മണ്ണും മലയാളവും ഉള്ളിടത്തോളം കാലം സ്മരണയില്‍ പരിലസിക്കുന്ന രണ്ടക്ഷരമായിരിക്കും എം.ടി. മലയാള സാഹിത്യത്തിന് മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിനും അഭിമാനകരമായ ഒട്ടനവധി കൃതികള്‍ ആ തൂലികയില്‍ നിന്നും ഉതിര്‍ന്നു. ജ്ഞാനപീഠമേറിയ സാഹിത്യമെന്ന പോലെ സിനിമ മേഖലയില്‍ കൈവെച്ചതെല്ലാം എം.ടി തിലകകുറികളാക്കി മാറ്റി. 1963-64 കാലത്താണ് എം.ടി സിനിമാ രംഗത്തേക്ക് പദമൂന്നുന്നത്. സ്വന്തം കൃതിയായ 'സ്നേഹത്തിന്റെ മുഖങ്ങള്‍' എന്ന ചെറുകഥ 'മുറപ്പെണ്ണ്' എന്ന പേരില്‍ തിരക്കഥയൊരുക്കിക്കൊണ്ടായിരുന്നു എം.ടിയുടെ ചലച്ചിത്രലോകത്തേയ്ക്കുള്ള സഞ്ചാരത്തിന്റെ തുടക്കം. എം.ടി തിരക്കഥയെഴുതിയ എഴുപതോളം ചിത്രങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയത് ആറ് ചിത്രങ്ങളാണ്.
എം.ടിയുടെ തിരക്കഥയ്ക്കായി സംവിധായകര്‍ കാത്തുനില്‍ക്കുമായിരുന്നു. അടുത്ത സുഹൃത്തുക്കളായ ചിലരുടെ സ്‌നേഹ നിര്‍ബന്ധം കാരണമാണ് മനസില്ലാ മനസോടെ മലയാള സിനിമയിലേക്ക് എം.ടി കടന്നുവന്നത്. പിന്നെ കുടുംബ ബന്ധങ്ങളിലേക്കും മനുഷ്യ മനസിന്റെ കാണാക്കാഴ്ച്ചകളിലേക്കും ക്യാമറ തിരിച്ചുവച്ച എം.ടി മലയാളത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത ദൃശ്യവസന്തമായിരുന്നു.
തിരക്കഥകള്‍ക്ക് അപ്പുറം സംവിധാനത്തിലേക്കും മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ഇറങ്ങിച്ചെന്നപ്പോള്‍ പിറന്നത് മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'നിര്‍മാല്യം' എന്ന ഇതിഹാസമാണ്. വേദനയുടെ പൂക്കള്‍ എന്ന കഥാസമാഹാരത്തിലെ 'പള്ളിവാലും കാല്‍ചിലമ്പും' എന്ന സ്വന്തം ചെറുകഥയെ ആസ്പദമാക്കി എം.ടി തിരക്കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച നിര്‍മാല്യം, ദാരിദ്രത്തിന്റെ കനല്‍ച്ചൂളയില്‍ ആത്മസംഘര്‍ഷങ്ങളുമായി ജീവിക്കുന്ന വെളിച്ചപ്പാടിന്റെയും കുടുംബത്തിന്റെയും നീറുന്ന കഥയാണ് പറഞ്ഞത്.
അക്കാലത്തെ സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ തുറന്നുകാട്ടി 1973-ല്‍ റിലീസായ ചിത്രത്തില്‍ വെളിച്ചപ്പാടായി പി.ജെ ആന്റണി എന്ന മഹാമേരു ഉറഞ്ഞാടി. എം.ടിയുടെ ഈ ആദ്യ സംവിധാന സംരംഭത്തില്‍ മികച്ച ചിത്രത്തിനും നടനുമുള്ള ദേശീയ പുരസ്‌കാരം നിര്‍മാല്യത്തിലൂടെ കേരളത്തിന് ലഭിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയായി പി.ജെ ആന്റണി. തുടര്‍ന്ന് എം.ടി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'ബന്ധനം' 1978-ല്‍ പുറത്തിറങ്ങി. സുകുമാരനും ശങ്കരാടിയും ശോഭയും പ്രധാന വേഷങ്ങളിലെത്തിയ ബന്ധനം മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും മികച്ച ഗായകനുള്ള പുരസ്‌കാരവും നേടി.
