അമേരിക്കൻ എഴുത്തുകാരൻ Mike Rose ൻ്റെ വിഖ്യാതമായ ഒരു ഗ്രന്ഥമുണ്ട്.
Back to School എന്നാണതിൻ്റെ പേര്.
പുനർ പഠനത്തിന് Re-schooling ന് അവസരം നൽകുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പുനർനിർമ്മിക്കാമെന്നും അമേരിക്കൻ ജനതയെ എങ്ങനെ തൊഴിലുകളിലേക്ക് തിരികെ കൊണ്ടുവരാമെന്നും ഒരു സമൂഹത്തെ എങ്ങനെ സ്കൂളിങ്ങിലൂടെ ക്രിയാത്മകമാക്കാമെന്നുമാണ് ആ പുസ്തകത്തിൻ്റെ ഉള്ളടക്കം. ചെറുപ്പക്കാരും പ്രായമായവരുമായ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചുള്ള ആശയങ്ങളിലേക്കും മൈക്ക് റോസ് വെളിച്ചം വീശുന്നുണ്ട്.
ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. കഴിഞ്ഞ ദിവസം ഞങ്ങളുടെ Regional College of Science and Humanities ൻ്റെ NSS ക്യാമ്പ് സന്ദർശിക്കുകയും ഒരു ദിവസം അവരോട് കൂടെ ചിലവഴിക്കുകയും ചെയ്തിരുന്നു. ഗൃഹാതുരത്വമുള്ള സ്മൃതികളുടെ ചെപ്പുതുറക്കാൻ ഇത് നിദാനമാവുകയും ചെയ്തു.
നൂറ്റിയൊന്ന് വർഷം പഴക്കമുള്ള മൈത്രയിലെ ഒരു ഗവൺമെന്റ് UP സ്കൂളിലായിരുന്നു ക്യാമ്പ്. പഴമയുടെ പ്രൗഢിയോടെ ഈ പാഠശാല ചാലിയാറിൻ്റെ തീരത്തെ കുന്നിൻ മുകളിൽ ജ്ഞാനത്തിൻ്റെ പ്രകാശം ചൊരിഞ്ഞ് തലമുറകൾക്ക് ദിശാസൂചികയുടെ വിളക്കുമാടമായി നിലകൊള്ളുന്നു. ക്രിസ്തുമസ് Eve ലെ ത്രിസന്ധ്യയിൽ ആ പാഠശാലയിലെ തിരുമുറ്റത്ത് ആകാശത്തേക്ക് കരങ്ങളുയർത്തിപ്പിടിച്ചിരിക്കുന്ന ഇലപൊഴിച്ച വൃക്ഷ ശിഖരങ്ങളിൽ കൊഴിഞ്ഞു പോയ ആത്മാക്കളെല്ലാം ഒരുമിച്ചുകൂടിയിരുന്നു!
ആ ക്യാമ്പസിലെത്തിയ ഉടനെ ഞാൻ തിരഞ്ഞത് സ്കൂൾ കുട്ടികളുടെ ചുമരെഴുത്തുകളായിരുന്നു. നിരാശയായിരുന്നു ഫലം, കാര്യമായതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
എങ്കിലും കണ്ടതിൽ ചിലത് ഇങ്ങനെയായിരുന്നു - "മണ്ണിൻ്റൊപ്പം കല്ല് ഫ്രീ, പാൻ്റ്സിൻ്റൊപ്പം മടി ഫ്രീ, കണക്കിൻ്റൊപ്പം മുളക് ഫ്രീ!
പിന്നെ ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും പേരുകൾ പ്ലസ് + ചിഹ്നം ചേർത്ത് ഹൃദയ ചിഹ്നത്തോടെ എഴുതിയ പ്രണയ ചിത്രങ്ങളുമുണ്ടായിരുന്നു". അതു വായിച്ചപ്പോൾ മനസ്സിലായി - ഖലീൽ ജിബ്രാൻ പറഞ്ഞതു പോലെ കാലം മുന്നോട്ടാണ് ഒഴുകുന്നത്; തലമുറയും തഥൈവ.
