നയാഗ്രയിൽ എം ടി യുടെ ജന്മദിനം (ജൂലൈ 15, 1992 )
ചിരിക്കുന്ന എം.ടിയേയും, ചിരിക്കാത്ത കെ.എസ്. ചിത്രയേയും അത്യപൂര്‍വ്വമായേ മലയാളികള്‍ കണ്ടുട്ടുള്ളൂ. അവര്‍ അങ്ങിനെയായിരിക്കുന്നതാണ് കോടാനുകോടി ആരാധര്‍ക്കും ഇഷ്ടം.
മിതഭാഷിയും, സദാ ഗൗരവക്കാരനും, പരുക്കനുമെന്ന് തോന്നിപ്പിക്കുന്ന എം.ടി 'പ്രായമാകുന്തോറും ഓരോ മനുഷ്യനും രണ്ടാം ബാല്യത്തിലേക്ക് പ്രവേശിക്കും' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കാരുണ്ട്. അടുത്തറിയുമ്പോള്‍ ഭാസ്‌കരന്‍ മാഷിന്റെ വിശ്രുത ഗാനം അറിയാതെ നമ്മില്‍ അലയടിച്ചെത്തും. 'എല്ലാരും ചൊല്ലണു.... ഞാനൊന്നു തൊട്ടപ്പോം നീലക്കരിമ്പിന്റെ തുണ്ടാണ് കണ്ടതയ്യ...' ദീര്‍ഘയാത്രയുടെ വിരസതയകറ്റാന്‍ കളിയും, തമാശയും, കവിതയും, ഗാനങ്ങളും, അറിവിന്റെ നുറുങ്ങുകളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഒരുവസരത്തില്‍ anhedonia എന്ന വാക്കിന്റെ അര്‍ത്ഥം ചര്‍ച്ചയ്ക്ക് വന്നു. ആനന്ദം മാത്രമാണ് ജീവിതോദ്ദേശമെന്ന വീക്ഷണത്തിന്റെ (hedonism) നേര്‍ വിപരീതമാണ് anhedonia. ഒന്നിലും ആനന്ദം കണ്ടെത്താതെ ജീവിതത്തോട് മൊത്തം വിരക്തി തോന്നുന്ന അവസ്ഥ. ഒട്ടുമിക്കവര്‍ക്കും വല്ലപ്പോഴും വന്നുപോകുന്ന ഒരു ചിന്താഭ്രംശമാണിത്. നീണ്ടുനിന്നാല്‍ മനോരോഗമായി മാറാനിടയുള്ള ദുരവസ്ഥ. അര്‍ത്ഥം അറിഞ്ഞതും സുഗതകുമാരി ഏറ്റെടുത്തു. 'എനിക്ക് അതുണ്ട്.' 'ആര്‍ക്കാണ് ഇല്ലാത്തത്?' എം.ടി. 'ചിലപ്പോള്‍ അത് സര്‍ഗ്ഗസൃഷ്ടിക്ക് സഹായിക്കാറുണ്ട്'- ഒ.എന്‍.വി. എല്ലാവരും പൊട്ടിച്ചിരിച്ചു. എം.ടിയുടെ മനോഹരമായ ഒരു പുഞ്ചിരി അന്ന് ആദ്യമായി കണ്ടു.
നാട്ടില്‍ ഇത്തരം ഒരവസരം ഒരിക്കലും കിട്ടാനിടയില്ല. അതുകൊണ്ടാകാം സുഗതകുമാരി പറഞ്ഞു. 'നമുക്കൊരു പഴയ പാട്ട് പാടാം'. പണ്ട് കോളജ് കാമ്പസുകളില്‍ പ്രചരിച്ചിരുന്ന ഒരു പരിഭവഗാനം.
'വസന്തഗാനമേ മറന്നു നീ ജവാലഹോ....
ആ പൂക്കള്‍ പുഞ്ചിരച്ച കാലമോര്‍ത്ത് നാം കരഞ്ഞിടാം.'
ഈണവും ശ്രുതിയും താളവുമൊത്തുവന്നപ്പോള്‍ ഒ.എന്‍.വി ഏറ്റുപാടി. സഹയാത്രികര്‍ക്ക് ആവേശമായി സംഘഗാനമായി അത് പടര്‍ന്നു.