'പകല്‍ക്കിനാവ്' എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ എം.ടി 'ഇരുട്ടിന്റെ ആത്മാവ്', 'നഗരമേ നന്ദി', 'അസുരവിത്ത്', 'ഓളവും തീരവും' തുടങ്ങി തന്റെ മറ്റ് കൃതികളും തിരക്കഥകളാക്കി. സംസ്ഥാനത്തെ മികച്ച ചിത്രം, സംവിധായകന്‍, സഹനടി (ഫിലോമിന) ഛായാഗ്രഹണം (മങ്കട രവിവര്‍മ്മ), സംഭാഷണം (എം.ടി) എന്നീ പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും കരസ്ഥമാക്കി ചരിത്രത്തില്‍ ഇടം പിടിച്ച സിനിമയായിരുന്നു ഓളവും തീരവും. 1971-ല്‍ എം.ടിയുടെ തിരക്കഥയില്‍ എത്തിയ 'കുട്ട്യേടത്തി' മലയാള സിനിമയിലെ ധീരമായ ഒരു ശ്രമമായിരുന്നു.
സത്യന്‍ തന്റെ അവസാന കാലത്ത് അഭിനയിച്ച ചിത്രങ്ങളിലൊന്നായിരുന്നു കുട്ട്യേടത്തി. കുട്ട്യേടത്തി എന്ന കഥാപാത്രത്തെ വിലാസിനിയിലൂടെ അവതരിപ്പിച്ച എം.ടി സിനിമാ ലോകത്ത് അന്നും ഇന്നും അംഗീകരിക്കപ്പെട്ട സൗന്ദര്യ സങ്കല്‍പ്പത്തെ തകര്‍ത്തെറിയുക തന്നെയായിരുന്നു. വെളുത്തവള്‍ വഴിതെറ്റി പോവുമ്പോള്‍ പഴി കേള്‍ക്കുന്നതും മര്‍ദ്ദനമേല്‍ക്കുന്നതും കറുത്തവള്‍ക്കാണ്. അവളുടെ ഉള്ളിലെ സ്‌നേഹവും പ്രണയവും കുട്ടിത്തവും വാത്സല്യവും നിറഞ്ഞുകവിഞ്ഞു നില്‍ക്കുകയാണ് എന്നു തിരിച്ചറിയുന്ന മുഹൂര്‍ത്തങ്ങളാണ് കുട്ട്യേടത്തിയെ ഇന്നും മികച്ച ദൃശ്യാനുഭവമാക്കി മാറ്റുന്നത്.
എം.ടിയുടെ ഏറ്റവും മികച്ച കഥകളിലൊന്നായ 'ഇരുട്ടിന്റെ ആത്മാവ്' സിനിമയാക്കിയപ്പോള്‍ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് പി ഭാസ്‌കരനായിരുന്നു. ഭ്രാന്തന്‍ വേലായുധന്റെ അഴിഞ്ഞുവീണ ചങ്ങലയുടെ അവസാനിക്കാത്ത കിലുക്കം മലയാള സാഹിത്യത്തറവാട്ടിലെ പ്രതിഭയുടെ മണിമുഴക്കം കൂടിയാണ്. 'നീലത്താമര' സിനിമയാക്കിയത് യൂസഫലി കേച്ചേരി ആയിരുന്നു. വ്യത്യസ്തമായൊരു പ്രണയ കഥയായിരുന്നു നീലത്താമര. വര്‍ഷങ്ങള്‍ക്ക് ശേഷം നീലത്താമര വീണ്ടും സിനിമയാക്കിയപ്പോള്‍ ലാല്‍ജോസിനെയായിരുന്നു അത് സംവിധാനം ചെയ്യാനുള്ള ഭാഗ്യം കടാക്ഷിച്ചത്. പുതിയ കാലഘട്ടത്തിന് അനുസരിച്ച് എം.ടി തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.
'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന ചിത്രത്തിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചത് എം.ടിയായിരുന്നു. എം.ടിയുടെ മറ്റൊരു ക്ലാസിക്കായ 'പെരുന്തച്ചന്‍' സിനിമയാക്കിയത് അജയന്‍ ആണ്. തിലകന്റെ ഗംഭീര സിനിമകളില്‍ ഒന്നായി പെരുന്തച്ചന്‍ മാറി. സമാന്തര സിനിമയുടെ വക്താവായ പവിത്രന്‍ എം.ടിയുടെ തിരക്കഥയില്‍ ചെയ്ത ചിത്രമായിരുന്നു 'ഉത്തരം'. എം.ടിയുടെ തിരക്കഥയില്‍ പിറന്ന സിബി മലയില്‍ ഒരുക്കിയ 'സദയം' കണ്ട് കരയാത്ത മലയാളികള്‍ ഉണ്ടാവില്ല.
നാല് തവണയാണ് മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ് എം.ടിയെ തേടിയെത്തിയത്. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നിവയ്ക്കായിരുന്നു ഈ പുരസ്‌കാരങ്ങള്‍. പാണന്‍ പാടിനടന്ന ചന്തുവിന്റെ കഥയ്ക്കും ജീവിതത്തിനും ഒരു മറുവശമുണ്ടെങ്കിലോ എന്ന് ചിന്തിച്ച് അത് മാലോകരോട് വിളിച്ച് പറയാനുള്ള ചങ്കൂറ്റം എം.ടിയോളം മറ്റാര്‍ക്കുമില്ല. രാമായണത്തിലെ ഉപകഥകളിലൊന്നായ വൈശാലിയുടേയും ഋഷ്യശൃംഗന്റേയും കഥയും പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ കഥയും അഭ്രപാളികളിലേക്ക് കോറിയിടുമ്പോള്‍ എം.ടിയെന്ന സാഹിത്യകാരനാണോ സിനിമാക്കാരനാണോ ഉയരത്തില്‍ എന്ന ചോദ്യമുയരുക സ്വാഭാവികം.
'മഞ്ഞ്, കടവ്, ബന്ധനം, വാരിക്കുഴി, ഒരു ചെറുപുഞ്ചിരി എന്നിവയാണ് എം.ടി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. എസ്.കെ പൊറ്റക്കാടിന്റെ 'കടത്തുതോണി' എന്ന ചെറുകഥയെ ആസ്പദമാക്കി എ.ടി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കടവ്. ഹൃദയ വേദനയോടെ പ്രേക്ഷകര്‍ കണ്ട ചിത്രം ദേശീയ-അന്തര്‍ ദേശീയ വേദികളില്‍ ഉള്‍പ്പെടെ പുരസ്‌കാരങ്ങളോടെ തിളങ്ങി. കവിത പോലെ മനോഹരമായ 'മഞ്ഞ്' എം.ടിയുടെ തിരക്കഥയിലും സംവിധാനത്തിലുമാണ് ചലച്ചിത്രമായത്. മഞ്ഞിലെ മൗനത്തിന്റെയും വ്യര്‍ത്ഥമായ കാത്തിരിപ്പിന്റെയും വായനാനുഭവം എം.ടിയുടെ സംവിധാന മികവില്‍ പ്രേക്ഷകര്‍ ചലച്ചിത്രമായി ഒരിക്കല്‍ കൂടി അനുഭവേദ്യമാക്കി.
എം.ടിയുടെ സംവിധാനത്തിലെ അവസാന ചിത്രമാണ് 2000-ല്‍ ഇറങ്ങിയ ഒരു ചെറു പുഞ്ചിരി. തെലുങ്ക് എഴുത്തുകാരന്‍ ശ്രീരമണയുടെ മിഥുനം എന്ന നോവലാണ് ചിത്രത്തിന്റെ തിരക്കഥയ്ക്കാധാരം. വാര്‍ധ്യക്യകാല ദാമ്പത്യത്തിലെ ഊഷ്‌ള ബന്ധം എം.ടിയുടെ സംവിധാന മികവില്‍ ഒടുവില്‍ ഉണണികൃഷ്ണനും നിര്‍മലയും വെള്ളിത്തിരയില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളിക്കത് വേറിട്ട അനുഭവമായി. അങ്ങനെ മികച്ച സംവിധായകനുളള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചെറു പുഞ്ചിരിയിലൂടെ ഒരിക്കല്‍ കൂടി എം.ടിയിലേക്ക് എത്തി.