ക്യാമ്പ് ഓഫീസർ Asst: Prof. Rafeeq സാറിനും ഡ്യൂട്ടി ഓഫീസേഴ്സിനുമൊപ്പം മൈത്ര ഗവൺമെൻ്റ് യു.പി സ്കൂളിൽ
NSS ലെ വിദ്യാർത്ഥികളുടെ അർപ്പണ ബോധവും ത്യാഗമനോഭാവവും സ്നേഹവും പറഞ്ഞു തീർക്കാൻ കഴിയാത്ത വാക്കുകൾക്കുമപ്പുറത്താണ്. മുമ്പ് കാലിക്കറ്റ് യൂനിവാഴ്സിറ്റിയുടെ കീഴിൽ നടന്ന ഒരു സ്റ്റേറ്റ് തല ക്യാമ്പിൽ റിസോഴ്സ് പേഴ്സണായി പോയിരുന്നു എന്നതൊഴിച്ചാൽ ആദ്യമായാണ് ഒരു NSS ക്യാമ്പിൽ കുട്ടികളോടൊപ്പം ചേർന്ന് പ്രവൃത്തിക്കുന്നത്. തുടക്കക്കാരൻ്റെ ഒരു പോരായ്മ എന്നിലുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. സ്നേഹത്തോടെ അവർ നൽകിയ ഭക്ഷണവും വെള്ളവും അതുവിളമ്പിയ തളികയും ഗ്ലാസുപോലും അവരുടേതായിരുന്നു. പ്രാർത്ഥനയല്ലാതെ അവർക്കൊന്നും തിരിച്ചു നൽകാനില്ല.
എത്രവലിയ പ്രതിസന്ധികളേയും ആ കുട്ടികൾ ഒരുമിച്ചു നിന്ന് ചെറുത്തു തോൽപ്പിക്കുമെന്നതിൽ എനിക്ക് ഒട്ടും സന്ദേഹമില്ല.
വിദ്യാർത്ഥി പ്രിയപ്പെട്ട മുനവ്വറിൻ്റെ ഉപ്പ കഴിഞ്ഞ ദിവസം പടച്ചോൻ്റെ വിളിക്കുത്തരമേകി ആത്മാവിൻ്റെ ലോകത്തേക്ക് ചേർന്നപ്പോൾ അവൻ്റെ നോവിൽ പങ്കുചേർന്ന് അവനെ ചേർത്തുപിടിച്ച് ആശ്വാസമേകിയതും ആ കുട്ടികകളായിരുന്നു. NSS കോഡിനേറ്റർ റഫീഖ് മാഷിൻ്റെ ത്യാഗങ്ങളും പരിശ്രമങ്ങളും വാക്കുകൾക്കതീതമാണെന്ന് പറയേണ്ടതുണ്ട്.
ക്യാമ്പിൽ നിന്നും ഞാൻ തിരിച്ചു പോകുന്ന കാര്യം പറഞ്ഞപ്പോൾ ആ കുട്ടികൾ എന്നോട് ചോദിച്ചിരുന്നു - മാഷെ ഞങ്ങളെ മിസ് ചെയ്യില്ലെ എന്ന്. സത്യത്തിൽ അവരെ / മക്കളെ അവിടെ തനിച്ചാക്കി പോന്നതിൻ്റെ ഒരു നീറ്റൽ ഉള്ളിലെവിടെയോ കണ്ണീരൊഴുക്കുന്ന പോലെ.
നന്മയുടെ നല്ല നാളേക്ക് വേണ്ടി ഒരു മഹിത മാനവ സമൂഹത്തെ കെട്ടിപ്പടുക്കാനായി സ്നേഹവും ത്യാഗവും കർമ്മവും പ്രാർത്ഥനയും ചേർത്ത് നമുക്കൊന്നായി പ്രയത്നിക്കാം, നന്മവരട്ടെ.