എം ടി (91)
എം ടിയെ അവസാനമായി കാണുന്നത് ജനുവരിയില്‍ കോഴിക്കോട്ടേ ഒരു സാഹിത്യ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ചു വിമര്‍ശിച്ചു സംസാരിച്ച വേളയിലാണ് .വ്യക്തിപരമായ പരാമര്‍ശം ഉണ്ടായിരുന്നില്ല എങ്കിലും അധികാരത്തില്‍ ഇരിക്കുന്നവര്‍ അവതാര പുരുഷന്മാര്‍ ആയി മാറുന്നതിനെതിരെയായിരുന്നു ആ പരാമര്‍ശം . പിണറായിയെ ദൈവ തുല്യനായി ചില അണികള്‍ വാഴ്ത്തുന്ന വേളയില്‍ ആയിരുന്നു എം ടി വാസുദേവന്‍ നായരുടെ ഈ ഇടപെടല്‍ പൊതുവേ രാഷ്ട്രീയ ഇടപെടല്‍ നടത്താത്ത ഒരു വ്യക്തി തനിക്കു കിട്ടിയ സമുന്നത സ്ഥാനം വേണ്ട വിധത്തില്‍ അവസരത്തിന് ഒത്തു ഉപയോഗിച്ചു എന്നത് എം ടി യുടെ ജീവിതത്തിലെ വലിയ ഒരു നാഴികക്കല്ലായി കാണാം .നോട്ടുനിരോധനത്തിനെതിരെയായിരുന്നു ഇത് പോലെ അദ്ദേഹത്തിന്‍റെ മറ്റൊരു ശക്തമായ പരാമര്‍ശം . രാഷ്ട്രീയ ശരി പാലിക്കാത്തവരെ അനുയായികള്‍ തേജോവധം ചെയ്യുന്ന നാട്ടില്‍ ധാര്‍മിക ധീരതയോടെ അദ്ദേഹത്തിന് ശബ്ദം ഉയര്‍ത്താനായി എന്നത് അദ്ദേഹം ആര്‍ജിച്ച അനുപമമായ സ്വാധീനത്തിന്റെ സൂചനയാണ് .
പത്രാധിപര്‍ ,എഴുത്തുകാരന്‍ ,തിരക്കഥാ രചയിതാവ് സംവിധായകന്‍ എന്നി നിലകളില്‍ ഏഴു പതിറ്റാണ്ട് നമ്മുടെ സാംസ്കാരിക രംഗത്ത് തിളങ്ങി നിന്ന അപൂര്‍വ്വ പ്രതിഭയെയാണ് ഡിസംബര്‍ 25നു രാത്രി നമുക്ക് നഷ്ടമായത് .സാധന കൊണ്ടും സിദ്ധി കൊണ്ടു നേടിയ അപൂര്‍വ അംഗീകാരമാണ് എം ടി യെ വ്യത്യസ്തനാക്കുന്നത് .
1956 ഇല്‍ നാലുകെട്ടിലൂടെ മലയാള ഭാവുകത്വത്തില്‍ വലിയ വ്യതിയാനം സൃഷ്ടിച്ച എം ടി യുടെ പ്രതിഭ തിളങ്ങി നിന്നത് അസുര വിത്തിലാണ് .കാലം കാലികമായ ആഖ്യാനമായി.രണ്ടാമുഴം മറ്റൊരു ചരിത്രവും .എങ്കിലും എം ടി തിളങ്ങി നിന്നത് കഥകളില്‍ ആണ് .അദ്ദേഹത്തിന്‍റെ രണ്ടു രണ്ടു കഥകള്‍ ഇന്ത്യ ടുഡേയില്‍ പ്രസിദ്ധീകരിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി കടുഗണ്ണാവയും ഷെര്‍ലക്കും .ഇവ അടുത്തയിടെ സിനിമയായി .എം ടി യുടെ ഏറ്റവും മികച്ച കഥ യാണ് ഷെര്‍ലക്ക് എന്ന് ഞാന്‍ കരുതുന്നു .ആധുനിക ഭാവുകത്വത്തിന് അനുസൃതമായി രചിച്ച ഈ കഥ എം ടി യുടെ സിദ്ധിയും സാധനയും ഉദാഹരിക്കുന്നതാണ് .
സിനിമയില്‍ അദ്ദേഹം സംവിധാനം ചെയ്ത നിര്‍മാല്യം ഇന്നും കാലത്തെ അതിജീവിച്ചു മുന്നില്‍ നില്‍ക്കുന്നു .ഒരുകാലത്തെ സിനിമയുടെ ശക്തി കേന്ദ്രമായിരുന്നു അദ്ദേഹത്തിന്‍റെ തിരക്കഥകള്‍ .അവിടെ നിന്നാണ് നമ്മുടെ സിനിമ വളര്‍ന്നത് .
സാര്‍ഥകമായ ആ ജീവിതത്തിനു വിട .