എം.ടിയുടെ ജീവിതഗന്ധമുള്ള കഥാപാത്രങ്ങളാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍-മെഗാ താരപദവിയിലേയ്ക്ക് എത്തിച്ചത്. സദയവും താഴ്‌വാരവും ഉയരങ്ങളിലും അമൃതംഗമയയും പഞ്ചാഗ്‌നിയും മോഹന്‍ലാല്‍ എന്ന നടനെ ആവോളം ചൂഷണം ചെയ്ത സിനിമകളായിരുന്നുവെങ്കില്‍ മമ്മൂട്ടിക്ക് വേണ്ടിയൊരുക്കിയ വടക്കന്‍ വീരഗാഥ, ഉത്തരം, പഴശ്ശിരാജ, സുകൃതം, അടിയൊഴുക്കുകള്‍ എന്നിവ താരത്തിന്റെ കരിയര്‍ ബെസ്റ്റുകളായും അറിയപ്പെടുന്നു.
മഹാഭാരതത്തെ ആഴത്തില്‍ അപഗ്രഥിച്ചെഴുതിയ 'രണ്ടാമൂഴം' ആണ് എം.ടിയുടെ എക്കാലത്തെയും മാസ്റ്റര്‍ ക്ലാസായി അറിയപ്പെടുന്ന നോവല്‍. ഭീമന് നായകസ്ഥാനം കല്‍പ്പിച്ച് മഹാഭാരതത്തിന് എം.ടി നല്‍കിയ ഒരു പുനരാഖ്യാനം ആയിരുന്നു രണ്ടാമൂഴം. കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമായി 22 തവണ എം.ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 'കാലം' (1970കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), 'രണ്ടാമൂഴം' (വയലാര്‍ അവാര്‍ഡ്) 'വാനപ്രസ്ഥം' (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'കടവ്' സിംഗപ്പൂര്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി അവാര്‍ഡും ജപ്പാനിലെ ഒകോയാമ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി ബഹുമതിയും നേടി. ജക്കാര്‍ത്തയിലെ സിട്ര അവാര്‍ഡ് ആണ് മറ്റൊരു നേട്ടം. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഫിലിം ഫെയര്‍, സിനിമാ എക്സ്പ്രസ് അവാര്‍ഡുകളും ലഭിച്ചു.
എം.ടി സംവിധാനം നിര്‍വഹിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഒരു ചിത്രമാണ് ദേവലോകം. ഈ സിനിമയിലെ തൊഴിലാളി നേതാവായി എം.ടി കണ്ടെത്തിയ യൂവാവ് പിന്നെ മലയാള സിനിമയ്ക്കുള്ള എം.ടിയുടെ സമ്മാനമായി. അത് മറ്റാരുമല്ല, മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയാണ്. ഹരിഹരനും ഐ.വി ശശിക്കുമൊപ്പമായിരുന്നു എം.ടി കൂടുത സിനിമകളും ചെയ്തത്. 'മനോരഥങ്ങള്‍' ആണ് എം.ടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. എം.ടിയുടെ ഒന്‍പത് ചെറുകഥകളെ ചേര്‍ന്ന ആന്തോളജി സിനിമയാണ് മനോരഥങ്ങള്‍.
''ഗംഗ ശാന്തമാണ്. വളരെ നേര്‍ത്ത അലകള്‍. ഒരു നെടുവീര്‍പ്പിട്ട ശേഷം വിശ്രമിക്കാനൊരുങ്ങുകയാണ്...'' കാശിയുടെ പശ്ചാത്തലത്തില്‍ എം.ടി എഴുതിയ അവസാന നോവല്‍ 'വാരണാസി'യിലെ മരണത്തിന്റെ ഗന്ധമുള്ള വാക്കുകളാണിത്. മലയാളക്കരയെ ഹൃദയംകൊണ്ടെഴുതിയ അക്ഷരക്കൂട്ടങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുകയും തലമുറകളെ എഴുതാനും വായിക്കാനും പ്രചോദിപ്പിക്കുകയും ചെയ്ത ഈ സാഹിത്യകാരന്റെ കഥകളും കഥാപാത്രങ്ങളും, ഭാഷയും സാഹിത്യവും ഉള്ളിടത്തോളം നിലകൊള്ളും.