എം.ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ പ്രണയ സൗന്ദര്യംകൊണ്ട് ശ്രദ്ധേയമായ നോവലാണ് മഞ്ഞ്. പ്രണയ മധുരവും വിരഹ വേദനയും ഒരുപോലെ പകരുന്ന അനുപമായ നോവല്‍. കാത്തിരിപ്പാണ് നോവലിന്റെ മൂലഭാവം. സഞ്ചാരിയും സഹൃദയനുമായ സുധീര്‍ മിശ്രയ്ക്കുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്, പിതാവിനായുള്ള ബുദ്ധു എന്ന തോണിക്കാരന്റെ കാത്തിരിപ്പ്... ''വരും വരാതിരിക്കില്ല...'' എന്ന ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ ജീവിതമാണ് മഞ്ഞ്.
എം.ടി. യുടെ സ്ഥിരം പശ്ചാത്തലമായ വള്ളുവനാടില്‍ നിന്നു വ്യത്യസ്തമായി വിനോദസഞ്ചാരികളുടെ പ്രിയ ഇടമായ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ എന്ന മനോഹര പ്രദേശത്തിന്റെ പശ്ചാത്തലത്തിലാണ് എം.ടി കഥപറയുന്നത്. വടക്കേ ഇന്ത്യയിലേക്ക് കുടിയേറി പാര്‍ത്ത ഒരു മലയാളി കുടുംബത്തിലെ വിമല എന്ന ബോര്‍ഡിംഗ് സ്‌കൂള്‍ അധ്യാപികയാണ് പ്രധാന കഥാപാത്രം. വിമലയുടെ മനോഭാവങ്ങളിലൂടെ ചിന്തകളിലൂടെ മുന്നോട്ട് പോകുന്ന കഥ ലളിതമായ ഭാഷയിലൂടെയും ഹൃദ്യമായ അവതരണത്തിലൂടെയുമെല്ലാം ഓരോ വായനക്കാരനെയും സ്പര്‍ശിക്കുന്നു. വിമലയുടെ ജീവിതത്തിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയും അവരുടെ ജീവിത വീക്ഷണങ്ങളിലൂടെയുമെല്ലാം കഥാകൃത്ത് നമ്മെ നയിക്കുന്നു.
മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നുമെല്ലാം മാറി ഏകാന്തതയെയും ഹോസ്റ്റല്‍ ജീവിതത്തെയും സ്നേഹിക്കുന്ന വിമലയുടെ ഓര്‍മ്മകളിലൂടെ തന്നെ അന്തര്‍മുഖിയായ കഥാനായികയെ നമുക്ക് കാണാം. വിനോദസഞ്ചാരിയായ സുധീര്‍കുമാര്‍ മിശ്രയും വിമലയും തമ്മിലുള്ള പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ വേദനയും നിറഞ്ഞ മഞ്ഞില്‍ പ്രതീക്ഷകളുടെയും കാത്തിരിപ്പിന്റെയും സമാനതകള്‍ കൊണ്ട് വിമലയുടെ സുഹൃത്തുക്കളാകുന്നത തോണിക്കാരനായ ബുദ്ദുവും സര്‍ദാര്‍ജിയുമെല്ലാം വളരെ ആഴത്തിലുള്ള ചിന്ത വായനക്കാരനു സമ്മാനിക്കുന്നു. പുരുഷാധിപത്യത്തിന്റെയും ചൂഷണത്തിന്റെയും ഇക്കോ ഫെമിനിസ്റ്റ് പ്രമേയത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന എം.ടിയുടെ ഏക നോവലാണ് മഞ്ഞ്.
''എനിക്കു നിങ്ങളെ ഇഷ്ട്ടമാണ്. കാരണമൊന്നുമില്ല... ഓ പരിഭ്രമിക്കാനൊന്നുമില്ല, വഴിയില്‍ തടഞ്ഞുനിര്‍ത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്‍പിക്കാതെ വെറുതെ എനിക്കു നിങ്ങളെ ഇഷ്ടമാണ്...'' സര്‍ദാര്‍ജിയുടെ മനോഹരമായ ഈ വാക്കുകള്‍ വിമലയുടെ മനസ്സിലുണ്ടാക്കുന്ന ചലനം ഓരോ വായനക്കാരനും അനുഭവിച്ചറിയാന്‍ കഴിയുന്നു. വായിച്ചു പരിചയിച്ച മറ്റു നോവലുകളില്‍ നിന്നു വ്യത്യസ്തമായി മഞ്ഞ് ഒരു നിര്‍വികാരതായിലൂടെ നിശബ്ദതയിലൂടെ നമ്മോട് വാചാലമാവുന്നു. ഒരു സംഗീതം പോലെ മനോഹരമായ മഞ്ഞിലെ വരികളിലൂടെ എം.ടി പുതിയൊരു വായനാനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്
80 പേജുകള്‍ മാത്രം ഉള്ള ചെറുകഥയെക്കാളും വലുതും എന്നാല്‍ ഒരു നോവലിനോളം വലുപ്പവുമില്ലാത്ത കടലിനോളം ആഴത്തില്‍ ചിന്തിപ്പിക്കുന്ന, അവസാനിക്കാത്ത പ്രത്യാശയുടെ പ്രതീക്ഷയുടെ പ്രാര്‍ത്ഥനയുടെ കാത്തിരിപ്പാകുന്നു എം.ടി യുടെ മഞ്ഞ്. പതുക്കെ പതുക്കെ മനസ്സില്‍ അരിച്ചിറങ്ങുന്ന വിഷാദത്തിന്റെയും നിരാശതയുടെയും ഇരുട്ടു കാലുകള്‍. കാലം കഴിയും തോറും കാത്തിരിപ്പിന്റെ തീവ്രത കുറയുന്നു. പ്രതീക്ഷകളില്‍ മങ്ങല്‍ ഏല്ക്കുന്നു. കാത്തിരിപ്പിന് അന്ത്യമില്ലെന്ന് ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത വിമലയുടെ കഥ പറയുകയാണ് കൂടെ ബുദ്ദുവിന്റെയും.
