒപ്പിടാതെ പിടിച്ചുവച്ചു. സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് നീങ്ങിയപ്പോള്‍ രണ്ട് ബില്ലുകള്‍ മാത്രം ഒപ്പിട്ട് മറ്റുള്ളവ രാഷ്ട്രപതിക്ക് അയച്ച് കൊണ്ടുള്ള തന്ത്രമാണ് ഗവര്‍ണര്‍ പയറ്റിയത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് മേല്‍ കേന്ദ്രം നിയമിച്ച ഗവര്‍ണര്‍ അതിര് കടക്കുന്നു എന്ന പഴി ആരിഫ് മുഹമ്മദ് ഖാന്‍ കേട്ടു.

മുഖ്യമന്ത്രിയുടേതെന്ന പേരില്‍ 'ദ ഹിന്ദു' പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖത്തില്‍ മലപ്പുറത്തെ കുറിച്ചും ഒരു പ്രത്യേക വിഭാഗത്തെ കുറിച്ചും പറഞ്ഞ വാക്കുകള്‍ ഗവര്‍ണറെ ചൊടിപ്പിച്ചു. സ്വര്‍ണക്കടത്തിലെയും ഹവാല ഇടപാടുകളിലെയും പണം മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ രോഷം പ്രകടിപ്പിച്ച ഗവര്‍ണര്‍, മുഖ്യമന്ത്രിക്ക് ആ രക്തത്തില്‍ പങ്കില്ലെങ്കില്‍ തെളിയിക്കാന്‍ പരസ്യമായിത്തന്നെ വെല്ലുവിളിച്ചു.

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് അതിന്റെ വഴിക്ക് ഗംഭീരമായി നടക്കുമ്പോഴും വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ഇരകള്‍ക്കൊപ്പം ഉറച്ചുനിന്നും കോഴിക്കോട് തെരുവില്‍ കണ്ട പലഹാരക്കടയില്‍ കയറി കച്ചവടക്കാരനോട് കുശലം പറഞ്ഞും ആരിഫ് മുഹമ്മദ് ഖാന്‍ ജനകീയ പ്രതിച്ഛായ നേടി. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂട്ടിയ ആരിഫ് മുഹമ്മദ് ഖാന്‍, ഗവര്‍ണര്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യനാണെന്ന ധാരണ പൊളിച്ചെഴുതി. ഒരേസമയം കേരളം കണ്ട ജനകീയ ഗവര്‍ണറും സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച ഗവര്‍ണറും എന്ന ലേബലോടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നത്.

പുതിയ ഗവര്‍ണറായി നിയമിക്കപ്പെട്ട രാജേന്ദ്ര ആര്‍ലേക്കര്‍ കേരളത്തിലെ 23-ാമത്തെ ഗവര്‍ണറാണ്. 1989 മുതലാണ് അദ്ദേഹം ബി.ജെ.പിയില്‍ സജീവമായി പ്രവര്‍ത്തനമാരംഭിച്ചത്. 1980 മുതല്‍ ഗോവയിലെ ബി.ജെ.പിയുടെ അംഗമാണ്. ഗോവ ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഗോവ എസ്.സി ആന്‍ഡ് അദര്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലവലപ്‌മെന്റ്‌കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബി.ജെ.പി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

2014-ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായപ്പോള്‍ ആര്‍ലേക്കറെ അടുത്ത ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ ലക്ഷ്മികാന്ത് പര്‍സേക്കറിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. 2002-2007, 2012-2017 കാലഘട്ടങ്ങളില്‍ ആര്‍ലേകര്‍ എം.എല്‍.എയായി. 2012 മുതല്‍ 2015 വരെ ഗോവ നിയമസഭ സ്പീക്കറും 2015-ല്‍ ഗോവ വനം പരിസ്ഥിതി മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈ 6-നാണ് ആര്‍ലേക്കര്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിതനായത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29-ാമാത് ഗവര്‍ണറായും നിയമിതനായി.

ആരീഫ് മുഹമ്മദ് ഖാന്‍ ബീഹാറിലേയ്ക്ക് പോകുന്ന ഘട്ടത്തിലും സി.പി.എമ്മിന് അദ്ദേഹത്തോടുള്ള കലിപ്പ് അടങ്ങിയിട്ടില്ലെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ പരുഷ വാക്കുകള്‍ സൂചിപ്പിക്കുന്നു. ''ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് സ്വീകരിച്ചിരുന്നത്. ഇനി വരാനിരിക്കുന്ന പുതിയ ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കണം. കഴിഞ്ഞ ഗവര്‍ണര്‍ സംഘപരിവാര്‍ ആശയം നടപ്പാക്കുക മാത്രമാണ് ചെയ്തത്. കൂടാതെ ആരിഫ് മുഹമ്മദ് ഖാനെ മഹത്വവത്കരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു. ഇത് വലിയ ജനകീയ അംഗീകാരമുള്ള ഗവര്‍ണര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ ഇടതു സര്‍ക്കാരിനോട് തെറ്റി സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഗവര്‍ണറുടെ വിരേതിഹാസമായി പലരും കാണുന്നത്. എന്നാല്‍ ഇത് അങ്ങേയറ്റം ജനവിരുദ്ധ സമീപനമാണ്. കമ്യൂണിസ്റ്റെന്നും കോണ്‍ഗ്രസെന്നും നോക്കാതെ ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്...'' ഇങ്ങനെ പോയി ഗോവിന്ദന്റെ പരിഹാസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക