എഴുത്തുകാരൻ്റെ യഥാർത്ഥ ബന്ധുക്കൾ വായനക്കാരാണ്. അങ്ങനെ എംടി എന്ന രണ്ടക്ഷരം ഗ്രാമങ്ങളിലെ ഇടവഴികളിലും നഗരവീഥികളിലും പ്രിയപ്പെട്ട രണ്ടക്ഷരമായി മാറി. വായനക്കാരാണ് എഴുത്തുകാരെ സൃഷ്ടിക്കുന്നത്. അവർക്ക് വേണ്ടിയാണ് അയാൾ ജീവിക്കുന്നത്. തൻ്റെ വിയർപ്പും കണ്ണീരും രക്തവും ഒഴുക്കുന്നത് അവർക്ക് വേണ്ടിയാണ്. വായനക്കാരാണ് എഴുത്തുകാരൻ്റെ ധനം - അങ്ങനെ നോക്കുമ്പോൾ എം ടി ഏറെ മഹാധനികനായിരുന്നു.
എം ടിയുടെ കഥകളെ ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങിയത് ആ ഗ്രാമീണ സൗകുമാര്യത്തിൻ്റെ നിഷ്കളങ്കത കൊണ്ടാണ്. ആ കഥകളിലെ കൈതപ്പൂവിൻ്റേയും മട്ടിപ്പശയുടെയും ഗന്ധമുള്ള പെണ്ണങ്ങൾ ഞങ്ങളെ
ലഹരി പിടിപ്പിച്ചു. മരുമക്കത്തായ സമ്പ്രദായം സ്ത്രീകളിൽ ഉണ്ടാക്കിയ അരക്ഷിതത്വത്തിൻ്റേയും ദാരിദ്ര്യത്തിന്റേയും വേദന, ഞങ്ങളുടെ അകം പൊള്ളിച്ചു. തറവാടു ഭരിക്കുന്ന അമ്മാമന്മാരുടെ പിശുക്കും, പെങ്ങന്മാരോടുള്ള ക്രൂരതകളും ഞങ്ങളെ അരിശം കൊള്ളിച്ചു.
ആ സ്ത്രീകഥാപാത്രങ്ങളുടെ കണ്ണുനീർ ഞങ്ങളുടെ ഹൃദയത്തിലേക്കിറ്റുവീഴുന്ന മധുരമായ വേദനയായി മാറി- ആത്മാവിന്റെ അബോധമായ ആഴങ്ങളിൽനിന്ന് നിരാലംബകളായ സ്ത്രീകൾ നിലവിളിക്കുന്നത് ഞങ്ങൾ സ്വപ്‌പ്നം കണ്ടു. എം.ടി. കഥകളുടെ ഉന്മാദ സ്പർശം, ഞങ്ങളുടെ സർഗ്ഗാത്മതയ്ക്ക് മീതെ തീ പിടിപ്പിക്കുന്ന പ്രലോഭനമായി-
ആ എംടിയാണ് കഥകൾ മറന്ന് പ്രിയവായനക്കാരെ മറന്ന് അവിടെ കണ്ണടച്ചുറങ്ങുന്നത്. മലയാളിക്ക് ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ ശിരസ്സുയർത്തിപ്പിടിയ്ക്കാൻ കെൽപു തന്ന അതേ എം.ടി.
നമ്മളെയൊക്കെ തൻ്റെ ഗംഭീരമായ സാഹിത്യത്താൽ ഉൽക്കർഷത്തിലേക്ക് ആനയിച്ച എം ടി ഉറങ്ങുകയാണ്. അതെ - ഉറങ്ങുകയാണ്.
അങ്ങയോടുള്ള അഗാധമായ കൃതജ്ഞതയോടും സ്നേഹത്തോടും കൂടി അർപ്പിക്കട്ടെ കണ്ണുനീരിൻ്റെ ഒരു കുടന്ന സ്നേഹമലരുകൾ - ആത്മാവ് എന്നെന്നും സ്വസ്ഥമായിരിക്കട്ടെ. ആമേൻ -
സ്നേഹത്തോടെ അങ്ങയുടെ ഒരു വായനക്കാരി,
-കെ. പി. സുധീര