ഇടതുകൈയ്യിലെ പെരുവിരലിനും ചൂണ്ടുവിരലിനുമിടയില്‍ മീശയുടെ അഗ്രം പിരിച്ചുകൊണ്ടിരുന്ന എം.ടി കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു. സമപ്രായത്തിന്റെ സ്വാതന്ത്ര്യം മുതലെടുത്ത് സുഗതകുമാരി നിര്‍ബന്ധിച്ചു. 'പാടൂ...എം.ടി'
സിറാക്യൂസ് മലനിരകള്‍ക്കപ്പുറത്തുനിന്നും പാട്ടുകേള്‍ക്കാനെന്നപോലെ മഴമേഘങ്ങള്‍ ഇരച്ചുകയറി.
'വസന്തകാലമേ....' എം.ടിയും പാട്ടിന് പങ്കാളിയായി.
കൂടെയുണ്ടായിരുന്ന കലാകൗമുദി പത്രാധിപര്‍ അന്നു രാത്രിതന്നെ കേരള കൗമുദി വാരാന്ത്യപ്പതിപ്പിലേക്ക് ലേഖനം അയച്ചു. 'ഒ.എന്‍.വി പാടി...എം.ടി കൂടെപ്പാടി...' കേരളത്തിലെ സഹൃദയര്‍ സഹര്‍ഷം ഏറ്റുവാങ്ങിയ ആ കുറിപ്പുകള്‍ നിരവധി മാധ്യമങ്ങള്‍ കൈമാറി.
നയാഗ്രയിലെ ജന്മദിനാഘോഷം അതിഗംഭീരമായിരുന്നു. വെള്ളച്ചാട്ടത്തിനു തൊട്ടടുത്തുള്ള പാറക്കെട്ടില്‍ 'പിറന്നാള്‍ പയ്യന്‍' നമ്രശിരസ്‌കനായി ഇരുന്നു. ചുറ്റും ഒ.എന്‍.വി, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, സഹയാത്രികരായി എത്തിയ ഞങ്ങള്‍ കുറച്ചുപേരും.
മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പെട്ടെന്നുതിര്‍ന്ന മരതകപാളി പോലെ താഴേക്ക് വീഴുന്ന ജലപാളികള്‍, പനിനീര്‍ കുപ്പിയില്‍ നിന്നും കുടഞ്ഞ ജലകണികകള്‍ സുഗന്ധ ദ്രവ്യം പോലെ ഞങ്ങള്‍ ഏവരും ഏറ്റുവാങ്ങി. പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും പറിച്ചെടുത്ത മനോഹരങ്ങളായ വഴിയോര പൂക്കള്‍ കൊണ്ട് എംടിക്ക് പുഷ്പാഭിഷേകം. മൂന്ന് കവികള്‍ നിരന്നു നിന്ന് അര്‍പ്പിച്ച കാവ്യാഞ്ജലി-
ഡോ. എസ് . വേണുഗോപാൽ, ഡോ. എം.വി.പിള്ള, ഡോ. എം. ബാലചന്ദ്രൻ നായർ എന്നിവർ എം.ടിക്കൊപ്പം
വിഷ്ണുനാരായണന്‍ നമ്പൂതിരി സംസ്‌കൃതത്തിലുള്ള ഓരോ മന്ത്രം ഉച്ചത്തില്‍ ചൊല്ലി എംടിയുടെ ശിരസ്സില്‍ തീര്‍ത്ഥം തളിച്ചു.. പൂവിതളുകള്‍ വര്‍ഷിച്ചു. നയാഗ്ര ശക്തിയും സൗന്ദര്യവും ആവാഹിച്ചു മഹാതാണ്ഡവത്തിന്റെ താളവുമായി തൊട്ടരികില്‍ maid of the mist എന്ന ജല ധൂമകന്യ അകലെ എവിടെയോ നിന്നു കുരവയിട്ട പ്രതീതി..
ഫോക്കാനാ ഭാരവാഹി ശ്രീമതി മധുരം ശിവരാജന്റെ പേര് ആരോ അറിഞ്ഞിട്ടത് ആയിരിക്കണം. പിറന്നാളിന്റെ മധുരം നേരത്തെ കരുതിയിരുന്നു. അതിഥികള്‍ക്ക് എല്ലാം ഒന്നാന്തരം ശര്‍ക്കര പായസം.
കാലം കാത്തുവെച്ച ധന്യ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മയ്ക്ക്... സ്‌നേഹപൂര്‍വ്വം എന്നെഴുതി കൈയ്യൊപ്പിട്ട് എനിക്ക് സമ്മാനിച്ച 'എംടിയുടെ തെരഞ്ഞെടുത്ത കഥകളുടെ' സമാഹാരം മറിച്ച് നോക്കിയപ്പോഴാണ് 'ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക്' എന്ന കഥ കണ്ണില്‍ പെട്ടത്. അത് ഉറക്ക വായിക്കാന്‍ ഇതില്‍പരം ഹൃദ്യമായ ഒരു അവസരം ഇനി കിട്ടാനില്ല..