മനുഷ്യവംശത്തിന്റെ മുഴുവന്‍ ഭാവപൂര്‍ണ്ണിമയുടെ കഥയാണിത്. മനുഷ്യനുള്ളിടത്തോളം നിലനില്ക്കുന്ന കഥ. കാത്തിരിക്കാനും സ്‌നേഹിക്കാനും അവന് കഴിയുന്നിടത്തോളം അതിജീവിച്ചുനില്ക്കുന്ന കഥ. ജീവിതത്തിലെ തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും അത് പ്രതീക്ഷയുടെ തിരിനാളം വച്ചുനീട്ടുന്നു. മഞ്ഞുമൂടിയ കുമയൂണ്‍ കുന്നിറങ്ങി വരുന്ന നീലക്കണ്ണുകളെ തേടി കാത്തിരിക്കുന്ന വിമല, എവിടേയ്‌ക്കോ പോയി മറഞ്ഞിരിക്കുന്ന സുധീര്‍കുമാര്‍ മിശ്രയ്ക്ക് വേണ്ടിയാണ് വിമല കാത്തിരിക്കുന്നത്. അയാള്‍ ചിലപ്പോള്‍ ചതിയനായിരിക്കാം. വഞ്ചകനായിരിക്കാം. പുതിയ പൂക്കള്‍ തേടി അയാള്‍ മറ്റെവിടേയ്‌ക്കോ പോയിട്ടുമുണ്ടാവാം.
പക്ഷേ വിമല പറയുന്നു, ''വരും വരാതിരിക്കില്ല...'' അതാണ് കാത്തിരിപ്പ്, അതാണ് സ്‌നേഹം...അതാണ് വിശ്വാസം. കടം ചോദിച്ച ഒരു സായാഹ്നം ബാക്കി കിടപ്പുണ്ട് എന്നൊര്‍മ്മിപ്പിച്ച് യാത്ര പറയുന്ന സര്‍ദാര്‍ജി നിശബദ്ധതയില്‍ കട്ടപിടിച്ചിരിക്കുന്ന മഞ്ഞിനെ ചലിപ്പിക്കുന്നു. വിമലയുടേതിന് സമാനമായ മറ്റൊരു കാത്തിരിപ്പും മഞ്ഞ് വരച്ചുകാണിക്കന്നുണ്ട് ബുദ്ദുവിന്റെ കാത്തിരിപ്പാണത്. വര്‍ഷങ്ങള്‍ക്കു മുന്നേ അമ്മയില്‍ തന്നെ നിക്ഷേപിച്ചു നാട് വിട്ട സായിപ്പിന്റെ കീറിയ ഫോട്ടോയുമായി അവനും കാത്തിരിക്കുകയാണ്. ആരും ഇറങ്ങുകയോ കയറുകയോ ചെയ്യാതെ ബോട്ട് നീങ്ങിയപ്പോഴും വിമല പറയുന്നുണ്ട് ''വരും വരാതിരിക്കില്ല....''
എം.ടി പറഞ്ഞത് പോലെ കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാകുന്നു. അതെ ആത്മാവില്‍ നിന്നൊഴുകുന്ന നൊമ്പരമാണ് മഞ്ഞ്. കവിത വഴങ്ങാത്തതില്‍ ദുഖം പ്രകടിപ്പിച്ചിരുന്ന എം.ടിയുടെ കവിത തന്നെയാണ് മഞ്ഞ്. ഇത്രയും മനോഹരമായി മനുഷ്യന്റെ കാത്തിരിപ്പ് എന്ന വികാരത്തെ ആസ്പദമാക്കി വേറൊരെഴുത്ത് മലയാളത്തിലില്ല. മുമ്പേ വായിച്ചവര്‍ക്കും, ഇപ്പോള്‍ വായിക്കുന്നവര്‍ക്കും, ഇനി വായിക്കാന്‍ പോകുന്നവര്‍ക്കും മഞ്ഞ് ഒരു കുളിരാണ്. വായിച്ചുകൊണ്ടിരിക്കുമ്പോഴും, വായിച്ചു കഴിഞ്ഞതിന് ശേഷവും നമ്മെ വേറൊരു ലോകത്തേക്ക് നയിക്കുന്ന എഴുത്താണ് മഞ്ഞ്.