മനോഹരമായ ചെറുകഥാ സമാഹാരത്തിലെ 98 പേജില്‍ ചേര്‍ത്തിരിക്കുന്ന എട്ടാമത്തെ കഥ. നയാഗ്ര ഈ കഥയ്ക്കു വേണ്ടി കാത്തിരുന്നതുപോലെ...
'നാളെ എന്റെ പിറന്നാള്‍ ആണ്. എനിക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. അവളുടെ കത്തില്‍ നിന്നാണ് അത് മനസ്സിലായത്. അവള്‍ എഴുതിയിരിക്കുന്നു... വരുന്ന വ്യാഴാഴ്ചയാണ് പിറന്നാള്‍... രാവിലെ കുളിച്ചിട്ടേ വല്ലതും കഴിക്കാവൂ. വ്യാഴാഴ്ച പിറന്നാള്‍ വരുന്നത് നല്ലതാണ്. ഞാന്‍ ശിവന്റെ അമ്പലത്തില്‍ ധാരയും പണ പായസവും കഴിക്കുന്നുണ്ട്.... അവിടെ അടുത്ത് അമ്പലം ഇല്ലേ... ഉണ്ടെങ്കില്‍ കുളിച്ചു തൊഴണം....'
കഥ വായിച്ച് പോകവ കഥാകൃത്ത് പലതവണ കണ്ണട മാറ്റി കണ്ണുനീര്‍ തുടയ്ക്കുന്നുണ്ടായിരുന്നു..
കര്‍ക്കിടകം പഞ്ഞമാസം ആയിരുന്ന കാലത്ത് ഉതൃട്ടാതിയില്‍ എന്റെ പിറന്നാളിന് അരക്കൂട്ട് പായസം വയ്ക്കാന്‍ നാലടങ്ങഴി അരി ചോദിച്ച
അമ്മയോട് ഇടിവെട്ടുന്ന സ്വരത്തില്‍ അമ്മാവന്‍ അലറി.
' ആരാ പറഞ്ഞത് പായസം നേരാന്‍...'
ഒരു അടി പൊട്ടുന്ന ശബ്ദം... അമ്മ പത്തായത്തിന്റെ മുകളിലേക്ക് കമിഴ്ന്നുവീണു....''
ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ആ കാലം പിന്നീട് ഇന്ന് ഇതാ ഒരു ജനതയുടെ മുഴുവന്‍ സ്‌നേഹാദരങ്ങളോടെ നയാഗ്രയുടെ സാന്നിധ്യത്തില്‍ ഉജ്ജ്വലമായ ഒരു പിറന്നാള്‍- അര നൂറ്റാണ്ടിന് ശേഷം!
1992-ലെ ജൂലൈ 15ന് നയാഗ്രയുടെ അനുഗ്രഹാസുകള്‍ ഏറ്റുവാങ്ങിയ ശേഷം അദ്ദേഹത്തിന് പുരസ്‌കാരങ്ങളുടെയും ബഹുമതികളുടെയും പെരുമഴക്കാലമായിരുന്നു... ജ്ഞാനപീഠവും പത്മഭൂഷണം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള ജ്യോതിയും അങ്ങനെ എണ്ണമറ്റ ദേശീയ, അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും അണി അണിയായി ഒഴുകി വന്നു. Midas touch എന്ന ഗ്രീക്ക് സങ്കല്പത്തിന്റെ മലയാള പരിഭാഷ ഒന്നുകൂടി മെച്ചമാണ്.
മായാ ദാസന്റെ സ്പര്‍ശം. തൊട്ടതെല്ലാം പൊന്നാക്കിയ ഈ മായാ ദാസന്റെ സ്പര്‍ശമേറ്റ് സാഹിത്യം, ചലച്ചിത്രം, മാതൃഭൂമി മാധ്യമങ്ങള്‍, തുഞ്ചന്‍പറമ്പ്, മലയാള സര്‍വ്വകലാശാല എന്നിവയുടെ പട്ടികയില്‍ ഫൊക്കാനയിലുടെ അമേരിക്കന്‍ മലയാളികള്‍ നിലനിര്‍ത്തിയ ''ഭാഷയ്ക്ക് ഒരു ഡോളറിനും'' പത്തരമാറ്റിന്റെ തിളക്കം.
ഉപബോധ മനസ്സില്‍ എംടി അമേരിക്കയുടെ ആരാധകനായിരുന്നോ? ന്യൂയോര്‍ക്ക് ഹെറാള്‍ഡ് നടത്തിയ ലോക ചെറുകഥ മത്സരത്തില്‍ ''വളര്‍ത്തു മൃഗങ്ങള്‍'' ഒന്നാം സമ്മാനം അര്‍ഹമായതോടെ ആണ് സാഹിത്യ ലോകത്ത് അദ്ദേഹം ശ്രദ്ധേയനായത്. ഹെമ്മിംഗ് വേയുടെ ആരാധകനായിരുന്നു എംടി. അദ്ദേഹം എഴുതിയ' 'ഹെമ്മിംഗ് ഒരു മുഖവുര'' എഴുത്തിന്റെ ലോകത്തെ നവാഗതര്‍ക്ക് ഇന്നും മാര്‍ഗ്ഗരേഖയായി തുടരുന്നു.
അമേരിക്കന്‍ സന്ദര്‍ശനത്തെ കുറച്ച് എഴുതിയ ''ആള്‍ക്കൂട്ടത്തില്‍ തനിയെ'' സാമ്പ്രദായിക യാത്ര വിവരണങ്ങളില്‍ നിന്നും വ്യത്യസ്തമായ സാഹിത്യസൃഷ്ടിയായി തീര്‍ന്നു.
എം.ടിയുടെ തിരക്കഥകള്‍ ദൃശ്യ നോവലുകളുടെ സ്ഥാനം പിടിച്ചു പറ്റിയതിൽ മികച്ച ഹോളിവുഡ് തിരക്കഥകളുടെ സ്വാധീനം കാണാം. വാര്‍ദ്ധക്യത്തിനും The New Yorker, Washington Post, New York Times എന്നിവയിലെ വാരാന്ത്യ സാഹിത്യ എഡിഷനുകള്‍ ഒക്കെ അദ്ദേഹം കൗതുകത്തോടെ പിന്തുടര്‍ന്നു.
2022 നവംബര്‍ ഒന്നിന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കേരളപ്പിറവി ദിനാഘോഷത്തിന് ആണ് അദ്ദേഹത്തെ അടുത്തു കണ്ടത്. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം വഷളായി വരുന്ന ഈ കാലത്ത് മാതൃഭാഷയായ മലയാളത്തിലൂടെയുള്ള സംവേദനം കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ ബന്ധങ്ങളും വളര്‍ത്താന്‍ ഉതകും എന്ന തത്വത്തില്‍ നിന്നുരുത്തിരിഞ്ഞതാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, മലയാള സര്‍വകലാശാലയുമായി ചേര്‍ന്ന് സംയുക്തമായി നവംബര്‍ രണ്ടാം തീയതി അവതരിപ്പിച്ച പ്രത്യേക പരിപാടി. എം.ടി ആയിരുന്നു മുഖ്യാതിഥി. നവംബര്‍ ഒന്നിന് എംടിക്ക് കേരള ജ്യോതി പുരസ്‌കാരം ലഭിച്ചതിന് തുഞ്ചന്‍പറമ്പില്‍ അരങ്ങേറിയ അനുമോദന സമ്മേളനം.
രണ്ടു ദിവസവും അദ്ദേഹത്തോടൊപ്പം പ്രകൃതിരമണീയമായ തുഞ്ചന്‍പറമ്പില്‍ കഴിയാന്‍ ഇടയായി. എന്റെ സഹപാഠികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാഹിത്യ സേവനമനുഷ്ഠിച്ചു പുകപെറ്റ രണ്ടു സര്‍ജന്മാരും (ഡോക്ടര്‍ എസ്. വേണുഗോപാല്‍, ഡോക്ടര്‍ ബാലചന്ദ്രന്‍ നായര്‍) എംടിയെ കാണാനുള്ള അവസരം പാഴാക്കിയില്ല. മൂന്നുപേര്‍ക്കും ''രണ്ടാമൂഴ'' ത്തിന്റെ പുതിയ പതിപ്പ് കയ്യപ്പോടു കൂടി അദ്ദേഹം സമ്മാനിച്ചു.
മടക്കയാത്രയുടെ തലേദിവസം മഹാ മൗനിയുടെ ചുണ്ടുകളില്‍ നിന്നും സ്‌നേഹാന്വേഷണത്തോടെ ഒരു നിര്‍ദ്ദേശം, തിരൂരിലെ ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രം സന്ദര്‍ശിച്ചോ? മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വസിഷ്ഠ മഹര്‍ഷി പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കുന്ന ഈ വിഗ്രഹം ചരിത്രത്തിലും പുരാണങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഹനുമാന്‍ ക്ഷേത്രം എന്നാണ് പേരെങ്കിലും പ്രധാന ആരാധനാമൂര്‍ത്തി ശ്രീരാമന്‍ ആണ്. ഉപനടയില്‍ മാത്രമാണ് ഹനുമാന്റെ വിഗ്രഹം. ഭക്തര്‍ക്കിടയില്‍ ഏറ്റവും ശക്തിയുള്ള മൂര്‍ത്തി ഹനുമാന്‍ ആണെന്ന് വിശ്വാസം. ഉപനടയില്‍ താഴെ തല ചെരിച്ച് ഭഗവാന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നില്‍ക്കുന്ന പോലെയാണ് ബിംബം. ഇവിടെ നിന്നും സീതാന്വേഷണത്തില്‍ ലങ്കയിലേക്ക് കുതിക്കുന്നതിനു മുന്‍പ് സീതയ്ക്ക് നല്‍കാനുള്ള രഹസ്യ സന്ദേശം ശ്രീരാമനില്‍ നിന്നും ഏറ്റുവാങ്ങുകയാണത്രേ ഹനുമാന്‍. ഉപനടയില്‍ പൂജ ഇല്ല... നിവേദ്യം മാത്രം.
ഇത്രയും ശക്തിയുള്ള ഈ ആഞ്ജനേയ വിഗ്രഹം പൂജ ലഭിക്കാതെ ഉപനടയിലേക്ക് മാറ്റിയതില്‍ എം ടി അസ്വസ്ഥന്‍ ആണോ?
പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ അവഗണിത മുഖങ്ങള്‍ അദ്ദേഹത്തെ ഇപ്പോഴും അലട്ടുന്നുണ്ടോ?
നാലുകെട്ടിലും, അസുരവിത്തിലും, കാലത്തിലും മഞ്ഞിലും തുടങ്ങി അപ്പുണ്ണിയിലും, ഗോവിന്ദന്‍കുട്ടിയിലും, സേതുവിലും കൂടി വളര്‍ന്നു രാജാവാകാന്‍ അവസരം ഉണ്ടായിട്ടും പെറ്റമ്മയുടെ നാവില്‍ നിന്നും കേട്ട ''ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെ പോലെ പേരറിയാത്ത ഒരു കാട്ടാളന്റെ പുത്രന്‍'' എന്ന് ആക്ഷേപവും പേറി നില്‍ക്കുന്ന ഭീമസേനനില്‍ എത്തിനില്‍ക്കുന്നു ആ അമര്‍ഷം.
''സംതൃപ്തനായ ഒറ്റ മനുഷ്യനും എംടിയുടെ അനുഭവമണ്ഡലത്തില്‍ ഇല്ലേ?'' എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധിക്കുക:
''സംതൃപ്തര്‍ എന്ന് തോന്നിപ്പിക്കുന്ന മനുഷ്യര്‍ എന്നില്‍ ഒരു ചലനവും ഉണ്ടാക്കുകയില്ല... അസംതൃപ്തിയോ ദുഃഖമോ അമര്‍ഷമോ മാത്രമേ എന്നെ സ്പര്‍ശിക്കുന്നുള്ളൂ....''
ആതിര നാളില്‍ ചിപ്പിയില്‍ വീഴുന്ന മഴത്തുള്ളിയാണ് അകത്തു ഉറങ്ങുന്ന മണല്‍ത്തരിയെ മുത്തായി മാറ്റുന്നതെന്നൊരു കവി സങ്കല്‍പം ഉണ്ട്. എം.ടിയുടെ സര്‍ഗാത്മകതയുടെ ചിപ്പിയ്ക്കുളില്‍ ഇനിയും മണല്‍ തരികള്‍ കാത്തിരിക്കുന്നു. അത് ഹനുമാന്‍ ആകാം. ഏതോ പെരുമഴക്കാലത്ത് മലയാളത്തിന്റെ മഴത്തുള്ളികള്‍ ഏറ്റുവാങ്ങി അതു മുത്തായി തീരാം.
കര്‍ക്കിടകത്തിലെ ഉതൃട്ടാതിയില്‍ അദ്ദേഹത്തിന് തൊണ്ണൂറാം ജന്മദിനാശംസകള്‍.